
ട്വിങ്കിൾ പ്രഭാകരൻ
മഴ എന്ന ചെറുകഥ വായിച്ചു... ഓരോതവണയും എഴുത്തുകാരി കഥകൊണ്ടും കവിതകൊണ്ടും വായനക്കാരുടെ എണ്ണം കൂട്ടുകയാണ്. ഇതിലെ ഓരോ വരികൾക്കും ആഴമുണ്ട്. അതുകൊണ്ടുതന്നെ വായനക്കാരൻ സങ്കൽപ്പിക്കുന്ന വർണ്ണരാജിക്കപ്പുറത്തേക്ക് ഊളിയിട്ടു ചെല്ലാൻ പറ്റാത്തത്ര...ആഴവും സങ്കൽപ്പവും ഈ കഥ പേറുന്നുണ്ട്.
അവൻ്റെ മുന്നിൽ ജീവനറ്റുപോയി അസ്ഥിയോളം മെലിഞ്ഞുതണുത്ത് അവൻ്റെ അമ്മ ഇപ്പോഴും കിടപ്പുണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ എത്രയോ തവണ അത്തരം കാഴ്ച്ച കണ്ടിരിക്കുന്നു. മരണമെന്ന യാഥാർഥ്യം കുട്ടിയിലേക്ക് അരിച്ചിറങ്ങിയില്ല. അവനിപ്പോഴും കരയുന്നുണ്ട്... അവനെപ്പോഴോ കൂട്ടിവെച്ച മൺകൂന ആർത്തുപെയ്ത മഴ കരിയിലമേൽ താങ്ങി കൊണ്ടുപോയതിനാലാവാം. അമ്മക്കൊപ്പം ഇഴയിലയിലിട്ട അരിമണി ഉറുമ്പ് കൊണ്ടുപോയത് കണ്ടപ്പോഴാണ് അവൻ വിശപ്പോർത്തത്;ചളിപറ്റിയ അമ്മയുടെ മുഖമോർത്ത്. മഴയേറ്റാൽ പനിയേക്കുമെന്ന ശാസനയോർത്ത്. അമ്മക്കൊപ്പം ഉണ്ടതും പൂക്കളമിട്ടതും ഓർത്തത്. അന്നിട്ട ഓണക്കോടി ഇഴകീറി,പുത്തനെന്ന കൊച്ചുമോഹത്തെ ഓർത്ത്...
മലയിരമ്പിയണയുന്നതിനുമുമ്പ് അമ്മയോടൊത്തുറങ്ങണം..അമ്മയേ പുതച്ച ആ പുതപ്പിലൊളിക്കണം എന്ന അവൻ്റെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ മലവെള്ളംപോലെ കുത്തിയൊഴുകിയത് വായനക്കാരുടെ മനസ്സിലേക്കാണ്. ഹൃദയം നുറുങ്ങിയതുകൊണ്ടാണ് മഴയിത്ര ചുവന്നുപോയത്.
മനോഹരമായ ചെറുകഥ... ആശംസകൾ ട്വിങ്കിൾ പ്രഭാകരൻ
No comments:
Post a Comment