Friday, May 28, 2021

അംബേദ്ക്കർ - ദലിത് ബന്ധു

അംബേദ്ക്കറിനെ ഒരു പഠന വിഷയം എന്ന നിലയിൽ ദലിത് ബന്ധു എല്ലാ തുറകളിൽ നിന്നും നോക്കികാണുന്നതാണ് ഈ ഗ്രന്ഥം. അത്തരത്തിൽ ഇത് സമ്പൂർണവും ആധികാരികവുമായ പഠനം എന്ന നിലക്ക് അംബേദ്ക്കറിൻ്റെ ജീവിതത്തിലൂടെ അതാതിൻ്റെ പശ്ചാത്തലത്തിൽ പഠിക്കുവാൻ - ഇത് വായിക്കുന്ന ഏതൊരാൾക്കും സാധിക്കും. ഈ പഠനം അംബേദ്ക്കറിനോട് നീതികാട്ടുന്നു എന്ന കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഇല്ല. അംബേദ്ക്കറിനെ അതിൻ്റെ തനിമയിൽ നിന്നുകൊണ്ടുതന്നെ ഇന്ന് നാം അംബേദ്ക്കറിനെ അറിയേണ്ടുന്നതിൻ്റെ ആവശ്യകതയെ ലളിതമായി ദലിത് ബന്ധു വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ആ വിശദീകരണത്തിൻ്റെ ഫലം എന്ന നിലക്ക് ഗാന്ധിയും നെഹ്‌റുവും വേണ്ടുവോളം വിമർശനങ്ങൾ നേരിടുകയും ചെയ്യുന്നുണ്ട്. ദലിത് ബന്ധു അംബേദ്ക്കറിനെ രാജാറാം മോഹൻ റോയിയോടോ ദയാനന്ദ സരസ്വതിയോടോ വിവേകാന്ദനോടോ ഉപമിക്കാൻ തയ്യാറാകുന്നില്ല. അംബേദ്ക്കർ കൂട്ടിവായിക്കാൻ കഴിയാത്തത്രതന്നെ ഉയർന്ന കാഴ്ചപ്പാടുള്ള ആളായിരുന്നെന്ന് ദലിത് ബന്ധു ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 ഭാരതത്തിലെ ദളിത് ജനതയുടെ ഭാവിയെപ്പറ്റി ആശങ്കപ്പെട്ടിരുന്ന അംബേദ്ക്കർ ആർ.എസ്.എസിനേയും പ്രചാരകനായ ഗുരുജി ഗോൾവാക്കറെയും ഹെഡ്ഗേവാറിനെയും ഗാന്ധിയെയും നെഹ്‌റുവിനേയും
 ജിന്നയെയും എതിർക്കുന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദളിത് വർഗത്തിന് വേണ്ടിയാണ്. മികച്ച രീതിയിലുള്ള അവതരണത്തിലുപരി അംബേദ്ക്കറോടുള്ള അമിത ആരാധനയിൽ ദലിത് ബന്ധു ഇതിൽ ആരേയും പ്രതികാര ബുദ്ധിയോടെ വിമർശിക്കുന്നില്ല. തികച്ചും ന്യായമായതും ആശയത്തിൻ്റെ പിൻബലത്തോടുമുള്ള വിമർശനങ്ങളെ പിൻപറ്റിയുള്ളതാണ് ഇതിലെ വിമർശനങ്ങളൊക്കെയും. അംബേദ്ക്കറുടെ കാലത്തേക്കാളും രൂക്ഷമായ ദളിത് വിരുദ്ധ ചിന്താഗതിയാണ്  ഇന്നത്തെ ഭാരതം അഭിമുഖികരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അംബേദ്ക്കറെപ്പോലുള്ള കരുത്തനായ ഒരു നേതാവിൻ്റെ അഭാവമാണ് ഇന്നത്തെ ഇന്ത്യയിലെ ദളിത് മുന്നേറ്റം പരാജയപ്പെടാൻ കാരണമാകുന്നതെന്നും ധനഞ്ജയ് കീറിൻ്റെ ഗ്രന്ഥത്തിൽ പറയുന്നപോലെ അനേകം കൊച്ച് അംബേദ്‌ക്കറുകൾ ഇനിയും ഉണ്ടാകണമെന്നും അദ്ദേഹം ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൻ്റെ വ്യക്തമായ സാധ്യതയെ ഉദാഹരിക്കുന്ന ധാരാളം തെളിവുകളും അദ്ദേഹം ഇതിൽ നിരത്തുന്നുണ്ട്.

  1891 ഏപ്രിൽ 14 ലാം തീയ്യതി മഹാരാഷ്ട്രയിലെ രത്നഗിരി ഡിസ്ട്രിക്കിലെ ഒരു കൊച്ചുപട്ടണമായ മന്ദർഗഡിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയുള്ള അമ്പവാഡി എന്ന സ്ഥലത്താണ് അംബേദ്ക്കർ ജനിക്കുന്നത്. ഭീമാഭായി എന്ന അമ്മയുടെ പേരിൽ നിന്ന് ഭീം ഉം റാംജി സാക്‌പാൽ എന്ന പിതാവിൻ്റെ പേരിൽ നിന്ന് റാംജി യും അമ്പാവാഡിക്കാരൻ അഥവാ അംബേദ്ക്കർ എന്നത് കൂട്ടിച്ചേർത്ത് ഭീംറാവു റാംജി അംബേദ്‌കർ എന്ന് പേര് ചേർത്തത് പ്രൈമറി സ്കൂൾ അദ്ധ്യാപകനാണ്. അദ്ദേഹം ഒരു മഹർ ജാതിക്കാരൻ ആയിരുന്നു( മഹർ രാഷ്ട്രം ആണ് മഹാരാഷ്ട്ര ). ഒരു താഴ്ന്ന ജാതിക്കാരൻ ആയതിനാൽ അംബേദ്ക്കറുടെ വിദ്യാർത്ഥി ജീവിതം ദുരിതപൂർണ്ണമായിരുന്നു. സതീർത്ഥ്യർക്കൊപ്പം ഇരിക്കാൻ അനുവാദം ഇല്ലാത്തതിനാൽ ചാക്കുമായി ആണ് അംബേദ്ക്കർ ക്ലാസ്സിൽ പോയിരുന്നത്. പാഠപുസ്തകങ്ങൾക്ക് ഉപരിയായി കൈയ്യിൽകിട്ടുന്നതെന്തും വായിക്കാൻ ആ ബാലൻ തീരുമാനിച്ചതിനുപിന്നിൽ ജാതിയപരമായ വേർതിരുവുകൾ വിദ്യാഭ്യാസത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്ന ചിന്തയിന്മേലായിരുന്നു. അയിത്ത ജാതിക്കാരൻ എന്ന നിലയിൽ ക്ലാസ്സ് മുറികളിലും അഭ്യസ്ഥവിദ്യൻ എന്ന നിലയിൽ സ്വജാതിക്കാക്കിടയിലും അംബേദ്ക്കർ ഒറ്റപ്പെട്ടു. എന്നാൽ ഇതൊന്നും അംബേദ്ക്കർ എന്ന വിദ്യാർത്ഥിയെ തളർത്തിയില്ലെന്ന് മാത്രമല്ല കൂടുതൽ കരുത്തനാക്കുക മാത്രമേ ചെയ്തുള്ളു. പ്രശസ്തമാം വിധം അംബേദ്‌കർ മെട്രിക്കുലേഷൻ പാസ്സായി. അംബേദ്ക്കറെ അനുമോദിക്കാൻ സമുദായം മുന്നോട്ടുവന്നു. സാമൂഹിക പരിഷ്ക്കർത്താവായ എസ്.കെ ബോളിൻ്റെ അധ്യക്ഷതയിൽ ഡോ. കെലുസ്ക്കർ എഴുതിയ '' ഗൗതമബുദ്ധൻറെ ജീവിതം '' എന്ന ഗ്രന്ഥം അദ്ദേഹം അംബേദ്ക്കറിന് സമ്മാനിച്ചു. പിന്നീട ലക്ഷക്കണക്കിന് അനുയായികളെ സാക്ഷിനിർത്തി അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ചതിലും, '' ഞാൻ ഒരു ദളിതനായ് ജനിച്ചു,ഒരിക്കലും ഞാൻ ഒരു ദളിതനായ് മരിക്കുകയില്ല '' എന്ന പറഞ്ഞതിനും ചൂണ്ടുപലക ആയത് ഗൗതമബുദ്ധൻറെ ജീവിതം എന്ന ഗ്രന്ഥം ആണ്. 

     ഗാന്ധിയെ ഈ ഗ്രന്ഥത്തിൽ പരക്കെ വിമർശിക്കുന്നുണ്ട്;അതും കൃത്യമായ തെളിവുകളോട് കൂടിത്തന്നെ. അംബേദ്ക്കർ ഇന്ത്യയിലെ ഭൂരിപക്ഷം അടിസ്ഥാന വർഗ്ഗങ്ങളുടെയും മത ന്യുനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വിമോചന പ്രസ്ഥാനങ്ങളുടെയും മുന്നണി നേതാവായിരുന്നെങ്കിൽ,
ഗാന്ധി ഇവിടുത്തെ ന്യുനപക്ഷങ്ങളുടെ അഭിഭാഷകനും ബ്രഹ്മണിസത്തിൻ്റെ വക്താവും - സംരക്ഷകനുമായിരുന്നു. '' അയിത്ത ജാതിക്കാർക്ക് വേണ്ടി ഗാന്ധി എന്ത് ചെയ്തു '' എന്ന പുസ്തകത്തിൽ അംബേദ്ക്കർ ഗാന്ധിയെ വിശേഷിപ്പിച്ചത് '' അയിത്ത ജാതിക്കാരുടെ മുഖ്യശത്രു '' എന്നാണ്. അംബേദ്ക്കർക്ക് എന്നും ( ഇന്നും ) മൗലികമായ ആശയങ്ങൾ ഉണ്ടായിരുന്നു. അത് തൻ്റെ അനേകം ഗ്രന്ഥങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട്കൂടി അംബേദ്ക്കർ എന്ന മനുഷ്യൻ ആര്യനിസത്തിനും മാത്രമല്ല ഹിന്ദു മതത്തിനും ബ്രഹ്മണിസത്തിനും സനാതന ഗാന്ധിയുടെ എല്ലാ ചപ്പടാച്ചികളെയും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ക്യാബിനറ്റ് നിയമ മാത്രിയായിരുന്ന അദ്ദേഹം രാജിവെച്ചിട്ടുകൂടി രാജിയുടെ കാര്യം വിശദീകരിക്കാൻ പാർലമെൻറിൽ അനുവദിക്കാത്തത്രയും അംബേദ്ക്കരോടുള്ള എതിർപ്പ് നീണ്ടു. 

   ഒരു തരത്തിൽ വളരെ വിശാലമായിത്തന്നെ നമുക്ക് ഡോ. അംബേദ്ക്കറിനെ ദലിത് ബന്ധു ഇതിൽ കാണിച്ചുതരുന്നു. എത്രതന്നെ നാം വിശാലമായ് കാണാൻ ശ്രമിക്കുന്നുവോ അത്രതന്നെ വിശാലമായ് അംബേദ്ക്കർ നമുക്കുമുന്നിൽ ഉണ്ട്. മികച്ച ഒരു പഠനമാണ് ഈ പുസ്‌തകം...! 

  

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...