കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം അതിന്റെ എല്ലാ സങ്കീർണതകളോടും കൂടി ഈ ലേഖനത്തിൽ വെളിവാക്കുന്നുണ്ട്. രാഷ്ട്രീയ ചിന്തകൾക്കും രാഷ്ട്രീയ രചനകൾക്കും പുതിയ മാനം നൽകിയ രചനകളാണ് ഇതിൽ കൂടുതലും. ചിതറിക്കിടന്ന ഈ ലേഖനങ്ങളെ വർഗീകരിച്ച് ഒരു ലേഖന സമാഹാരമാക്കിയത് പി കെ രാജശേഖനരാണ്.
ഈ സമാഹാരത്തിന്റെ തുടക്കത്തിൽ (2005 എഡിഷൻ )ഒ വി വിജയന്റെ കൈയ്യെഴുത്തിന്റെ ഒരു പകർപ്പ് കാണാൻ സാധിക്കും. പുരസ്‌ക്കാരങ്ങൾ ഇഷ്ട്ടപ്പെടുന്ന ഒരു സാധാരണ എഴുത്തുകാരനാണ് താനെന്നും എന്നാൽ അത് മത്സരത്തിനോ സ്വയം നിഷ്കർഷിച്ചിട്ടുള്ള ആത്മ പ്രശംസയിലോ ചെന്നെത്തരുതെന്ന ഒരു ശരാശരി ബോധ്യം അദ്ദേഹം നിലനിർത്തുന്നുണ്ട്. ആനിലക്ക് അധികാര രൂപികളിലേക്ക് പടർന്നു കയറുന്ന എഴുത്ത് ഇന്ദ്രപ്രസ്ഥം (1985), സന്ദേഹിയുടെ സംവാദം (1988),ഘോഷയാത്രയിൽ തനിയെ (1987),ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ(1987),കുറിപ്പുകൾ (1988),വർഗ സമര സ്വത്വം(1988),ഹൈന്ദവനും അതി ഹൈന്ദവനും(1998), അന്ധനും അകലങ്ങൾ കാണുന്നവനും(2001) തുടങ്ങിയ ലേഖനങ്ങളിൽ കാണാൻ സാധിക്കും.
രാഷ്ട്രീയ ചിന്തയ്ക്ക് പുതിയ ഭാഷ നൽകിയ വിജയൻ ഒഴിവാക്കാനാകാത്ത സമകാലികത്വത്തെ അതിന്റെ ക്ഷണികതയിൽ നിന്ന് മോചിപ്പിച്ച് ഗൗരവമുള്ള ചരിത്ര വിചാരത്തിലേക്ക് വിപുലീകരിക്കുന്നു. അത് ഒരു പത്ര പ്രവർത്തന മികവിന്റ സൂഷ്മതയിൽ നിന്നതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഏത് ധർമ്മ പ്രശ്നവും അധികാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാകുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും ഉടയാടകൾക്കുള്ളിൽ അധികാരത്തിന്റെ സാന്നിധ്യമുണ്ട്. തന്റെ കൃതികളിലൊക്കെയും ഒ വി വിജയൻ അത് ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഇന്ദ്രപ്രസ്ഥം പോലുള്ള പംക്തി അതിന് ഒരു ഉദാഹരണമാണ് . ഒരു കുറിപ്പിൽ ഒ വി വിജയൻ ഇങ്ങനെ എഴുതുന്നുണ്ട് - പറയണം എന്നാൽ പറഞ്ഞുകൂട; ആക്രമണത്തേയും ഗോത്ര സങ്കരത്തെയും പറ്റി, വാൾമുന ചൂണ്ടി മതം മാറ്റുന്നതിനെപ്പറ്റി,കുടിയേറ്റക്കാരനായ ബാബറിനെ പറ്റി, കുടിയേറ്റ സാമ്രാജ്യത്തിലെ മാനഹാനിയെപ്പറ്റി, ജെസിയായെപ്പറ്റി,നമ്മുടെ വിമോചന യുദ്ധത്തിലെ പന്നിയുടെയും പശുവിന്റെയും കൊഴുപ്പുകളെപ്പറ്റി, സെറ്റാനിക്ക് വേഴ്‌സസിനെ പറ്റി, രാമ റീട്ടോൾസിനെപ്പറ്റി...
ആനുകാലിക പത്ര പംക്തി ലേഖനങ്ങളാണ് ഇവ എന്നുള്ളതുകൊണ്ട് അവ പൂർണ്ണമായും മനസ്സിലാക്കാൻ അക്കാലത്തെ ചരിത്രത്തോളം പോകേണ്ടി വരും വായനക്കാർക്ക്. എന്നാൽ അതിന്റെ നൈതികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതുകൊണ്ട് അതിന്റെ ധാരണക്കുറവ് ഒരു പരിധിവരെ മറികടക്കാൻ വായനക്കാർക്ക് കഴിയുന്നുണ്ട്. അത്തരത്തിൽ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം (1975-2005) ഇതിൽ വളരെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ഈ നീണ്ട വർഷങ്ങളിലെ നമ്മുടെ പൊതുബോധം രാഷ്ട്രീയ ചിന്തകളുടെ വിശകലന സൂഷ്മതയിൽ അതിന്റെ പൊയ്മുഖം അഴിഞ്ഞു വിലക്ഷണമായ കാരിക്കേച്ചറുകളായ് മാറ്റുന്നുണ്ട്.
സ്വാതന്ത്രാനന്തര ഭാരതത്തിലെ രാഷ്ട്രീയത്തിന്റെ ശുദ്ധികളും മാലിന്യങ്ങളും അപഹാസ്യതകളും ദുഷ്ട്ടതകളും വിചാരണ ചെയ്യപ്പെടുന്ന സൗമ്യമായ ഒരു തർക്ക സദസ്സാണ് ഈ പുസ്തകം;ഉള്ളിലോ വിധ്വംസകവും........
No comments:
Post a Comment