മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജെ പ്രഭാഷ് എഴുതിയ കമ്യൂണിസത്തെ_പിടികൂടിയ_പുസ്തകങ്ങൾ എന്ന ആർട്ടിക്കിൽ വായിച്ചു. കമ്യൂണിസ്റ്റ് ലോകത്തെ അട്ടിമറിക്കാൻ ആശയങ്ങളാണ് കൂടുതൽ ശക്തം എന്ന് തിരിച്ചറിഞ്ഞു സാമ്രാജിത്വവും അവരുടെ ഉപകരണമായ സി ഐ എ യും കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പുസ്തകങ്ങളിലൂടെ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ എത്തിച്ചു; പ്രത്യേകിച്ച് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിയൻ രാജ്യങ്ങളിലും. ഇത് തിരിച്ചറിയാത്ത വിപ്ലവകാരികളുടെ നാട്ടിൽ അധികാരത്തിനു കനം കൂടി വന്നു.
അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധത ലോക പ്രശസ്തമാണല്ലോ? സോഷ്യലിസ്റ്റ് ആശയങ്ങൾ തുടച്ചുനീക്കാൻ സാഹിത്യങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ അമേരിക്ക അതിനുള്ള ശ്രമങ്ങൾ ഉടനെ ആരംഭിക്കുകയും ചെയ്തു. സാഹിത്യത്തിന്റെ മൗലിക സ്വഭാവം കമ്യൂണിസ്റ്റ് വിരുദ്ധത നിറഞ്ഞതാകാൻ അമേരിക്ക പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഒരു പ്രതിയോഗിയെ പരാജയപ്പെടുത്താൻ തോക്കേന്തിയ പടയാളി മാത്രം പോരാ പുസ്തമേന്തിയ പോരാളിയും ആവശ്യമാണെന്ന മാവോ സൂക്തം കമ്യൂണിസ്റ്റ്കാരേക്കാൾ പ്രയോഗത്തിൽ കൊണ്ടുവന്നത് അമേരിക്കക്കാരാണ്. അത് ശീത യുദ്ധത്തിന് (1950ന് ) മുൻപും പിൻപും എന്ന നിലയ്ക്ക് കാണാനാകും. ഒരു കമ്യൂണിസ്റ്റ് അട്ടിമറി ഒരിക്കലും ആഭ്യന്തര കലാപത്തിലൂടെ സാധിക്കില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് അമേരിക്കയാണ്. അതുകൊണ്ട് ഏറെക്കുറെ ഉറപ്പുള്ളത്, ഒരു സാവധാനമുള്ള പരിവർത്തനമാണ്. ആ നിലയ്ക്ക് അത്തരം പ്രചരണം റേഡിയോയിലൂടെയാണ് ആദ്യം നടപ്പിലാക്കിയത്. പശ്ചിമ ജർമനിയിൽ നിന്ന് മുപ്പതിനായിരം അടി ഉയരത്തിൽ ചെന്ന് സ്വയം പൊട്ടിത്തെറിക്കുന്ന റബ്ബർ ബലൂണിലൂടെ ഭാരം കുറഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്തു എന്ന് എഴുതിയത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇങ്ങനെ 1951-56 കാലഘട്ടത്തിൽ മാത്രം ജോർജ് ഊർവെല്ലിന്റെ " ആനിമൽ ഫാമിന്റെ " ലക്ഷകണക്കിന് കോപ്പികൾ വിതരണം ചെയ്തു. തുടർന്ന് അടുത്തഘട്ടം പുസ്തകം തപാൽ വഴി വിതരണം ചെയ്യൽ ആയിരുന്നു. അതിനുവേണ്ടി അതാത് രാജ്യത്തെ ഭാഷയിൽ പുസ്തകം തയ്യാറാക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്തു. കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ആശയങ്ങൾ ദുർബലപ്പെടുത്തി മാർക്സിസ്റ്റ് ആശയങ്ങൾക്ക് ഒരു ബദൽ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ അവർ ശ്രമിച്ചത്. അതിന്റെ മഹത്തായ നേട്ടങ്ങളെ കാണിച്ച ഒരു പുസ്തകമാണ് അൽഫർട്ട് എ റെയ്സ്ച എഴുതിയ " ഹോട്ട് ബുക്ക് ഇൻ ദ കോൾഡ് വാർ ".
ഇതിനോടകം പുസ്തക വിതരണം ഏറ്റെടുത്ത് മുന്നോട്ട് വന്നത് അഞ്ഞൂറിൽപ്പരം സ്ഥാപനങ്ങളാണ്. അമേരിക്കയിലേയും യൂറോപ്പിലേയും നൂറിൽപ്പരം നഗരമങ്ങളാണ് ഇതിൽ പങ്കെടുത്തത്. പ്രത്യേകിച്ച് ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ബർലിൻ, ആദൻസ്, വിയന്ന, മ്യുണിച്ച്, ജനീവ, ബ്രസൽ, മിലാൻ, ഇസ്താംബൂൾ എന്നിവ. വിതരണം ചെയ്ത പുസ്തകങ്ങളും എഴുത്തുകാരേയും ഒന്ന് നിരീക്ഷിച്ചാൽ ആ പട്ടിക ബൽസാക്, ഫോക്നർ, ആരന്റ്, പാസ്റ്റർനാക്ക്, അഡൊണോ, കാഫ്‌ക, കാമു, സാർതൃ, സന്തയാന, ലക്‌സം ബർഗ്, റസ്സൽ, ഓർവൽ, കുന്ദേര, വെയ്ൽ, ഹക്സിലി, ആർതർ ക്രൂസർ തുടങ്ങിയവർ ആ എഴുത്തുകാരിൽ ചിലരാണ്. വിതരണം ചെയ്ത പുസ്തകങ്ങൾ നോക്കിയാൽ ഹോളി ബൈബിൾ, കമ്യൂണിസം ഇൻ ക്രൈസിസ്, കോൺവെർ സേഷൻ വിത്ത് സ്റ്റാലിൻ, ദ ന്യൂസ് ക്ലാസ്, ഡാർക്ക്‌നെസ് അറ്റ് നൂൺ, അഫ്ലുൻറ്റ് സൊസൈറ്റി, ദ പ്രോബ്ലം ഓഫ് ഡിക്റ്റേറ്റർഷിപ്പ്, ഒപ്പിയം ഓഫ് ദ ഇന്റലക്ച്വൽ, 1984- എന്നിവയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനു ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികളെയും പുസ്തക പ്രസാധകരെയും അവർ ഉപയോഗിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു ചൈനയിൽ ഇത്തരം ഒരു അട്ടിമറി നടത്താൻ അവർക്ക് കഴിഞ്ഞില്ല. അതിന്റെ പ്രധാന കാരണം ചൈനയിലെ പുസ്തക സെൻസർഷിപ്പ് വളരെ ശക്തമായിരുന്നു. എന്നാൽ ഇതിൽ ഭയാനകമായ ഒന്ന് ഇതിന്റെ എത്രയോ ഇരട്ടി കമ്യൂണിസ്റ്റ് വിരുദ്ധ പുസ്തകങ്ങൾ സോവിയറ്റ് യൂണിയനിൽ അവർ വിതരണം ചെയ്തു. പിന്നീട് ഈ നിശബ്ദ അട്ടിമറി സർക്കാർ കണ്ടെത്തുകയും കമ്യൂണിസ്റ്റ് വിരുദ്ധ പുസ്തകങ്ങളുടെ പട്ടിക പുറത്തിറക്കി അവയുടെ വിതരണം കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഇതിനോടകം നിരോധിക്കുകയും ചെയ്തു.
വാളിന് പകരം വാക്കുകൾ കൊണ്ട് നടത്തിയ ഈ പോര് സോവിയറ്റ് യൂണിയനെ തകർത്ത് കളഞ്ഞു. മറ്റ് പല കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ജീർണതയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇത് കമ്യൂണിസ്റ്റ് ഇതര രാജയങ്ങളെയും പരിക്കേൽപ്പിച്ചു. അവയിൽ പല ജനാധിപത്യ രാജ്യങ്ങൾക്കും ജനാധിപത്യ ലക്ഷണങ്ങൾ ചോർന്നുപോകുകയും അവിടം മുതലാളിത്തിന്റെ നേരിയ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയും ചെയ്തു...!
അതുകൊണ്ട് വായനയ്ക്ക് പുസ്തക തിരഞ്ഞെടുപ്പ് ഒരു ലളിതമായ പരുപാടിയല്ല. അത് ആസൂത്രിതമായ ഒരു ഉത്തരവാദിത്തമാണ്.