Thursday, October 22, 2020

നായകനും നായികയും - സുസ്മേഷ് ചന്ത്രോത്ത്

  അപരിചിത ദേശങ്ങളിൽ എത്തിപ്പെടുബോൾ മനുഷ്യർക്കെല്ലാം പൊതുവിൽ ബാധിക്കാറുള്ള ഒരു അമ്പരപ്പില്ലേ!...അതുപോലെ ഒന്നായിരുന്നു സുസ്മേഷ് ചന്ത്രോത്തിൻ്റെ ‘’നായകനും നായികയും’’ വായിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം. കടലോരത്തുനിന്ന് ഹൈറേഞ്ചിലെ മലകളിലേക്ക് അപ്പനും അമ്മയ്ക്കുമൊപ്പം കുടിയേറിയ  മനുഷ്യനാണ് തോമ. അതേവിധം കുന്നുകയറിയ മറ്റൊരു കുടുംബത്തിലെ യുവതിയായ ഒറോതയെ മിന്നുകെട്ടി ഭാര്യയാക്കി. അതിപ്പോൾ മുപ്പത്തിനാല് വർഷങ്ങൾക്ക് പിറകിലായ്. മൂടൽ മഞ്ഞിൻ്റെ പുതപ്പിൻകീഴിൽ മലകളുടെ അടിവാരത്തിൽ, ചെമ്പേരിയിൽ ഒറോത സ്നേഹവും ത്യാഗവുമായിരുന്നു. അവൾ ദുഃഖമായിരുന്നു,കരുതായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറിലൂടെ ഒഴുകിവന്ന '' കാക്കനാടിൻ്റെ '' ഒറോതയെ ഞാൻ അറിയാതെ ഓർത്തുപോയി. ചിലപ്പോൾ തോമയുടെ ഭാര്യ ഒറോതയും ഇവൾതന്നെയായിരിക്കാം.

  പത്തുകമ്പി ഗ്രമാക്കവലയിൽ നിന്നാരംഭിക്കുന്ന നോവൽ ചെറുതല്ലാത്ത വിധത്തിൽ ഭയപ്പെടുത്തുകയും വായനക്കാരെ ഒരു കൈയ്യടക്കം പോലെ നോവലിലേക്ക് ഇഴചേർക്കുകയും ചെയ്യുന്നു. ഉയരങ്ങളുടെ അഹങ്കാരിയായ നത്തുപാറയിൽ തോമയ്ക്ക് വയസ്സ് അൻപത്തിയഞ്ച്. വലത്തേ നെഞ്ചിലേക്ക് തോക്കിൻ്റെ പാത്തിയമർത്തി നീണ്ട ഇരട്ട കുഴലിൻ്റെ അറ്റത്ത് തിമിരത്തിൻ്റെ വലയം വീണ കണ്ണടച്ച് കാഞ്ചിവലിച്ചാൽ!...ഉന്നം കിറുകൃത്യം. നത്തുപാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന തോമയ്ക്ക് കൂട്ട് മരിച്ചുപോയ പെണ്മക്കളുടെ  പ്രേതങ്ങളാണ്.അതിൽ നാടുവിലത്തെ മകളായ സൂസിയുമായ് അരുതാത്ത ബന്ധം ഇപ്പോഴും വെച്ചുപോകുന്നുണ്ടെന്ന കരക്കമ്പിയും നോവലിൽ കാണാം. ഒരിക്കൽ ഒരു ഹൃദയ സ്‌തംഭനത്തോടെ ഒറോത മരിച്ചു. ഒറോതയുടെ തണുത്ത ശരീരത്തിൽ കൈവെച്ച് തോമ നത്തുപാറ കുലുങ്ങുന്ന ഒച്ചയിൽ നിലവിളിച്ചു. പിന്നീട് ദുരന്തങ്ങൾ ഒന്നൊന്നായി തോമയെ തേടിയെത്തി. മൂത്തമകൾ ലില്ലി ഭർതൃ ഗൃഹത്തിൽ വെച്ച് കിണറ്റിൽ ചാടി മരിച്ചു. വിഷാദരോഗമായിരുന്നു എന്ന് വിദഗ്‌ദ്ധർ വിധിയെഴുതി. അത് പിന്നീട് നാലുമക്കളിലേക്കും പടർന്നു. ഓരോ കൊല്ലത്തെ ഇടവേളയിൽ തോമ തീർത്തും ഒറ്റപ്പെട്ടു...

  ആ ഏകാന്തതയുടെ അലച്ചിലിൽ ഏതോ പള്ളിമുറ്റത്തുവെച്ച് രാമകൃഷ്ണനെ പരിചയപ്പെരുന്നു.തുടർന്ന് ഗാർഗിയും കണ്ണിചേരുന്നു. എവിടെയെങ്കിലും ഇരുന്ന് സ്വസ്ഥമായ് വരയ്ക്കുക. വരച്ച ചിത്രങ്ങളൊക്കെയും എക്സിബിഷനിൽ വെച്ച്  വിൽക്കുക. ഈ ഉദ്ദേശത്തോടെയാണ് ഇവർ തോമയുടെ നത്ത്പാറയിലെ വീട്ടിലേക്ക് എത്തുന്നത്. ഉയരം ഒരു തണുപ്പുപോലെയാണ് അവരെ സ്വീകരിച്ചത്. അവിടുന്ന് നോവൽ ഗാർഗിയുടെ സഹോദരി ഗാഥയിലേക്കും നീണ്ടുപോകുന്നു. പിന്നീട് നാം ഇതിൽ വായിച്ചറിഞ്ഞ സത്യങ്ങളൊക്കെയും മറച്ചുവെക്കാനുള്ള വ്യഗ്രത നമ്മിൽ ഉയരും. അരിപ്പൂക്കൾ വിരിഞ്ഞുകിടക്കുന്ന താഴ്വരകൾക്ക് നിലവിളികൾ സർഗാത്മകത നൽകും. അതേ വിഷാദം നമ്മിൽ അരിച്ചിറങ്ങും. മദ്യത്തിനും കഞ്ചാവിനും മരണത്തിൻറെ ചോദ്യത്തിന് ഉത്തരമെഴുതാനാവില്ലെന്ന തോമയുടെ കണ്ടെത്തൽ നമുക്കും ശരിയായ് തോന്നും. പാറകൾ അടിത്തട്ട് ഒരുക്കിയിരിക്കുന്നതിനാൽ നത്തുപറയിൽ കിണറുകൾ ഇല്ലായിരുന്നു. തോമയെപ്പോലെ അപൂർവം ചിലർക്കേ അവിടെ ജീവിക്കാനൊക്കൂ...

    ഒരു നൂഴിലപോലും വിട്ടുപോകാത്ത ഓർമ്മകളിൽ പതർച്ചയില്ലാതെ ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ തോമ ആർക്കോ വേണ്ടി സ്തുതി ചൊല്ലി...'' മരിച്ച് അങ്ങയിലേക്ക് വന്നുചേരുന്ന ആത്മാവിന് നിത്യശാന്തി കൊടുക്കേണമേ!...''

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...