ക്ഷണിക തേജസ്സുപോലെ മിന്നി ജ്വലിക്കുകയും മാഞ്ഞുപോകുകയും ചെയ്ത കഥാകാരനാണ് വിക്ടർ ലീനസ്. അദ്ദേഹത്തിൻറെ കഥകൾ ഓരോന്നും വിചാരണകൾ കൂടിയായിരുന്നു. അദ്ദേഹം ജീവിതമാകുന്ന ശിലയിൽനിന്നുമാണ് കഥയാകുന്ന ഈ ശിൽപ്പം കൊത്തിയെടുത്തത്. അത്തരം കഥകളിൽ സ്നേഹിക്കുന്നവയ്‌ക്കൊഴികെ ഒന്നിനും വഴങ്ങാതിരിക്കുകയും സ്നേഹിക്കുന്നവയ്‌ക്കെല്ലാറ്റിനും പൂർണ്ണമായും വഴങ്ങുകയുംചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു കണ്ടിരുന്നത്. 1946 മുതൽ 1992 വരെ 46 വർഷം മാത്രമാണ് വിക്ടർ ലീനസ് എന്ന കഥാകൃത്ത് മലയാള കഥാലോകത്ത് ജീവിച്ചിരുന്നത്. അതിനിടയിൽത്തന്നെ അദ്ദേഹത്തെ പ്രത്യേകമായ ഒരിടം കഥാലോകത്ത് കണ്ടെത്തുകയും ചെയ്തിരുന്നു. യാഥാസ്ഥിതിക ലോകത്തിൻ്റെ നിഷ്ഠതകളോടും ചട്ടങ്ങളോടും അദ്ദേഹത്തിന് പൊരുത്തപ്പെടനായില്ല. സമരസപ്പെടാനാകാത്ത തരത്തിൽ ഒൻപത് കഥാസമാഹാരങ്ങൾ അടങ്ങിയ ആദ്യ സൃഷ്ട്ടി പുറത്തിറങ്ങി,1985-ൽ. കൊച്ചി നഗരത്തിൻറെ ഗർഭ പാത്രത്തിൽ ജനിച്ച് അദ്ദേഹത്തിൻറെ തൂലികയിലൂടെ പെറ്റുവീണ കഥകൾ എല്ലാം തന്നെ കാലങ്ങളെ അതിജീവിക്കുന്നതായിരുന്നു. 1992- ഫെബ്രുവരിയിൽ അപകടത്തിൽ പെട്ട് മരിക്കുന്നതിന് തൊട്ടുമുൻപാണ് '' വിട '' അച്ചടിച്ച് പുറത്തുവരുന്നത്; '' യാത്രാമൊഴി '' മരണത്തിന് ശേഷവും. എന്നാൽ വിക്ടർ ലീനൻസിൻ്റെ കഥാലോകത്ത് മരണം അങ്ങനെയല്ല. മരണമെന്ന സത്യം തെളിച്ചമുള്ള അനുഭവമാണ്. അടുപ്പമുള്ള സുഹൃത്താണ്. ഒതുക്കമുള്ള പിൻവാങ്ങലുമായാണ് അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെ;ഏകാകികളായ വ്യക്തികളുടെ പരസ്പ്പര ബന്ധങ്ങളുടെ വ്യത്യസ്ഥ പാറ്റേണുകളാണ് വിക്ടർ ലീനസ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ മനുഷ്യ ജീവിതത്തിലെ അസാധാരണമായ വിതാനങ്ങൾ വായനക്കാർക്കുമുന്നിൽ അനുനിമിഷം കടന്നുപോകുന്നു. നമ്മുടെ സ്ഥിതി സങ്കൽപ്പങ്ങൾക്കുമുകളിൽ സദാചാരം-നന്മതിന്മകൾ-സ്ത്രീ പുരുഷ ബന്ധം-ജീവിത മരണം എന്നിവ സൃഷ്ടിക്കുന്നു.
ഓർക്കാപ്പുറത്ത് കഥയിൽ വ്യക്തിത്വത്തിൻ്റെ അസാധാരണ സ്വഭാവ വിശേഷണം പ്രകടിപ്പിക്കുകയും മറിച്ച് അപ്പോൾ തന്നെ പ്രതിനായക സ്ഥാനം അലങ്കരിക്കുകയും ചെയ്യും. '' ജ്ഞാനികളുടെ സമ്മാനം '' അത്തരത്തിൽ ഒന്നാണ്. പിതാവിൻ്റെ സ്വഭാവ വ്യവസ്ഥാപിതങ്ങളോട് വൈപരീത്യം ഉള്ള മകൻ നഗരജീവിതം വലിച്ചെറിഞ്ഞു ഇറങ്ങിപ്പോകുന്നു. ചെറുമകനെ കാണാൻ അതിയായി ആഗ്രഹിക്കുകയും ആ ആഗ്രഹ പൂർത്തീകരണം സാധ്യമാകുന്നവേളയിലും മടങ്ങിയെത്തിയ മകനെ മനസ്സാൽ ആ പിതാവ് സ്വീകരിക്കുന്നില്ല. ആ രീതിയിൽ വെളിവാകുന്നത് കലർപ്പില്ലാത്ത ഒരു കാലഘട്ടത്തെയാണ്. എന്നാൽ മകനെ അമ്മയെപ്പോലെ സ്വീകരിച്ച സഹോദരി '' ഞാൻ മാത്രം ചേട്ടനൊന്നും തന്നില്ല...! '' എന്നുപറയുബോൾ അവൻ്റെ മറുപടി '' എല്ലാം തന്ന നീ...! '' അത്രമാത്രം ആയിരുന്നു.പരിദാനം-വിരുന്ന്-വിട തുടങ്ങിയ കഥകൾ ഉപജീവനത്തിനായ് രതിവ്യാപാരം നടത്തുന്ന സ്ത്രീകളുടെ കഥയാണ് പറയുന്നത്. തലക്കുപിടിക്കുന്ന തരത്തിൽ വീര്യമുള്ള കഥകളാണ് വിക്ടർ ലീനസിൻ്റെത്. ഇങ്ങനെ വിക്ടർ ലീനസ് മനുഷ്യ സ്വഭാവത്തിലെ സാമാന്യതകൾക്കിടയിൽ അസാധാരണത്വം സൃഷ്ടിക്കുന്നു. ഇങ്ങനെ വായനക്കാരുടെ സാമാന്യ ബോധത്തിൽ പതിഞ്ഞിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലത്തിൽ വിക്ടർ ലീനസ് കഥകൾ എഴുതി. ആധുനികതയുടെ ഘട്ടത്തിലെ സാമാന്യ സൃഷ്ടികളിൽ തെളിഞ്ഞുകണ്ട നഗര ഭാവത്തിൽ നിന്നും ഭിന്നമായ കാഴ്ചയാണ് വിക്ടർ ലീനസിൻ്റെ കഥകളിൽ...മനോഹരമായ എഴുത്ത്.