Wednesday, April 8, 2020

കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ - അരുന്ധതി റോയി

മലയാളികളെ സംബന്ധിച്ച് ആമുഖം ആവശ്യമില്ലാത്ത രചന;രചയിതാവ്. സവിശേഷമായ ഭാഷാപ്രയോഗവും രചനാ ശൈലിയും ആണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. ഈ പുസ്തകത്തെ കൂടുതൽ സവിശേഷമാക്കുന്നത് അതിൻ്റെ വിവർത്തന ശൈലിയാണ്. അതിനുവേണ്ടി ഇതിലെ ഓരോ അക്ഷരങ്ങളിലൂടെയും കഥാ സന്ദർഭത്തിലൂടെയും നിരന്തരം കായറി ഇറങ്ങേണ്ടിയും വന്നുകാണും. സങ്കടങ്ങളുടെ പുസ്തകമായണിത്. ഇതിലെ ഓരോ അക്ഷരങ്ങൾക്കും കണ്ണുനീരിൻ്റെ ഉപ്പുണ്ട്. എല്ലാവരും ഉണ്ടായിട്ടും എല്ലാം ഉണ്ടായിട്ടും - ഒറ്റക്കായവരുടെ സങ്കടങ്ങളുടെ ആഴം ഈ പുസ്തകം കാണിച്ച് തരുന്നുണ്ട്. 
 ശരീരവും സങ്കടവും ചേർന്ന് പ്രണയവും രതിയുമാകുന്നത് നമുക്ക് ഈ നോവലിൽഅനുഭവപ്പെട്ടേക്കാം,അതുമല്ലെങ്കിൽ സ്വയം ആത്മാവിനെ സ്വതന്ത്രമായി അലയാൻ വിട്ടിട്ട് അടക്കാനാവാത്ത ആസ്കതിയിൽ നാം സ്വയം മതിമറന്നേക്കാം.  വൈകൃതങ്ങളായി വായനക്കാർക്ക് തോന്നാവുന്ന തരത്തിൽ അമ്മുവിൽ വായനക്കാർ കാണുന്ന അല്ലെങ്കിൽ കണ്ടെത്തുന്ന രതി സങ്കൽപ്പങ്ങൾ.അതുമായി ബന്ധപ്പെട്ട്  സ്കൂളിൽനിന്നുള്ള പുറത്താക്കലുകൾ. ജീവിതത്തോട് വാദിക്കാനും ജീവിതത്തിനായ് എന്തെങ്കിലും കരുതിവയ്ക്കാനും പോന്ന തരത്തിലുള്ള ശരിക്കും പറഞ്ഞാൽ ഒരു ഉപരിപ്ളവ താൽപ്പര്യം പോലും അവളിൽ ഉണ്ടായതായി നമുക്ക് കണ്ടെത്താൻ കഴിയില്ല.    ഈപുസ്തകം നിങ്ങളെ അസ്വസ്ഥതപ്പെടുത്തും.അണപ്പല്ലിനിടയിലേക്ക് നാര് കയറിയാലുണ്ടാകുന്ന തരത്തിലുള്ള,അല്ലെങ്കിൽ ഞാൻ ഈ അസ്വസ്ഥത മനസ്സിലാക്കിത്തരാൻ പുതിയൊരു വാക്കുകൊണ്ട് നിറം പിടിപ്പിക്കേണ്ടിവരും. ഇതാകുമ്പോൾ ഈ അസ്വസ്ഥത നാം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതായിരിക്കും. ഒരാശയ്ക്കും വകയില്ലാത്ത തരത്തിലുള്ള പ്രായോഗികമായ ഒരു ലോകത്തിരുന്നുകൊണ്ട് പ്രായോഗിക താല്പര്യങ്ങൾക്കുവേണ്ടി മാത്രം കുത്തികുറിക്കപെട്ട കഥാ പാത്രമാണ് അമ്മു,റാഹേൽ,എസ്തർ. യാതൊരുതരത്തിലുള്ള ഔപചാരികതയും കൂടാതെ വായനാർക്ക് പങ്കുവെയ്ക്കാൻ പോന്ന തരത്തിലെ  കഥയാണ്  "കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ". എന്നെപോലെ നിങ്ങൾക്കും ചിലപ്പോൾ ആദ്യവായന ഒരു പുകമറയായിരിക്കും സൃഷ്ടിക്കുക. വീണ്ടും വീണ്ടുമുള്ള വായന അവ്യക്തമായി എന്തോ ഒന്ന് കാണാനുള്ള കരുത്ത് നിങ്ങളിൽ ഉടലെടുക്കും. പതുക്കെ നാം ഓരോരുത്തരും അത് കണ്ടുതുടങ്ങും. വിശാലമായി പറഞ്ഞുവെക്കുന്ന കഥാ പശ്ചാത്തലം മറ്റുള്ള നോവലുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. ദുർഘടം പിടിച്ച ഒരു വായനാനുഭവമാണ് എനിക്ക് ഇതിൽ നിന്നും കിട്ടിയത്. 
      മലയാളികളെ കൊണ്ട് ഈ പുസ്തകം ഇഷ്ട്ടപെടുത്തുക ഒരു വലിയ കാര്യമാണ്. ഒടേതമ്പുരാൻ അതൊരു കുഞ്ഞുകാര്യവും. ഞാൻ ഈ പുസ്തകം ഒരുതവണ കൂട്ടിവായിക്കട്ടെ;വായിച്ച് നിർത്തിയേടത്തുനിന്ന് - തുടങ്ങിയേടത്തേക്ക്. എന്തെങ്കിലും അടരുകൾ ഞാൻ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ തുടർന്ന് ഇതിൽ കൂട്ടിച്ചർക്കാം..... 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...