പ്രണയത്തിൻ്റെ കല്ലറ തേടിയുള്ള ഒരു യാത്രയാണ് ഫർസാന അലിയുടെ ഒരു ചൈനീസ് തെരുവ് എന്ന കഥ.വാർദ്ധഖ്യത്തിലും പ്രണയംപൂത്ത് മേപ്പിൻ മരത്തിൻ്റെ തണൽ പറ്റി നിൽക്കുന്ന ധാരാളം പേരെ നമുക്ക് ഇതിൽ കാണാൻ സാധിക്കും. ഒപ്പം സ്വപനം പുലരാൻ പോകുന്ന ഒരു സായാഹ്നത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് പള്ളിസെമിത്തേരിയിൽ ഏകനായ് ഉറങ്ങുന്ന ജിയാ ലിങ് നെയും.
ഇതുവായിക്കുന്ന ഏതൊരു വായനക്കാരനും ആ പള്ളി സെമിത്തേരിതേടി പോകും.ജിയാ ലിങ് - ചെങ് ഷിയുമായ ഏറെത്തവണ കൈ കോർത്തുപിടിച്ചുനടന്ന അതേ പാതയിലൂടെ. ഇളം വെയിലിൽ.ഇലകൾ പൊഴിച്ച് പേഴ്‌സി മൺ മരങ്ങൾക്കിടയിലൂടെ നേർത്ത് തണുപ്പ് ചുമന്ന് എങ്ങുനിന്നോ എത്തുന്ന ഇളം കാറ്റ് നടത്തത്തിന് ആശ്വാസം പകരുന്നുണ്ട്. ഒരൽപ്പം കൂടിനടന്നാൽ പള്ളി സെമിത്തേരിയായി.വഴിയുടെ ഇരുവശത്തും പൂക്കൾ വിൽക്കുന്നവരുടെ നീണ്ട നിര.
കഴിഞ്ഞ ഒരു ശൈത്യത്തിൽ ആണ് ജിയാ ലിങ്നെ ചെങ് ഷി കണ്ടുമുട്ടുന്നത്.കൊടുംതണുപ്പിൽ കട്ടിയുള്ള തുകൽ കാലുറകളും രോമക്കുപ്പായവും ചെവിയടക്കം മൂടുന്ന കമ്പിളി കുപ്പായം ധരിച്ചരുന്നു ജിയാ ലിങ്. എത്രയോ തവണ ഹൃദയം പാതിപൊതിഞ്ഞു ആ ശൈത്യത്തിൽ അവർ നടന്നിട്ടുണ്ട്.ചെങ് ഷി,അവൾ മദ്യശാലയിലെ ഗിത്താറിസ്റ്റ് ആണ്.വറ്റിയ ഹൃദയത്തിലേക്ക് മദ്യം നിറയ്ക്കുമ്പോൾ ആയാസം കുറക്കുന്നത് അവളുടെ ഗിത്താറായിരുന്നു.അപ്പോഴാണ് മദ്യശാലയുടെ ഇടത്തെ മൂലയിൽ കറുപ്പും വെള്ളയും കരുക്കൾ നീക്കി, കയ്യിൽ ബീർ നുണഞ്ഞിരിക്കുന്ന ജിയാ ലിങ്നെ കാണുന്നത്.അയാൾ ചെങ് ഷി യുടെ തുറിച്ച മിഴികളെ തേടുന്നുണ്ടായിരുന്നു. ഇടക്ക് അവളിലേക്ക് എത്തുന്ന പതിഞ്ഞ പുഞ്ചിരി അവൾ ചൂട് പകർന്നു. ചാറ്റൽ മഴപോലെ പെയ്യുന്ന ഓർമ്മയിൽ തെക്കൻ പ്രവിശ്യയിലെ ഏതോ നദിയിൽ വീണുമരിച്ച ചെങ് ഷിയുടെ ഭർത്താവിൻ്റെ ഓർമ്മകളും ഉണ്ടായിരുന്നു.
ഇടമുറിയാതെ ഒഴുകുന്ന ജിയാ ലിങ്നോടുള്ള ചെങ് ഷിയുടെ പ്രണയം തിരക്കേറിയ വീഥികളിൽ പലപ്പോഴായി ഇലപൊഴിക്കുന്ന പെഴ്‌സി മൺ മരത്തെപ്പോലെയായിരുന്നു.എട്ടുമാസം മുൻപുള്ള വേനൽച്ചൂടിൽ കാത്തിരിപ്പിൻ്റെ ദൂരം അവർ അവസാനിപ്പിക്കുന്നു. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ശ്രവിച്ച് മരിച്ചവരുമായ് സംസാരിക്കുന്ന;അതിൽ പഠനം നടത്തുന്ന ഡോ.ജിയാ ലിങ്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ചെങ് ഷി പറയുന്നു. ശൈത്യത്തിൽ ഇവരുടെ പ്രണയത്തെ പിന്തുടർന്നുവന്ന മരണം ജിയാ ലിങ്നെ കൊണ്ടുപോകുന്നു;ചതുരംഗത്തിൽ കരുക്കൾ വെട്ടിമാറ്റുന്നപോലെ...
ആരൊക്കെയോ പൂക്കളുമായി സെമിത്തേരിയിലേക്ക് പോകുന്നുണ്ട്.ജീവിക്കുന്നവരേക്കാൾ മരിച്ചവരാണ് കൂടുതൽ. കനത്ത ഇരുട്ട് പരക്കുന്നതായ് തോന്നുന്നു...മുട്ടുകുത്തി..ആ കല്ലറയ്ക്കുമുകളിൽ പൊടിപിടിച്ച ഒരു ഗിത്താർ ഇരിക്കുന്നത് ഞാൻ കണ്ടു.പ്രണയം സിരകളിലേക്ക് അരിച്ചുകയറി.തെരുവിലെ ഏതെങ്കിലും ഒരു മദ്യശാലയുടെ വട്ടമേശ ലക്ഷ്യമാക്കി ഞാൻ നടന്നു.അൽപ്പ സമയം ബാക്കിയുണ്ട്.