Tuesday, July 28, 2020

കുറ്റവും ശിക്ഷയും - ഡോസ്റ്റയോവ്സ്‌കി

വായന മലയാള സാഹിത്യം വിട്ട് പുറത്തേക്ക് വിഹരിക്കാൻ തുടങ്ങിയനാൾ തൊട്ട് എപ്പോഴും വായിക്കാനും അറിയാനും ശ്രമിച്ചിട്ടുള്ള ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് ഡോസ്റ്റയോവ്സ്‌കിയും അദ്ദേഹത്തിൻ്റെ കുറ്റവും ശിക്ഷയും. ഇന്ത്യൻ സാഹിത്യ ലോകത്തേക്ക് വിവരണത്തിലൂടെ കടന്നുവന്ന ഈ നോവൽ അതിശയോക്തി പ്രധാനനങ്ങളായ ധാരാളം ഭാഷ സമ്പത്തുകൊണ്ടും വ്യത്യസ്ഥമാക്കപ്പെട്ടു.
    ഡോസ്റ്റയോവ്സ്‌കി, മഹാത്മാവായ അദ്ദേഹത്തിൻ്റെ എതിരില്ലാത്ത ഭാവനാപ്രവാഹത്തിന് ഉദാത്തമായ ഉദാഹരണം കൂടിയാണ് ഈ നോവൽ. മനുഷ്യ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നടക്കുന്ന അനാദിയായ സംഘർഷങ്ങളെ ഇത്രമേൽ തീവ്രമായ് എഴുതി ഫലിപ്പിച്ച മറ്റൊരാളില്ല. വ്യവസ്ഥാപിതമായ ഒരു സാമുദായിക ജീവിതത്തോടുള്ള പ്രതിഷേധം കൂടിയാണ് ഈ നോവൽ. ആ നിലക്ക് മനുഷ്യന് ഒരു പാതക കർമ്മം ചെയ്യുവാനുള്ള വാസന - സ്വാഭാവികമായി ഇല്ലാതാക്കുകയാണ് ഈ വായനകൊണ്ട്...
     ഈ നോവലിൻ്റെ അളവുകോൽ - ദാരിദ്ര്യമാണ്, വർദ്ധിത ഭാരം - വ്യഭിചാരമാണ്. ഈ വിക്രിയകളെ കാര്യമായി ഗണിച്ചുകൊണ്ട് തന്നെയാണ് ഡോസ്റ്റയോവ്സ്‌കി തൻ്റെ രചന പൂർവ്വാധികം ഭംഗിയാക്കിയത്. 'മനുഷ്യൻ ആവശ്യം ഒരു ഭീരുവല്ലെങ്കിൽ അവൻ്റെ വഴിയിൽ നിൽക്കുന്ന എല്ലാ ഭയപ്പാടിനെയും പ്രതികൂല സാഹചര്യത്തെയും ചവിട്ടി മെതിച്ചുപോരാൻ  ആകുമെന്ന് ' ഈ നോവൽ വഴി ഡോസ്റ്റയോവ്സ്‌കി നമുക്ക്കാണിച്ചുതരുന്നു. സ്വപ്നം കാണുബോൾ നാം ആരോഗ്യകരമായ ഒരു നിലയിൽ അല്ലാതിരിക്കുബോഴാണ് സ്വപനങ്ങൾക്ക് സ്‌ഫുടത വരുന്നതും അതിന് പ്രാധാന്യം ഉണ്ടാകുന്നതും. അപ്പോൾ അവയ്ക്ക് വാസ്തവത്തോട് അത്ഭുതകരമായ സാദൃശ്യം വന്നുചേരുന്നു. എന്നാൽ മാനുഷികമായ അനുകരണത്തെ അദ്ദേഹം അമിതമായ്  അപഹസിക്കുകയോ, അമിതമായ് അനുകരിക്കുകയോ - ചമൽക്കാര പൂർണമായി യോജിപ്പിക്കുകയോ ചെയ്തില്ല. ജീവിതത്തെ അതിൻ്റെ യാഥാർത്യബോധത്തോടെ - ജീവിതത്തിൻ്റെ എല്ലാ കലങ്ങിമറിയലുകളെയും കൃത്യതയോടെ അടയാളപ്പെടുത്തുകയാണ് ഡോസ്റ്റയോവ്സ്‌കി ഈ നോവലിൽ. അനുസ്യുതം ഒരു വായന എനിക്കിതിൽ സാധ്യമായില്ല. വിഹ്വലതകൾ പലപ്പോഴും വിട്ടൊഴിയാതെ എനിക്കുചുറ്റും നിലകൊണ്ടു. അതുകൊണ്ടുകൂടിത്തന്നെ ഇടമുറിഞ്ഞുള്ള വായനയാണ് ഉണ്ടായത്. ദാരിദ്ര്യത്തിൻ്റെ പടുകുഴിയോളം വായനക്കാരെ കൊണ്ടെത്തിക്കുകയും ഒപ്പം ഒരു കുറ്റകൃത്യത്തിന് സാക്ഷിയാക്കുകയും ചെയ്യുന്നു. റസ്ക്കാൾനിക്കാഫ് - അയാളുടെ ജീവിതം ഒരു ഡയറിയിൽ എഴുതിയാലെന്നവണ്ണം നാം വായിക്കുന്നു. 
    സോണിയയോടൊപ്പം ഒരു രാത്രിയിലേക്ക് ശയിക്കാൻ പണം എണ്ണിനോക്കിയ അപരിചിതനോട് ഉള്ളിൽ അടക്കിപ്പിടിച്ച വിദ്വേഷത്തോടെ നിശബ്ദത പ്രകടിപ്പിക്കേണ്ടിവരും. അങ്ങനെയെന്തെല്ലാം കണ്ടിട്ടും കാണാതെ നടിച്ചെങ്കിൽ മാത്രമേ ഇതൊന്ന് പൂർത്തീകരിക്കാൻ ഒക്കൂ.
    ഇത് പകുതിയിൽ വായിച്ച് അവസാനിപ്പിച്ചവരെ, നിങ്ങളോടായ് - ദുഃഖവും കണ്ണീരും മാത്രമേ നിങ്ങൾക്കിതിൽ കണ്ടെത്താനൊക്കൂ;എല്ലാ ഹൃദയങ്ങൾക്കും അത് ഒക്കുകില്ലതാനും.... അവസാനം വരെ വായിച്ചവർക്ക് ഒരു മാണിക്യം കിട്ടും. വായിച്ചവർക്ക് മാത്രം കണ്ടുകിട്ടുന്ന;അവർക്ക് മാത്രം കാണാനൊക്കുന്ന ഒരു മാണിക്യം ........

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...