Wednesday, September 2, 2020

മാമ ആഫ്രിക്ക - ടി.ഡി. രാമകൃഷ്‌ണൻ

 1895 -മുതൽ 1901 വരെ കിഴക്കൻ ആഫ്രിക്കയിലെ മൊംബസയിൽ നിന്ന് വിക്ടോറിയ തടാകം വരെനീളുന്ന റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ നോവലിൻ്റെ കഥാ പശ്ചാത്തലം. മാനസികമായ ഒരുകൂട്ടം ആത്മസംഘർഷങ്ങൾ യാഥാർഥ്യങ്ങളുടെയും ഭാവനയുടെയും ഇടയിൽ ഒരു ഉന്മാദമായ അവസ്ഥ സൃഷ്ടിക്കുന്നു. അത് ഒരു ഒഴുക്കാണ്;മനസ്സിലുണ്ടാകുന്ന ഒഴുക്ക്, അത് ഒരു ഭാരമാണ്; മനസുകൊണ്ടുനടക്കുന്ന ഭാരം.
അത്തരത്തിൽ ആഫ്രിക്കയിലേക്ക് കേരളത്തിൽ നിന്നെത്തി അവിടെ സ്ഥിരതാമസം തുടങ്ങിയവരുടെ പിന്മുറക്കാരനാണ് ഡോ. പണിക്കർ. ചുവന്ന പുസ്തകങ്ങളുടെ എഴുത്തുകാരൻ, പ്രസിഡൻറ് വാക്കാൽ നിരോധിച്ച ' ഉഹുറു ' എന്ന വാക്ക് ഉപയോഗിച്ചു എന്നതിൻ്റെ പേരിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്യുന്നു.
       ആഫ്രിക്കയുടെ ചിരിത്രം - കറുത്തവരോടുള്ള വേർതിരിവുകളും അവഗണയും ഇതിൻ്റെ പ്രമേയമായ വരുന്നുണ്ട്. പണിക്കരുടെ മകളായ താരാ വിശ്വനാഥ് അധികാര ശക്തികൾക്കെതിരെ പൊരുതുകയും ആ പോരാട്ടത്തിൽ താര പലപ്പോഴും ഇരയാകേണ്ടി വരുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുൻപ് പിറന്നുവീണ മനുഷ്യവംശത്തിൻ്റെ ചിരിത്രം മായികമായ ഒരു ബോധതലത്തിൽ നിന്ന് താരാ വിശ്വനാഥ് നോക്കിക്കാണുന്നു. ആ തരത്തിൽ താരാ വിശ്വനാഥ് സൃഷ്ട്ടിക്കുന്ന മാമ താരയുടെതന്നെ ഉപബോധ മനസ്സാണ്. മനുഷ്യവംശത്തിൻ്റെ ചരിത്രം താര മാമയിലൂടെ വിശദീകരിക്കുന്നു. പലപ്പോഴും അതൊരു സംഭാഷണമെന്നപോലെയാണ്. താരയുടെ മാമ എന്ന ഈ സങ്കൽപ്പത്തിന് എന്തെങ്കിലും പ്രാധന്യം ഉണ്ടോ എന്ന് സ്വാഭാവികമായും വായനക്കാർക്കിടയിൽ ഒരു ചോദ്യം ഉണ്ടാകും. എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ നമ്മൾ മനസ്സിലാക്കും പ്രത്യക്ഷത്തിൽ നാം മനസ്സിലാക്കുന്ന ;കാണുന്ന താരയിൽ നിന്ന് വ്യാഖ്യാനിക്കാൻ  ആകാത്ത തരത്തിലേക്ക് താരയുടെതന്നെ ഉപബോധമനസ്സ് സൃഷ്ട്ടിക്കുന്ന ഒരു ഇല്ല്യൂഷനൊ മറ്റോ ആണ് മാമ. ആ മാമയിൽ നാം സഞ്ചരിച്ച് എത്തിച്ചേരുന്നത് കരുത്താർന്ന ഒരു താരയിലേക്കാണ്. വാസ്തവത്തിൽ നിലപാടുകളോട് ചേർന്നുനിൽക്കാൻ താരയ്ക്ക് പിന്തുണകൾ ആവശ്യമായിരുന്നു. നേരെ തിരിച്ച് ധൈഷണികപരമായ നിലപാടുകൾക്കെതിരേയും താരയ്ക്ക്‌ പിന്തുണ ആവശ്യമായി വന്നു. ആനിലേക്ക് താരായുടെ ബുദ്ധിജീവി മെനഞ്ഞെടുത്തതാണ് മാമയെ.
       താര ആഫ്രിക്കയെ എങ്ങനെ നോക്കിക്കാണുന്നു എന്നതിൻ്റെ വിശകലമാണ് ഒളീവിയയും താരായും തമ്മിലുള്ള സംഭാഷണം. എൻ്റെ ആഫ്രിക്കയെ എന്നാണ് താര ആഫ്രിക്കയെ അഭിസംബോധന ചെയ്യുന്നത്. അതിൽനിന്നും,ആഫ്രിക്ക പിതാവിൻ്റെ മരണകരണങ്ങൾക്കു പുറത്തുനിന്നാണ് അവൾ നോക്കി കാണുന്നത്. സങ്കീർണമായ ഒരു വർഗീയ പ്രശ്‌നത്തിലേക്ക്  താര ആഫ്രിക്കയെ കൂട്ടികൊണ്ടുപോകുന്നില്ല. എന്നാൽ മാമയെ ഉൾകൊണ്ട താര മബാക്കയുടെ പ്രലോഭനത്തിൽ വഴങ്ങി ജീവൻ നഷ്ടപ്പെട്ടവരുടെ ഇങ്ങേയറ്റത്തെ കണ്ണിയായ് പണിക്കരെ കാണുകയും ചെയ്യുന്നു. ആഫ്രിക്കയുടെ പ്രസിഡൻറ് -ഉം സ്റ്റേറ്റ് റീസേർച്ച് ബ്യൂറോയുടെ തലവനുമായ ഇദി അമിൻ താരയെ കാണണം എന്ന ആവശ്യം ഉന്നയിക്കയും പിതാവിൻ്റെ മരണത്തിന് കാരണക്കാരനായ ഇദി അമിൻനെ അതിയായി താര ഭയക്കുകയും ചെയ്യുന്നു. എന്നാൽ മാമ ഉൾക്കൊണ്ട താരാ വിശ്വനാഥ് ക്വാൻസയുടെ പിന്മുറക്കാരിയാകുന്നു, വുരുഗു - പ്രസിഡണ്ട് ആയ ഇദി അമിൻ ഉം.
     '' നിൻറെ രക്തത്തിൽ കലർപ്പുവരാതെ സൂക്ഷിക്കുക '' എന്ന് മാമ ക്വാൻസയോട് പറയുന്നുണ്ട്. എന്നാൽ വുരുഗു ക്വാൻസയുടെ കീഴ്ച്ചുണ്ടിൽ പല്ലമർത്തി ചോരകുടിക്കുന്നുണ്ട്. പ്രസിഡണ്ടുമായി ആദ്യം കാണുമ്പോൾ താരയുടെ കീഴച്ചുണ്ടും മുറിഞ്ഞു ചോര പടരുന്നുണ്ട്. വുരുഗുവിൻ്റെ രക്തം കലർന്ന് മലിനമായിപ്പോയ ഒരു വംശത്തെ  താരാ വിശ്വനാഥിലൂടെ വിശുദ്ധികരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്;പുരുഷനിലൂടെ നശിച്ചത് സ്ത്രീയുടെ വീണ്ടെടുക്കുക. അതുപോലെ പ്രസിഡണ്ടിൻ്റെ ഒപ്പമെത്താൻ പെരുവിരലിലൂന്നി രണ്ടുകൈകൾകൊണ്ടും ബലിഷ്ഠമായ  അയാളുടെ ശരീരത്തെ ആലിംഗനം ചെയ്യുന്ന താരാ ഏതൊരു ജീവിയേയും പ്രലോഭിപ്പിക്കാൻ  ഉതകുന്ന ശക്തി തൻ്റെ ആലിംഗനത്തിലുണ്ടെന്ന് പിതാവ് നൽകിയിട്ടുള്ള ബോധ്യത്തിൽ മലാക്ക -  ക്വാൻസയെ ആലിംഗനം ചെയ്യുന്നപോലെയാണ്.
       മനസുകൊണ്ട് നമ്മൾ നടത്തുന്ന ഒരു കപ്പൽ യാത്രയാണ് ഈ വായന. തീരെ എളുപ്പമല്ലാത്ത ഒന്ന്. അതുകൊണ്ട് തന്നെ ശക്തമായ ചുഴിയിലെന്നോണം ഇതിലെ ജീവിത യാഥാർഥ്യങ്ങളിലും വേദനയിലുംപെട്ട്  നമ്മൾ ഉലയും. വായന ഇടയ്ക്ക് നങ്കൂരമിട്ട് നിർത്തേങ്ങിയും വരും. ഒരു ഘട്ടം കഴിയുമ്പോൾ പരിചയ സമ്പന്നനായ ഒരു കപ്പിത്താൻ്റെ എല്ലാ പരിവേഷത്തോടും കൂടി നാം വായിച്ചവസാനിപ്പിക്കും. കറുപ്പ് മാത്രമാണ് ആഫ്രിക്കയെന്ന വാദം, വെളുപ്പ് മാത്രമാണ് യൂറോപ്പെന്നപോലെ തെറ്റായ വാദമാണെന്ന് നാം  തിരിച്ചറിയും. കറുപ്പിനും വെളുപ്പിനുമിടയിൽ തവിട്ടും മഞ്ഞയും ചേർന്ന് ഒരു ആഫ്രിക്കയെ താരാ വിശ്വനാഥ് നമുക്ക് കാണിച്ചുതരും. വാസ്തവത്തിൽ താരയുടെ നിലപാടുകളോട് നമുക്ക് യോചിക്കേണ്ടിവരും.
      താര! മാമ കണ്ടതാണ്,...  പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളും വേദനയും കണ്ണീരും ചേർന്ന മണ്ണുകൊണ്ടാണ് മാമ ആഫ്രിക്ക എന്ന നോവൽ ടി.ഡി.രാമകൃഷ്‌ണൻ രചിച്ചത്.വായനക്കാരൻ്റെ ഹൃദയത്തിൻ്റെ ചൂടിലാണ് അത് വാർത്തെടുത്തത്. ഹൃദയത്തിൽ സൂക്ഷിക്കുന്നതുകൊണ്ട് അത് ഉടയുകയുമില്ല... 

1 comment:

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...