ആഫ്രിക്കയുടെ കിഴക്കൻ തീരത്തെ മൊസാംബിക്കിൽ നിന്ന് പുറപ്പെട്ട് ഇന്നത്തെ സിംബാബ്‌വെയിലേക്കും തുടർന്ന് കിഴക്കനാഫ്രിക്കയിലേക്കും അവിടുന്ന് സുഡാനിലൂടെ വടക്ക് ഈജിപ്റ് വരെയും എസ്,കെ നടത്തിയ യാത്രപോലെ മറ്റൊരാളും അക്കാലത്ത് സഞ്ചരിച്ചിട്ടില്ല. എസ്. കെ വിദൂരതയിൽ നിന്ന് ആഫ്രിക്ക കണ്ടാൽ എങ്ങനെയാണോ അതുപോലെയാണ് ആഫ്രിക്കയെ വിശദീകരിച്ചത്.
സഞ്ചാരം കലയായ് സ്വീകരിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ് എസ്.കെ പൊറ്റെക്കാട്ട്. ലോകസാഹിത്യം ഇന്ത്യയിലേക്ക് ഒഴുകികൊണ്ടിരുന്ന കാലത്താണ് ഭൂമിയുടെ മറ്റൊരറ്റത്തുനിന്നുമാണ് ആഫ്രിക്കയുമായ് എസ്.കെ പൊറ്റെക്കാട്ട് സാഹിത്യത്തിലേക്ക് എത്തിയത്. അന്ന് അദ്ദേഹം സഞ്ചരിച്ച വഴിയിലൂടെയാണ് ഇന്ന് സക്കറിയ സഞ്ചരിക്കുന്നത്. അന്ന് എസ്. കെ കണ്ട പല കാഴ്ച്ചകളും കാലത്തിൻ്റെ ഒഴുക്കിൽ പെട്ട് മാഞ്ഞുപോയി.
അതിന് കാരണമായത് ആഭ്യന്തര പ്രശ്‌നങ്ങളും രാഷ്ട്രീയമായ അരക്ഷിതാവസ്ഥയുമായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും മലയാളിക്ക് വിസ്തൃതിയിലും വൈവിധ്യത്തിലും സാഹിത്യമേന്മയിലും ഇത്രമേൽ വിശദമായി ഒരു പുറംലോക യാത്രാവിവരണം ലഭിക്കുന്നത്. ഇക്കാലത്ത് ആഫ്രിക്ക ഏതൊരുയാത്രക്കാരൻ്റെയും ഫേവറേറ്റ് ഡെസ്റ്റിനേഷൻ ആണ്. നമ്മുടെ രാഷ്ട്രപിതാവിന് തൻ്റെ സുപ്രധാനമായ ജീവിതത്തിന് വളക്കൂറേകിയ മണ്ണാണ്. അന്ന് എസ്.കെ കണ്ടതിനേക്കാൾ കൂടുതൽ മലയാളികളെ ഇന്ന് സക്കറിയ ആഫ്രിക്കയിൽ കാണുന്നുണ്ട്.
1949 -ൽ സ്വതന്ത്ര ഇന്ത്യയിൽ നിന്നാണ് എസ്. കെ യാത്രപുറപ്പെട്ടത്. അന്ന് ആഫ്രിക്ക കോളനിവാഴ്ചയുടെ കാലത്താണ്. അന്ന് അദ്ദേഹം കണ്ട ആഫ്രിക്ക ഇന്ന് മാറ്റിവരക്കപ്പെട്ടിരിക്കുന്നു. റൊഡേഷ്യ - സിംബാവയായ്, ന്യാസിലാൻഡ് - മലാവിയായ്. ടംഗാനിയ - ടാൻസാനിയായി. സ്വതന്ത്ര്യാനന്തരം ഉഗാണ്ടയിലും മൊസാംബിയിലും സുഡാനിയിലും ഭീമമായ രാഷ്ട്രീയ പരിവർത്തനം നടന്നതായ് സക്കറിയ പറയുന്നു. എസ്.കെ ചരക്കുലോറിയിൽ കുലുങ്ങി സഞ്ചരിച്ച ആഫ്രിക്കയിലെ മൺ വഴികളത്രയും ആധുനിക ആഫ്രിക്കയുടെ ഹൈവേകൾ കവർന്നുകൊണ്ടുപോയി.
എസ്.കെ പൊറ്റെക്കാട്ട് വിക്ടോറിയ വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുന്ന; പഴകി അവ്യക്തമായ - ഒരു ചിത്രം ഇതിൽ കൊടുത്തിട്ടുണ്ട്. ആ വെള്ളച്ചാട്ടം കണ്ട് എസ്. കെയുടെ യാത്രാവിവരണത്തിലെ ഒരു വാചകം ഇങ്ങനെ കൂട്ടിച്ചേർത്തിട്ടുണ്ടതിൽ '' അത് നമ്മെ അമ്പരപ്പിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യും ''. ഇങ്ങനെ ആഫ്രിക്കയുടെ അസാധ്യതകളും സന്ദിഗ്ദ്ധകളും മനോഹാരിതകളും മറഞ്ഞെടുത്തുനിന്നുമാണ് സക്കറിയ പുതിയൊരാഫ്രിക്കയെ കണ്ടെടുക്കാൻ ശ്രമിക്കുന്നത്. ഇവിടെ സക്കറിയ ആഫ്രിക്കയെന്ന് പറയുമ്പോൾ അത് പരിമിതമായ എട്ട് രാജ്യങ്ങളിലൂടെ മാത്രമുള്ള യാത്രാനുഭവമാണ്.
ഈ വൈരുധ്യങ്ങൾക്കിടയിലും സക്കറിയയുടെ ''ഒരു ആഫ്രിക്കൻ യാത്ര '' വീടണഞ്ഞ പ്രതീതി തരുന്നു...