Sunday, August 31, 2025

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റെ; സോളമൻ ഹലേഹ്വായുടെ കഥയാണിത്. മനുഷ്യനെ ഒരു കലൈഡോസ് കോപ്പിലൂടെ നോക്കിയാൽ എന്നപോലെ സുരേഷ് കുമാർ വി. ഇതിലെ ഓരോ കഥാപാത്രത്തെയും നോക്കി കാണുന്നുണ്ട്. 
        വായിച്ച് തുടങ്ങുമ്പോൾ മുതൽ ആ ജൂതത്തെരുവ് നമുക്ക് പരിചിതമായ ഒരു ഇടമായി മാറും. തെളിഞ്ഞു വരുന്ന മട്ടാഞ്ചേരി തെരുവും മനുഷ്യരും വയനയിലുടനീളം നമുക്കൊപ്പം സഞ്ചരിക്കും. നിലവിളിച്ചും കരഞ്ഞും പോകുന്ന ഉറ്റവരുടെ ഉപ്പ്പറ്റിയ കണ്ണീരു നമ്മുടെ നാവിലും ഉപ്പ് പടർത്തും. മുകൾത്തട്ടിൽ നേർത്ത ഒരു ഇരമ്പലിൽ മൂന്ന് തലമുറയുടെ ഉറക്കത്തിലും ചൂടിലും തളർച്ചയിലും പരിഭവങ്ങൾ ഇല്ലാതെ ഒരു പഴയ ഫാൻ ഹാമിൽട്ടൺ ഇപ്പോഴും കറങ്ങിക്കൊണ്ട് ഇരിക്കുന്നു. അതിൻ്റെ ചിലംബിച്ച ഒച്ചയും നമുക്ക് വായനയിൽ കേൾക്കാം. തെരുവിൻ്റെ മേടയെ തൊട്ട് ഒരു കാറ്റ് വടക്കോട്ട് വേഗതയിൽ നീങ്ങി. മുറികളുടെ ഇരുട്ട് കാട്ട് പൊന്തകൾ പോലെ പടർന്നിരുന്നു. 
        ഒരേസമയം മൂന്ന് കാലങ്ങളെയാണ് ഇതിൽ അടയാളപ്പെടുന്നത്. സോളമൻ ഹലേഹ്വാ എന്ന സ്ലോമോ മുത്തയുടെ ബാല്യവും കൗമരവും വാർദ്ധഖ്യവുമാണ്. അയാളുടെ ഭാര്യ തിമോരയും മക്കളായ സമില, ഉർസുല,ഇസഹയും താളുകൾ നഷ്ടപ്പെട്ട ചരിത്ര പുസ്തകം പോലെയാണ്. അത് കൂടാതെ സോളമൻ ഹലേഹ്വയെയും അയാളുടെ പന്ത്രണ്ട് പൂച്ചകളെയും നോക്കി ലാസർ അച്ചായിയും മാത്തയും കൂടെ ചേർന്നാണ് ആ ജൂതപ്പുര.
          ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത കുറച്ച് നിമിഷങ്ങളും തീരുമാനങ്ങളുമാണ് സോളമൻ ഹലേഹ്വായെയും അയാളുടെ പന്ത്രണ്ട് പൂച്ചകളേയും ജൂതപ്പുരയേയും സോളമൻ ഹലേഹ്വായ്ക്ക് ഉപേക്ഷിക്കണ്ടതായി വരുന്നത്. പതുക്കെപ്പതുക്കെയാണ് സോളമൻ ഹലേഹ്വായ്ക്ക് കയ്യിൽ നിന്ന് വഴുതിപോകുന്നത് തൻ്റെ ജീവിതം കൂടിയാണെന്ന് മനസ്സിലാകുന്നത്. നീറിയും നിലവിളിച്ചു കടന്ന് പോകുന്ന ഉറ്റവരുടേയും ഉടയവരുടേയും മണ്ണ്, ചക്കാമാടങ്ങൾ പോലെ അനാധവും അദൃശ്യവും ആയിരുന്നു. കാലം തെറ്റിയ പിഴച്ച മഴയിലും മുത്ത വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഇതിൽ വന്നു പോകുന്ന ഓരോ കഥാപാത്രവും അത്രമേൽ വായനക്കാരുടെ ഹൃദയത്തിൽ അടയാളപ്പെടുത്തുന്നതായിരുന്നു. ജൂതപ്പുരയുടെ എഴുപത്തിരണ്ടു വർഷത്തെ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. 
         സ്ലോമോ മുത്ത സോളമൻ ഹലേഹ്വാ ആയിരുന്ന കാലം തൊട്ട് ജൂതപ്പുരയിലെ സൂക്ഷിപ്പ് കാരിയും നോട്ടക്കാരനുമാണ് മാർത്തയും ലാസറും. അഗ്നിപോലെ പൊന്നിൻ്റെ നിറമാണ് മാർത്ത. അവൾ ഇരുട്ടിൽ തക്കം കിട്ടിയപ്പോഴൊക്കെ സോളമൻ ഹലേഹ്വായുമായി പാപം ചെയ്തു. ഇത്രയും അതിശയിപ്പിക്കുന്ന മറ്റൊരു കഥാപാത്രം ഇതിൽ വേറെ ഇല്ല. ജൂതപ്പുരയും അതിലെ സർവ്വ ചരാചരങ്ങളും മാർത്തയ്ക്ക് ചുറ്റുമാണ് വലം വയ്ക്കുന്നത്. അതിന് ഈ ജൂതപ്പുരയിലെ പന്ത്രണ്ട് പടയാളികളും കാവൽ നിന്നു; ബെന്യാമിൻ, ലൂത്ത്, ജൂദാ, അഷർ, നഫ്ത്താലി, ജോസഫ്, സിമിയോൺ,ലെവി, ഗാദി, ബെഞ്ചമിൻ, ഡാൻ, ഇസക്കർ എന്നിവർ അതിൽ ചിലത് മാത്രം. 
           പതുക്കെപ്പതുക്കെ മനോനില നഷ്ടപ്പെട്ട സോളമൻ ഹലേഹ്വാ എന്ന സ്ലോമോ മുത്തയെ നമുക്ക് ഇതിൽ കാണാൻ കഴിയും. ഇടക്കെപ്പോഴോ കടലിൽ വീണ് മരണപ്പെട്ട തൻ്റെ മകനെ - ഇസഹയെ മുത്ത വിളിക്കുന്നത് കേൾക്കാം. സ്ലോമോ മുത്തയുണ്ട് ജീവിതം അരൂപിയായ ഇരുട്ട് കായിക്കുന്ന ഒരു മരമായി മാറാൻ കാരണം സ്ലോമോ മുത്തയുടെ ഒരു പ്രവർത്തിയാണ്. എൽദോർ എന്ന അറവ് ശാലയുടെ പരി കർമ്മി; അവന് ഒരു സഹോദരി ഉണ്ടായിരുന്നു, ജോസഫ്ഫൈൻ. അവളുടെ വളർച്ചയിലൊക്കെ സോളമൻ ഹലേഹ്വാ ഒരു പ്രത്യേകം സൗന്ദര്യം കണ്ടു. സോമോയെ അനുസരിക്കൽ അവൾക്ക് ഒരു പ്രത്യേക ഭ്രാന്ത് ആയിരുന്നു. എന്നൽ സോളമൻ ഹലേഹ്വായ്ക്ക് അങ്ങനെ ആയിരുന്നില്ല. അവൾ; ജോസഫ്ഫൈന് വെറും ഒരു അടിമ ആയിരുന്നു. എന്നാൽ ജോസഫ്ഫൈൻ അങ്ങനെ ആയിരുന്നില്ല; സോളമൻ തിമോരയെ വിവാഹം കഴിക്കുന്നത് വരെ. അവൾ വിവാഹത്തിൻ്റെ തലേന്ന് ജൂതപ്പുരയിൽ വന്ന് കരഞ്ഞു പറഞ്ഞു. അവളുടെ കണ്ണിൽ നിന്ന് അപ്പോൾ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു. അപ്പോൾ ജൂതപ്പുര ഒരു ഒരു വലിയ കപ്പൽ പോലെ ആടി ഉലഞ്ഞു...
           സ്ലോമോ മുത്ത സോളമൻ ഹലേഹ്വാ ആയിരുന്ന കാലം മുതൽ ഉറ്റ സുഹൃത്താണ് ഇളം പരിതി. സോളമനേക്കാൾ മൂന്ന് വയസ് മൂത്തവൻ. പകുതി മാത്രം നന്നായ ഒരു ജീവിതം ആയിരുന്നു ഇളം പരിതിയുടേത്. മറ്റേ പകുതി എന്നും മോശമായിരുന്നു. ആളിന് വൃഷണ വീക്കം എന്ന അസുഖം ഉണ്ടായിരുന്നു. മക്കൾക്ക് അത് എന്നും ഒരു ആക്ഷേപം ആണ്. ഒരു പരിധി വരെ ലാസറിൻ്റെ ജീവിതവും ഇതുപോലെ തന്നെയാണ്. എന്നാൽ അയാൽ അത് തിരിച്ചറിയാതെ പോകുന്നു എന്നു മാത്രം. അയാളുടെ ഭാര്യ മാർത്തയിൽ ഉണ്ടായ മകൻ ഇമ്മാനുവൽ തൻ്റെ വംശാവലിയിൽ ഒന്നും ഉണ്ടാകാൻ ഇടയില്ലാതിരുന്ന നിറവും വലിപ്പവും അയാളിൽ ചേരാത്ത കണക്കുകൾ പോലെ എപ്പോഴും കൂട്ടം തെറ്റി നിന്നു. അതിന് ലാസറിന് ഉത്തരം കിട്ടാതെ വന്നപ്പോളൊക്കെ അയാൽ പാന ചൊല്ലാൻ തുടങ്ങി. എപ്പോഴും മാർത്തായിലെ സ്ത്രീ - ഭാര്യ - സൂക്ഷിപ്പ് കാരി എന്നിവയിൽ ഒന്നും കൃത്യത തരാത്തെ വായനക്കാർക്ക് മുന്നിൽ നിലയുറപ്പിച്ചു. 
         പ്രാചീനമായ ഏതോ പൊരുളിൻ്റെ തോറച്ചുരുൾ പോലെ സിനഗോഗിൻ്റെ എടുപ്പുകൾ തുറന്നിരുന്നു. അപ്പോഴേക്കും അഷറിനേയും നഫ്ത്താലിനെയും ലെവിയേയും കാണാതെയാകുന്നു. ആ വലിയ ജൂതപ്പുര ഒന്നൊന്നായി ഒഴിഞ്ഞു കൊണ്ടിരുന്നു. മനസ്സ് കലങ്ങി മറിയുമ്പോഴെല്ലാം സ്ലോമോ മുത്ത ബാപ്പുച്ചയുടെ മുറിയിൽ പുതകങ്ങൾക്കിടയിൽ സുരക്ഷിതത്വം തേടി. 
       ഒരു ദശകത്തിന് ശേഷമുള്ള മട്ടാഞ്ചേരി തെരുവ്. സ്ലോമോ മുത്തയുടെ വീട് നിന്നിടം ഗൈഡ് സഞ്ചാരികൾക്ക് ചൂണ്ടി കാണിച്ച് കൊണ്ട് കാറ്റിനും തിരമാലകൾക്കും മാത്രം മനസ്സിലാകുന്ന ഭാഷയിൽ എന്തോ പറഞ്ഞു. ഇതെല്ലാം കെട്ടുണ്ട് മുത്തയുടെ സുഹൃത്ത് ഇളം പരിതി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. 
         സ്ലോമോ മുത്തയേക്കാൾ പ്രായമുള്ള ഒരു ബോട്ട് അത് വഴി കടന്ന് പോയി. കൊച്ചി കണ്ട് പഴകിയപോലെ ഇരുണ്ട് കനത്ത പുക; ശബ്ദവും അതുപോലെ തന്നെ. എൻ്റെ ചുറ്റും കാണുന്നതല്ല കൊച്ചി. എൻ്റെയുള്ളിൽ ഉള്ളതാണ്. ഞാൻ ഇവിടം വിട്ട് എങ്ങോട്ടും ഇല്ല. ഇത് കേട്ട് ഒരുപാട് തിരകൾ തീരത്തേക്ക് ഓടിക്കയറി വന്നു...

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...