Friday, December 30, 2022

പൊന്നിൽ സെൽവൻ - കൽക്കി


ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണ തിലാകെ എഴുതിയ '' ദി സെവൻ മൂൺസ്‌ ഓഫ് മാലി അൽമെയ്‌ദ '' എന്ന നോവലിന് 2022 ൽ ബുക്കർ പുരസ്ക്കാരം കിട്ടിയതിനെപ്പറ്റി ഒരു ആർട്ടിക്കിൾ വന്നിരുന്നു. അതുവായിക്കുന്നതിനിടയിലാണ് കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിൽ സെൽവൻ എന്ന നോവൽ വായിക്കാൻ കൈയ്യിൽ കിട്ടുന്നത്. പലതവണ ചോദിച്ചെങ്കിലും വായനക്കാരുടെ തിരക്കുമൂലം ഗ്രൂപ്പിലെ പലരും കൈമാറി വായിച്ച് മുഷിഞ്ഞ ഒരു അവസ്ഥയിലാണ് ബുക്ക് എൻ്റെ  കൈയ്യിൽ കിട്ടിയത്. ഇതിനോടകം ഞങ്ങളുടെ സർക്കിളിലെ പലരും വായിച്ചു കഴിഞ്ഞിരുന്നു. ഇനിയും ആളുകൾ വായിക്കാൻ ആവശ്യപെട്ട് വിളിക്കുന്നുമുണ്ട്. 

   തമിഴ് സാഹിത്യ ചരിത്രത്തിലെ ഇതിഹാസതുല്യവുമായ ഒരു നോവലാണ് കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിൽ സെൽവൻ. അഞ്ചുഭാഗങ്ങളിലായ് ഇരുനൂറില്പരം അദ്ധ്യായങ്ങളായാണ് ഈ നോവൽ വായനക്കാരിലേക്ക് ആദ്യം എത്തിയത്. ചരിത്രവും ഫിക്ഷനും ഇടകലർത്തി പറഞ്ഞുപോകുന്ന ഈ നോവൽ ഇതിനോടകം അനുവാചക ശ്രദ്ധ നേടിക്കഴിഞ്ഞു. ഏകദേശം 70 വർഷങ്ങൾക്കുമുൻപ്  എഴുതപ്പെട്ടെന്ന് കരുതപ്പെടുന്ന ഈ നോവൽ തമിഴ് സാഹിത്യത്തിലെ ഒരു മാസ്റ്റർപീസ് കൂടിയാണ്; എന്നിരിക്കെ മണിരത്നത്തിൻ്റെ സംവിധാന മികവിൽ ചലച്ചിത്രം ആയത്തോടുകൂടി ഈ നോവലിൻ്റെ വായനക്കാരുടെ എണ്ണവും കൂടി എന്നത് പറയാതിരിക്കാനാവില്ല. 

 തുല്യപ്രാധാന്യത്തോടെയുള്ള കഥാപാത്രങ്ങളെ കാലഗതിയുടെ രീതിയോ മൂല ചരിത്രത്തിൻ്റെ  സത്തയോ ചോർന്നുപോകാതെ ജി. സുബ്രഹ്മണ്യം അതി മനോഹരമായിത്തന്നെ മലയത്തിലേക്ക് വിവർത്തനവും ചെയ്തിട്ടുണ്ട്. എല്ലാക്കാലത്തും മലയാള വായനക്കാർക്കിടയിൽ തമിഴ് സാഹിത്യത്തിൻ്റെ  അഭിനിവേശം നിലനിൽക്കുന്നതിനാൽ ഈ നോവലും വളരെപ്പെട്ടെന്ന് സ്വീകരിക്കപ്പെട്ടു. ഒന്നാം അധ്യായത്തിലെ തുടക്കം പോലെ  കാല ജല പ്രവാഹത്തിൽ ഭാവനയാകുന്ന നൗകയിൽ വായനക്കാരെ കയറ്റി  ആയിരത്തി ഒരുനൂറ് വർഷങ്ങൾക്ക് പിറകിലേക്ക് കൊണ്ടുപോകുന്നു. 1050 വർഷങ്ങൾക്ക് പിന്നിൽനിന്ന് പറഞ്ഞുതുടങ്ങുന്ന ഈ കഥ സുന്ദര ചോള ചക്രവർത്തി രാജ്യം ഭരിച്ച കാലം മുതൽക്കുള്ള ചരിത്ര സംഭവങ്ങളും മിത്തും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ നോവലിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ വായനതുടങ്ങി അൽപ്പനേരം കഴിയുമ്പോൾ തന്നെ വായനക്കാർക്ക് മനസ്സിലാകും.

  കണ്ടരാദിത്യ ചോളർക്കും ചെമ്പിയിൽ മഹാദേവിക്കും മൂന്ന് മക്കൾ. സുന്ദര ചോള മഹാരാജാവ്,മധുരാന്തകൻ,അരിഞ്ജയ ദേവൻ. സുന്ദരചോള മഹാരാജാവിന് ചേരമാൻ്റെ  മകളായ പരാന്തക ദേവിയിൽ മൂന്ന് മക്കൾ. ആദിത്യകരികാലൻ, കുന്ദവ ദേവി, അരുൾമൊഴി വർമൻ.  ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കഥാപത്രമാണ്  സന്ദേശ വാഹകനായ വല്ലവരായർ വന്ദ്യദേവൻ. കാഞ്ചീപുരത്തുനിന്ന് ആദിത്യ കരികാലൻ്റെ ഓലയുമായാണ് അയാൾ എത്തുന്നത്.  ഈ കഥ പറഞ്ഞുപോകുന്നത്   വന്ദ്യദേവനിലൂടെയാണ്. ഇതിൽ ശ്കതമായ മറ്റൊരു സ്ത്രീകഥാപാത്രമാണ് നന്ദിനി. നന്ദിനിയുടെ കഥാപാത്രത്തെ വായനക്കാർക്ക് അത്രപെട്ടെന്നൊന്നും മനസ്സിലാക്കാൻ കഴിയില്ല. വളരെ ചെറിയ നിമിഷംകൊണ്ടുതന്നെ അവളിലെ ഭാവമാറ്റം നമ്മെ അത്ഭുതപ്പെടുത്തും. മാർദ്ദവമുള്ള മെത്തയും വിലപിടിച്ച ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി എല്ലാ സുഖഭോഗങ്ങൾക്കും നടുവിൽ നിൽക്കുമ്പോഴും അവളിൽ കെടാതെകിടക്കുന്ന പകയുടെ കനലുകൾ പ്രകടമാകുന്ന സന്ദർഭങ്ങളിലൊക്കെയും വായനക്കാരായ നമ്മൾ അത്ഭുതപ്പെടും. അതിന് അവളുടെ ബുദ്ധി സാമർഥ്യം മാത്രമല്ല രൂപലാവണ്യം കൂടി ആയുധമാക്കുന്നുണ്ടെന്ന് കാണുന്നിടത്താണ് നന്ദിനി എന്ന കഥാപാത്രത്തെ കൂടുതൽ ശ്രദ്ധിച്ച് വായിച്ചുതുടങ്ങുന്നത്.

ഒരുകാലത്ത് ലോകത്തെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജവംശം ചോള /  ചോഴ  രാജവംശമാണ്,ബി.സി 800 മുതൽ  1279 എ ഡി വരെ. മധ്യകാലഘട്ടത്തിൽ വിജയാലയ ചോളനോടുകൂടിയാണ് ചോഴ രാജവംശം കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നത്. തമിഴ് ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രമുഖ രാജവംശമായ ചോള രാജവംശം  പാണ്ഡ്യവംശത്തിൻ്റെ ആധിപത്യത്തോടെയാണ് മാഞ്ഞുതുടങ്ങുന്നത്.അധികാരത്തിനായുള്ള ഗുഡാലോചനയാണ് ഇതിൻ്റെ ഇതിവൃത്തം. ആദിത്യനിൽനിന്ന് അധികാരം അരുൾമൊഴിവർമനിലേക്ക് എത്തുന്നതോടെ  ചോള രാജവംശം എക്കാലത്തും വിപുലമായ രാജവംശമായി മാറുന്നു. എല്ലാ ഉപജാപങ്ങളുടെയും ബുദ്ധിയുടെയും കേന്ദ്രമാണ് പുഴുവേട്ടരയൻ. എല്ലാവരുടെയും വിശ്വാസം സമ്പാദിക്കാൻ ഏറെ നേരം ആവശ്യമില്ലാത്ത നന്ദിനിയുംകൂടിയാകുമ്പോൾ അയാൾ കൂടുതൽ പ്രബലനാകുന്നു.  ചതിപ്രയോഗങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും പലവഴി പിരിഞ്ഞുപോകുന്ന കഥാഗതിയിൽ  ഒരിക്കൽപോലും ലാഗ് അനുഭവപ്പെടുന്നില്ല. മികച്ച വായന നല്കുന്നു....

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...