മായാതെ നിലനിൽക്കുന്ന ഒരു രാത്രിയുടെ ഓർമ്മയിൽ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ "തപോമയിയുടെ അച്ഛൻ". മനുഷ്യർക്കിടയിൽ വേരുകൾ ഉറപ്പിക്കാനാവാത്ത സ്നേഹത്തിൻ്റെ അഭയർത്തിയാണയാൾ.
പോയവർഷത്തിൻ്റെ അവസാനം ഒരു ക്രിസ്മസിന് - ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പുതുവത്സരം നേർന്നുകൊണ്ട് ഒരു ആശംസ കാർഡ് ലഭിക്കുന്നത്. അതായത് ഒരു മൂന്ന് വാക്കുകൾ മാത്രമുള്ള ഒരു സന്ദേശം. അതും V എന്ന അക്ഷരത്തോട് ഒരു സാംഗത്യം ഉള്ളത്; ഒരു രഹസ്യ ലിപി. ഇനിയും വായിക്കപ്പെടാനാവാത്ത ഒരാദിമലിപിസഞ്ചയം പോലെ അത് വായനക്കാരെ അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ ജൻമദീർഘമായ സ്നേഹത്തിൻ്റെ വേരുകൾ പോലെ, മനുഷ്യ ജീവിതം വായിക്കപ്പെടനാവാത്ത തരത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്നു.
ഈ നോവൽ ആരംഭിക്കുന്നത് (21 ം മത്തെ പേജ് മുതൽ ആണ് ) തപോമയി മറന്നുവച്ച അയാളുടെ അച്ഛൻ്റെ ഒരു മരുന്ന് കുറിപ്പടിയിൽ നിന്നാണ്. ആ കുറിപ്പടിയിൽ എഴുതിയ രഹസ്യവാക്യം ഇഴപിരിക്കാനുള്ള ശ്രമവും തപോമായിയുടെ അച്ഛൻ പറയാൻ മടിച്ച അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ നിഗൂഢതകളും ആണ് ഈ നോവലിൻ്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനെതിരെ രഹസ്യങ്ങൾ കൈമാറി യുദ്ധം ചെയ്യാൻ ആദിവാസികളുടെ നോവാഹോ ഭാഷയാണ് ഉപയോഗിച്ചത്. പദപ്രശ്നങ്ങൾ എന്ന ഹ്രസ്വ സൂചനകളുടെ ഭാഷയും അവയുടെ സവിശേഷതയും അവ പൂരിപ്പിക്കാനുള്ള കഴിവുമാണ് സന്താനം സാറിന് ഗോപാൽ ബറുവയെ ഇഷ്ടപ്പെടാൻ ഇടയാക്കിയത്.
തപോമയിയും അയാൾക്ക് ചുറ്റും അഭയാർത്ഥികൾ ആക്കപ്പെട്ട മനുഷ്യരും അവർക്ക് വേണ്ടി പണികഴിപ്പിച്ച; നിരനിരയായി നിൽക്കുന്ന ഒറ്റമുറി വീടുകൾ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുടെ നിസ്സഹായതയുടെ ചിത്രമാണ് കാണിക്കുന്നത്. ഓരോ മുറികൾക്കുള്ളിലും പ്രേതങ്ങളെപോലെ കുറേ മനുഷ്യർ. അവർക്കിടയിൽ മത വിശ്വാസങ്ങളോ ഭാഷയോ ഒന്നുംതന്നെ ഒരു വേർതിരിവും സൃഷ്ടിക്കുന്നില്ല. ഇടക്കിടക്ക് മേൽവിലാസം ഇല്ലാത്തവർ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഏതുനിമിഷവും നമ്മൾ ആക്രമിക്കപ്പെടാമെന്ന അരക്ഷിതാവസ്ഥ അവർക്കിടയിൽ നിലനിന്നിരുന്നു. രേഖകൾ ഇല്ലാത്തവർ പലരും രാത്രിയിൽ ഒരു തോണിയിൽ നദി കടന്ന് ബാഗ്ലാദേശിലേക്ക് പോയി. അവരിൽ പലരും വഴിയിൽ പിടിക്കപ്പെട്ട് ക്യാമ്പുകളിൽ ആയി. എല്ലാ അതിർത്തികളിലും സുരക്ഷാകണ്ണുകൾ തുറന്നിരുന്നു. പടിഞ്ഞാറൻ ബാഗ്ലാദേശിൻ്റെ അതിർത്തി പട്ടണമായ ബേനാപ്പോൾ വഴി ദെല്ലാളൂകൾ ലക്ഷകണക്കിന് പേരെ കടത്തിക്കൊണ്ടു പോകുന്നുണ്ടായിരുന്നു. വെളിച്ചം വീഴുമ്പോൾ മാത്രം അത് നിർത്തിവയ്ക്കും. പലർക്കും നിരാശ ബാധിച്ചതായി കാണാൻ സാധിക്കും - ഗോപാൽ ബറുവ വിഷമമുള്ള സമസ്യകൾ പൂരിപ്പിക്കാൻ ശ്രമിക്കുമ്പോളെന്നപോലെ.
ശൂന്യതയിലേക്ക് കൂപ്പ് കുത്തിയ ജീവിതത്തിന് അർഥമില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു വരാനിരുന്നത്. ഒഖ്ലയിലെ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തം എല്ലാം നശിപ്പിച്ചുകളഞ്ഞു. ആരോ കത്തിച്ചവാനാണ് സാധ്യതയെന്ന് ജഹാൻ ഊഹിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ പെട്രോളിൻ്റെ ഗന്ധം ഉണ്ടായിരുന്നു. കുറേ പേരുടെ കൈകളിൽ പേരിനുമാത്രം ഉണ്ടായിരുന്ന പല രേഖകളും കത്തി നശിച്ചുപോയി. തപോമയി പർവീണയുടെ കാര്യം പറയുന്നുണ്ട്. തുകൽ പണിയെടുത്ത് അവൾ ഉണ്ടാക്കിയ നാലായിരം രൂപ കത്തി നശിച്ചുപോയി. എല്ലരേഖകളും നഷ്ടപ്പെട്ട് ശൂന്യ മനുഷ്യരായി അവർ മാറി. ചിലപ്പോൾ അതും ഒരു ഭാഗ്യമാണ്... ഒന്നും സൂക്ഷിക്കേണ്ട എന്നതു തന്നെ വലിയ സ്വാതന്ത്ര്യമാണ്..!
പലപ്പോഴും വായനയിൽ അനുഭവിക്കുന്ന ഏകാന്തത ചിലപ്പോഴൊക്കെ വലിയ ഉത്തരങ്ങളായിരുന്നു. ജീവിതം എന്നത് ഒരു നീണ്ട രോഗാവസ്ഥയാണ്. ആ അസുഖത്തിന് ഒരു പരിഹാര മാർഗ്ഗം മാത്രമേ ഉള്ളു, മരണം. മരണം കൊണ്ട് സർവ്വ രോഗങ്ങളും ശമിക്കുന്നു. അതുകൊണ്ട് ശരിയായ വൈദ്യം മരണമാണ്.
മികച്ച വായന......
No comments:
Post a Comment