Sunday, June 23, 2024

കാളി - അശ്വതി ശ്രീകാന്ത്

 നാം കണ്ടുമറന്നതോ പറഞ്ഞു പിരിഞ്ഞതോ ആയ പെൻജീവിതങ്ങളെക്കുറി ച്ചുള്ള ചെറുകഥകളുടെ സമാഹരമാണ് അശ്വതി ശ്രീകാന്തിന്റെ ' കാളി '.. ഒരു മാസം കൊണ്ട് എഴുതിയ ഒൻപത് കഥകൾ. ഒരു വായനക്കാരൻ എന്ന നിലയിൽ കഥകൾ ഒന്നും തന്നെ വേണ്ട നിലവാരം പുലർത്തിയില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. മറ്റേത് സാഹിത്യ അടരുകളിൽ നിന്ന് വ്യത്യസ്തമാണ് കഥകൾ. അതുകൊണ്ട് വായനക്കാർ കഥകൾ ആനിലക്ക് തന്റെ വായനയിൽ പരിഗണിക്കുകയും വിലയിരുത്തുകയും ചെയ്യും. മാതൃഭൂമിയിൽ ഈ അടുത്ത് വിഷു കഥാമത്സരത്തിൽ വന്ന കഥകൾ മാത്രം മതി ഇന്ന് സാഹിത്യത്തിൽ എത്ര മുന്നേറിയെന്ന് മനസ്സിലാക്കാൻ.

ഇതിലെ ആദ്യ കഥ പെൺ

സ്വാതന്ത്ര്യം പറയുന്ന കഥയാണ്. ഇത്തരം പ്ലോട്ട് ധരാളം ഇതിനോടകം കഥകളിൽ വന്നിട്ടുണ്ട്. ഏറ്റവും മടുപ്പുളവാക്കിയ വായന 'പൊരുത്തം' എന്ന കഥയാണ്. മറ്റൊന്ന് കാളി എന്ന കഥയാണ്. സാവിത്രിക്കുമേൽ ഭഗവതി കയറുന്നതാണ്. കഥാപാത്രങ്ങൾ ആവർത്തിക്കപെടുമ്പോൾ ഉണ്ടാകുന്ന വിരസത എന്റെ വായനയെയും തടസപ്പെടുത്തി. ഭഗവതി കയറിയ സാവിത്രിയുടെ ഭർത്താവ് കുടിയനായ കൊച്ചയ്യപ്പനും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ നിലകൊണ്ടു. ഇങ്ങനെ നീണ്ടുപോയ കഥകളിൽ ' മൾബറി 'താരതമ്യേനെ നിലവാരം പുലർത്തി. വായിച്ചവസാനിപ്പിച്ചും, ഏതെങ്കിലും കഥ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അത് മൾബറിമാത്രമായിരുന്നു.

തട്ടകം - കോവിലൻ

 


കണ്ടാണിശ്ശേരി വട്ടം പറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന കോവിലൻ 1923 ജൂലായ് 9 ന് (1098 മിഥുനം 25 ) ജനിച്ചു. കണ്ടാണിശ്ശേരിയിലെ സ്കൂളിലും പാവറട്ടിയിലെ സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം.1942 ലെ ക്വിറ്റ്ഇന്ത്യ സമരകാലത്ത് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലും അണിചേർന്നു.1943-46 കാലയളവിൽ ഇന്ത്യൻ നേവിയിലും തുടർന്ന് ജോലി ഉപേക്ഷിച്ചെങ്കിലും സൈനികൻ ആകാനായിരുന്നു തീരുമാനം. 1948 ൽ കരസേനയിൽ ചേർന്നു. കോർ ഓഫ് സിഗ്‌നലിൽ റേഡിയോ ഓപ്പറേറ്റർ ആയി ഇരുപത് വർഷത്തെ സേവനത്തിനു ശേഷം തുടർന്ന് കണ്ടാണിശ്ശേരിയിലെ തറവാട് 'ഗിരി'യിൽ എഴുത്ത് ജീവിതം.

ഈ ജൂൺ 2ന് കോവിലൻറെ ചരമ വാർഷിക ദിനമാണ്. അദ്ദേഹത്തിന്റെ എഴുത്ത് നിലച്ചിട്ട് ഇന്നേക്ക് പതിനാല് വർഷം തികയുന്നു. മലയാള സാഹിത്യത്തിൽ ഒരു ദേശത്തിന്റെ ഭാഷ ആഗോള മാതൃകയായ് ഗ്രാമ വൃക്ഷം പോലെ പന്തലിച്ച് നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം അൻപത് വർഷങ്ങൾ പിന്നിട്ടു. അദ്ദേഹത്തിന്റെ ആദ്യകാല എഴുത്തുകൾ പലതും പട്ടാള ജീവിതം പ്രമേയം ആക്കിയുള്ളതായിരുന്നു. അന്നുവരെയും മലയാള സാഹിത്യ ലോകം അത്തരം കഥാപരിസരങ്ങൾ പശ്ചാതലമാക്കി നോവലുകൾ വന്നു തുടങ്ങിയിരുന്നില്ല. അതിന് അദ്ദേഹത്തിന്റെ സൈനിക ജീവിതം വളരെയേറെ സഹായിച്ചു. ഇതിനോടകം 26 കൃതികളാണ് കോവിലെന്റെതായി പുറത്ത് വന്നത്. അതിൽ പത്ത് ചെറുകകഥകളും പന്ത്രണ്ട് നോവലുകളും ഒരു നാടകവും മൂന്ന് ലേഖന സമാഹാരങ്ങളും ഉണ്ട്‌. സൈനിക ജീവിതം പശ്ചാതലമായി പുറത്തിറങ്ങിയ നോവലുകളാണ് എ മൈനസ് ബി (1958), ഏഴാമെടങ്ങൾ(1968),താഴ്‌വരകൾ എന്നി നോവലുകൾ. ഒരുപലം മനയോല(1957), ഈ ജീവിതം അനാഥമാണ്(1957),ഒരിക്കൽ മനുഷ്യനായിരുന്നു(1960), ഒരു കഷണം അസ്ഥി(1961), വേണ്ടാം കടി തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നു.
നാട്ട് വഴക്കങ്ങളും മിത്തുകളും ഇഴചേർത്ത കോവിലൻറെ എഴുത്തിൽ പിന്നീടായി പുറത്തുവന്നത് 1995 ൽ തട്ടകവും 1970 ൽ തോറ്റങ്ങളും ആണ്. ആ എഴുത്ത് മലയാള സാഹിത്യത്തിന് പുതിയ മണ്ണായിരുന്നു. അത് പുതുമണ്ണിന്റെ ഗന്ധം പരത്തി. മണ്ണും മനുഷ്യനും തമ്മിൽ പ്രഗാഢമായ ബന്ധത്തെ ഇത്രത്തോളം തീവ്രമായി അവതരിപ്പിച്ച അപൂർവം ചില എഴുത്തുകാരിൽ ഒരാളാണ് കോവിലൻ.
കോവിലന്റെ എഴുത്ത് തീർത്തും കണ്ടാണിശ്ശേരിയിലെ ഇടവഴികളും ഗ്രാമപ്പച്ചയിലും മാത്രം നിലകൊണ്ടില്ല. അദ്ദേഹം പുറംലോകത്തെ ഓരോ ചലനത്തിലും സാദാ ജാഗരൂകനായിരുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെഎഴുത്തുകൾ. തട്ടകം അതിന്റെ സമഗ്രതയിൽ കണ്ടാണിശ്ശേരിയെ സ്പർശിച്ചില്ല. തട്ടകം കണ്ടാണിശ്ശേരിയുടെ കഥമാത്രവും ആകുന്നില്ല. അത് മുപ്പിലശ്ശേരിയും പന്നിശ്ശേരിയും കടന്ന് വെട്ടുകാട്ടും കടന്ന് കച്ചേരിപ്പുഴയും പെരുമലയും കോടേരി ക്കുന്നും മറിഞ്ഞ് നാടായ നാടെല്ലാം എത്തി നിൽക്കുന്നു.

സത്യൻ അന്തിക്കാടിൻ്റെ കുറിപ്പ് - പിൻഗാമികളില്ലാത്ത ഒരാൾ

ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. ഗാന്ധിജി സബർമതി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലം. ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെൺകുട്ടി ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായി ആശ്രമത്തിൽ ചെന്നു. ആഡംബരജീവിതം മടുത്തുകഴിഞ്ഞ അവൾക്ക് ഗാന്ധിജിയോടൊപ്പം പ്രവർത്തിക്കണം. ലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തിൽ കൂടണം. അവിടത്തെ ഏതു ജോലിയും ചെയ്യാൻ തയ്യാർ. ഗാന്ധിജി അവളുമായി സംസാരിച്ചു. ഒരു കാപട്യവുമില്ലാത്ത കുട്ടി. അവളുടെ ആഗ്രഹം ആത്മാർത്ഥമാണെന്നു മനസിലാക്കിയ ഗാന്ധിജി അവളെ സ്വീകരിച്ചു. ആശ്രമത്തിന്റെ നടത്തിപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന മാനേജരെ വിളിച്ച് ഇനിമുതൽ ഇവളും നമ്മളോടൊപ്പം ഉണ്ടാകുമെന്നും ആശ്രമത്തിലെ ഏതെങ്കിലും ജോലികൾ ഏല്പിക്കണമെന്നും പറഞ്ഞു. അവൾക്ക് കിട്ടിയ ആദ്യത്തെ ജോലി എൺപതു വയസുകഴിഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വൃദ്ധന്റെ പരിചരണമായിരുന്നു. മാനസികനില തെറ്റിയ അയാളുടെ മുറി വൃത്തിയാക്കണം, കുളിപ്പിക്കണം, വസ്‌ത്രം ധരിപ്പിക്കണം, മുറിവുകളിൽ മരുന്നു വെച്ചുകെട്ടണം - അതിരാവിലെ ആ മുറിയിലേക്കു കടന്നുചെല്ലുന്ന അവളെ എതിരേൽക്കുക അസഹ്യമായ ദുർഗന്ധമാണ്. മലമൂത്രവിസർജ്ജനമൊക്കെ അയാൾ ആ മുറിയിൽ തന്നെയാണ് നിർവഹിച്ചിരുന്നത്. അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോൾ സ്വബോധമില്ലാത്ത വൃദ്ധൻ അസഭ്യവാക്കുകൾകൊണ്ട് ചീത്തവിളിക്കും. എല്ലാം സഹിച്ച് ഒരാഴ്ചയോളം ഈ ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടു. പക്ഷെ ഗാന്ധിജിയോടുള്ള ആദരവുമൂലം ഒരു പരാതിയും ഉന്നയിച്ചില്ല.
ഒരു ദിവസം ഗാന്ധിജി അതുവഴി വന്നപ്പോൾ ദുർഗന്ധം വമിക്കുന്ന ആ മുറി വൃത്തിയാക്കുന്ന പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഗാന്ധിജി അതു ശ്രദ്ധിച്ചു. അന്ന് മാനേജരെ വിളിച്ച് അവൾക്ക് മറ്റെന്തെങ്കിലും ചുമതല നൽകണമെന്ന് ഗാന്ധി പറഞ്ഞു. തോട്ടത്തിലെ ചെടികൾ നനയ്ക്കുകയോ പച്ചക്കറികൾക്ക് വളമിടുകയൊ ഒക്കെ ചെയ്യുന്ന ജോലി. അത് അവൾക്ക് വലിയ ആശ്വാസമായി. പൂർണ തൃപ്തിയോടെ ആ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം അവൾക്ക് തോന്നി, താൻ ചെയ്തുകൊണ്ടിരുന്ന ജോലി ഇപ്പോൾ ആരായിരിക്കും ചെയ്യുന്നത്? വെറുതെ ഒരു കൗതുകം. പിറ്റേന്ന് അതിരാവിലെ അവളാ വൃദ്ധന്റെ മുറിക്കടുത്തു ചെന്നു നോക്കുമ്പോൾ കണ്ടത് ഗാന്ധിജി തന്നെ ആ ജോലികൾ ചെയ്യുന്നതാണ്. അവൾ അമ്പരന്നുപോയി. ആ പെൺകുട്ടിയുടെ ഈ അനുഭവക്കുറിപ്പ് വായിച്ച് ഗാന്ധിജിയുടെ നിത്യവിമർശകനായിരുന്ന വിപിൻചന്ദ്ര അദ്ദേഹത്തിന്റെ ആരാധകനായി മാറി എന്നാണ് ബാലചന്ദ്രൻ പറഞ്ഞത്.
മഹാത്മാഗാന്ധിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങൾ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സ്വയം ചെയ്യും. മറ്റുള്ളവർക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്.
ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ആദ്യമായി വായിക്കുന്നത്. അന്ന് അതിന്റെ ആഴമൊന്നും മനസിലായിട്ടില്ല. ഗാന്ധിജിയുടെ ആത്മകഥ ഞാനും വായിച്ചിട്ടുണ്ടെന്ന് മേനിപറയാൻ ഉപകരിച്ചു എന്നു മാത്രം. മനസ്സിരുത്തി വായിക്കുന്നത് മുതിർന്നതിനുശേഷമാണ്. അപ്പോഴേക്കും ഗാന്ധിജിയുടെ ജീവിത വീക്ഷണങ്ങൾ അറിയാതെ തന്നെ സ്വാധീനിച്ചുതുടങ്ങിയിരുന്നു.
'ഒരു ഇന്ത്യൻ പ്രണയകഥ" എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്‌മനം സിദ്ധാർത്ഥന് ഐറിൻ എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നൽകുന്നുണ്ട്. ''നിങ്ങളൊക്കെ മറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്, വായിക്കണം"" എന്നുപറഞ്ഞുകൊണ്ട്.
നമ്മുടെ ജനസേവകർ ഇപ്പോഴും ഗാന്ധിജിയെ മനസിലാക്കിയിട്ടില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്. രാഷ്ട്രീയം തൊഴിലാക്കിയവർക്ക് ആ അജ്ഞത ഒരു അനുഗ്രഹം തന്നെയാണ്. തന്നേക്കാൾ ചെറിയവനായി ആരുമില്ല എന്നു വിശ്വസിച്ചു ജീവിച്ച ആ മനുഷ്യനെ അവർക്കൊന്നും മാതൃകയാക്കാനാവില്ലല്ലോ. സമരങ്ങൾ അക്രമാസക്തമാകുമ്പോൾ ആദ്യം കല്ലേറുകൊള്ളുന്നത് ഗാന്ധിജിക്കാണ്. 'അഹിംസ"യല്ല രക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നു വിശ്വസിക്കുന്നവർക്ക് ഗാന്ധിജി കാലഹരണപ്പെട്ട ഒരു ആശയമാണ്. അവർ ഗാന്ധിപ്രതിമകൾ തകർക്കും. ശിരസറ്റ ഗാന്ധിജിയുടെ രൂപം ടിവിയിലും പത്രങ്ങളിലും കാണുമ്പോൾ അറിയാതെ നെഞ്ചിനുള്ളിൽ ഒരു വിങ്ങലുണ്ടാകാറുണ്ട്.
വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്. വർഷങ്ങൾക്ക് മുമ്പ്, സിനിമകൾ സംവിധാനം ചെയ്തു തുടങ്ങിയ ആദ്യകാലത്ത് ലണ്ടനിൽ വച്ച് ഒരു സിനിമ ചിത്രീകരിക്കാനുള്ള അവസരമുണ്ടായി. എൺപതുകളുടെ തുടക്കത്തിലാണ്. 'മണ്ടന്മാർ ലണ്ടനിൽ" എന്ന ചിത്രം. 'ഗാന്ധി" എന്ന സിനിമ ,ലോകം മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ലണ്ടനിലെ ഔട്ട് ഡോർ ഷൂട്ടിംഗ് സമയത്ത് ചിത്രീകരണത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ബ്രിട്ടീഷുകാരായ നാട്ടുകാർ മുന്നോട്ടുവന്നിരുന്നു. ഷൂട്ടിംഗിനുള്ള അനുവാദം വാങ്ങാനും ഇടയ്ക്ക് ഭക്ഷണമെത്തിക്കാനുമൊക്കെ അവർ തയ്യാറായി. ''ഗാന്ധിയുടെ നാട്ടുകാരല്ലേ, നിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല"" അതായിരുന്നു പരിഗണനക്കുള്ള കാരണം.
'ഗാന്ധി"യുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയും ഗാന്ധിയായി അഭിനയിച്ച ബെൻകിംഗ്‌‌സ്‌ലിയുമൊക്കെ അന്ന് ലണ്ടനിലുണ്ട്. ''പോകുന്നതിനു മുമ്പ് നമുക്ക് അവരെയൊന്ന് നേരിട്ടു കാണാൻ പറ്റുമോ"" എന്ന് നടൻ സുകുമാരന് ഒരാഗ്രഹം. ബഹദൂറും ശങ്കരാടിയും നെടുമുടി വേണുവുമൊക്കെ ഉള്ളപ്പോഴാണ് സുകുമാരന്റെ ചോദ്യം.
ബഹദൂർക്ക പറഞ്ഞു -
''നമുക്കൊന്നു ശ്രമിച്ചുനോക്കാം.""
ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്‌ദുമുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ 'ഗാന്ധി" യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്‌ത്രീസാന്നിദ്ധ്യം. അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെ ഗാന്ധിയെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്‌സ്‌ലി ഓടിക്കിതച്ച് എത്തിയത് - വലിയൊരു ക്ഷമാപണത്തോടെ. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് ഞങ്ങൾക്കരികിലെത്തിയത്. അതിശയിച്ചുപോയി. 'ഗാന്ധി"യായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ ! ആ വർഷത്തെ ഓസ്‌ക്കാർ അവാർഡ് ജേതാവ്! അദ്ദേഹമാണ് നാടകത്തിൽ അഭിനയിക്കുന്നത്.
അടുത്തുനിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെ. ഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ.
ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്‌സ്‌ലി തമാശ പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.
ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധി. ഉയർച്ചകളിൽ അഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കും. സമ്പന്നതക്കുള്ളിലും ലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും ,അലിവോടെ നിരാലംബരുടെ കണ്ണീരൊപ്പുന്നവരെ കാണുമ്പോഴും ഗാന്ധിജി നമ്മുടെ മനസിലേക്കോടിയെത്തും.
ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.

ശ്മശാനത്തിന്റെ കാവൽക്കാരൻ - Habeeb Kavanur

 

ശ്മശാനത്തിന്റെ കാവൽക്കാരൻ



...................................
പൂന്തോട്ടത്തിൽ പുതിയ
കാവൽക്കാരൻ വന്നു.
പത്ത് മണി മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന് തന്നെ വിരിയണം
എന്നതായിരുന്നു
ആദ്യ ഉത്തരവ്.
രാത്രി പൂക്കരുതെന്നും
മണം പരത്തരുതെന്നും
ഉത്തരവ് കിട്ടിയ
നിശാഗന്ധി അന്ന്
നട്ടുച്ച വെയിലിന്
മുന്നിൽ തലവെച്ച്
കടുംകൈ ചെയ്തു.
പൂന്തോട്ടത്തിലെ പൂക്കൾക്കെല്ലാം
ഇനി മുതൽ
ഒരു നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം മതിയെന്നും
അറിയിപ്പ്.
തുളസിക്കും
ജമന്തിപ്പൂവിനും
ഇളവ് കിട്ടി.
ഇളവ് ചോദിക്കാൻ പോയ
അസർ മുല്ല - പിന്നെ
മടങ്ങി വന്നതേയില്ല.
നിയമം തെറ്റിച്ച് പൂത്ത
ചെമ്പരത്തിയെ കാവൽക്കാരൻ
വേരോടെ പറിച്ച്
പതഞ്ജലിയിലെ സ്വാമിക്ക്
ഇഷ്ട ദാനം കൊടുത്തു.
അതിന്റെ
നീര് പിഴിഞ്ഞുണ്ടാക്കിയ
താളിക്ക്
ചോരയുടെ നിറമാണെന്ന്
കണ്ടവർ കണ്ടവർ
അടക്കം പറഞ്ഞു.
മുള്ള് തറച്ച കാരണം
പറഞ്ഞു
റോസാ ചെടിയുടെ മേൽ
UAPA ചുമത്തി,
ജയിലിലടച്ചു.
വ്യവസ്ഥിതിയോട്
കലഹിക്കുന്നത് ശിക്ഷാർഹമാണെന്ന്
പൂന്തോട്ടത്തിൽ അന്ന് ബോർഡ് തൂങ്ങി.
സുഗന്ധം ജന്മ സിദ്ധമാണെന്നും
വിലക്കെരുതെന്നും പറഞ്ഞു
കോടതിയിൽ പോയ മുല്ലപ്പൂവിനെയെടുത്ത്
ജഡ്ജി മൂപ്പൻ
ചുമരിലെ
അപ്പന്റെ ഫോട്ടോയിൽ ചാർത്തിയിട്ടു.
കാവൽക്കാരൻ ഫാഷിസ്റ്റാണെന്നും
എത്ര ഇറുത്ത് കളഞ്ഞാലും
വസന്തം ഇവിടെ
പൂത്തു കൊണ്ടിരിക്കുമെന്നും
പൂന്തോട്ടത്തിലെ ചുമരിൽ
കവിതയെഴുതിയ
മഷിത്തണ്ടിനെ
രണ്ട് ദിവസം കഴിഞ്ഞപ്പോൾ
നീര് വറ്റി, കൊല്ലപ്പെട്ട നിലയിൽ
പാതയോരത്ത് കണ്ടെത്തി.
പതിയെ പതിയെ
പൂന്തോട്ടത്തിന്റെ
നിറം മാറി.
കാഴ്ചകൾ മങ്ങി.
ശലഭങ്ങൾ നാട് വിട്ടു.
തുമ്പികളും വണ്ടുകളും
പിന്നെ
വിരുന്നു വന്നതേയില്ല.
ചിരികൾ കെട്ടുപോയ
രാവിന്റെ കാറ്റുകളിൽ
ഭീതിയുടെ
ദുർഗന്ധം പരന്നു.
കാവി നിറം സ്വീകരിച്ച ഓന്ത്
പിന്നെ നിറം മാറിയതേയില്ല.
ജയിലിൽ നിന്നിറങ്ങിയ
റോസാപൂവ് തിരികെയെത്തി.
പൂന്തോട്ടം
ശ്മശാനമായി മാറിയിരിക്കുന്നു.
വഴിതെറ്റിയെത്തിയൊരു
കുഞ്ഞു ശലഭം
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു.
പുഴുവായിരുന്ന ഞാൻ
പൂവായി മാറിയില്ലേ.
നിറങ്ങളും
പൂക്കളും തിരികെ വരും.
എത്ര കാലമെന്ന് വെച്ച്
വസന്തത്തിന് മാറി നിൽക്കാനാവും...
മണ്ണിനടിയിൽ
ആരും കാണാതെ
ഒരായിരം വേരുകൾ പൂത്തു,
തളിർത്തു.
അഴുകിയ മണ്ണിന് മേലെ
മഷിത്തണ്ടെഴുതിയ
കവിത
അപ്പോഴും മായാതെ നിന്നു.

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...