മനുഷ്യരെപ്പോലെയാണ് പുസ്തകങ്ങളും.അവയും ഒറ്റക്കുനിൽക്കുന്നില്ല.മുൻപേ നിലവിൽ വന്നവയോടു കൈകോർത്തും വരാനിരിക്കുന്നവയിലേക്ക് വാതിലുകൾ തുറന്നിട്ടും പുസ്തകങ്ങൾ ഒരു വലിയ ശൃംഖലയിലെ കണ്ണികളാകുന്നു.മനുഷ്യരെപ്പോലെ അവയും സാമൂഹിക ബന്ധങ്ങളുടെ സമുച്ചയങ്ങളാണ്. ഈ പുസ്തകത്തിൻ്റെ പ്രകൃതത്തിലും മാറ്റമില്ല.മഹാഭാരതൻ്റെ സാംസ്ക്കാരിക ചരിത്രത്തെക്കുറിച്ച് പലയിടങ്ങളിലായി നടത്തിയ പ്രഭാഷണങ്ങളുടെ സംഘമമാണ് ഈ പുസ്തകരൂപം.ഇതിൻ്റെ പൂർത്തീകരണത്തിനായി പ്രേരണചെലുത്തിയ എല്ലാവർക്കും പ്രത്യേക നന്ദി;വായനക്കാരൻ എന്ന നിലയിൽ.പുസ്തകത്തിൻ്റെ ആശയലോകവും
അതിൻ്റെ ക്രമീകരണ രീതിയും ഭാഷയും എടുത്തുപറയേണ്ട പ്രധാന ഭാഗങ്ങൾ ആണ്.ഒരു അഗ്നി പർവ്വത്തിൽ നിന്ന് അവസാനിക്കാത്ത മറ്റൊരു അഗ്നി പർവ്വത്തിലേക്ക് മഹാഭാരതം കടക്കുന്നുണ്ട്.ചോദ്യങ്ങളുടെ തീഷ്ണതയാലും - സങ്കീർണതയുടെ പരപ്പിനാലും ഇത് നിർവ്വചനങ്ങൾ ആവശ്യപ്പെടുന്നില്ല.മറിച്ച് ഏതൊന്നിനെയും വേറിട്ടറിയാൻ പോകുന്ന ലക്ഷണങ്ങൾ-കഴിവുകൾ എന്നിവയിൽ മഹാഭാരതം ചർച്ച ചെയ്യപ്പെടുന്നു.''ധർമ്മ സന്ദിഗ്ദ്ധതകളുടെ നടുക്കടലിൽ നിന്ന് ഉയരുന്ന ഒരുകൂട്ടം ചോദ്യങ്ങളാണ്''മഹാഭാരത ഗ്രന്ഥം.മഹാഭാരതത്തെ മുൻനിർത്തിയുള്ള സാദൃശ്യകല്പ്നകൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.ആധുനിക ദിശയിലും ഇത് തുടരുന്നുണ്ടല്ലോ?വാസ്തവത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന അളവിൽ മഹാഭാരതം ഉത്തരം പറയുന്നുമില്ല. പറഞ്ഞ ഉത്തരങ്ങളൊന്നുപോലും വിജയിച്ചതുമില്ല.കൗരവ സഭയിൽ പാഞ്ചാലി ചോദിച്ച ചോദ്യങ്ങൾ?യുദ്ധാരംഭ വേളയിൽ അർജ്ജുനൻ ചോദിച്ച ചോദ്യങ്ങൾ?ജീവിതത്തിലെ ധാർമികതയെക്കുറിച്ച് മഹാഭാരതത്തിലെ കഥാപാത്രങ്ങൾ പലയിടങ്ങളിലായി ചോദിച്ച ചോദ്യങ്ങൾ?ഇവയ്‌ക്കൊന്നിനും തൃപ്തികരമായ മറുപടിയില്ലല്ലോ..! മഹാഭാരതത്തെ അതിൻ്റെ തന്നെ എല്ലാ പാരമ്പര്യ നിർമ്മിതിയിൽ നിന്നും സുനിൽ പി ഇളയിടം നോക്കിക്കാണുന്നു.മഹാഭാരതം ഉയർത്തിയ ചോദ്യങ്ങൾക്കൊക്കെയും അതിൻ്റെ ഹൃദയതത്വത്തിൽ ഉറച്ചുനിൽക്കുന്നവയായിരുന്നില്ലെന്ന് ഇളയിടം കണ്ടെത്തുന്നു.അതിന് വേണ്ടുവോളം തെളുവുകളും അദ്ധേഹം നിരത്തുന്നുമുണ്ട്.അതോടുകൂടി ഇതിഹാസത്തിനുമേലുള്ള അന്വേഷണാത്മക സ്വഭാവം മങ്ങുകയും ചെയ്യുന്നു.ഈ പുസ്തകം മഹാഭാരത വിശകലനം എന്നതിനുപരിയായ് വായനക്കാർക്ക് മഹാഭാരത സാങ്കേതികത്വത്തെ കൃത്യമായ മനസ്സിലാക്കാനുള്ള ഒരു ഉപാധികൂടിയായ് ഇത് നിലനിൽക്കുകയും ചെയ്യുന്നു.പലനൂറ്റാണ്ടുകളായ മഹാഭാരത വിശകലനം നടത്തിയിട്ടുള്ള മഹാരഥന്മാർ ഈ പുസ്തകത്തെ സമീപിക്കുന്നത് എപ്രകാരമാണെന്ന് നമുക്ക് മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.അതുകൊണ്ട് കേവലം ഒരു ഗ്രന്ഥമെന്ന നിലയിൽ നിലനിൽക്കാതെ വിപുല വ്യവഹാരിയായ് ഇരിക്കുന്നു;തായ്ത്തടിയിൽ നിന്ന് ക്രമം തെറ്റി പടരുന്ന ശാഖകൾ പോലെ. മഹാഭാരതം അതിൻ്റെ ആദ്യകാലവും അതിൻ്റെ പിൽക്കാലവും തമ്മിൽ വിനിമയാത്മക വൈരുധ്യം നിലകൊള്ളുന്നു എന്ന് നാം തുറന്ന് സമ്മതിക്കേണ്ടിവരും.മഹാഭാരതം വാമൊഴി പാരമ്പര്യത്തോട് കൂടിക്കലർന്ന് പോയിരിക്കുന്നതായ് സുനിൽ പി ഇളയിടം കണ്ടെത്തുന്നുണ്ട്.എന്നാൽ മഹാഭാരതം മിത്ത് എന്ന നിലയിലല്ല മറിച്ച് ഫിക്ഷൻ എന്ന നിലയിലാണ് കൂടുതൽ നിലയുറപ്പിക്കുന്നത്.ഉദ്ഗ്രഥിതമായ ഏകപാഠം അല്ല മറിച്ച് ആഭ്യന്തര വൈരുധ്യങ്ങളുടെ രൂപത്തിലാണ് അത് നിലകൊള്ളുന്നത്.അതിൽ എത്ര പാഠാന്തരങ്ങളുണ്ടെന് കണക്കാക്കാൻ കഴിയുന്നില്ല.മഹാഭാരത പാഠം എന്ന ആശയം തന്നെ അവ്യക്തമാണ്.മഹാഭാരതം എന്ന ബഹു വ്യവസ്ഥയുടെ ചരിത്രം ഏറ്റവും ഗാഢമായ് നിർണയിക്കാനുള്ള ശ്രമം അദ്ധേഹം ഇതിൽ നടത്തുന്നുണ്ട്. പലകാലങ്ങളിൽ പല ദേശങ്ങളിലെ പല ഭാഷകൾ പല നാൾ വഴികളായിലായി ഗതിഭേദങ്ങൾ അവലോഹനം ചെയ്യുകയും ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ ഗ്രന്ഥത്തെ സൂഷ്‌മമായ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇതിൽ. പുകഴ്‌പെറ്റ ഫല ശ്രുതിയുടെ കാണാപൊരുൾതേടൽ...വിശദീകരണം...ആഖ്യാനം...വ്യാപന ചരിത്രം....തുടങ്ങിയ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം