Friday, April 17, 2020

ഞാൻ കണ്ട കേരളം - റവ. സാമുവൽ മെറ്റീർ


ഉണ്ണുന്നതിനും ഉടുക്കുന്നതിനും ഉൾപ്പെടെ കേരളീയരായ നമ്മളിൽ ഭൂരിഭാഗവും ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക അവകാശങ്ങളും നേടുന്നതിന് നീണ്ട സമരങ്ങൾ വേണ്ടിവന്നിട്ടുണ്ട്. ക്രൂരമായ അടിച്ചമർത്തലും നഗ്നമായ ചൂഷണവും മനുഷ്വത്വ രഹിതമായ ശിക്ഷാനടപടികളും നേരിട്ടുകൊണ്ടാണ് നമ്മുടെയൊക്കെ പൂർവികർ ഈ അവകാശങ്ങളൊക്കെ നമുക്ക് നേടിത്തന്നത്.
  യാഥാർഥ്യം വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യമാണ് നമുക്കോരോരുത്തർക്കും ഉള്ളത്. യാഥാർഥ്യം വിസമരിക്കപ്പെടാതിരിക്കാൻ നമുക്ക് ഈ പുസ്തകം വലിയ മുതൽക്കൂട്ടാണ്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വൽക്കരണത്തിനെതിരെ ശബ്‌ദിക്കാൻ ഇത് നമുക്ക് കരുത്ത് നൽകുന്നു. " സമുദായ നേതാക്കൾ " എന്നുവിളിക്കപെടുന്ന ജാതിക്കോമരങ്ങളുടെ യഥാർത്ഥ മുഖം നമുക്ക് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ മനസ്സിലാകും.
  അസാധാരണ വശീകരണ ശക്തിയും ഊർജ്ജസ്വലതയും വൈവിധ്യമാർന്ന കഴിവുകളുമുണ്ടായിരുന്ന റവ.മെറ്റീർ ശ്രേഷ്ടരിൽ ശ്രേഷ്ടരാകുന്നത് അധസ്ഥിതരും അടിച്ചമർത്തപെട്ടവർക്കും ഇടയിൽ അദ്ദേഹം നടത്തിയ നിസ്വാർത്ഥമായ സേവനം ഒന്നുകൊണ്ടാണ്. അവരുടെ അന്നത്തെ സ്ഥിതി അദ്ദേഹത്തെ അങ്ങേയറ്റം വിഷമത്തിലാക്കി. അവരുടെ വർഗത്തിൻ്റെ ഉയർത്തെഴുനേൽപ്പിനും സാമൂഹികവും ആത്മീയവുമായ മോചനത്തിനും സ്വന്തം ജീവിതം അദ്ദേഹം ഉഴിഞ്ഞുവെച്ചു. അതിൽ അരിശംപൂണ്ട ഇവിടുത്തെ മേൽജാതിക്കാർ അദ്ദേഹത്തെ " പുലയ പാതിരി " എന്നുവിളിച്ചു. ആ അപരനാമം അദ്ദേഹം ഒരു ബഹുമതിയായാണ്  കണ്ടത്.
  ഇതിൽ ഉൾകൊള്ളുന്ന ജാതി വർഗങ്ങളുടെ ഒട്ടുമിക്ക എല്ലാവിവരങ്ങളും അദ്ദേഹം ഉൾകൊള്ളിച്ചു. തൊഴിൽ,ആചാരം,അറിവ്,വിവാഹം,മരണം,ആഭരണവേഷം,വസ്ത്രം,ആഹാരം,പാർപ്പിടം,കൂലി,വ്യാധി,കുടുംബം,ശിക്ഷാരീതി,നിയമം,വിവാഹ വേർപിരിയൽ ചടങ്ങുകൾ,കൃഷി രീതി - തുടങ്ങി നാം ജീവിച്ച മുഴുവൻ ജീവിത സാഹചര്യങ്ങളും അദ്ദേഹം ഇതിൽ ഉൾച്ചേർത്തു.ഇറച്ചി ഭക്ഷണമായി സ്വീകരിച്ച് വയൽവേല ചെയുന്ന ഒരു വിഭാഗത്തെയും അദ്ദേഹം വളരെ ആഴത്തിൽ ഇതിൽ വിവരിക്കുന്നുണ്ട്. അന്നത്തെ തൊഴിൽ വേലകളെപ്പറ്റിയും ജനസംഖ്യാനിരപ്പിനെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നുണ്ട്. വസ്ത്രം-തൊഴിൽ ഇവ രണ്ടും കൊണ്ടുമാത്രം അന്നത്തെ ജീവിത സാഹചര്യം എത്രത്തോളം മോശമായിരുന്നെന്ന് അദ്ദേഹം നമുക്ക് മനസ്സിലാക്കി തരുന്നു. തിരുവിതാംകൂറിൽ മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്നവരുടെ കണക്കുകൾ അദ്ദേഹം കൃത്യമായി ഇതിൽ ഉൾകൊള്ളിച്ചു.
   കേരളത്തിൽ അക്കാലത്തു നിലനിന്നിരുന്ന ഉച്ഛനീചത്വം ഇതുവായിക്കുന്ന ഏതൊരാൾക്കും എത്രത്തോളം ഉണ്ടായിരുന്നെന്ന് മനസ്സാലാകും. ഒരു സാധാരണ വായനയെന്നോണം ഇത് വായിച്ചു മുന്നേറാൻ സാധിക്കില്ല.കാരണം നമുക്ക് പകർത്തിവെക്കാൻ ധാരാളം ചരിത്രപരമായ തെളിവുകൾ അദ്ദേഹം ഇതിൽ ചേർത്തിട്ടുണ്ട്.നീണ്ട 33 വർഷക്കാലത്തെ കേരളത്തിലെ ജീവിതമാണ് അദ്ദേഹത്തെ ഇങ്ങനെയൊരു പുതകമെഴുതാൻ പ്രാപ്തനാക്കിയത്. ഇതിൽ പലപ്പോഴായി വിവരിക്കുന്ന പ്രകൃതിഭംഗി മനോഹരമായ കേരളത്തിൻ്റെ പഴയ ദൃശ്യ ഭംഗി എത്രത്തോളമായിരുന്നെന്ന് വായനക്കാരനും മനസ്സിലാക്കാനും സാധിക്കുന്നതരത്തിലാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. 
  ഈ കൃതി തിരുവിതാംകൂറിനെ അടിസ്ഥാനമാക്കിയാണെങ്കിലും കേരളീയ ഭൂതകാലത്തെ തിരിച്ചറിയാൻ സഹായിക്കുന്ന മഹത്തായ ഒരു ഗ്രന്ഥം തന്നെയാണ്....

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...