
മനുഷ്യൻ ഭൂമിയിൽ സൃഷ്ടിച്ച ശബ്ദങ്ങളുടെ എണ്ണം അനന്തമാണ്. അവ പലതും അവന്റെ കർമങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഓരോ നിമിഷവും മുന്നോട്ടു നീങ്ങുമ്പോൾ ചില ശബ്ദങ്ങൾ ഭൂമിയിൽ നിന്നും ഇല്ലാതാകുകയാണ് .പൂർണമല്ലെങ്കിലും ചിലതൊക്കെ നാം ചർച്ച ചെയ്യേണ്ടതായുണ്ട്. ചിലതൊക്കെ കാലത്തിന്റെ ചാക്രിക ഗമനങ്ങൾക്കിടയിൽ തിരികെ വന്നേക്കാം. മനുഷ്യൻ തന്റെ കരങ്ങൾകൊണ്ടുള്ള അധ്വാനത്തെ യന്ത്ര വൽക്കരണത്തിലേക്ക് വഴി തിരിച്ചപ്പോൾ ഈ ശബ്ദങ്ങൾ പലതും നിലച്ചുപോയി. നിരത്തുകളിലൂടെ ഘട ഘട ശബ്ദത്തോടെ കുലുങ്ങി കുലുങ്ങി നീങ്ങിയ കാളവണ്ടികളുടെ ശബ്ദവും മണികിലുക്കവും നിലച്ചിരിക്കുന്നു. ഒരു കാലത്തെ ചരക്ക് നീക്കം നല്ലൊരു പങ്കും ഈ ഘടഘട ശബ്ദത്തെ കേന്ദ്രീകരിച്ചായിരുന്നു.
നമ്മുടെ ചന്തകളുടെയും തെരുവുകളുടെയും മുഖമുദ്രയായിരുന്നു ഉന്തുവണ്ടികൾ. രാപകലില്ലാതെ മനുഷ്യൻ ഈ വാഹനങ്ങളുമായി നമ്മുടെ വഴികളിൽ ജീവിത പ്രാരാബ്ധങ്ങളുമായി മല്ലിടുകയായിരുന്നു. ഏലെലൊ ഐലസ പോലുള്ള വായ്‌താരികളും ഒത്തു പിടിച്ചാൽ മലയും പോരും തുടങ്ങിയ തൊഴിൽ പാട്ടുകളും പാടി അവർ ജോലിഭാരം മറികടന്നു. വായ്‌താരികൾ അവരുടെ ജോലിയ്ക്ക് ലഹരി പകർന്നു. ഉതിർന്നു വീണ വിയർപ്പുതുള്ളികൾ കാവ്യാത്മകതയുടെ നാദവും താളവും സൃഷ്ടിച്ചു. ഏത് കഠിനാധ്വാനത്തെയും ലാഘവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന സംഘബോധത്തിന്റെ ഉറവുകൾ ആയിരുന്നു അവ. ഉന്തുവണ്ടികളും വായ്‌താരികളും നമ്മുടെ ജീവിതത്തിൽ നിന്ന് പോയിരിക്കുന്നു.
കാർഷിക സംസ്‌കൃതി കൈമോശം വന്നപ്പോൾ നഷ്ടപ്പെട്ട ഒട്ടേറെ ശബ്ദങ്ങൾ ഉണ്ട്. നിലമുഴുന്ന കര്ഷകനുതിർത്തിരുന്ന നിരവധി ശബ്ദങ്ങൾ,നാക്കിനെ തിരിച്ചും മറിച്ചും ചുരുട്ടിയും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളിലൂടെ കാളകൾക്ക് നൽകുന്ന നിർദേശങ്ങൾ, വിത്തിടൽ, കള പറിക്കൽ, കൊയ്ത്ത് തുടങ്ങിയ വേളകളിൽ കേട്ട പാട്ടുകൾ ഒക്കെ തനത് രീതിയിൽ ഇനി കേൾക്കാൻ കഴിയില്ല.
എം.ടി യുടെ നോവലുകളിൽ പലപ്പോഴും കടന്നു വന്നിട്ടുണ്ട് ഉരപ്പുരകൾ. ഈ ഉരപ്പുരകളിൽ നെല്ല് കുത്തിക്കൊണ്ടിരുന്നപ്പോഴാണ് വാല്യക്കാരി സ്ത്രീകൾ പ്രസവിച്ചത് എന്ന് പല കഥകളിലും വായിച്ചിട്ടുണ്ട്. ഉരലിൽ നെല്ല് കുത്തിയിരുന്നു എന്ന് പറയാനേ ഇനി കഴിയൂ. ആ ശബ്ദം ഇനി കേൾക്കാൻ ഉണ്ടാകില്ല. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ ഒരു ഗ്രാമഫോണും നമ്മുടെ മനസ്സിൽ ചിത്രമായി തെളിയും. ചില വീടുകളിൽ അവ സൂക്ഷിക്കുന്നുണ്ടെങ്കിലും ഗ്രാമഫോണും വിസ്‌മൃതികളിലേക്ക് മറയുകയാണ്.
പണ്ട് വലിയ നീളമുള്ള കയർ കപ്പിയിൽ കൊരുത്താണ് വെള്ളം കിണറ്റിൽ നിന്നും വലിച്ചു കയറ്റുക. ഇടവിട്ടുള്ള വേളകളിൽ ഇങ്ങനെ ഒരു പ്രവാഹം പോലെ ആ ശബ്ദം നമ്മുടെ വീടകങ്ങളിൽ അടുത്ത കാലം വരെയും നിറഞ്ഞു നിന്നിരുന്നു.
നടന്നു വലഞ്ഞു വന്ന യാത്രക്കാരൻ കവലയിലെ മുറുക്കാൻ പീടികയിൽ കയറി സോഡാ കുടിക്കാറുണ്ടായിരുന്നു. അവിടെ തടി കൊണ്ട് നിർമ്മിച്ച പെട്ടിയിൽ ഗോലിസോഡാ ഉണ്ടാകും. എങ്ങനെ ഞാൻ ഇതിനകത്ത് പെട്ടു എന്ന മട്ടിൽ ആണ് ഗോലിയുടെ ഇരുപ്പ്. അവനെ തല്ള്ളവിരലോ മറ്റോ കൊണ്ടു താഴ്ത്തി സോഡാ പുറത്തു വരുത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഒരു കാലത്ത് നമ്മുടെ അങ്ങാടികളിലെ ഒരു ശബ്ദമായിരുന്നു. ദാഹശമനത്തിന് മുൻപ് ഈ ശബ്ദം ഒരു നിമിത്തം പോലെ ഉണ്ടാകുമായിരുന്നു. പുതിയ കാലത്തെ ഗാഢ പാനീയങ്ങളുടെ ഇടയിൽ ഗോലി സോഡയ്ക്കെന്ത് കാര്യം?.
പള്ളിക്കൂടത്തിലെ മണി നാദം സ്കൂൾ വിട്ടു പോയവർക്ക് വല്ലാത്ത ഗൃഹാതുരത്വം നൽകും. ഒരിക്കൽ കൂടി അത് കേൾക്കാൻ സ്കൂൾ പരിസരത്തു പോയി നിൽക്കാത്തവർ കുറവാണ്.
കായലിലും കടലിലും നിന്ന് മീനുമായി തലചുമടിലും സൈക്കിളിലുമായി വന്ന മത്സ്യ തൊഴിലാളികളുടെ മീൻ വിളികൾ ഇപ്പോൾ കേൾക്കാനില്ല. കയർ നെയ്ത്ത് കേന്ദ്രങ്ങളിൽ റാട്ടുകളുമില്ല ർർ എന്ന ശബ്ദവുമില്ല.
പ്രകൃതിയെ നശിപ്പിച്ച മനുഷ്യന് രാത്രിയിൽ കേൾക്കാൻ ചീവീടിന്റെ ശബ്ദവും ഇപ്പോഴില്ല. നിശാഗന്ധിപ്പൂവും ഗന്ധവും നഷ്ട്ടപ്പെട്ടപോലെ.
അഞ്ജന ശ്രീധര ചാരുമൂർത്തെ കൃഷ്ണ എന്നു തുടങ്ങുന്ന പ്രാർത്ഥനാ ഗാനം മലയാളത്തിന്റെ ഏഴുത്തു കാരണവർ പി. കേശവ ദേവിന്റെ അയൽക്കാർ എന്ന നോവലിൽ പലേടത്തും പാടുന്നുണ്ട്. ഒരു കാലത്തു കേരളം ഗൃഹങ്ങളിൽ ഈ സന്ധ്യാ നാമം ചൊല്ലിയിരുന്നു. തകർന്നടിയുന്ന തറവാട് വീടിന്റെ കോലായയിൽ ഭാഗം വാങ്ങി പോകാൻ തുടങ്ങുന്ന ബന്ധുക്കൾ ഈ നാമം ജപിച്ച ശേഷം പിരിയുന്ന ഭാഗം മലയാളി വായനക്കാരെ തേങ്ങിക്കരയിച്ചതാണ്. ഇതു പോലെ നൂറു കണക്കിന് സന്ധ്യാ നാമങ്ങൾ നമുക്കുണ്ടായിരിന്നു. ഇന്ന് അവ ദുര്ലഭമായ കേൾവി മാത്രം.
സിനിമ മാറിയത് വിളിച്ചറിയിച്ചു വന്ന പരസ്യ വണ്ടികൾ അവക്കൊപ്പം ഒഴുകിയെത്തിയ ഗാനങ്ങൾ ഒക്കെ വെള്ളിയാഴ്ച കളുടെ സ്വന്തം ആയിരുന്നു. കോളാമ്പി മൈയ്ക്കുകളിലൂടെ ഒഴുകി വന്ന സാഹിത്യങ്ങൾ നാട്ടാരെ കൊട്ടകകളിൽ എത്തിക്കാൻ പര്യാപ്‌തമായിരുന്നു. കൊട്ടകകളിൽ രാത്രികാല പ്രദര്ശനങ്ങളുടെ ശബ്ദ രേഖ ഓലക്കീറുകൾക്കിടയിലൂടെ ഒഴുകി വന്ന് നമ്മുടെ ഹൃദയത്തിൽ പതിച്ചിരുന്നു.
ഓഫീസ് പരിസരങ്ങൾ താളമുഖരിതമാക്കിയ ടൈപ്പ് റൈറ്ററുകൾ ഇല്ലാതായിരിക്കുന്നു. ഇന്നത്തെ പല പ്രമുഖ ഐ. റ്റി സ്ഥാപനങ്ങളും ഒരു കാലത്ത് ടൈപ്പ് റൈറ്റർ നിർമാതാക്കൾ ആയിരുന്നു എന്നത് വേറൊരു സത്യം.
ശബരിമല തീർഥാടന കാല രാത്രികൾ ശരണം വിളിയുടെയും അയ്യപ്പൻ പാട്ടിന്റെയും ശാസ്താമ്പാട്ടിന്റയും ശബ്ദങ്ങൾ കൊണ്ട് അത്മീയ സൗഖ്യം പകർന്നു തന്നിരുന്നു. വൃശ്ചിക ധനു മാസ രാവുകളിൽ പ്രകൃതി മഞ്ഞണിഞ്ഞു മനോഹരിയായി നിൽക്കുമ്പോൾ ഈ ഗാനങ്ങൾ നമ്മുടെ ഹൃദയ താളങ്ങൾ ആയി മാറിയിരുന്നു.
കാലമിനിയുമുരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ-യോരോ തളിരിനും പൂവരും, കായ് വരും, അപ്പോഴാരെന്നുമെന്തെന്നുമാർക്കറിയാം? എന്ന് എൻ.എൻ കക്കാട് പാടിയ പോലെ അൽപായുസ്സായ മനുഷ്യ ജീവിതത്തിൽ ഒട്ടേറെ ശബ്ദങ്ങൾ നമ്മെ കടന്നു പോകുമ്പോഴും നിരവധി ശബ്ദങ്ങൾ നഷ്ടപ്പെടുമ്പോഴും നമുക്ക് ഈ ആർദ്രയെശാന്തരായ് സൗമ്യരായ് എതിരേൽക്കാൻ ശ്രമിക്കാം.
✒എഴുതിയത് പി. സുനിൽകുമാർ. ഫോൺ 9745226161
No comments:
Post a Comment