Wednesday, September 9, 2020

വേട്ടാള - ഫർസാന അലി


സെപ്റ്റബർ ഏഴിനിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പ് അന്വേഷിക്കലായിരുന്നു കുറച്ച് ദിവസങ്ങളായി എൻ്റെ പണി.കടകളിൽ ഒന്നുംതന്നെ കിട്ടിയില്ല. കൊറോണ കൂടുതൽ വായനക്കാരെ സൃഷ്ടിച്ചിരിക്കുന്നു. പലരും പഴയപോലെ വായനയുടെ പോർമുഖത്ത് സജീവമായി. ഒടുവിൽ ലാലാജി ലൈബ്രറിയിൽ നിന്നും രണ്ടുദിവസത്തിനകം തിരികെ നൽകാം എന്ന വ്യവസ്ഥയിൽ മാധ്യമം ആഴ്ചപ്പതിപ്പ് വാങ്ങി.   
      അരണ്ട വെളിച്ചതിനുചുറ്റും വട്ടമിട്ട് പറക്കുന്ന ഇയ്യലുകളുടെ മുഖചിത്രത്തോടെ ആണ് മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയത്. ആ അരണ്ട വെളിച്ചം എത്തുന്നിടം മാത്രം ആകാശമായിക്കണ്ട് പറക്കാൻ വിധിക്കപ്പട്ടവ; ഇരുട്ടിൽ നഷ്ട്ടപെട്ട മുഴുവൻ ആകാശത്തിൻ്റെ ഒരുകീറുമാത്രമാണെന്ന തിരിച്ചറിവിൽ എത്തുമ്പോഴേക്കും ജീവൻ നഷ്ട്ടപ്പെട്ടിരിക്കും, മുഖം പോലെത്തന്നെ കാലത്തെ അടയാളപ്പെടുത്തുന്ന ഒരുകൂട്ടം കഥകളും.   
    സൂസൻ മാത്യുസ്,അവൾ ഇരുപത് ദിവസമായ് തടങ്കലിൽ ആണ്,ഒരുപക്ഷെ ഇതുവായിക്കുന്ന എന്നയും  നിങ്ങളേയും പോലെ. കഥയുടെ ഒരു വശം നമുക്കൊക്കെ സുപരിചിതമായ സാമൂഹിക സാഹചര്യമാണ്. മറുവശം സൂസന്ന് മാത്രം അറിയാവുന്ന സൂസൻ്റെ ജീവിതവും. നാട്ടിൽ വിമാനം ഇറങ്ങി സ്വയം നിരീക്ഷണത്തിൽ ഇരിക്കുകയാണ്. അതും അൻപതേക്കർ തോട്ടത്തിൻ്റെ ഒത്ത നടുക്ക് ഒരു റസ്റ്റ് ഹൗസ്സിൽ. ജനൽവട്ടക്കാഴ്ചകൾ ഏറിയാൽ നീളുന്നത് എരുമയിലേക്കും പശുവിലേക്കും. അത്രതന്നെ ഓട്ടുപാഴ്‌ ചുറ്റും ജാതിയും,തെങ്ങും,റബറും,അടക്കമരവും. കഴിഞ്ഞാൽ! ഒരു മനുഷ്യൻ്റെ വെട്ടം കാണുക,സംസാരിക്കുക അത്രതന്നെ ഇപ്പോഴത്തെ ആഗ്രഹം.         ചിതറിയ ചിന്തകൾ അവളിൽ നിന്ന് ഇടക്ക് ഫ്ലാറ്റിലേക്കും സണ്ണിച്ചായനിലേക്കും കിളികളിലേക്കും ജോഷിയിലേക്കും പോകുന്നുണ്ട്. കിളിക്കൂട്ടിൽ അടക്കപ്പെട്ടാലെന്നപോലെ മനസ്സും ശരീരവും; ഇത് വായിക്കുന്ന ഓരോ വായനക്കാരനും സൂസനെ പോലെയാണ്. അവളുടെ അതേ അനുഭവം നമുക്കും ഉണ്ട്. അവളെപോലെ ഇത് വായിക്കുന്ന നമ്മളോരോരുത്തരും ഇപ്പോൾ സ്വാതന്ത്ര്യം  കൊതിക്കുന്നു. ആ സ്വാതന്ത്ര്യം ശരീരത്തിൽ നിന്ന് നീണ്ടുപോകുന്ന നിഴൽ പോലെയാണ്;സ്വത്വത്തിൽ നിന്ന് തീർത്തും വിഭിന്നമായ്‌. 
    ഇടക്ക് നാം സൂസനെ മാതയുമായ് ചേർത്ത് വായിക്കേണ്ടി വരും. വെറ്റിലമുറുക്കി ഉണ്ണീരൻ്റെ ഒപ്പം മലയിറങ്ങിയവൾ, അമ്പതേക്കറിൽ നടന്ന് പുറംപണിയെടുക്കുന്നവൾ. ഒരു കാലത്ത് തീണ്ടലിൽ രൂപമായിരുന്നവൾ, അടുക്കള കോലായിൽ നിന്ന് ഭ്രഷ്ട്ട് കൽപ്പിച്ചിരുന്നവൾ. ആ മാതയിൽ നിന്നാണ് സൂസൻ ചായ  വാങ്ങി കുടിക്കുന്നത്. ഇക്കാലമത്രയും മാതയെ പുറത്തുനിർത്തിയ സമൂഹത്തെ കീടം എന്നാണ് അവൾ വിളിക്കുന്നത്. പ്രണയം പോലും പ്രായവ്യത്യാസം കൊണ്ട് തോൽപ്പിച്ചുകളഞ്ഞവൾ.  അർത്ഥവും സ്വാതന്ത്ര്യവും തിരുവാലിപ്പുഴകടന്ന് മലകയറി;ഒപ്പം മനസ്സിലും.മനോഹരമായ കഥ. 

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...