പ്രപഞ്ചത്തിലെ സമസ്ത രതിബോധങ്ങളും വാക്കുകളിലേക്ക് നുഴഞ്ഞിറങ്ങിക്കിടക്കുന്ന ഈ നോവൽപോലെ മറ്റൊരു നോവലും മുകുന്ദൻ എഴുതിയിട്ടുണ്ടാകില്ല. അത് ഉൾക്കൊള്ളുന്ന പദതാളം വായനയിൽ ചിത്ര പ്രതീതി സൃഷ്ടിക്കുന്നുണ്ട്.
അപരിചിതത്വം പടർന്നു കഴിഞ്ഞ ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന അന്യതാബോധത്തിന്റെ ആഴം എത്രയെന്ന് ഇത് വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. അത്രകണ്ട് പരിചിതമായ മനുഷ്യരെയാണ് എം മുകുന്ദൻ തന്റെ കഥകളിൽ അടയാളപ്പെടുത്തുന്നത്. അത്തരം എഴുത്തുകളൊക്കെയും ആധുനിക എഴുത്തുകളുടെ പ്രതിരൂപങ്ങളാണ്. എല്ലാം നഷ്ട്ടപെട്ട മനുഷ്യരെ ഇത്രയും തീവ്രമായും ധീർഘമായും അടയാളപ്പെടുത്തിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. അത്തരത്തിൽ കാലത്തിനൊപ്പം തന്റെ എഴുത്തും എം മുകുന്ദൻ നവീകരിച്ചു പോരുന്നു. ആ നവീകരണം ചെറുതല്ലാത്ത നിഷേധത്തിന്റെ ഭാവത്തിലും - വ്യഥയിലും ചേർന്ന് പോകുന്നു. ഇതിന്റെ അവസാനം സത്രം കാണാൻ ഇറങ്ങുന്ന നന്ദിനിയോട് നിനക്കെന്റെ യഥാർത്ഥ പേരറിയേണ്ടെ? - എന്ന് മൻസൂർ ചോദിക്കുന്നുണ്ട്. അവൾ അപ്പോൾ നിഷേധാർത്ഥത്തിൽ തലകുലുക്കി. നീ ദിനേഷ് ആകാം ഭാസ്ക്കറോ മൻസൂറോ ആകാം അല്ലെങ്കിൽ രവി ആകാം. ഞാൻ ഇനിയും നിന്നെ തിരയില്ല. നിനക്ക് പേരുകൾ മാറ്റുവാൻ കഴിയും വസ്ത്രങ്ങളും പാർപ്പിടങ്ങളും മാറ്റുവാൻ കഴിയും. മതവും തൊഴിലും മാറ്റുവാൻ കഴിയും. പക്ഷെ നിനക്ക് മാറ്റുവാൻ കഴിയാത്തതായി ചിലതെല്ലാം നിന്നിലുണ്ട്. നിന്റെ കിളിരമുള്ള ഈ ശരീരം. നിന്റെ നീണ്ട ഈ കൈ കാലുകൾ. ശക്തമായ ചുമലുകൾ. പരുഷമായ ശബ്ദം. ഇതെല്ലാമാണ് എനിക്ക് നീയിനി... നിന്നിൽ മാറാത്തതായി ഇനി എന്തുണ്ടോ, അതാണ് എനിക്ക് നീ ഇനി..!
തുടർന്ന് നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. അവൾ പറഞ്ഞു വരൂ... നമുക്ക് ഈ കൃഷ്ണ ശിലയിൽ ശയിക്കാം. ജീവജാലങ്ങളുടെ അനസ്യൂത ചൈതന്യമായ വെയിലിൽ അടിവയറ്റിന്റെ വെണ്മ തെളിഞ്ഞു. രാവിന്റെ അമാവാസിയിൽ പൊട്ടുമാഞ്ഞ നെറ്റിയിൽ വിയർപ്പ് കിനിയുന്നു. പുതു മഴയുടെ സുഗന്ധമുയരുന്ന രജസ്വലയായ മണ്ണിൽ നീണ്ട തലമുടി പാറിവീണു പറന്നുകിടക്കുന്നു. സന്ധ്യയുടെ തളർച്ചയിൽ അരിപ്പല്ലുകൾ കാണിച്ചുകൊണ്ട് രണ്ട് അല്ലിച്ചുണ്ടുകൾ പിളർന്നുകിടക്കുന്നു. പ്രഭാതങ്ങളുടെ ശാന്തിയിൽ രോമാവൃതമായ കനത്ത ചുമലുകൾ കോളടങ്ങിയ കടൽ പോലെ ശാന്തമാകുന്നു. കൃഷ്ണ ശിലയിൽ വിശ്രമിക്കുന്ന രണ്ടുവെളുത്ത കൊച്ചു പാദങ്ങൾക്കു മുകളിലൂടെ സൂര്യനും - ചന്ദ്രനും - മഴക്കാറുകളും നീങ്ങുന്നു. ഋതുക്കൾ വരുകയും പോകുകയും ചെയ്യുന്നു.
തിരക്കുകൾക്കിടയിൽ നടന്ന് സ്വയം നഷ്ടപ്പെട്ടുപോയ മനുഷ്യർക്ക് ഇതൊരു അനിവാര്യമായ വായനയാണ്.
No comments:
Post a Comment