ഇതൊരു ഓർമ്മയാണ്... ഇടകലർന്ന് ഒഴുകിപ്പരന്നുപോകുന്ന ഓർമ്മ. ജീവിതത്തിൽ നമുക്കെല്ലാവർക്കും മറക്കാൻ കഴിയാത്ത പല ഓർമ്മകളും ഉണ്ടായിരിക്കും - നമ്മെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓർമ്മകൾ. അത്തരത്തിലുള്ള ഒരു ഓർമ്മ പുസ്തകമാണ് പ്രശസ്ത പോർച്ചുഗ്രീസ് എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ഷുസേ സരമാഗുവിൻ്റെ കുരുന്നോർമ്മകൾ.
അസിൻഹാഗ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമം. ആ ഗ്രാമത്തിൻ്റെ മഹത് ചരിത്രത്തിൻ്റെ ഭാഗമായി ഒഴുകുന്ന നദി - അൽമോണ്ട. അസിൻഗാഹ എന്ന ഗ്രാമവും അവിടുത്തെ പ്രകൃതിഭംഗിയും അതി മനോഹരമായി അദ്ദേഹം ഇതിൽ വിവരിക്കുന്നുണ്ട്. അവിടുത്തെ ഒലീവ് മരങ്ങളും,കരകവിഞ്ഞൊഴുകുന്ന പുഴയും,ജനങ്ങളും എല്ലാം അദ്ദേഹം ഓർക്കുന്നു. രണ്ടുവയസ്സ് തികയാത്ത അദ്ദേഹത്തെ ലസ്ബണിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെനിന്ന് അസിൻഹാഗയിലെ ചെറുബാല്യം തേടി - സ്വന്തം വേരുകൾ തേടി ഓർമ്മയിലൂടെയുള്ള യാത്രണിത്.
എന്തുകൊണ്ട് നാം ഈ പുസ്തകം വായിക്കാൻ കൈയ്യിലെടുക്കുന്നു എന്നുചോദിച്ചാൽ? അതിനുത്തരം - നാം ജീവിതത്തിൽ എത്ര ശ്രമിച്ചാലും മായാത്ത; നമ്മുടെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന - സ്വയം അറിയാതെ ഓർമ്മയുടെ എഴുത്തോലയിൽ നാം എഴുതിയ ബാല്യത്തിലെ ഓർമ്മയുടെ ഹേമന്ദവും ശൈത്യവും യൗവനത്തിലും വാർദ്ധക്യത്തിലും നമ്മെ ആലിംഗനം ചെയ്യുന്നതുകൊണ്ടാണ്. നമ്മുടേത് മാത്രമായ ആ ബാല്യത്തിലേക്കാണ് ഈ ഓർമ്മ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അത് നമ്മുടെ ആത്മാവിലേക്ക് ആഗീരണം ചെയ്യുന്ന തരത്തിലുള്ളവയുമായിരുന്നു.
ആദ്യ പ്രണയം - ഇഴഞ്ഞുനീങ്ങുന്ന പാമ്പ് - ഒരു ഗോതമ്പ് മാണിയുടെ മുകളിൽ കയറുന്ന ഉറുമ്പ് - തൊട്ടിയിൽ നിന്ന് തീറ്റയെടുക്കുന്ന പന്നി - വളഞ്ഞ കാലുകളുമായി ചാടി പോകുന്ന തവള - ചിലന്തി വല - കലപ്പകൊണ്ട് ഉഴുതുമറിച്ച മണ്ണ് - ഉപേക്ഷിക്കപ്പെട്ട കിളിക്കൂട് - പീച്ച് മരത്തിൻ്റെ തടിയിലൂടെ കണ്ണീർ പോലെ ഒഴുകിവരുന്ന കറ - മണ്ണിൽ പറ്റിവളരുന്ന ചെടികളിൽ തിളങ്ങുന്ന മഞ്ഞിൻ കണങ്ങൾ - അല്ലെങ്കിൽ കരകവിഞ്ഞൊഴുകുന്ന ഒരു പുഴ -ഇവയിലേതെങ്കിലും നമ്മുടെ ബാല്യത്തിൽ നമ്മെ അത്ഭുതപ്പെടുത്തിയ കാഴ്ചകൾ ആണ്. ഇപ്പോൾ അവ ഒരു നൂറ് തവണ നാം കണ്ടെന്നാലും ബാല്യത്തിൽ അവ കണ്ട് നമ്മുടെ കണ്ണ് തിളങ്ങിയതിനോളമാവില്ല. ഇപ്പോൾ ഈ യൗവനത്തിലും/ വാർദ്ധക്യത്തിലും ഓർക്കാൻ സാധിച്ചത് ഈ ഓർമ്മ കുറിപ്പ് വായിച്ചതുകൊണ്ടാണ്. ആ ബാല്യം ഇന്നും എൻ്റെ ഉള്ളിലുണ്ട്. അതിൽ നമ്മളിൽ പലരും കുരുത്തക്കേടിൻ്റെ കിഴങ്ങാണ്. മധുരമുള്ള ഓർമ്മയുടെ ഒരു തേങ്ങാപ്പൂളാണ്.....
No comments:
Post a Comment