Tuesday, October 20, 2020

ഒറ്റക്കല്ല് - കെ. രേഖ

 മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒക്‌ടോബർ 11-ൽ  വന്ന '' യിജുവിൻ്റെ സ്വന്തം ആഷു '' എന്ന ഒരു ലേഖനം വായിച്ചു. അന്നുമുതൽ മനസ്സ് കാറ്റുകൊണ്ടുപോകുന്ന പായക്കപ്പൽ പോലെ ആയിരുന്നു. കപ്പലിൻറെ അടിത്തട്ടുനിറയെ സ്വർണക്കട്ടികളും ആരെയും മയക്കുന്ന അത്തറുനിറച്ച ഭരണിയുമായിരുന്നെങ്കിൽ മനസ്സുനിറയെ യിജുവിൻറെയും ആഷുവിൻറെയും പ്രണയമായിരുന്നു. ജൂതവ്യാപാരിയും ട്യുണീഷ്യയിൽ  ആൽമഹ്‌ദിയായിൽ പായക്കപ്പലുകൾ സ്വന്തമായുണ്ടായിരുന്ന, അതിധനികനും, വ്യാപാരിയും മനോഹരമായ കൈപ്പടയാൽ കവിതകൾ എഴുതിയിരുന്ന യിജുവും കണ്ണൂരുകാരിയായ അടിമ സുന്ദരിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. 888 -വർഷം ആരും അറിയാതെ കിടന്ന ഈ പ്രണയ കഥ വായനക്കാരിലേക്ക് എത്തിക്കുന്നത് സി.കെ.റിംജു ആണ്. അടിമയിൽ നിന്ന് കാമുകിയിലേക്കും കാമുകിയിൽനിന്ന് ഭാര്യയിലേക്കുമുള്ള പ്രണയ വ്യാപാരം ചരിത്രത്താളുകളിൽ നിന്ന് സാഹിത്യത്തിലേക്ക് പകർന്നത് കെ.രേഖ ആണ്.

പ്രണയത്തിൻറെ മറുപുറം ഇതിൽ വിരഹമാണ്. 17 -വർഷത്തെ സുന്ദരജീവിതത്തിനു ശേഷം യിജു ട്യൂണീഷ്യയിലേക്ക് മടങ്ങുകയും ആഷുവിൻറെ കാത്തിരിപ്പിൻ്റെ കാലം തുടങ്ങുകയും ചെയ്യുന്നു.അതിനുശേഷമുള്ള ആഷുവിൻറെ ജീവിതമാണ് കെ.രേഖ '' ഒറ്റക്കല്ല് '' ലൂടെ പറഞ്ഞുവെയ്ക്കുന്നത് ( ഒക്ടോബർ 18 ). അവൾ,ആഷു മഞ്ഞൾ നെടുകെ മുറിച്ചുവെച്ചപോലെ , എന്തൊരുകാന്തിയാണ്... അവളെ സ്പർശിക്കുന്ന പുരുഷൻ ഏറ്റവും യോഗ്യതയുള്ളവനായിക്കണമെന്ന സ്വർഗത്തിൻ്റെ തീരുമാനം ഒന്നുകൊണ്ടുമാത്രമാണ് കടൽ കടന്ന് കാറ്റ് അവളുടെ പുരുഷൻ യിജുവിനെ പായക്കപ്പലിൽ കടൽകൊള്ളക്കാർക്ക് പിടികൊടുക്കാതെ മംഗളാദേവിപുരത്ത് കൊണ്ടുചെന്നെത്തിച്ചത്. ലോകം അറിയണം ഇങ്ങനെ രണ്ടുപേർ ലോകത്തിൻ്റെ കടുംപിടുത്തങ്ങൾക്ക് പിടികൊടുക്കാതെ ജീവിച്ചിരുന്നെന്ന്,പ്രണയിച്ചിരുന്നെന്ന്..ഹൃദയത്തിൽ നിന്നെടുത്ത നൂൽകൊണ്ടാണ് അവർ അവരുടെ പ്രണയം നെയ്തെടുത്തത്. ആ പ്രണയ നഷ്ടത്തിനുശേഷം ആഷു മുന്നേറിയില്ല. അവളുടെ പ്രതിമകൾക്കെല്ലാം ഒരേ മുഖം മാത്രമായ്. അടിമയെ സ്വന്തമാക്കുന്ന,പ്രണയിനിയാക്കുന്ന ഉള്ളടക്കമുള്ള ഈ കഥ വരാനിരിക്കുന്ന പ്രണയ കഥകളുമായ് മാറ്റുരക്കട്ടെ. ആ തീപ്പൊരിയിൽ പ്രണയത്തിൻറെ പനിനീർപ്പൂവ് വിരിയട്ടെ...മനോഹരമായ പ്രണയ കഥ 

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...