ജീവിതത്തെ വല്ലാതെ സ്നേഹിച്ച ഒരാളുടെ ജീവിതത്തെയും എഴുത്തിനെയും അനശ്വരതയുടെ കണ്ണാടിയിലൂടെ നോക്കികാണുകയാണ് പി സുനിൽ കുമാർ തൻ്റെ '' പ്രിയപ്പെട്ട ഫയദോർ '' എന്ന നോവലിലൂടെ. വർഷങ്ങൾക്കിപ്പുറം പീറ്റേഴ്സ്ബെർഗ് നഗരത്തിലേക്ക് മടങ്ങിയെത്തുമ്പോൾ വിശ്വസാഹിത്യകാരനായ ദസ്തയവ്‌സ്കിയെ ഇനിയും കൂടുതൽ വായിച്ച് അറിയാനുണ്ടെന്ന് ഈ നോവൽ കാണിച്ചുതരുന്നു.
ഫയദോറിൻറെ ജീവിതത്തിലേക്ക് കടന്നുവന്ന അന്ന നേവ നദിപോലെ അയാളിലേക്ക് ഒഴുകിപ്പരക്കുകയായിരുന്നു. അയാളുടെ ഇരുണ്ട ജയിൽ ജീവിതം മറ്റൊരു നോവലിലും കാണാത്തത്ര ആഴത്തിൽ ഇതിൽ വിശദീകരിക്കുന്നുണ്ട്. മനുഷ്യ മനസ്സിൽ ഇത്ര അഗാധമായി സ്ഥാനം പിടിച്ച മറ്റൊരു എഴുത്തുകാരനും ഉണ്ടാകില്ല,തീർച്ച... അതുകൊണ്ട് ദസ്തയോവ് മാനവിക സാഹിത്യത്തിൽ ഇന്നും വേറിട്ടുനിൽക്കുന്നു.ഇരുപത്തിനാല് അദ്ധ്യായങ്ങളിലായി ദസ്തയോവ് വീണ്ടും വായനക്കാർക്ക് മുന്നിലേക്കെത്തുന്നു;ഒരുപക്ഷെ അന്നയെ ആണ് നമുക്ക് ഇതിൽ കൂടുതൽ മനസ്സിലാകുന്നത്. തുടർച്ചയറ്റുപോകുന്ന അന്നയുടെ വാക്കുകളിൽ തകർത്തെറിയപെട്ട ഒരു വസന്തകാലം ഉണ്ടായിരുന്നെന്ന് പറയാതെ പറഞ്ഞുതരുന്നുണ്ട് പി സുനിൽകുമാർ. ജീവിതത്തിൻറെ ഇരുണ്ട പിന്നാമ്പുറങ്ങളിലൂടൊക്കെയും ജീവിച്ച ഈ മനുഷ്യൻ ഇരുണ്ട ജയിലറകളിലെ നരകയാതന വളരെയധികം ആഴത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതുകൂടാതെ രോഗങ്ങൾകൊണ്ട് ദുർബ്ബലമായ ശരീരം, നിരന്തരം ശ്രമിച്ചിട്ടും നിർത്താൻ കഴിയാത്ത ചൂത് കളി, തീർക്കാൻ കഴിയാത്ത കടങ്ങൾ, കൂടപ്പിറപ്പിൻറെ വേർപാട്. ഈ മനുഷ്യൻ ആത്മഹത്യ ചെയ്തിരുന്നെങ്കിലെന്ന് അന്ന ഒരിക്കലെങ്കിലും ചിന്തിച്ചതിൽ തെറ്റുപറയാനാകില്ല. എന്നിട്ടും അയാൾ ആഴങ്ങളിലേക്ക് ഊളിയിടാതിരുന്നത് അന്നയിൽനിന്ന് കിട്ടിയ സ്നേഹവും കരുതലും ഒന്നുകൊണ്ടാണ്. മലയാളികൾ വായിച്ചറിഞ്ഞതിൽ കൂടുതൽ ഫയദോറിനെ ഇനിയും മനസ്സിലാക്കാനുണ്ടെന്ന് ഈ നോവൽ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.
ഈ നോവൽ വായിക്കുമ്പോൾ ഒരിടത്തും നാം ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ പറ്റി ഓർക്കില്ല. കാരണം അത്രമേൽ നമ്മൾ ദസ്തയോവിനെ അടുത്തറിയുന്നു. അയാൾ രോഗങ്ങൾകൊണ്ട് വലയുന്നത് അത്ര തീവ്രതയോടെതന്നെയാണ് വായനക്കാരായ നമുക്ക് അനുഭവപ്പെടുന്നത്. അന്നയുടെ ഹൃദയത്തിന് പുറത്ത് ദസ്തയേവ്സ്കി ഒരു തികഞ്ഞ അസന്മാർഗിയും മദ്യപാനിയും ചൂതാട്ടക്കാരനും ദരിദ്രനുമാണ്. മറിച്ച് അന്നക്കുള്ളിലെ ദസ്തയേവ്സ്കിയുടെ വിശുദ്ധി വായിച്ചെടുക്കാൻ ഇനിയും നമുക്കാവില്ല. എന്നാൽ ഈ നോവൽ അന്നയുടെ ഹൃദയത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അത് ഈ നോവലിൻറെ മറ്റൊരു നേട്ടം കൂടിയാണ്.
ഇന്നും തടിച്ച പുസ്തകങ്ങൾ ഒരു ഭാരമായി തോന്നാതിരുന്നത് അങ്ങയുടെ നോവലുകൾ വായിച്ചുശീലിച്ചതുകൊണ്ടാണ്.
ഫയദോർ മിഖായലോവിച്ച് ദസ്തയേവ്സ്കിക്ക് പ്രത്യേക നന്ദി...