കാർമേഘത്തിൻ്റെ കാളിമപോലും ഇല്ലാതെ മഴപെയ്തിറങ്ങുന്നതുപോലെ ജപ്പാനിലെ ദശലക്ഷത്തോളം നിഷ്‌കളങ്കരായ മനുഷ്യരെ 76 വർഷങ്ങൾക്ക് മുൻപ് മരണം തേടിയെത്തി. മരണത്തേക്കാൾ വേദനനിപ്പിക്കുന്ന മുറിപ്പാടുയകൾ സമ്മാനിച്ചുകൊണ്ട് 1945 എന്ന വർഷം അവരിലൂടെ കടന്ന് പോയെങ്കിലും ഇന്നും അന്നാട്ടിലെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്തത്ര ആഴത്തിൽ യാഥാർഥ്യത്തിൻ്റെ മുറിപ്പാടുകൾ ഇന്നും നിലനില്‍ക്കുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ല. ചരിത്രത്തിലുടനീളം യുദ്ധം മനുഷ്യവംശത്തിന് നഷ്ടങ്ങൾ മാത്രമെ സമ്മാനിച്ചിട്ടുള്ളൂ .. കൂട്ടമരണങ്ങൾ, തലമുറകളിലേക്ക് പടരുന്നജനിതക രോഗങ്ങൾ,അനാഥത്വം, സമ്പത്തിൻെറയും ജീവനോപാധികളുടെയും നാശം. കാതടപ്പിക്കുന്ന ആറ്റംബോംബുകളുടെ പൊട്ടിത്തെറിയുടെയും, മനുഷ്യന്‍റെ പച്ച ശരീരംവെന്തു കരിഞ്ഞതിന്‍റെ മണവും, പൊള്ളലേറ്റ മാംസക്കഷണങ്ങൾ കൊണ്ട് അവിടെ അവിടെയായി തൂങ്ങിക്കിടക്കുന്ന മനുഷ്യ കോലങ്ങളും, അനാഥമാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിയും, മാറാരോഗത്തിന് അടിമപ്പെട്ട യുവത്വങ്ങളുടെ നിസ്സാഹയതയും ജപ്പാന് സമ്മാനിച്ചത് മറക്കാനാവാത്ത ആ കറുത്ത ദിനങ്ങളാണ് 1945 ഓഗസ്റ്റ് 6 ഹിരോഷിമ -ഓഗസ്റ്റ് 9 നാഗസാക്കിയിലുമാണ്. ആ ഓർമ്മയ്ക്ക് 2021 ൽ 76 വയസ്സ് തികഞ്ഞതേയുള്ളു.
ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തീക, വ്യവസായീക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നു അത്. മനുഷ്യചരിത്രത്തിലെ ഏറ്റം നാശം വിതച്ച യുദ്ധത്തിൽ 70നും 85മില്യണും ഇടയിൽ ജനങ്ങൾ കൊല്ലപ്പെട്ടു. കൂട്ടക്കൊലകളും, ഹോളോകാസ്റ്റ് പോലുള്ള കൂട്ടവധങ്ങളും, ബോംബ് വർഷവും, പട്ടിണിമുതൽ രോഗങ്ങൾ വരെ മരണകാരണമായ ഇതിൽ അണുബോംബ് വിതച്ച നാശങ്ങൾ ദൂരവ്യാപകമായിരുന്നു.
വീണ്ടുമൊരു യുദ്ധകാഹളം മുഴങ്ങുമ്പോൾ ഗുർമെഹര്‍ എന്ന പെൺകുട്ടിയുടെ വാക്കുകൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. എത്ര കണ്ടാലും - എത്ര നൂറ്റാണ്ടു കടന്നാലും പ്രസക്തമാകുന്ന വരികൾ. നാലര മിനിട്ടു നീളമുള്ള തന്റെ വീഡിയോയിൽ ഒരു വാക്കു പോലും ഗുർമെഹർ ഉച്ചരിക്കുന്നില്ല. വലിയ വെള്ള പേപ്പറിൽ എഴുതിയ നോവുന്ന വാക്കുകൾക്ക് പക്ഷെ ഒരായിരം ശബ്ദങ്ങളേക്കാൾ പ്രാധാന്യമുണ്ടെന്ന് ആ പെൺകുട്ടിയ്ക്കറിയാമായിരുന്നു....ഫയാസ് ഖാൻ, പാക്കിസ്ഥാൻകാരനാണ്. അയാൾ ഗുർമെഹര്റിന് മറുപടി പറയുന്നത് വികാരനിർഭരമായ വാക്കുകളിലൂടയാണ്. പാകിസ്ഥാൻ ക്ലാസ്സ് മുറികൾ കേട്ട ഇന്ത്യക്കാരെയല്ല തുടർ പഠനത്തിനായി അമേരിക്കലയിലേക്ക് പോയ ഫയാസ് ഖാൻ കണ്ടതെന്ന് പറയുന്നു. ഇരിക്കാൻ ഇടം കൊടുക്കുന്ന,ഭക്ഷണം പങ്കുവയ്ക്കുന്ന ഇന്ത്യക്കാരെ...ഇന്ത്യക്കാരെന്ന് മാത്രമല്ല പല ദേശങ്ങളിൽ നിന്ന് വന്ന മനുഷ്യരെ!...
1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ദിവസങ്ങളുടെ ഇളവേളയിൽ ആഗസ്‌റ്റ് ഒൻപതിന് രാവിലെ ഒൻപത് മണിക്കാണ് നാഗസാക്കിയിൽ 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ഫാറ്റ് മാന്‍ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചു. . ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായിരുന്നു ഈ ആക്രമണങ്ങൾ.