
മഹാഭാരത കഥയെ ആസ്പദമാക്കി ധാരളം പേർ രചനനടത്തിയിട്ടുണ്ട്. അതിൽ ആദ്യ സ്വതന്ത്ര വിവർത്തനം നടത്തിയത് കന്നട മഹാ കവി പമ്പനാണ്. അർജ്ജുനനെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരത കഥ പുനരാഖ്യാനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ ഭാരത കഥയെ കഥാതന്തുവാക്കി പുനരാഖ്യാനം നടത്തിയതിൽ മലയാളികൾ കൂടുതൽ വായിച്ചത് ശിവാജി സാവന്തിൻ്റെ " മൃതുഞ്ജയൻ " ആണ്. അത് "കർണ്ണൻ "എന്നപേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മലയാളികൾക്ക് വായന സാധ്യമാക്കികൊടുത്തത് ഡോ.പി.കെ ചന്ദ്രനും ഡോ.ടി ആർ ജയശ്രീയും ചേർന്നാണ്.അത്യന്തം ഹൃദയ സ്പർശിയായി തന്നെ അവർ ആ നോവൽ വിവർത്തനം ചെയിതിട്ടുണ്ട്.
മഹാഭാരത കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൽ ഇന്നും മലയാള വായനക്കാരുടെ മനസ്സിൽ മഹത്തായ സ്ഥാനം വഹിക്കുന്നത് കുട്ടികൃഷ്‌ണ മാരാരുടെ "ഭാരത പര്യടനം" എന്ന നോവലാണ്.1950 -ൽ ആണ് ഭാരത പര്യടനം പ്രസിദ്ധികരിക്കപ്പെടുന്നത്. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി രചിച്ച "രണ്ടാമൂഴവും" മഹാഭാരത കഥയ്ക്ക് ഒരു പുതിയ കാഴ്ചപ്പാടും ഒരുകൂട്ടം വായനാസഞ്ചയവും സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.തുടർന്ന് വി.ടി.നന്ദകുമാർ എഴുതിയ " എൻ്റെ കർണ്ണനും " പി.കെ ബാലകൃഷ്ണൻ്റെ " ഇനി ഞാൻ ഉറങ്ങട്ടെ " ഇവരണ്ടും കർണ്ണൻ്റെ കാഴ്ചപ്പാടിലൂടെയുള്ള വ്യാഖ്യാനമായിരുന്നു. അതുകൊണ്ട് വായനക്കാർക്ക് കർണ്ണനിലൂടെയും - അർജ്ജുനനിലൂടെയും - ഭീമനിലൂടെയും - കുന്തിയിലൂടെയും - ദ്രൗപതിയിലൂടെയും മഹാഭാരത കഥ കാണാൻ സാധിച്ചു.
രക്തരൂക്ഷിതമായ യുദ്ധത്തിന് ശേഷം വിജയശ്രീ ലാളിതമായ പാണ്ഡവ സഖ്യം ശ്രീ കൃഷ്ണൻ്റെ അനുഗ്രഹാശിസുകളോടെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നു;കുന്തി വനവാസം നടത്താൻ ഇറങ്ങി പുറപ്പെടുന്നു. ഈ നോവലിൽ വായനക്കാർ മഹാഭാരത കഥ നോക്കികാണുന്നത് " കുന്തി "യിലൂടെയാണ്. നാം വായിച്ചറിഞ്ഞ പല കഥകളും മാന്യ സന്ദർഭങ്ങളും പൊളിച്ചെഴുതുകയാണ് രാജൻ തിരുവോത്ത് ഈ നോവലിലൂടെ ചെയ്യുന്നത്. അച്ഛനോ വളർത്തച്ഛനോ ഭർത്താവോ മക്കളോ എന്തിന്!ശ്രീകൃഷ്ണൻ പോലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കുന്തിയെയാണ് രാജൻ തിരുവോത്ത് വായനക്കാർക്ക് മനസ്സിലാക്കി തരുന്നത്. അതിൽ രാജൻ തിരുവോത്ത് വിജയിക്കുകയും ചെയ്തു.
കർണ്ണൻ്റെ പിതാവ് ദുർവ്വാസാവ് ആണെന്നും ചെയ്യാത്ത കുറ്റത്തിനാണ് സൂര്യ ഭഗവാൻ അപവാദം കേട്ടതെന്നുമുള്ള കുന്തിയുടെ ന്യായ വാദത്തിലൂടെ മഹാഭാരത കഥയെ ഉടച്ചുവാർക്കുകയാണ് രാജൻ തിരുവോത്ത്. നോവലിലെ ആദ്യ ഭാഗത്തുതന്നെ സൂര്യ ഭഗവാനോടുള്ള കുന്തിയുടെ ഈ ക്ഷമാപണം വേറിട്ട രീതിയിലൂടെയുള്ള കഥാകഥനത്തിനുള്ള പുറപ്പാടാണ് നടത്താൻ പോകുന്നതെന്ന സൂചന ആദ്യമേ തന്നെ രാജൻ തിരുവോത്ത് വെളിപ്പെടുത്തുന്നു.കൂടാതെ കുന്തി പലവസരത്തിലും യുധിഷ്ഠിരൻ്റെ ധർമത്തെ ചോദ്യം ചെയ്യന്നതും ഒരു അനിവാര്യതയായി നമുക്ക് തോന്നാം.
ഈ നോവൽ കുന്തിയുടെ ആത്മകഥാകഥനമാണ്.പരശ്ശതം ചിതകളെരിയുന്ന ശ്മശാനം മാത്രം മനസ്സിൽ ബാക്കി നിൽക്കെ;കണ്ണിൽ ഇരുട്ടും കാതിൽ വിധവകളുടെ ഒടുങ്ങാത്ത നിലവിളിയും ബാക്കി നിൽക്കെ കുന്തി നമ്മോടു കഥ പറഞ്ഞുതുടങ്ങുന്നു...
No comments:
Post a Comment