ഇതിൽ വീരാൻകുട്ടി ആദ്യമേ ജാമ്യം എടുക്കുന്നുണ്ട് ; ടി പി രാജീവനെ എഴുതുക അത്ര എളുപ്പമല്ല എന്ന്. അത് തീർത്തും ശരിയാണ്..! നിരന്തരമായി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെപ്പറ്റി ആധികാരികമായി പറയാനോ എഴുതാനോ ആർക്കാണ് സാധിക്കുക. പുരാവൃത്തത്തിൽ നിന്നുതുടങ്ങി ആനുകാലിക വിഷയങ്ങൾ വരെ ടി.പി യുടെ എഴുത്തിൻ്റെ സൂചിമുനക്ക് ഇരയാകാറുണ്ട്. അങ്ങനെ പലതിനെയും ടി.പി.നിർഭയമായി എഴുതി കുത്തിനോവിക്കാറുണ്ട്. അങ്ങനെ എല്ലാറ്റിനെയും കലഹിച്ച് വശത്താക്കുക അയാൾക്കൊരു പ്രത്യേക വൈഭവം തന്നെയായിരുന്നു. അതിൻ്റെയൊക്കെ ബാക്കിയിരിപ്പുതന്നെയായിരുന്നു ഇക്കാലമത്രയും അയാളെഴുതിയ കവിതകൾ. അതൊരു ഒഴിയാബാധയായി വായനക്കാർക്കിടയിൽ നിന്നു. എത്ര ഇറക്കിവെച്ചാലും വീണ്ടും ചുമക്കേണ്ടിവരുമെന്ന തിരിച്ചറിവ് ഉണ്ടായിട്ടുപോലും.
ടി.പി എഴുതുമ്പോളൊക്കെയും വായനക്കാരെ എഴുത്തിൻ്റെ തുറയിൽ നിന്ന് ഒഴിച്ച് നിർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് വായന അവസാനിപ്പിച്ച് ഏറെ സമയം കഴിഞ്ഞും അയാൾ നമ്മളിൽ തങ്ങി നിൽക്കുന്നത്. എവിടെയാണോ കവിത അവസാനിക്കുന്നത് അവിടെനിന്നും നമുക്ക് തുടങ്ങേണ്ടിവരുന്നതും അതുകൊണ്ടുകൂടിയാണ്. ഇങ്ങനെ ഭൂതകാലത്തെ നമ്മോടു കണ്ണിചേർത്ത് ഒരു ബലൂൺ കണക്കെ ഊതി പറക്കാൻ വിട്ടുകൊണ്ട് അയാൾ പ്രഖ്യാപിച്ച സമരങ്ങൾ മായം ചേരാത്ത ചരിത്രത്തിൻ്റെ കാവ്യ ഭാഷയായതും ഇതുകൊണ്ട്കൂടിയാണ്. ഇങ്ങനെ പലപ്പോഴായ് നാം ടി.പി യിലെ സമര വീര്യം കണ്ടതാണ്. പലതിനോടും അയാൾക്ക് ഉറച്ച നിലപാടുകളുണ്ടായിരുന്നു. ഓരോ കവിതയും അയാളിലെതന്നെ ഉറച്ച ശബ്ദങ്ങളായിരുന്നെന്ന് മറ്റാരും പറയാതെ തന്നെ വായനക്കാരായ നമ്മളിൽ പലരും മനസ്സിലാക്കിയതാണ്. അതുകൊണ്ട്, ഈ വേർപാടുപോലും കാലത്തിൻ്റെ സമരസപ്പെടലിൽ ചേർക്കാനാവാതെ ആ ഫ്രെയിമിനുപുറത്ത് ഒരു വലിയ ക്യാൻവാസായി ടി പി രാജീവൻ നിലകൊള്ളുന്നതും.
ഞങ്ങളുടെ തൊടിയിൽ നിറയെ
ആലകൾ
ചെറുപ്പത്തിലേ സ്വപനം കണ്ടു ശീലിക്കാൻ
പൂർവികർ നിർമിച്ചവയാണ് അവ.
(നവ0.1, മരണത്തിൻ്റെ തലേ ദിവസം മാതൃഭൂമിക്ക് അയച്ച '' അത്രമാത്രം '' എന്ന കവിതയിൽ നിന്ന് )