തീഷ്ണതയുള്ള ലാറ്റിനമേരിക്കൻ എഴുത്തുകാരുടെ ഒരു നീണ്ട നിരയിൽ നിന്നും ഒരാൾകൂടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്; അതെ, യോസ തന്നെ. യോസ നമുക്ക് കാണാനാകുന്ന ദൂരത്ത് നിന്ന് യാത്ര പറഞ്ഞുപോയി. അൻപത് വർഷത്തിലേറെ നീണ്ട ആ എഴുത്ത് ജീവിതം താരതമ്യേനെ പ്രക്ഷുബ്ധമായിരുന്നു. യോസ ഒരേ സമയം മൂർച്ചയുള്ള വാക്കുക്കൊണ്ട് എതിർക്കുകയും അതേസമയം ഐക്യപെടുകയും ചെയ്തിരുന്നു. അത് അത്രതന്നെ അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണെന്ന് നമുക്ക് കാണാൻ സാധിക്കും.
എഴുത്തിൽ അടിമുടി ഒരു രാഷ്ട്രീയം
തീർത്ത് മുന്നേറിയെങ്കിലും രാഷ്ട്രീയമല്ലാത്ത എഴുത്തുകളും അതേ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്. എഴുത്തിൽ അടിമുടി പെറുവിയൻ രാഷ്ട്രീയവും സംസ്ക്കാരവും സ്ത്രീപക്ഷ സമീപനവും കൊണ്ടുവന്നത് നമുക്ക് കാണാനാകുമായിരുന്നു. അത്തരത്തിൽ പെറുവിയൻ ഗോത്ര സംസ്ക്കാരവും അത്രതന്നെ ഉൾപ്പരപ്പോടെ യോസ ' ദ സ്റ്റോറി ടെല്ലർ ' എന്ന നോവലിൽ ആഖ്യാനം ചെയ്യുന്നു. സമകാലിക സാഹിത്യ വായനകളില്‍ നിന്നു മാറി നടന്ന് ചരിത്രത്തെയും ചരിത്രാഖ്യായികളായ പഴയ സാഹിത്യത്തെയും തന്‍റെ വായനയില്‍ ഒപ്പം കൂട്ടുന്ന യോസയെ ഒരു അഭിമുഖത്തില്‍ കാണുന്നുണ്ട്. അവിടുന്നിങ്ങോട്ടുള്ള തുടർച്ച നാം സങ്കൽപ്പിക്കുന്നതിനും അപ്പുറമായിരുന്നു. തൻ്റെ പതിനാലാം വയസിൽ തുടങ്ങി രണ്ടുവർഷം കൊണ്ടവസാനിച്ച പട്ടാള ജീവിതത്തിൻ്റെ തുടർച്ചയായിരുന്നു " ദ ടൈം ഓഫ് ദ ഹീറോ". പട്ടാള ജീവിതം നിറഞ്ഞ ആ നോവലിൽ പലതും അന്നത്തെ സർക്കാർ കത്തിച്ചു കളഞ്ഞു. അദ്ദേഹം കോറിയിട്ട തെക്കേ അമേരിക്കയുടെ ജീവിത യാഥാർഥ്യങ്ങൾ വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിച്ച് 2010-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.മറ്റെഴുത്തുകാരിൽ നിന്ന് യോസ വ്യത്യസ്തമായി തിരഞ്ഞെടുത്ത ഒരു പ്രവർത്തി മണ്ഡലം സാംസ്ക്കാരിക വിമർശനമാണ്. രാഷ്ട്രീയ അഴിമതികളെപ്പറ്റി യോസ നിരന്തരം എഴുതി. ലോക ക്ലാസിക് സാഹിത്യകൃതികളെ വിശദീകരിക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത മറ്റൊരു കർമമണ്ഡലം. പ്രൂസ്‌ത്, മെൽവിൽ, സെർവാന്റസ് തുടങ്ങിയവ ഉദാഹരണം. അദ്ദേഹത്തിൻ്റെ പ്രബന്ധം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ'എന്ന നോവലിനെക്കുറിച്ചായിരുന്നു. നോവലിസ്റ്റ് പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച യോസ മൂന്ന് നാടകങ്ങൾ കൂടി രചിച്ച് തനിക്ക് അതും വഴങ്ങുമെന്ന് തെളിയിച്ചു. യോസയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വായനയിൽ നിന്ന് മാത്രം കണ്ട അനേകായിരം വായനക്കാരെ ഒരു തുരുത്തിൽ ഉപേക്ഷിച്ച് യോസ കടന്നുപോയി...
No comments:
Post a Comment