പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ
സുനിൽ പി ഇളയിടം എഴുതിയ '' നീതിയുടെ പാർപ്പിടങ്ങൾ '' വായിച്ചു. സമകാലിക വിഷയങ്ങളുമായി ബന്ധപെട്ട് സുനിൽ പി ഇളയിടം പലയിടങ്ങളിലായ് നടത്തിയ പ്രഭാഷങ്ങങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് '' നീതിയുടെ പാർപ്പിടങ്ങൾ ''.വിവേകാനന്ദൻ്റെ മത ദർശനം മുതൽ അംബേദ്ക്കറിൻ്റെ മത ദർശനം വരെയുള്ള വിപുലമായ ഒരു പരാവർത്തനം നമുക്കിതിൽ കാണാൻ സാധിക്കും. മതത്തെ അതിൻ്റെ ആചാരവും സ്ഥാപനപരവുമായ ഉള്ളടക്കത്തിന് പുറത്തുനിന്ന് സുദീർഘമായ ഒരു പുതിയ സഞ്ചാര പദത്തിൽ സുനിൽ പി ഇളയിടം നോക്കിക്കാണുന്നു. അത്തരത്തിൽ മനുഷ്യ വംശത്തിൻ്റെ സാമൂഹിക സ്വരൂപങ്ങളേയും അവയിൽ ഉറവയിറ്റുന്ന ആത്മീയ അനുഭുതികളേയും സമഗ്രമായി സുനിൽ പി വിശകലനം ചെയ്യുന്നുണ്ട്.
പ്രമേയപരമായ വിഷയങ്ങൾ മുൻനിർത്തിയുള്ള വിഷയാവതരണത്തിൽ ഒരേ വിഷയങ്ങൾ പലതലങ്ങൽ ആവർത്തിച്ച് വായിച്ച് അഭിമൂഹികരിക്കേണ്ടുന്നതിലെ അലോസരത്തിന് - ആമുഖത്തിൽ തന്നെ എഴുത്തുകാരൻ ക്ഷമാപണം നടത്തുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ക്ഷമാപണത്തിൻ്റെ ഒരു സാധ്യതയും ഇതിൽ ഉരുത്തിരിയുന്നില്ലെന്നുമാത്രമല്ല; തികച്ചും വ്യസ്തമായ കാഴ്ചപ്പാടിലും പ്രമേയത്തിലും വിരസത വരാത്തത്രമേൽ ശ്രദ്ധാലുവായ് മതത്തെ വിശകണം ചെയ്യുന്നു. മതം അംബേദ്ക്കറിലൂടെയും ഗുരുവിലൂടെയും ഗാന്ധിയുടെയും വിവേകാന്ദനിലൂടെയും വായനക്കാർ കാണുന്നു.ഇവരിൽ മതമെന്ന പൊതുബോധം തികച്ചും വ്യത്യസ്തമായിരുന്നെന്ന് നാം മനസ്സിലാക്കുന്നു. മതം പുനരുത്ഥാരണത്തിൻ്റെയും ഹിംസാത്മകമായ വർഗീയതയുടെയും പ്രചാരണോപാധിയായ് വിവേകാന്ദനിൽ നാം കണ്ടപ്പോൾ,ഗുരുവിൽ അത് (മത ദർശനം) സന്ദർഭാനുസരണമായിരുന്നു. ഗുരുവിൻ്റെ മത ദർശനം ഒടുവിൽ എത്തിനിൽക്കുന്നത് '' ക്ഷേത്രങ്ങളെല്ലാം കെട്ടിടങ്ങൾ ആണല്ലോ? '' എന്ന പൊതുബോധത്തിലാണ്. ഗാന്ധി മതവും രാഷ്ട്രീയവും കൂട്ടിയിണക്കിയ കാഴ്ചപ്പാട് നിലനിർത്തി പോന്നയാളാണ്. മരണം വരേയും മതവും രാഷ്ട്രീയവും അദ്ദേഹത്തിൻ്റെ ചിന്താ വിഷയങ്ങളായിരുന്നു ( വിപുലമായ കാഴ്ചപ്പാട് ഇന്ത്യ ഗാന്ധിക്ക് മുൻപ് - രാമചന്ദ്ര ഗുഹ യിൽ കാണാം ). 1910 -20 കാലഘട്ടത്തിൽ '' മതവും രാഷ്ട്രീയവും പരസ്പ്പര പൂരകമാണെന്ന കാഴ്ചപ്പാടാണ് '' ഗാന്ധിക്ക് ഉണ്ടായിരുന്നത്. എന്നാൽ 1940 കളിൽ എത്തുമ്പോൾ '' മതം തീർത്തും ഒരു വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും രാഷ്ട്ര ജീവിതത്തിൽ മതത്തിന് യാതൊരുപങ്കും ഉണ്ടായിരിക്കരുതെന്നും ''മെന്ന നിലയിലേക്ക് ഗാന്ധിയുടെ കാഴ്ചപ്പാട് മാറുന്നത് കാണാൻ സാധിക്കും. തുടർന്ന് അദ്ദേഹം എത്തിച്ചേരുന്നത് '' ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരേ മതത്തിൽ വിശ്വസിച്ചാലും ഭരണകൂടത്തിന് മതം ആവശ്യം ഇല്ല '' എന്ന നിലപടിലേക്ക് അദ്ദേഹം മതത്തെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. ഇങ്ങനെ ഗാന്ധി നിരന്തരമായ തൻ്റെ മത ദർശനത്തെ മത മുക്തമാക്കികൊണ്ടിരിക്കുന്നത് കാണാൻ സാധിക്കും.
നീതിയുടെ വാഗ്‌ദത്ത ഭൂമിയായ ഡോ.ബി.ആർ അബേദ്ക്കർ മതത്തെ കണ്ട അത്ര ആഴത്തിലും വിശാലതയിലും മറ്റാരും കണ്ടിരിക്കാൻ വഴിയില്ലെന്നുതന്നെയാണ് മതത്തെ അദ്ദേഹം വിശാലമായ് തിരിച്ചറിഞ്ഞിരുന്നു എന്നതിലെ പ്രമേയം. അംബേദ്ക്കർക്ക് മുൻപ് മതത്തെ പഠിച്ചതും അംബേദ്ക്കർ മതത്തെ പഠിച്ചതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അദ്ദേഹത്തിൻ്റെ ഒരു പ്രധാനപ്പെട്ട നിരീക്ഷണമുണ്ട് '' ജാതിയില്ല;ജാതികളേയുള്ളു ''എന്നാണ്. അംബേദ്ക്കറെ മൗലികമായ് വ്യത്യസ്തനാക്കുന്ന ഒരു ഘടകം അംബേദ്ക്കർ മതം പഠിച്ച് ഇന്ത്യൻ ജനത നേരിടുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്തു എന്നതാണ്. പിൽക്കാലത്ത് ആധുനികമായ ഒരു ജീവിതം ജീവിക്കാൻ മനുഷ്യരെ പ്രാപ്തനാക്കിയത് ഇത്തരമൊരു കാഴ്ചപ്പാട് ഉണ്ടായതുകൊണ്ട് മാത്രമാണ്.
ഇന്ത്യ എന്നെങ്കിലും ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാകുന്നുവെങ്കിൽ അതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം'' എന്ന നിലയിൽ മതമെന്നത് വിപുലമായ തലങ്ങളിൽ നിന്ന് നമ്മോട് സംസാരിക്കുന്നത് '' നീതിയുടെ പാർപ്പിടങ്ങൾക്ക് '' വേണ്ടിയാണ്. മികച്ച എഴുത്ത്.....