ഈ അടുത്തകാലത്ത് വായിച്ചതിൽ ഏറ്റവും നല്ല പ്രമേയം ഉൾക്കൊള്ളുന്ന നോവൽ. അതിനാൽ തന്നെ പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാത്ത നോവലാണ് വിപിൻ ദാസിൻ്റെ അനാഹി. ഇതൊരു അപസർപ്പക നോവൽ എന്നതിലുപരി ഈ നോവൽ കൈകാര്യം ചെയ്യുന്നത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൻ്റെ അടരുകൾ അടയാളപ്പെടുത്തുക എന്നതാണ്. അതോടൊപ്പം തിന്മയെന്ന് നമ്മൾ വ്യവഹരിക്കപ്പെടുന്ന ശക്തിയും നന്മയെന്ന് നാം കരുതപ്പെടുന്ന ശക്തിയും വേറിട്ട് ഒരു വ്യാഖ്യാനത്തിന് വിധേയമാകുന്നുമുണ്ടിതിൽ. ദൈവത്തിൻ്റെ ഏകാധിപത്യപരമായ സാന്നിധ്യത്തെ പലകാലങ്ങളിൽ നിന്നുകൊണ്ട് ചോദ്യം ചെയ്യപ്പെടാൻ കരുത്തുനേടിയ ഒരു സ്ത്രീകഥാപാത്രം;ലിലിത്ത്,അവൾ അതേസമയം തന്നെ പുരുഷാധിപത്യപരമായ വ്യവസ്ഥയുടെ അന്യായങ്ങളെ ചോദ്യം ചെയ്യാനുള്ള കരുത്ത് നേടിയ സ്ത്രീയുടെ പ്രതീകമായും മാറുന്നുണ്ട്. ഇങ്ങനെ ഒരേസമയം നമുക്കുമുൻനിന്ന് വ്യത്യസ്തകൊണ്ട് അത്ഭുതം തീർക്കുകയാണ് അനാഹി.
ലിലിത്ത് എന്നാൽ ' അവൾ ദൈവത്തിൻ്റെ പ്രതിരൂപവും സൃഷ്ടിയുടെ സകല അളവുകളിലും പൂർണത തികഞ്ഞവളുമായിരുന്നു. അവൾ സുഗന്ധതൈലങ്ങൾക്ക് റാണിയും ഋതുക്കൾക്ക് യജമാനത്തിയും ആഗ്രഹങ്ങൾക്ക് ഉടയോളുമായി ഭവിച്ചു. എന്നാൽ അവളുടെ സൃഷ്ടിയിൽ സ്വന്തം സിംഹാസനം ഇളകുന്നതു കണ്ട ദൈവം അവളെ സ്വർഗത്തിൽ നിന്ന് പുറത്താക്കി. അവൾ പതിനേഴു മാലാഖമാരുടെ അകമ്പടിയോടെ ഭൂമിയിൽ അഭയംതേടി ' ആന്ദ്രാസിൻ്റെ പുസ്തകം, മൂന്നാം അധ്യായം, 21 മുതൽ 25 വരെ വാക്യങ്ങൾ ( ആരവല്ലിയുടെ തർജമ ) പൊതുവിൽ അനാഹി ചർച്ച ചെയ്യപ്പെടേണ്ടത് സാമൂഹിക സ്ഥിരീകരണത്തിനായി ലിലിത്തിനെ പൈശാചിക വൽക്കരിക്കുകയും ഹവ്വയെ പ്രകീർത്തിക്കുകയും ചെയ്യുന്ന സമൂഹം നിരാശാജനകമാണ്. നോവലിൻ്റെ പശ്ചാത്തലത്തിനൊപ്പം കടന്നുപോകുന്ന ഒന്നാണ് ആരവല്ലി തര്‍ജമ ചെയ്ത ആന്ദ്രാസിന്റെ പുസ്തകം. ഒപ്പം അത് നോവലിനോളംതന്നെ വായനക്കാരനെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ലിലിത്ത് എന്താന്നെന്നും ആന്ദ്രാസിൻ്റെ പുസ്തകം എന്താന്നെന്നും അത് സാത്തനികമായ ശ്കതിയുമായി ഇരുൾമറവിൽ രഹസ്യമായി മറ്റൊരു ലോകം പണിതത് എങ്ങനെയാണെന്നും നമ്മൾ മനസ്സിലാക്കുന്നത് ഇതിലൂടെയാണ്. ഇതിലെ പ്രധാന സവിശേഷത കഥാപാത്ര നിർമിതിയാണ്. കഥാപാത്രങ്ങളുടെ പേരുകൾ തന്നെ പർവ്വതങ്ങളുടെ പേരാണ്.- സഹ്യൻ,ആരവല്ലി,ശതപൂരൻ,വിന്ധ്യ,ആൽപ്‌സ് മൗണ്ട് ബ്ലോക്ക് എന്നിങ്ങനെ. സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ലിലിത്ത് ഭൂമിയിൽ അഭയം തേടുകയും തന്നെ അകാരണമായി പുറത്താക്കിയ ദൈവത്തോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിന്നായി അവൾ ദൈവത്തെ ധിക്കരിച്ച ഒരുകൂട്ടം മാലാഖമാരെ ഒപ്പം ചേർത്ത് ഒരു പദ്ധതി ആവിഷ്‌കരിച്ചു. ദൈവം അറിയാതെ ലിലിത്തിൻ്റെ പദ്ധതികൾ കൂട്ടാളികൾ ആയ മാലാഖമാരെ അറിയിക്കാൻ ഗൂഢമായ ഒരു ഭാഷകണ്ടുപിടിക്കുകയും അതുവഴി സന്ദേശം കൈമാറുകയും ചെയ്തിരുന്നു. ദൈവത്തിനെതിരെ പദ്ധതികൾ ആസൂത്രണം ചെയ്തത് ദൈവം
കണ്ടുപിടിക്കുകയും ലിലിത്തിനെ വിശുദ്ധനാടുകൾക്ക് വെളിയിൽ ജീവനോടെ അടക്കം ചെയ്യുകയും ഉയർത്തെഴുന്നേൽക്കാതിരിക്കാൻ കല്ലറക്ക് മുകളിൽ മൂന്ന് അടയാള സ്‌തൂപങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. സഹ്യൻ യഥാര്‍ത്ഥത്തില്‍ ചില അദൃശ്യശക്തികളുടെ നിയന്ത്രണത്തില്‍ ചലിക്കാന്‍ മാത്രമാണ് വിധിക്കപെട്ടതെന്നും തൻ്റെ ശരീരവും മനസും ചിന്തകളും പ്രവര്‍ത്തിയും ഒന്നും അയാളുടെ നിയന്ത്രണത്തിൽ അല്ലാ എന്നും നാം പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങും. പിന്നീടുള്ള കഥപറച്ചിൽ സഹ്യനിൽ കേന്ദ്രീകരിച്ചുകൊണ്ടാണ്. തുടർന്ന് അയാളിലെ ശരീരത്തിലും മനസ്സിലും ചിന്തയിലും പ്രത്യക്ഷത്തിൽ ഉണ്ടാകുന്ന മാറ്റത്തിലാണ് തുടർന്ന് നോവൽ കടന്നുപോകുന്നത്. സഹ്യൻ തൻ്റെ സ്വത്വം എന്താണെന്ന് തിരിച്ചറിയുന്ന നിമിഷം ഭീതിസാഹിത്യത്തിൻ്റെ ലാവണ്യ ശാസ്ത്രം ഫലപ്രദമായി പ്രയോഗിച്ച് വിജയിച്ച് നോവലിനപ്പുറത്തുനിന്ന് ചിരിക്കുന്ന വിപിൻ ദാസ് എന്ന എഴുത്തുകാരനെ നമുക്ക് കാണാം.

No comments:
Post a Comment