മലയാള സാഹിത്യത്തിലെ നിത്യസ്മരണീയനായ കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം ഭാരത കഥയിലെ കഥാപാത്രങ്ങളെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്ന്, ഇന്നുവരെയും കണ്ടെടുക്കാൻ കഴിയാതിരുന്ന പല വ്യാഖ്യാനങ്ങളെയും കണ്ടെടുക്കലാണ് ;വിശിഷ്യാ പതിവിൽ നിന്ന് വ്യത്യസ്തമായ വിമർശനത്തിലൂടെയും വാദപ്രതിവാതത്തിലൂടെയും. അതിന് മാരാർ
ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥ പഠനം പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്.നന്നേ ചുരുക്കി എഴുതിയിരുന്ന ഭ്യൂത സഭയിലെ ദ്രൗപദി പ്രശ്നത്തെ സംബന്ധിച്ചുണ്ടായ ഭാഗം പിന്നീട് ആവോളം വിപുലീകരിച്ചു എന്നതാണ് രണ്ടാം ഭാഗത്തിൻറെ പ്രത്യേകത. കഥാപാത്രങ്ങളെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ മാരാർ സംശയത്തിൻറെ ഒരു നിഴൽ പോലും വീഴ്ത്തുന്നില്ല. അതിൻ്റെ യഥാർശ്രുതാർത്ഥത്തിൽ തെളിഞ്ഞു വായിച്ചുപോരാൻ പോന്ന സന്ദർഭവും മാരാർ അവിടെ ഉപയോഗിച്ച് പൊന്നു. ഭാരതേതി വൃത്തത്തിൽ ചൂതുകളിയിൽ ദാസ്യപ്പെടുത്തിയ ദ്രൗപദിയെ കൗരവ സഭയിൽ വലിച്ചിഴച്ച് അപമാനിക്കുമ്പോൾ പാണ്ഡവർ മിഴിച്ച് നിന്നത് തന്നെ ഒട്ടും സന്തോഷിപ്പിച്ചിട്ടില്ലെന്നും അത് അത്രയും തന്നെ യുധിഷ്ഠിരനോട് വിയോജിപ്പ് ഉണ്ടാക്കിയെന്നും യുധിഷ്ഠിരനോട് തട്ടിക്കയറിയ ഭീമനോട് സഹാനുഭൂതി തോന്നിയെന്നും മാരാർ എഴുതി.സത്യത്തിൻ്റെ പേരിലാണ് യുധിഷ്ഠിരൻ മിണ്ടാഞ്ഞത് എന്ന സജ്ജനങ്ങളുടെ എഴുത്തിനെ മാരാർ കൃത്യമായി ഇഴകീറി പരിശോധിക്കുന്നുമുണ്ട്. ദുര്യോധനൻ്റെ വാക്കിന്മേൽ ദുശ്ശാസനൻ ദ്രൗപദിയെ സദസ്സിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നു. ദ്രൗപദി പണയപ്പെട്ടോ എന്നതിൽ കുരുവൃദ്ധന്മാരായ ഭീഷ്മരും ധൃതരാഷ്ട്രരും ഒന്നും മിണ്ടിയില്ല. നൂറ്റുവരിൽ ഒരാളായ വികർണ്ണൻ പറഞ്ഞു '' യുധിഷ്ഠിരൻ ആദ്യം പണയപ്പെട്ടിട്ടാണ് ഇവളെ പണയം വെച്ചതെന്നും ശകുനി ആവശ്യപെട്ടിട്ടാണ് അങ്ങനെ ചെയ്തതെന്നും. ഇതെല്ലം ആലോചിക്കുമ്പോൾ അവൾ പണയപ്പെട്ടിട്ടില്ലെന്നും ഞാൻ വിചാരിക്കുന്നു.'' നീയുണ്ടോ ധർമ്മതത്വം അറിയുന്നു! എന്ന് പറഞ്ഞു അതിനെ എതിർത്തത് കർണൻ ആണ്. അവൾ പലർക്കുമുള്ളവളാകയാൽ കുടല തന്നെ. എന്ന് വിളിച്ച് വീണ്ടും അതിക്ഷേപിച്ചത് കർണൻ ആണ്. അപ്പോഴും ദ്രൗപദിയുടെ ചോദ്യം അനാഥയെപ്പോലെ സഭയിൽ നിലവിളിക്കുന്നുണ്ട് എന്ന് മാരാർ പറയുന്നുണ്ട്. നീ പെറ്റ ചോദ്യം നിൻ്റെ ഭർത്താവായ ഭീമൻറെയോ അർജ്ജുനൻ്റെയോ നകുലൻ്റെയോ സഹദേവൻ്റെയോ കയ്യിൽ കൊടുക്കൂ. അവർ അതിന് സഭയിൽ മറുപടി പറയട്ടെ എന്ന് ദുര്യോധനൻ പറയുന്നുണ്ട്. ഇങ്ങനെ വീണ്ടും വീണ്ടും അപമാമിക്കപ്പെടുമ്പോൾ അവിടെ ഉയർന്നുകേൾക്കുന്ന പ്രതിഷേധ സ്വരം ഭീമൻ്റെത് മാത്രമാണ്.
കോപംകൊണ്ട് കത്തിയാളുന്ന ഭീമനെ മാരാർ ഇതിൽ കാണിക്കുന്നുണ്ട്.പിന്നീട് മാരാർ പോകുന്നത് വിഭാകണ്ഠകനിലേക്കാണ്. സ്വന്തം കാമനകളെപ്പോലും വേണ്ടത്ര അളക്കുവാൻ പുത്രന് ധർമ്മാനുസത്യമായ നിർദ്ദേശം കൊടുത്ത് മറ്റ് മനുഷ്യരുമായി ഇടപെടാൻ അനുവദിക്കാതെ, ലോകത്തിൽ സ്ത്രീയെന്നൊരു വർഗ്ഗമുണ്ടെന്നുപോലും അറിയ്ക്കാതെ തപസ്വാധ്യായനിരതനായ് വളർത്തി. ഒടുക്കം ഒരു വേശ്യയാൽ ആകർശിക്കപ്പെട്ട് ആശ്രമം ഉപേക്ഷിച്ച് പോകുകയും ചെയ്യുന്നത് വിമർശനാത്മകമായി വിവരിക്കുകയും ചെയ്യുന്നുണ്ട്.
യുദ്ധത്തിൻ്റെ ആയുധശാല എന്ന ഭാഗത്ത് യുധിഷ്ഠിരൻ്റെ ദുർബലതയെ മാർക്കണ്ഡേയൻ കണ്ടറിഞ്ഞ് ഉദാസീനമായി സൂചിപ്പിച്ചുകൊടുക്കുന്നു. പകരം അപ്രകാരം യുധിഷ്ഠിരൻ ആധിപത്യം ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുന്നത് സത്യത്തിന് വേണ്ടിയാണെന്ന് സമർത്ഥിക്കാവുന്നതുമാണ്. എന്നാൽ ഇതിൽ മാരാർ കണ്ടെടുക്കുന്ന യുധിഷ്ഠിരൻ സഹോദരന്മാരെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും തികച്ചും ബലവാനായിരുന്നിട്ടും ഭീഷ്‌മ പ്രമുഖരായ കൗരവരെ ജയിക്കാൻ അതുകൊണ്ടും പോരാ എന്ന ഭയത്തിലാണ് ഭാര്യാവമാനത്തിൽ ക്ഷമാധർമ്മം കാണിച്ചതും കാട്ടിലേക്ക് ഒഴിഞ്ഞ് പോയതെന്നും മാരാർ ചൂണ്ടികാണിക്കുന്നു. യുധിഷ്ഠിരനുമേൽ അന്നുവരേയും വീഴാതിരുന്ന ഇരുട്ടാണ് മാരാർ ഇവിടെ കാണിച്ച് തന്നത്. അപ്പോഴും ഒരിക്കലും ദൗർബ്ബല്യ ശങ്ക ബാധിച്ചിട്ടില്ലാത്ത ഭീമനെ മാരാർ വെളിച്ചത്ത് തന്നെ നിർത്തുന്നുണ്ട്.
മികച്ച എഴുത്തെന്ന് പറയേണ്ടതില്ലല്ലോ...!