ഒ.വി വിജയൻ്റെ കടൽത്തീരത്ത് വായിച്ചു. മലയാളികൾക്ക് സുപരിചിതനായ എഴുത്തുകാരൻ. എക്കാലത്തും അദ്ദേഹത്തിൻ്റെ കഥയും നോവലുകളും ലേഖനങ്ങളൂം വായനക്കാരെ വിസ്മയിപ്പിച്ചിട്ടുള്ളതുമാകുന്നു. കടൽത്തീരത്തും അതുപോലെ വിസ്മയിപ്പിച്ചിട്ടുള്ള കഥയാണ്. ഒടുവിൽ ദുഃഖത്തിൻ്റെ കടൽത്തീരത്ത് നമ്മെ കൊണ്ടുചെന്ന് നിർത്തുകയും ചെയ്യുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും വിശാലമായ ഒരു വിവരണം ആവശ്യമായിരുന്നു. എന്നാൽ ഒ.വി വിജയൻ തൻ്റെ സർഗ്ഗമായ രചനാശൈലികൊണ്ട് അവയൊക്കെ ഒറ്റ വാക്കുകളിൽ ഒതുക്കി;ചിലപ്പോഴൊക്ക ചില പേരുകളിലും. പുഴ മുറിച്ചുകടന്ന വെള്ളായിയപ്പൻ അപ്പൻ്റെ ശവം കുളിപ്പിച്ചതും മകൻ കണ്ടുണ്ണിയെ കുട്ടിക്കാലത്ത് കുളിപ്പിച്ചതും വിശദീകരിക്കുന്നതൊഴിച്ചാൽ ഒ.വി.വിജയൻ വായനക്കാരനെ വെള്ളായിയപ്പൻ്റെ ജീവിതത്തിലേക്ക് കൂടുതൽ കൂട്ടികൊണ്ടുപോകുന്നില്ല. ഒ.വി.വിജയൻ മനപ്പൂർവം ശേഷിപ്പിക്കുന്ന ആ അകൽച്ചതന്നെയാണ് വായനക്കാരെ ഈ നോവലിലേക്ക് കൂടുതൽ അടുപ്പിക്കുന്നതും,കൂടുതൽ കഥകൾ മെനഞ്ഞു സന്ദർഭംപൂർത്തിയാക്കാൻ വായനക്കാരനെ പ്രാപ്തനാക്കുന്നതും.
"വെള്ളായിയപ്പൻ" എന്ന പേരുതന്നെ ഒരു വലിയ വിശദീകരണമാണ്;അതിൽ എല്ലാമുണ്ട്.അയാളുടെ രൂപം തന്നെ ആ ഒറ്റ പേരുകൊണ്ട് വായനക്കാരൻ്റെ മനസ്സിൽ കോറിയിടാൻ ഒ.വി വിജയനെന്ന ആ കാർട്ടൂണിസ്റ്റിന് സാധിച്ചു.പരസ്പരമുള്ള പെരുവിളിയും കുടുംബം പോലെയുള്ള അയൽബന്ധവും ഗ്രാമപ്പച്ചയുണർത്തി. ചെയ്യാത്ത കുറ്റത്തിനാണ് "കണ്ടുണ്ണി" ജയിൽ ശിക്ഷ അനുഭവിക്കുന്നത്. അവൻ്റെ തൂക്കുമരണം വേദനക്കപ്പുറത്തേക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റെന്തോ അവസ്ഥയാണ് നമ്മളിൽ ഉണ്ടാക്കുന്നത്.മകനു കൊടുക്കാൻ "കൊടച്ചി" കെട്ടിക്കൊടുത്ത ചോറ് ഒരു ബെലിപിണ്ഡമായി വായനക്കാരനുമുന്നിൽ അവശേഷിക്കുന്നു.
പാഴുത്തറയുടെ നെടുവരമ്പുകഴിഞ്ഞാൽ ലോകം മുഴുവൻ അപരിചിതമായി മാറുന്ന വെള്ളായിയപ്പൻ നമുക്ക് അപരിചിതനല്ലതാകുന്നു.ഒരു നിമിഷംകൊണ്ട് വായനക്കാരനും കടൽത്തീരത്ത് എത്തുന്നു.നമ്മുടെ കാലും ഒപ്പുവെള്ളത്താൽ നനയുന്നു.ആ കടൽ മുഴുവൻ നിസ്സഹായതക്കുമേൽ പൊഴിച്ച കണ്ണീരിൻ്റെ ഉപ്പുരസമാണ്.
No comments:
Post a Comment