
സന്ധ്യയുടെ ഫോണിലേക്ക് ഋതുകുര്യൻ ഒരു മെസ്സേജ് അയക്കുന്നു" മിഥുന് ചെറിയൊരു ആക്സിഡൻറ്. നീ വേഗം മെഡിക്കൽ ട്രെസ്റ്റ് ഹോസ്പിറ്റലിക്ക് ഒന്നുവരണം ". പൊടുന്നനെ കഥയിലേക്ക്

വായനക്കാരനെ വലിച്ചിടാൻ അവളുടെ ഫോണിലേക്ക് വന്ന മെസ്സേജിൻ്റെ അതേ വേഗതതന്നെയാണ് ബെന്യാമിനും സ്വീകരിച്ചത്. അപ്രദീക്ഷിതായി സംഭവിക്കുന്ന മിഥുൻ്റെ മരണം,അവൻ്റെ അവയവദാനം;ദില്ലി നഗരത്തിൻ്റെ പശ്ചാത്തലത്തിൽ അയത്ന ലളിതമായി ബെന്യാമിൻ കഥപറഞ്ഞു പോകുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. മകളുടെ പിടിവാശിക്ക് വഴങ്ങി പുറത്തൊരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് അവിചാരിതമായി അവരുടെ അതേ ടേബിളിൽ മിഥുൻ വന്നിരിക്കുന്നത്. മകളുമായി അവിടെവെച്ച് പതുക്കെ അടുക്കുന്ന അയാൾ സന്ധ്യയിലേക്കും എത്തുന്നു.തന്നേക്കാൾ അഞ്ചുവയസിന് ഇളയ മിഥുൻ്റെ ലോക്കൽ ഗാഡിയനായി അവൾ മാറുന്നു. കുര്യൻ്റെയും ലാലിയുടെയും മകളാണ് ഋതുകുര്യൻ.അവളുടെ സുഹൃത്തും കാമുകനുമാണ് രാഗേഷ്.
എല്ലാ വൈകുന്നേരങ്ങളിലും മന്ദിർമാർഗിലെ അപ്പാർട്ട് മെൻറ്റിൽ ഒത്തുകൂടുന്നവർ,ബൈബിൾ വായിക്കുന്നവർ,എല്ലാവരും ഫെലോഷിപ്പുകളിലെ അംഗങ്ങൾ,കോഴ്സ് കഴിയുമ്പോൾ അടുത്ത അംഗംങ്ങളെ കണ്ടെത്തി കൂട്ടിച്ചേർക്കണ്ടവർ. ഇത് ഫെലോഷിപ്പിലെ അംഗംങ്ങൾക്കുള്ള കരാറാണ്.ഒരു നേട്ടം ഫെലോഷിപ്പ് വഴിയുണ്ട്;തൊഴിലില്ലാത്ത അംഗംങ്ങൾക്ക് പരിചയക്കാർ മുഖേന തൊഴിൽ.അതും കൊറിയ ആസ്ഥാനമായ എം.എൻ.സി യിൽ. അത് അവിടെത്തെ സി.ഇ.ഒ യുമായുള്ള ഇതിലെ പാസ്റ്റർ മാരുടെ ബന്ധമൂലം ലഭിക്കുന്നതാണ്.അങ്ങനെ ഒരു കൂട്ടിച്ചേർക്കലിൻ്റെ ഭാഗമായാണ് സന്ധ്യവഴി മിഥുനും ഇതിൽ എത്തുന്നത്. രാഗേഷിൻ്റെ സഹമുറിയാനായ കിരൺ രേഷ്മയുമായുള്ള ബന്ധത്തിലെ തകർച്ചയിൽ ആത്മഹത്യ ചെയ്യുന്നു.അത് രാഗേഷിനെ മാനസികമായ് തകർക്കുന്നു. ഹോസ്പിറ്റലിൽ ആയ രാഗേഷിനെ ബൈസ്റ്റാൻഡർ ആയി പരിചരിച്ചത് ഋതുവാണ്. അങ്ങനെയാണ് രാഗേഷ് ഋതു വഴി ഫെലോഷിപ്പിലേക്ക് എത്തുന്നത്. അവിചാരിതമായി അവരുടെ സുഹൃത്തായ മിഥുന് ഉണ്ടാകുന്ന അപകടവും തുടർന്നുള്ള മരണവും,ഋതുവിൻ്റെ ഫോണിലേക്ക് അതൊരു കൊലപാതകമായിരിക്കാം എന്ന് സംശയം ജനിപ്പിക്കുന്നതരത്തിലുള്ള മെസ്സേജ് വന്നതിൽ പിന്നെ അതിൻ്റെ നിജസ്ഥിതി കണ്ടെത്താൻ ഋതു ഇറങ്ങി പുറപ്പെടുന്നു. സന്ധ്യ അവസാനമായി മിഥുനെ കാണുമ്പോൾ അവൻ അവളോടുള്ള പ്രണയം തുറന്നുപറയുന്നു.മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെയിരുന്ന അവൾ പറഞ്ഞുതോൽപ്പിക്കാൻ കഴിയാത്ത അവൻ്റെ സംഭാഷണങ്ങൾക്ക് മൗനായി ഇരുന്നു. അത് വഴി തിരിച്ചുപോയാണ് അവൻ അപകടത്തിൽ പെടുന്നത്.
ഉദ്വേഗം ജനിപ്പിക്കുന്ന അന്വേഷണങ്ങൾ,ഓരോ കഥാപാത്രങ്ങൾക്കും വെളിപ്പെടുത്താൻ കഴിയാത്ത തരത്തിൽ എന്തോ ഒന്ന് ഒളിപ്പിച്ചുവെക്കുന്നതായി വായനയിലുടനീളം കാണാം.അതുകൊണ്ട് പലരേയും നാം കൊലപാതകത്തിൽ പങ്കുകൊല്ലിക്കും. സന്ധ്യയുടെ ആദ്യ ഭർത്താവിനെപ്പോലും....ഒരുഘട്ടം കഴിയുമ്പോൾ നാം സ്വമേധയാ അവരെയൊക്കെ ഒഴിവാക്കും....! എന്തിനായിരിക്കും ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരാൾക്കുപകാരം ചെയ്യുന്നത്?.ഇതിൽ ദൈവത്തിൻ്റെ പങ്ക് ഏതായിരിക്കും? എന്ന സ്വാഭാവികമായ ചോദ്യം തടയപ്പെടും കാരണം ദൈവത്തൻ്റെ സാന്നിധ്യം അടുത്തുള്ളതുകൊണ്ട്. " ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയെ വധിക്കാൻ പഴുതുകളടച്ച് പ്ലാൻ ചെയിതു.നിർഭാഗ്യവശാൽ ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനായ ഗാർസിയ മാർക്കോസിൻ്റെ സാന്നിധ്യം വാടക കൊലയാളികളെ അതിൽനിന്നും പിന്തിരിപ്പിക്കുന്നു.അതിനവർ പറഞ്ഞ മറുപടി മഹത്തായൊരെഴുത്തുകാരൻ കൂടെയുള്ളപ്പോൾ ആരേയും കാഞ്ചി വലിക്കാൻ ആവില്ല എന്നാണ് ".
അതെ,എല്ലാവരുടെയും ജീവിതമെഴുതുന്ന ഒരു എഴുത്തുകാരനായ ദൈവം ഇതിൽ കൂടെയുള്ളപ്പോൾ നമുക്കും കാഞ്ചി വലിക്കാനാവില്ല.യാതൊരു വിശ്വാസപ്രമാണംകൊണ്ടും നികത്താനാവാത്ത ശൂന്യതയാണ് മിഥുൻ്റെ മരണം മൂലമുണ്ടാവുന്നത്. പരിപൂർണമായ ഒരു കുറ്റാന്വേഷണം ഇതിൽ ഉൾച്ചേർത്തിട്ടില്ല.ഏതൊരു വായനക്കാരനും ഒത്തുപോകാൻ കഴിയുന്നതരത്തിലുള്ള കഥാശൈലിയാണ് ബെന്യാമിൻ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും എല്ലാത്തരത്തിലും എന്തോ ഒന്ന് നമ്മളിൽ നിന്നും ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്ന കള്ളനെപ്പോലെ ഇതിലെ ഓരോ കഥാസന്ദർഭവും ഒരുക്കിവെച്ചിട്ടുണ്ട്. നാം വായിച്ചുപഴകിയ അന്വേഷ നോവലുകളിൽനിന്നെല്ലാം വിഭിന്നമാണ് ഈ നോവൽ. ഇതിൽ കഥാപാത്രങ്ങൾക്കൊക്കെയും പാകമാകുന്ന സന്ദർഭങ്ങൾ,കാഴ്ചപ്പാടുകൾ,സ്വാതന്ത്ര്യങ്ങൾ,ഇവയൊക്ക സസൂഷ്മം പാകപ്പെടുത്തിയിക്കുകയാണ് എഴുത്തുകാരൻ.
മതമെന്ന വിഷം എത്രത്തോളമാണ് ഓരോ മനുഷ്യരിലും ഉള്ളതെന്ന് ഇതുവായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും .അതെ;വിശ്വാസത്തിൻ്റെ കെണിയിൽ പെട്ടുപോയവർക്കും,പെടാൻ സാധ്യത ഉള്ളവർക്കും ഉള്ള പുസ്തകമാണിത്.
ഇത് വായിക്കേണ്ടത് നാം അറിഞ്ഞ വിശ്വങ്ങൾക്ക് പുറത്തുനിന്നാണ്, നാം അണിഞ്ഞതും അണിയിച്ചതുമായ മുൾക്കിരീടം അഴിച്ചുവെച്ചുകൊണ്ടുമാണ്. ആകെയാൽ തീർത്തും മതം ഉള്ളിൽ ജനിച്ചിട്ടില്ലാത്ത ഒരു മനുഷ്യൻ്റെ തലച്ചോറുകൊണ്ട് വേണം ഇത് വായിച്ചുതുടങ്ങാൻ.അല്ലാത്തപക്ഷം സാധ്യമാകുന്നത് ഒരു മത ഭ്രുണഹത്യ ആയിരിക്കും.
No comments:
Post a Comment