Sunday, June 28, 2020

അതിർത്തിയിലെ മുൻതഹാ മരങ്ങൾ - എ റശീദുദ്ദീൻ


 മാധ്യമ പ്രവർത്തകനായ റശീദുദ്ദീൻ പാകിസ്താനിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണ് ഈ പുസ്തകം. ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് പാകിസ്ഥാൻ അതി വിദൂരത്തിലുള്ള ഒരു രാജ്യമായി ഇന്ന് മാറിയിരിക്കുന്നു.
    ഈ യാത്രാവിവരണം വായിച്ചുകഴിഞ്ഞപ്പോൾ ആത്മസത്ത കൊണ്ട് സുപരിചിതമായ ഒരു ദേശത്തെ അതിൻ്റെ മണ്ണിൽനിന്നുകൊണ്ട് മാത്രമല്ല;മനസ്സിൽ നിന്നുകൊണ്ട് കൂടിയാണ് എ റശീദുദ്ദീൻ നോക്കിക്കണ്ട് വിവരിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. വേർപിരിഞ്ഞപ്പോൾ അറ്റുപോയ ബന്ധം ചാറ്റൽ മഴയത്തുപോലും പൊട്ടികിളിർക്കാൻ സാധ്യതയില്ലെന്ന,വലിയൊരളവോളം കൃത്യതയുള്ളതും അർത്ഥം വെച്ചുകൂടിയുള്ളതുമായ വിവരണമാണ് റശീദുദ്ദീൻ ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. ഇപ്പോഴത്തെ പലപുസ്തകങ്ങളും യാത്രാവിവരണം എന്നുള്ളതിൽ നിന്ന് മാറി മറ്റെന്തൊക്കെയോ വിവരങ്ങൾ തിരുകിക്കയറ്റി വായനക്കാരൻറെ കൈകളിലേക്ക് എത്തിക്കുന്നു. പുസ്തക വർഗം ഏതാണെന്ന് സൂചകങ്ങൾ നോക്കികണ്ടെത്തേണ്ടുന്ന സ്ഥിതിവിശേഷത്തിലേക്കും ഇന്നത്തെ വായനക്കാരെ എഴുത്തുകാർ കൊണ്ടെത്തിക്കുന്നുണ്ട്.എന്നാൽ റശീദുദ്ദീൻ അതിൽനിന്നൊക്കെ മാറി തീർത്തും നീതിപുലർത്തി എന്ന് പറയാൻ എനിക്ക് സാധിക്കും.
   ഈ യാത്രാവിവരണം വായിക്കും തോറും വെണ്മകൊണ്ട് കണ്ണെഞ്ജിപ്പിക്കുന്ന ഉപ്പുപാടം പോലെ -  ഇതിലെ ഓരോ താളുകളും. തിരിച്ചറിയാൻ പോലുമാകാത്ത നന്മയുടെ ഉറവകൾ കൊണ്ട് ആചാരത്തെയും,ഭാഷയെയും,സംസ്കാരത്തെയും റശീദുദ്ദീൻ നല്ലവണ്ണം വിവരിച്ചിട്ടുമുണ്ട്. സങ്കുചിതമായ ചിന്തകൾക്കകത്തുനിന്ന് വന്യമായ ഒരു ചിന്താശേഷിയിലേക്ക് വായനക്കാരെ കൂട്ടികൊണ്ടുപോകാൻ എ റശീദുദ്ദീൻ്റെ ഈ യാത്രാവിവരണത്തിന് സാധിച്ചു.  
   ഈ യാത്രാവിവരണം ചർച്ചചെയ്യുന്നത് വ്യത്യസ്തമായ തലങ്ങളെയാണ്,കാഴ്ചപ്പാടുകളെയാണ്... ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം കൂടിയാണ്. കാഫിറുകളുടെ രാജ്യമായ ഇന്ത്യയെ  എന്നെങ്കിലുമൊരിക്കൽ കീഴടക്കാതെ പാകിസ്താനിലെ മുസൽമാൻ മാർ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പോകുന്നില്ല എന്ന ഈ ഞെട്ടിക്കുന്ന വിവരം ചാച്ച വിളിച്ചുപറഞ്ഞത് അയാളിലെ രാജ്യത്തോടുള്ള  നിഷ്കളങ്കമായ സ്നേഹം ഒന്നുകൊണ്ടാണ്. വാഗയിലെ ഇരുരാജ്യങ്ങളുടെയും പതാക താഴ്ത്തൽ ചടങ്ങ് നേരിൽ വായനക്കാരൻ കണ്ടാൽ എങ്ങനെ ഉണ്ടാകുമോ അതുപോലെതന്നെയാണ് വിവരിക്കുന്നത്. ആത്മാവിൻറെ ഭാഷയിൽ പറഞ്ഞാൽ ജീവസുറ്റവാക്കുകളും സംഘർഷ ഭരിതമായ രാഷ്ട്രീയ സംവാദങ്ങളും പറയുന്നത് - കേവലമായ ഒരു യാത്രാവിവരണമെന്നതിലുപരി അസ്വാഭാവികമായി മറ്റെന്തൊക്കെയോ വിവരിക്കാനുള്ള വ്യഗ്രതയും ഗൗരവമുള്ള വിഷയങ്ങൾ അവതരിപ്പിക്കണമെന്നുള്ള അടങ്ങാത്ത ആവേശവും ഇതിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഒരു യാത്രവിവരണം എന്നതിലേക്ക് മാത്രമായി ഈ പുസ്തകത്തെ തടങ്കലിൽ ഇടാതെ സാർവ്വ ലൗകികമായ തലത്തിലേക്ക് വായിച്ചാഘോഷിക്കപ്പെടേണ്ട ഒരു പുസ്തകം കൂടിയാണ് " അതിർത്തിയിലെ മുൻതഹാ മരങ്ങൾ   ". ചിത്രങ്ങളിലൂടെയും ഈ പുസ്തകം വായനക്കാരോട് സംവദിക്കുന്നുണ്ട്. വസ്തുതകൾക്ക് നേരെ പുറംതിരിഞ്ഞുനിൽക്കാതെ പാറിപ്പറക്കുന്ന മേൽക്കുപ്പായം പിടിച്ചൊതുക്കി കാശ്മീരിലെ സംഘർഷങ്ങൾക്കും വീർപ്പുമുട്ടലുകൾക്കുമിടയിൽ മനോഹരമായി  ചിരിക്കുന്ന ഒരു സ്ത്രീയുടെ മുഖചിത്രം കൃത്യമായ രാഷ്ട്രീയം കൂടിയാണ്  കാണിച്ചുതരുന്നത്.

Thursday, June 18, 2020

പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ

വായനയുടെ പുതുലോകത്തേയ്ക്ക് പ്രവേശിക്കുന്നവർക്കും വായ
നയുടെ ആസ്വാദ്യത അനുഭവിച്ചറിഞ്ഞവർക്കുമായി മാറിയ ജീവിത സാഹചര്യത്തിൽ പുതിയൊരുവായനയുടെ സാധ്യത തുറക്കുകയാണ് ബഷീറിൻ്റെ പ്രേമലേഖനം.1942 -ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ച് എഴുതുകയും 1943 -ൽ പ്രസിദ്ധികരിക്കുകയുംചെയ്ത പ്രേമലേഖനം എന്ന നോവൽ 1944 -ൽ തിരുവിതാംകൂർ രാജ്യത്ത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടേരണ്ട്‍ കഥാപാത്രങ്ങൾ മാത്രമാണ് ഈ നോവലിൽ ഉള്ളത്. അവർ തമ്മിലുള്ള സംഭാഷണങ്ങളിൽ എഴുത്തുകാരൻ കാണിച്ചിരിക്കുന്ന വൈദഗ്ത്യം വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിൽ സൂഷ്മവും ഭദ്രവുമായിരുന്നു. കേശവൻ നായർ ,സാറാമ്മ എന്നീ രണ്ട് കഥാപാത്രം ഒരിക്കലും വായനക്കാർ മറക്കാത്തവിധം മനസ്സിൽ ജീവനും വ്യക്തിത്വവും ഉൾക്കൊണ്ടുകൊണ്ട് ഇന്നും ജീവിക്കുന്നു.
      കേശവൻ നായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരത്‌നാവുന്നതാണ് നോവൽ ഇതിവൃത്തം. പെറ്റമ്മയില്ലാത്ത സാറാമ്മ ചിറ്റമ്മയാൽ ഭരിക്കപ്പെടുകയും ഒരു തൊഴിലിനായ് അതിയായ്  ആഗ്രഹിക്കുകയും ചെയുന്നു. ഇൻറ്റർ മീഡിയറ്റ് കാരിയായ സാറാമ്മ പണിതിരയുന്ന ചുമതല കേശവൻ നായരിൽ ഏൽപ്പിക്കുകയും കേശവൻ നായർ ഇരുപത് രൂപ ശമ്പളത്തിൽ തന്നെ സ്നേഹിക്കുക എന്ന പണി സാറാമ്മക്ക് നൽകുകയും ചെയ്യുന്നു. ഇന്നത്തെ ജീവിത രീതിയുമായി നാം ഈ നോവൽ തട്ടിച്ചുനോക്കിയാൽ എത്ര മനോഹരമായാണ് ബഷീർ കാലങ്ങൾ കടന്നും മനുഷ്യൻ്റെ ജീവിതസാഹചര്യം ചിന്തിച്ചിരുന്നത് എന്ന് കാണാൻ സാധിക്കും. 
    ജാതീയമായി അലോസരപ്പെടുത്തുന്ന തരത്തിൽ ബഷീർ ഒന്നുംതന്നെ ഇതിൽ എഴുതിയിട്ടില്ല. എന്നിട്ടും അന്നത്തെ സാമൂഹിക നീതിബോധം  ഈ നോവലിൻ്റെ പതിപ്പുകൾ നിരോധിച്ചു. കേശവൻ നായരുടേയും  സാറാമ്മയുടെയും പ്രേമ സല്ലാപത്തിനിടക്ക് ഇരുവരും ഒന്നിച്ച് ജീവിച്ചാലുണ്ടാകാവുന്ന പൊല്ലാപ്പുകളെപ്പറ്റി സംസാരിക്കുകയും - സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തവർ അന്യമദസ്തരെ വിവാഹം കഴിക്കണമെന്ന് സാറാമ്മ പറയുകയും:നാനാജാതി മദസ്തരും സ്ത്രീധനം വാങ്ങിക്കുന്നവരാണെന്ന് കേശവൻ നായർ സാറാമ്മയെ പറഞ്ഞു മനസ്സിലാക്കിക്കുകയും ചെയ്യുന്നുണ്ട്. സാറാമ്മയുടെ കാഴ്ചപ്പാടിൽ സ്ത്രീധനം കെട്ടിക്കൊണ്ടുപോകുന്ന പെണ്ണിൻ്റെ തീറ്റച്ചെലവിനും - ഉടുപ്പുകെട്ടിനും - പൗഡറിനും - സ്പ്രേയ്ക്കും - ചാവടിയന്തരത്തിനുമുള്ളതാണെന്നാണ്. അവിടെ കേശവൻ നായർ സാറാമ്മ എന്ന സ്ത്രീയെമുഴുവനായി ഒരു സ്ത്രീധനമായി കണക്കാക്കുന്നു എന്ന് പറയുന്നിടത്ത് സ്ത്രീയോടുള്ള എല്ലാ മര്യാദകളും അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. ഒടുവിൽ സാറാമ്മ കേശവൻ നായരോട് ചോദിക്കുന്നുണ്ട് " നമ്മൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലേ? അവർക്ക് എന്ത് ജാതിയായിരിക്കും?. അതിന് കേശവൻ നായരുടെ മറുപടിയാണ് " നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും  വളർത്തണ്ട ",ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. 
    ഈ നോവൽ സാമൂഹിക ചിന്താഗതികളെ പാടേ തച്ചുടക്കുകയും " അവർ മൃഗങ്ങളേയും പക്ഷികളേയും പോലെ വളരട്ടെ " എന്ന കേശവൻ നായരുടെ മറുപടിക്ക് ഇന്നത്തെ സാഹചര്യത്തിലും പ്രസക്തിയുണ്ട്.
ഒരു ജാതീയതയും തള്ളിച്ചുകാട്ടുന്നതാവരുത് കുട്ടികൾക്കിടുന്ന പേര്,അവിടെ ജാതിയുടെ കെട്ടുപാടുകളില്ലാത്ത ഒരു പുതിയ തലമുറയെ എഴുത്തുകാരൻ സ്വപനം കണ്ടിരുന്നിരിക്കണം. 
  നോവലിൻ്റെ ഒടുവിൽ കേശവൻ നായർ സാറാമ്മയ്ക്ക് മൂന്ന് കാര്യങ്ങളിൽ പരിപൂർണ്ണ സ്വാതന്ത്രം അനുവദിച്ച് കൊടുക്കുന്നുണ്ട്;ആഹാരം - വസ്ത്രം - വിശ്വാസം. നാം എന്ന് ഈ മൂന്ന് സാഹചര്യങ്ങയുടേയും പേരിൽ നിരന്തരം മരണത്തെ അഭിമുഖീകരിക്കുന്നു. ഭക്ഷണത്തിൻ്റെ പേരിൽ തല്ലിക്കൊന്ന്,വസ്ത്രത്തിൻ്റെ പേരിൽ, വിശ്വാസത്തിൻ്റെ പേരിൽ ഇന്ന് കലാപം നടക്കുന്നുണ്ടെങ്കിൽ  കേശവൻ നായർ ( ബഷീർ സമൂഹത്തോട് )സാറാമ്മയോട് പറഞ്ഞത് ഒരു ദീർഘവീക്ഷണമായിരുന്നു. ഭക്ഷണത്തിൻ്റെ പേരിൽ കൊല്ലപ്പെട്ട  അഘ്ലക് ഈ നൂറ്റാണ്ടിൻ്റെ പതനത്തൻ്റെ  ആദ്യ മയിൽകുറ്റിയാണ്...
    ഈ നോവൽ വായനക്കാർ ഇന്നത്തെ സാഹചര്യത്തോട് ചേർത്ത് വായ്ക്കുമ്പോഴാണ് തീർത്തും പൂർണ്ണമാകുന്നത്. 

Sunday, June 7, 2020

പ്രവാചകൻ്റെ വഴി - ഓ.വി.വിജയൻ

തപശ്ശക്തമായ ഭാഷയിൽ മന്ത്രണം ചെയ്യപ്പെടുന്ന ഓ.വി.വിജയൻ്റെ ആഖ്യാനഗാംഭീര്യം അനുഭവിച്ചറിഞ്ഞ നോവലാണ് പ്രവാചകൻ്റെ വഴി. കഥ നടക്കുന്നത് ചിലപ്പോൾ കേരളത്തിലും മിക്കപ്പോഴും പുറത്തുമാണ്. മലയാളിയായ രണ്ടുകഥാപാത്രങ്ങൾ തമ്മിലുള്ളതാകയുമ്പോൾ സംഭാഷണം ഉചിതമായ ഭാഷയിൽ ഉള്ളതാകണം. അത് പ്രാദേശിക ശൈലിയിൽ തന്നെയാണ് അദ്ദേഹം എഴുതിയതും. കെട്ടുപണികളുടെ ധാരാളിത്തത്തിനകത്ത് പ്രവാചകൻ മഴത്തുള്ളികൊണ്ട് കഥപറഞ്ഞു. രക്തസാക്ഷികളുടെ രക്തത്തിൻ്റെ കറ മാറുന്നതിനുമുൻപ് ആരാധനാമന്ദിരങ്ങൾ ഉയർന്നു. ഇനിയും കെടുതിപറ്റിയിട്ടില്ലാത്ത വാക്കിൻറെ വിജനതയിൽ നിന്ന് പ്രവചകൻ  സംസാരിച്ചുതുടങ്ങുന്നു. വെറും ഒരു കഥ പറച്ചിൽ അല്ല, അദേഹത്തിന്റെ പത്രപ്രവർത്തന അനുഭവം, ഒരു ബുദ്ധിജീവി കാഴ്ചപ്പാടിൽ - സ്വതന്ത്രാനന്തര ഇന്ത്യ, ഹിസ്റ്ററി, ഇന്ത്യ വിഭജനം, കാശ്മീർ പ്രശനം, സിഖ് കലാപം, പട്ടാളം, രാഷ്ട്രീയം,വിശ്വാസം- അങ്ങനെ എല്ലാം ആഴത്തിൽ പറയുന്നു. 
     രമ - ഒരു പകൽ മലഞ്ചെരുവിലെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത ഗിരിവാസികളുടെ സ്‌നേഹമത്സരത്തിലും നഗരസ്വരങ്ങൾകേട്ട് ദില്ലിയിലെ അഭയാർത്ഥി കേന്ദ്രത്തിലുമാണ് അവൾ വളർന്നത്. പുഴകൾ ഒന്ന് ഒന്നിൽ ലയിച്ച് ദിക്കുകളത്രയും പൊഴിഞ്ഞു ഒരു പുഴമാത്രമായി അവളെ വലംവയ്ക്കുന്നു. അവളിലൂടെ നോവൽ പറഞ്ഞുതുടങ്ങുന്നു. വെറുമൊരു ഓർമ്മക്കുറിപ്പിൽ കവിഞ്ഞു കാര്യമൊന്നുമില്ല!.. നാരായണൻ അവളുടെ ശബ്ദത്തിൽ തന്നെ അത് വായിച്ചുകേൾക്കാൻ നിർബന്ധം പിടിക്കുന്നു. രമ - ഹരിപ്രിയയായി  മാറി  അവൾ തൻ്റെ തന്നെ കഥ പറഞ്ഞുതുടങ്ങുന്നു. കഥ മറ്റൊരാളുടേതെന്നപോലെ വായിച്ചുതുടങ്ങാൻ പോന്നതരത്തിൽ വശ്യമായ എഴുത്താണ് ഓ.വി.വിജയൻ ഇതിൽ സ്വീകരിച്ചത്. രമയുടെ ഓർമ്മകൾക്ക് പിന്നിലേക്കുള്ള യാത്രയിൽ  വായനക്കാരൻറെ മനസ്സ് പുഴയുടെ ദാഹശമനം പോലെ ശമിപ്പിക്കുവാൻ വിജയൻ സാധിച്ചു. 
    ഇവിടെ വായനക്കാരൻറെ ഓർമ്മകൾ പ്രവാചകൻ്റെ കാൽപ്പാദങ്ങളിൽ പറ്റിനിൽക്കുകയും തെറിച്ചുവീഴുകയും ചെയ്യുന്ന മൺതരികൾ മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു. അന്യവും ബധിരവുമായ വർത്തമാന കാലത്തേക്ക് ഋദുഭേദത്തിലെന്നപോലെയുള്ള സ്വപനത്തിൽ- പ്രവാചകൻ കിതക്കുന്നുണ്ടായിരുന്നു. തൻ്റെ പിറവിയിൽ കുതിർന്ന തരിശ്ശിൽ നായാടപ്പെടുന്ന ഓർമ്മകളുടെ അരയന്നങ്ങളെ നമുക്കതിൽ കാണാൻ സാധിക്കും. അതുകണ്ട് നാം കിതക്കും കണ്ണുകൾ നിറഞ്ഞൊഴുകും.തൻ്റെ കിതപ്പും കണ്ണുനീരും പ്രവാചകൻ ഒരു തുലാസ്സിൽ ഒത്തുനോക്കും.
         മരുഭൂമിയിലെ തിരച്ചിലിൻ്റെ പകൽച്ചൂടും സുധാമയമായ രാവിന് വഴിമാറും,എല്ലാപ്പുഴയും  ഒരുമിച്ച് ഒരേയൊരു പ്രവാഹമായി തീരും. മാനസ സരോവരത്തിൽ പ്രാർത്ഥനാചക്രങ്ങൾ തിരിച്ച് സ്ഥിര പ്രദിഷ്ടരായ രാവും പകലും പോക്കിയ ലാമകളുടെ അഖണ്ഡ മന്ത്രങ്ങൾ,ഹിന്ദുവിൻ്റെ തപസ്സ്,ഗുർജിഫിൻ്റെ അതീന്ദ്രിയ ദർശനങ്ങൾ ഇവയത്രയും തൻ്റെ പോഷക നദിയിൽ നിന്ന് ഏറ്റുവാങ്ങി ഇസ്ലാമിൻ്റെ വാഗ്‌ദത്ത ഭൂമിയായ പാകിസ്ഥാനിലൂടെ അറബിക്കടലിലേക്ക് - അവിടെ ഈ നോവൽ അന്ത്യവിശ്രമം കൊള്ളുന്നു.

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...