Friday, July 17, 2020

റെസ്ററ് ഇൻ പീസ് - ലാജോ ജോസ്

  ഒരു എഴുത്തുകാരനെയും അയാളുടെ എഴുത്തും പൂർണമായി വായിക്കുമ്പോഴാണ് അയാളിലെ എഴുത്തു രീതി ശാസ്ത്രീയപരമായി മനസ്സിലാകുന്നത്. ആ മനസ്സിലാക്കലിൽ നിന്നാണ് ഈ എഴുത്തിൻ്റെ തുടക്കം. 
       ഗോൾഡൻ റിട്ടയർ മെൻറ് എന്ന ലക്ഷ്വറി ഹോം. അവിടെ പലപ്പോഴായി നടക്കുന്ന മരണങ്ങൾ, ആ മരണ കാരണങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് നോവൽ ഇതിവൃത്തം.
       ജെസ്സിക്ക ഫെഡറിക്ക് ജോ എന്നുവിളിക്കുന്ന തൻ്റെ ഭർത്താവ് ജോയൽ- ന് മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് തീവ്രമായി സംശയിക്കുന്നു.അതിൻ്റെ പേരിൽ ഡിവോഴ്സ് എന്ന സ്ഥിരം പ്ലേറ്റിലേക്ക് സംസാരം എത്തുകയും ചെയ്യുന്നു. അവരുടെ താളപ്പിഴയിലേക്ക് വലിച്ചെറിയപ്പെടുന്ന തരത്തിലാണ് ഒരു പോസ്റ്റൽ അവളുടെ കൈകളിൽ എത്തുന്നത്. ഭർത്താവിനെ സംശയിക്കുന്ന ഒരു സ്ത്രീയയെ ഒരു അന്വേഷകയെന്ന നിലയിലേക്ക് കൊണ്ടെത്തിക്കുക വളരെ എളുപ്പമുള്ള ഒരു പണിയാണ്. കാരണം, ഭർത്താവിൻ്റെ പരസ്ത്രീ ബന്ധം സ്വാഭാവികമായും പരമ രഹസ്യമായിട്ടുള്ളതായിരിക്കും. അത് കണ്ടത്തുക തീർച്ചയായും പണിപ്പെട്ട പണിയുമാണ്. ആ നിലക്ക് ജെസ്സിക്ക തീർത്തും അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.
     ജെസ്സിക്ക ചാച്ചൻ എന്നുവിളിക്കുന്ന ഫെഡറിക് ആണ് ആ പോസ്റ്റൽ അയച്ചതും അത് എഴുതിയതും. ഒരു ഘട്ടം കഴിയുമ്പോൾ ജെസ്സിക്കയിൽ നിന്നും അന്വേഷണ ചുമതല ഫെഡറിക്കിലേക്കും പിന്നീട് ജെസ്സിക്കയിലേക്കും എത്തുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ കണ്ടെത്തലുകൾക്കുപിന്നിൽ രണ്ടുകൂട്ടരുടെയും തുല്യമായ അധ്വാനം ഉണ്ട്. ഉദ്വേഗ ഭരിതമായ കഥാമുഹൂർത്തങ്ങൾ എഴുതി ഫലിപ്പിക്കുന്നതിൽ  ലാജോ പകുതിയോളമേ വിജയിച്ചുള്ളൂ. ഒരു സാധാരണ നോവൽപോലെ എഴുതി ഫലിപ്പിക്കാൻ പറ്റുന്നതല്ല കുറ്റാന്വേഷണ നോവലുകളെന്ന് എനിക്കറിയാം. എന്നാൽ വളരെ ഡാർക്ക് മൂഡിൽ എഴുതുക; വായനക്കാരിൽ ഒരു ഭീതി ജനിപ്പിക്കുക തുടങ്ങിയ ദുരുദ്ദേശം അദ്ദേഹം ബോധപൂർവം എഴുത്തിൽ നിലനിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നെനിക്ക് വായനയിലുടനീളം ബോദ്ധ്യപ്പെട്ടു.
     കുറ്റവാളി ആരാണെന്നുള്ള ക്യുരിയോസിറ്റി അവസ്സാനം വരെ നിലനിത്തുന്നതിൽ അദ്ദേഹം വിജയിച്ചു. അതിന് ഞാൻ കണ്ടത്തിയ കാരണം കുറ്റവാളിയെപ്പറ്റി അധികമൊന്നും വായിക്കാനും, മനസ്സിലാക്കാനുമുള്ള ബോധപൂർവമായ അവസ്സരം ഇതിൽ ലാജോ ഒരുക്കിയില്ല. കൂടാതെ ഇടക്കൊരല്പം വലിച്ചുനീട്ടാനുള്ള ശ്രമം നടത്തിയതായും എനിക്ക് തോന്നി. പക്ഷേ അതൊന്നും വായനയുടെ ഒഴുക്കിന് തടസ്സമായതേയില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. കഴിഞ്ഞ നോവലുകൾ പോലെ ഇത്തവണയും അന്വേഷണം സ്ത്രീയിലേക്കുതന്നെ തിരിച്ചു വച്ചിരിക്കുകയാണ്. കഥയുടെ തുടക്കത്തിലെപ്പോഴും സാഹചര്യങ്ങളാൽ സ്ത്രീയെ ഒറ്റപ്പെടുത്തുകയും അവളെ സ്വാഭാവിക ജീവിതത്തിൽനിന്നു പുറത്താക്കി അന്വേഷകയിലേക്ക് തീർത്തും പരുവപ്പെടുത്തുന്ന രീതിയാണ് അദ്ദേഹം എപ്പോഴും സ്വീകരിക്കുന്നത്. ഞാൻ മുൻപ് എഴുതിയപോലെ കുടുബബന്ധമുള്ള ഒരു സ്ത്രീയിൽ ഇത്തരത്തിലുള്ള ഇറങ്ങിപ്പുറപ്പെടലുകൾക്ക് സമയം ഇല്ലായിരിക്കും എന്ന പഴഞ്ചൻ മനോഭാവം അല്ലെങ്കിൽ വായനക്കാർക്ക് എന്ത് തോന്നിയേക്കാം എന്ന മനോഭാവവും ആയിരിക്കാം. കോഫീ ഹൗസിലെ എസ്തർ അവിവാഹിതായി വായനക്കാരനുമുന്നിൽ എത്തിയതും ചിലപ്പോൾ ഇതേ മനോഭാവം നിലനിൽക്കുന്നത് കൊണ്ടാണ്. ഒരു കൊലപാതകം അന്വേഷിക്കുന്ന ആൾ ഇത്തരം സ്വഭാവ വിശേഷണമുള്ളയാളാകണമെന്ന് വായനക്കാർക്ക് തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കികൊടുക്കുന്ന തരത്തിലാണ് ഇത്തവണയും കഥാപാത്ര പൂർത്തീകരണം നടത്തിയത്. 
   ജെസ്സിക്ക മനോബലമുള്ള സ്ത്രീയായ്  മാറിയത് അധ്യായം ഒൻപതുമുതൽക്കാണ്. അല്ലെങ്കിൽ ഒൻപതുമുതൽക്കുള്ള ഭാഗമാണ് ഈ  ഫിക്ക്ഷൻ്റെ നട്ടെല്ല്. ഒരു മികച്ച കഥാപാത്ര പരിവേഷം ചാച്ചൻ ആണ്. അദ്ദേഹത്തിൻ്റെ ഭാഗങ്ങളൊക്കെ മികവുറ്റതായിരുന്നു. 
   വായനക്കാർ ഈ പുസ്തകം വളരെ അടുത്തുനിന്ന് വായിച്ച് തുടങ്ങുബോൾ അദ്ദേഹത്തിൻ്റെ റൂത്തിൻ്റെ ലോകത്തോളം ഈ നോവൽ എത്തിയിട്ടില്ലെന്ന് നിശബ്ദമെങ്കിലും നാം സമ്മതിക്കാതെ തരമില്ല. 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...