Sunday, June 27, 2021

അറ്റുപോകാത്ത ഓർമ്മകൾ - പ്രൊഫ. ടി.ജെ ജോസഫ്

 

പ്രൊഫ. ടി.ജെ ജോസഫിൻ്റെ  ആത്മകഥയായ ''അറ്റുപോകാത്തഓർമ്മകൾ'' വായിച്ചു. അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്. ആത്മകഥയുടെ കവർ ചിത്രം അദ്ദേഹത്തിൻ്റെതായിരുന്നു. ഇത് വായിച്ചുകഴിഞ്ഞതിന് ശേഷം അദ്ദേഹത്തിൻ്റെ കണ്ണുകളിലേക്ക് നോക്കാൻ ആയില്ല.  പലപ്പോഴും വായനയുടെ ഇടക്ക് ഞാൻ ആ മുഖം നോക്കിയിട്ടുണ്ട്. ഒരിക്കലല്ല,പലപ്പോഴായി. അപ്പോഴൊക്കെയും ആ മുഖം എനിക്ക് നോക്കാമായിരുന്നു.  മുഹമ്മദ് - എന്ന പേര് തനിക്ക് എഴുതാൻ കഴിയില്ല,പകരം മറ്റൊരു പേരാണ് എഴുതിയത് എന്ന വിദ്യാർത്ഥിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കേട്ടുനിന്നപ്പോൾ. ചോദ്യപ്പേപ്പർ വിവാദത്തിൽ ഒളിവിൽ കഴിഞ്ഞ ലോഡ്‌ജിൽ ആളറിയാതിരിക്കാൻ തലയിൽ തോർത്ത് മുണ്ട് കെട്ടുമായിരുന്നു എന്ന് എഴുതിയപ്പോൾ, അങ്ങനെ എത്രയോ തവണ ആ മുഖം ഞാൻ കണ്ടിരിക്കുന്നു; ഹോസ്‌പിറ്റൽ കിടക്കയിൽ കിടക്കുന്ന മുഖം ഒഴിച്ച്... 

           ചോദ്യപ്പേപ്പർ വിഷയത്തിൽ ന്യൂമാൻ കോളേജിലെ ഒരു അധ്യാപകൻ്റെ കൈ മുറിച്ചുമാറ്റപെട്ടു.ഒരു കാലത്ത് അതൊരു വലിയ വാർത്തയായിരുന്നു.  ആ അധ്യാപകൻ്റെ അറ്റുപോകാത്ത ഓർമ്മയുടെ പുസ്തകമാണിത്. ബിരുദ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്ററിലെ രണ്ടാം ഇൻറ്റേർണൽ പരീക്ഷക്കായ് ബി.കോം കാരുടെ ചോദ്യപേപ്പർ തയ്യാറാക്കാനുള്ള ചുമതല പ്രൊഫ. ടി.ജെ ജോസഫ് സാറിനായിരുന്നു. മലയാള ഭാഷാദ്ധ്യാപകൻ ആയ അദ്ദേഹം ഭാഷാ പ്രയോഗത്തിൽ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നതിനായ് നിബന്ധിച്ചുള്ള '' എഴുത്തോല ''പാഠഭാഗത്തിൽ നിന്ന്  ''ചിഹ്‌നം'' അധ്യായത്തിൽ നിന്നും വേണ്ട വിധത്തിൽ ചിഹ്നങ്ങൾ പ്രതിപാദിക്കുന്ന ഒരു ചോദ്യം തയ്യാറാക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. അതിലേക്കായി കേരള ഭാഷാഇന്സ്ടിട്യൂറ്റ് പ്രസിദ്ധീകരിച്ചതും എം.ജി.യൂണിവേഴ്സിറ്റിയുടെ ബി.എ മലയാളത്തിലും എം.എ  മലയാളത്തിലും റഫറൻസ് ഗ്രന്ഥമായ നിർദ്ദേശിച്ചിട്ടുള്ളതുമായ  '' തിരക്കഥയുടെ രീതിശാസ്ത്രം '' എന്ന ലേഖന സമാഹാരത്തിൽ നിന്ന് ചലച്ചിത്രകാരനും പൊതുപ്രവർത്തകനുമായ പി. റ്റി  കുഞ്ഞുമുഹമ്മദിൻ്റെ '' തിരക്കഥ:ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ '' എന്നതിൽ '' ഗർഷോം '' എന്ന സിനിമയിലെ ഭ്രാന്തനും ദൈവവുമായി നടത്തുന്ന സംഭാഷണമാണ് എടുത്തത് . ഇവിടെ ഭ്രാന്തൻ തന്നെയാണ് ദൈവവും. 

            ഒരുപക്ഷെ അത്തരം ഭ്രാന്തന്മാരുടെ ചിന്തകൾ ആണ് അദ്ദേഹത്തെ ഒരു വലിയ ആൾക്കൂട്ടത്തിന് നടുവിൽ ഒറ്റക്കാക്കിയത്. ആരെങ്കിലും കൈയ്യെത്തി പിടിക്കുമെന്ന് കരുതി  ദൈവത്തെ നിന്ദിച്ചവൻ എന്ന പേരിൽ മതത്തിൻ്റെ ചങ്ങലയാൽ ബന്ധിച്ചിരുന്നു. ഒന്നല്ല ഒരായിരം ചങ്ങലയിൽ. 

            ചോദ്യപ്പേപ്പർ വിവാദമാകുന്നു, മതഭ്രാന്തന്മാരെ ഭയന്ന് ഒളുവിൽ കഴിയുന്നു.മകനെ അകാരണമായി മർദ്ധിക്കുന്നു, പിന്നീട് സ്വയം കീഴടങ്ങുന്നു, ജോലി നഷ്ടപ്പെടുന്നു, ജയിലിൽ കിടക്കുന്നു, ആക്രമിക്കപ്പെടുന്നു. ഇങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ നടക്കുകയില്ല ഓടുകയായിരുന്നു,എത്രയോ തവണ. 

       എഴുതി തെളിഞ്ഞ എഴുത്തുകാരൻറെ എല്ലാവൈഭങ്ങളും ഇതിൽ ഉണ്ടായിരുന്നു. വളരെ വേഗത്തിൽ നീങ്ങുന്ന വായ. അത് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള വ്യഗ്രതയാണ്. ഇടക്ക് ജീവിതത്തിലെ കുഴഞ്ഞുമറിയലുകൾക്കിടയിൽ അദ്ദേഹത്തിൻ്റെ ഭാര്യ ആത്മഹത്യ ചെയ്യുന്നു.തുടർന്ന്  നിയമപോരാട്ടങ്ങൾക്കൊടുവിൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നുണ്ട് അദ്ദേഹം. സത്യം എന്താണെന്നുള്ളത് നിറകണ്ണുകളോടെ ഓരോ വായനക്കാരനും മനസ്സിലാക്കുന്നു. ഒടുവിൽ അദ്ദേഹത്തെ എന്തുപറഞ്ഞൊന്ന് ആശ്വസിപ്പിക്കും. അറിയില്ല. ഒടുവിലെ ഭാഗം അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്തേതാണ്. അതുകൂടി വായിക്കുമ്പോഴാണ് ആ ഓർമ്മ പൂർത്തിയാകുന്നത്. മനോഹരമായ എഴുത്ത്. കനലിൻ്റെ നിറമുണ്ട് ആ എഴുത്തുകൾക്ക്...

Thursday, June 10, 2021

അവശേഷിപ്പുകൾ - സിനാൻ അൻതൂൺ

 

ഇറാഖ് യുദ്ധത്തിൻ്റെ യാഥാർഥ്യത്തിൽ നിന്നുമാണ് ഒരു രാജ്യം അനുഭവിച്ച മഹാദുരിതങ്ങളുടെ,അവിടം ശവപ്പറമ്പായതിൻ്റെ കഥ നാം ഈ നോവലിലൂടെ മനസ്സിലാക്കുന്നത്. വസ്തുലോകത്തിൽ വന്നു ചേർന്ന ഭൗതികവും ആന്തരികവുമായ വിഷമതകൾ എഴുത്തുകാരൻ മൂർച്ചയുള്ള തൂലികയിലൂടെയും അനുബന്ധങ്ങളിലൂടെയും നമുക്ക് കാണിച്ച് തരുന്നു.

അറബ് സാഹിത്യത്തിൽ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമാണ് സിനാൻ അൻതൂൺ. ഒരു രാജ്യം അനുഭവിച്ച യുദ്ധവും തൻമൂലം അവിടുത്തെ ജനങ്ങൾ അനുഭവിച്ച പരിസ്ഥിതി നാശവും അവിടുത്തെ ജനങ്ങളെ മറ്റു ദേശക്കാർ നോക്കികാണുന്നതിലെ വൈചിത്ര്യവുമാണ് '' അവശേഷിപ്പുകൾ ''. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ യുദ്ധം ഇശ്രേലിയൻ ജനതയിലുള്ള സംസ്ക്കാരികപരമായ കാഴ്ചപ്പാടിൽ എന്തെല്ലാം മാറ്റമാണ് വരുത്തിയിരിക്കുന്നതെന്ന് നമുക്ക് കാണിച്ച് തരുന്നു. അത്തരത്തിൽ ഭൗതികവും ആന്തരികവുമായ കാഴ്ചപ്പാടാണ് അവശേഷിപ്പുകളിലൂടെ നമുക്ക് കിട്ടുന്നത്. വെറുമൊരു യുദ്ധവിവരണമോ യുദ്ധം മൂലമായുണ്ടായ കെടുതികളോ അല്ല ഈ നോവൽ നമ്മോട് ചർച്ചചെയ്യുന്നത്. അതിലുപരി മറ്റെല്ലാത്തരത്തിലുമുള്ള കാഴ്ചപ്പാടാണ് സിനാൻ അൻതൂൺ നമുക്കിൽത്തിൽ കാണിച്ച് തരുന്നത്. യുദ്ധത്തിൻ്റെ നാട്ടിൽ നിന്ന് വരുന്നവരോട് അമേരിക്കൻ കുടിയേറ്റക്കാർക്ക് എന്താണ് ചോദിച്ച് അറിയേണ്ടത്; അവിടുത്തെ വിദ്യാഭ്യാസം,തൊഴിൽ സാധ്യത,ജീവിത രീതി,രാഷ്ട്രീയം,മനുഷ്യരുടെ മനോനില, എന്നിങ്ങനെ ധാരാളം കാര്യങ്ങൾ അദ്ദേഹം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.       

    വെറുതെ ഒരു വിവരണം എന്നതിൽ നിന്ന് വ്യത്യസ്തമായി എഴുത്തിൽ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കുന്നതിൽ അതീവ വൈദഗ്ത്യം ഉള്ള ആളാണ് സിനാൻ അൻതൂൺ. ഇതിലെ പ്രധാന കഥാപാത്രം യൂറോപ്പിൽ അധ്യാപന വൃത്തിയിൽ ഏർപ്പെടുന്ന നുമൈർ  എന്ന ഇറാഖിയാണ്.അദ്ദേഹം അറബി ഭാഷാപണ്ഡിതനാണ്. നോവൽ തുടങ്ങുന്നത് തന്നെ ഒരു അമേരിക്കൻ സംഘത്തിന് ഡോക്യുമെൻ്ററി നിർമ്മിക്കുന്നതിന് നുമൈർ ട്രാൻസലേറ്റർ ആയി പോകുന്നത് മുതൽക്കാണ്. സൈന്യത്തിൻ്റെയും അവർ തയ്യാറെടുക്കാൻ പോകുന്ന മഹായുദ്ധത്തിൻ്റെയും വിവരണം എഴുതി ഫലിപ്പിക്കുന്നത് ഒരു പ്രത്യേക തരത്തിലാണ്. ഓർക്കാനും പറയാനും അത്ര രസമല്ലാത്ത യാഥാർഥ്യങ്ങളാണ് ഇതിലുള്ളത്. മനുഷ്യൻറെ മാത്രമല്ല  മരങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യങ്ങൾ ഇതിൽ വിഷയമാകുന്നുണ്ട്. അതും അതിൻ്റെ ആഴത്തിലേക്ക് ഇറങ്ങിയിട്ട് തന്നെ...      നോവലിൻ്റെ സാങ്കേതികത്വം കടന്നുപോകുന്നത്തുന്നത് നുമൈറിൻ്റെ ജീവിതത്തിലേക്ക് നിരന്തരം കത്തുകളിലൂടെ  ഇടപെട്ടുകൊണ്ടിരിക്കുന്ന വദൂദിലൂടെയാണ്. വദൂദിൻ്റെ ഓരോ എഴുത്തും നുമൈറിൻ്റെ ജീവിതവുമായി വളരെ കെട്ടുപിണഞ്ഞുകിടക്കുന്നതായ് നമുക്ക് കാണാൻ സാധിക്കും. ഒരു പ്രത്യേക ഭാഷയും അത്രതന്നെ വ്യത്യസ്തമായ അവതരണവുമാണ്.  ഈ നോവൽ വായനക്കാർക്ക് പുതിയൊരു വായനാലോകമാണ് തുറന്നുതരുന്നത്. പ്രത്യേകിച്ച് അറബ് സാഹിത്യത്തിലേക്ക്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിക്ക് ശേഷം ഭാഷകൊണ്ട് എന്ന സ്വാധീനിച്ച പുസ്തകം ഇതാണ്. വിവർത്തകനായ ഉബൈദിന് പ്രത്യേക നന്ദി...






Saturday, June 5, 2021

അലയടിക്കുന്ന വാക്ക് - സുനിൽ പി ഇളയിടം


രണ്ടുനൂറ്റാണ്ടുകൾക്ക് മുന്നേ പിറന്ന ഒരു ദർശനം ഇന്നും മനുഷ്യരുടെ സമസ്തമണ്ഡലങ്ങളിലും പലതരത്തിൽ  സ്വാധീനം ചെലുത്തുകയും മാറ്റ് പലേ ദർശനങ്ങളുമായ് ഇന്നും തുടർന്ന് സംവദിക്കുകയും ചെയ്യുന്നു എന്നതാണ് മാർക്സിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. അത്തരത്തിൽ കടന്നുപോയ നൂറ്റാണ്ടുകളെക്കുറിച്ചുള്ള പ്രക്ഷുബ്ധമായ ചിന്തകളും കാഴ്ചപ്പാടുകളുമാണ് സുനിൽ പി ഇളയിടത്തിൻ്റെ '' അലയടിക്കുന്ന വാക്ക് '' ചർച്ച ചെയ്യുന്നത്. വരും കാലത്തെക്കുറിച്ചും അദ്ദേഹത്തിന് പലതും പറയാനുണ്ടായിരുന്നു. മനുഷ്യ വംശത്തിൻ്റെ വിമോചനങ്ങൾക്ക് അതീതമായ് മറ്റൊന്നും അദ്ദഹത്തിന് പറയാനുണ്ടായിരുന്നില്ലതാനും. തൻ്റെ കാലത്തോടെന്നപോലെ വരും കാലത്തോടും അദ്ദേഹത്തിൻ്റെ ചിന്തകൾ - എഴുത്തുകൾ എന്നിവ സംഭാഷണത്തിൽ ഏർപെട്ടുകൊണ്ടിരുന്നു.
 ചരിത്രത്തിലെ പല നിർണായക നിമിഷങ്ങൾ, എത്രയോ വർഷങ്ങൾക്കുമുൻപ് അദ്ദേഹം പറഞ്ഞുവെച്ച പല സിദ്ധാന്തങ്ങളും അവയിലേക്ക് അലയടിക്കുന്നണ്ടെന്ന് നാം മനസ്സിലാക്കുന്നു. അത്തരത്തിൽ തന്നെ മാർക്സിസത്തിൻ്റെ രണ്ടാം ജന്മ ശദാബ്ദിക്ക് മുന്നിലും പിന്നിലുമായി മാർക്സിസത്തിൻ്റെ ചരിത്രത്തിലെ നിരവധി സന്ദർഭങ്ങൾ വന്നുപോകുന്നുണ്ടെന്ന വസ്തുത പുറത്തുവരുന്നു. അതിനാൽ തന്നെ മാർക്സ് എന്നത് ഒരു പേരല്ലാതാകുകയും അത് മറ്റുപലതുമായ് കൂടിക്കലർന്നുപോകുകയും ചെയ്യുന്നു.

മാർക്സിസത്തെക്കുറിച്ച് എഴുതിയ ചെറുതും വലുതുമായ ലേഖനങ്ങളാണ് ഈ സമാഹാരം. രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ട് ലേഖങ്ങൾ. വിഷയ പരിചരണത്തിനിടയിലെ ദീർഘമായ വിശദീകരങ്ങൾക്ക് പുറമെ ചില വരികൾ അതേപടി നിലനിർത്തിയും വിശകലനം നടത്തുന്നുണ്ട്. '' മുതലാളിത്ത ആധുനികത '' എന്ന സങ്കൽപ്പം അടിസ്ഥാന വസ്തുതകൾക്ക് വിരാമം ഇടാതെ  തീർത്തും വിശദമായിത്തന്നെ അദ്ദേഹം ഇതിൽ വിവരിക്കുന്നുണ്ട്. അതിനാൽ തന്നെ പല തുറകളിൽ നിന്ന് വിമർശങ്ങളും ഉയർന്നുവരുന്നതായ് നമുക്ക് കാണാൻ സാധിക്കും.
ആ വിമർശങ്ങളൊക്കെ നിലനിൽക്കുന്നുണ്ടെങ്കിൽ തന്നെയും ചരിത്രപരമായ പരിമിതികൾക്കുള്ളിൽ വസ്തുനിഷ്ഠമായ ഒരു പഠനമെന്ന നിലയിൽ തന്നെ നാം ഇതിനെ  പരിഗണക്കണം. 
   ഗ്രന്ഥ സമീപനത്തോടുള്ള ഭിന്നാഭിപ്രായം വായനാസുഖം ലഭിക്കുന്നില്ല എന്നതാണ്. എന്നാൽ താൽപ്പര കക്ഷികൾക്ക് ഇതൊരു തടസ്സമാകുന്നില്ല. മാർക്സിസത്തോടുള്ള അടിസ്ഥാനപരമായ പ്രതിബന്ധതയും അതിൻ്റെ തന്നെ ധൈഷണിക താൽപ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണ് സുനിൽ പി ഇളയിടത്തിൻ്റെ ഈ രചന... 

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...