
എഴുത്തും എഴുത്തുകാരനിലെ സാഹിത്യ രീതിയും അജയ് പി മങ്ങാട്ട് ചൂഴ്ന്നിറങ്ങി വിശകലനം ചെയ്യുന്നു.ഒരുപക്ഷെ അത് വായനക്കാർക്ക് അപാരമായ ശക്തിയാണ് പകർന്നുനൽകുന്നത്.എഴുത്തുകാരുടെ ജീവിതവും രചനയും തമ്മിലുള്ള ബന്ധം ജിജ്ഞാസാപരമാണ്.സവിശേഷമായ ഒരു ആകർഷണം ഓരോ എഴുത്തുകാരനും എഴുത്തിൽ നിലനിർത്തും അത് പലതും വ്യത്യസ്തവുമാണുതാനും.ചിലരുടെ രചനാശൈലി,ചിലർ എഴുത്തിൽ ഒളിപ്പിച്ചുകടത്തുന്ന കാവ്യ ഭംഗി,ചിലരുടേത് പരുക്കനായ എഴുത്ത്-ഇത്തരത്തിൽ നൂറുകണക്കിന് ശൈലികൾ നമുക്ക് കണ്ടെത്താൻ കഴിയും;ചിലരുടേതെന്നപോലെ സാമ്യവും.കഥയിലേക്കും കഥാകാരനിലേക്കും ആഴ്ന്നിറങ്ങി ചെല്ലുന്നത് അത്ര എളുപ്പമല്ല.പക്ഷേ അജയ് പി മങ്ങാട്ടിന് അതൊരു കൈയ്യടക്കമാണ്,ചിലപ്പോൾ ഒരു വലിയ പരിശ്രമം കൊണ്ട് സ്വായത്തമാക്കിയതുമാവാം.
അജയ് പി മങ്ങാട്ട് ഇതിൽ പറഞ്ഞ ചില പുതകങ്ങളും കഥാപാത്രങ്ങളും എനിക്ക് ഓർമ്മയിൽ ഉണ്ടായിരുന്നതാണ്.ഒരിക്കലും മറക്കില്ലെന്നുകരുതി പകർത്തി എഴുതാതെ ഓർമ്മയിൽ സൂക്ഷിച്ചവ.അവ എൻ്റെ ഓർമ്മയിൽ തിളക്കമറ്റതായി എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.എത്ര ചികഞ്ഞിട്ടും സന്ദർഭം കണ്ടെത്താൻ കഴിയാത്ത തരത്തിൽ ഓർമ്മയിൽ നിന്നും ഒഴുകിപ്പോയി,എവിടേക്ക്...? കഥക്കോ കഥാപാത്രങ്ങൾക്കോ തിടുക്കപ്പെട്ട് വായനക്കാരൻ ഒരു രൂപം നൽകരുത്.ഞാൻ അങ്ങനെ ചെയ്തിട്ടാകണം മറവിയുടെ പുകമഞ്ഞിൽപെട്ട് പലകഥകളും കഥാപാത്രങ്ങളും എനിക്ക് നഷ്ടമായത്.അജയ് പി അവയെ നോക്കികണ്ടത് കഥയുടെ സാരാംശം എന്ന സ്ഥിരം പല്ലവിയിലല്ല.എഴുത്തുകാരൻ ആ കഥ ആദ്യമെങ്ങനെയായിരിക്കും കണ്ടത്,എവിടെയൊക്കെയാണ് വെട്ടിത്തിരുത്തലുകൾ നടത്തിയത്,എഴുതിയപ്പോഴുള്ള മാനസിക സ്ഥിതി-തുടങ്ങി എത്രയോ തരത്തിലാണ് ഓരോ നോവലും കഥയും നോക്കി കാണുന്നത്.
എമിലി ഡിക്കൻസിനെ ഞാനും വായിച്ചിട്ടുണ്ട്.അവരുടെ കവിതയേയും അവരിലെ അവയത്രിയേയും കുറച്ചേറെ അവരുടെ എഴുത്തിലൂടെ മനസ്സിലാൻ ശ്രമിച്ചിട്ടുണ്ട്.പക്ഷേ ഏതൊരു വായനക്കാരനെയും പോലെ അടുത്ത പുസ്തകം കിട്ടുമ്പോൾ അടുത്ത വായനയിലേക്ക് ചേക്കേറുകയാണല്ലോ പതിവ്.പക്ഷേ അജയ് പി മങ്ങാട്ട് അവരുടെ പുസ്തകങ്ങളിലൂടെയും അവരിലൂടെയും അവരുടെ എഴുത്തിൻ്റെ ഉൾപ്പൊരുൾ മനസ്സിലാക്കുന്നു.അവരെ പൂർണമായി വായിച്ചുമാറ്റുന്നു.പലപ്പോഴും വ്യക്തിയെ മാറ്റിനിർത്തിയായിരിക്കും അവരുടെ സൃഷ്ടികൾ നാം വായിക്കുന്നത്.കാലം ചെല്ലുന്തോറും അവരുടെ കൃതികൾ അവരുടെ തന്നെ ഉൾപ്പൊരുൾ ആയിരുന്നെന്ന് നാം മനസ്സിലാക്കും. ദശകങ്ങൾക്കപ്പുറത്തേക്ക് ആ എഴുത്തുകാർ അറിയപ്പെടുകയും ചെയ്യും.
പരന്നെഴുതുന്ന എഴുത്തുകാരനും അത്രതന്നെ ചുരുക്കി എഴുതുന്ന എഴുത്തുകാർക്കും ഇടയിലൂടെയാണ് ഞാൻ അടങ്ങുന്ന വായനക്കാർ കടന്നുപോകുന്നത്.തുറന്നെഴുത്തുകൾ സാഹിത്യത്തിൽ അപൂർവമല്ല,എങ്കിലും അവയിൽ ഭാവനയുടെ ഒഴികഴിവുകൾ ഉണ്ടായിരുന്നു.ചില എഴുത്തുകാരെയും അവരുടെ എഴുത്തുജീവിതത്തേയും അജയ് പി മങ്ങാട്ട് കൂട്ടിച്ചേർത്തിരിക്കുന്നത് അത്ഭുതത്തോടെയാണ് വായിച്ചത്.എഴുത്തുകാരൻ മാറി നിന്ന് രചന നടത്തുകയും ഒരു ഘട്ടം കഴിയുമ്പോൾ അയാൾതന്നെ നോവലിൻ്റെ കേന്ദ്രബിന്ദുവാകുകയും ചെയ്യുന്നത് ബഷീറിലൂടെയാണ് വരച്ചുകാണിച്ചത്.സത്യസന്ധമായ രചന എഴുത്തുകാരനിൽ ഉണ്ടാക്കുന്ന ഭീഷണി ക്നോസ് ഗഡിൻ്റെ രചനയിലൂടെയുമാണ് അദ്ദേഹം നമുക്ക് കാണിച്ചുതന്നത്.വിരസതകൊണ്ട് വീർപ്പുമുട്ടിച്ച എഴുത്തുകാരനെയും അജയ് പി മങ്ങാട് ഇതിൽ വിവരിച്ചു.ഓർമ്മകൾ കൊണ്ട് എഴുതുന്ന മാർസൽ പ്രൂസ്റ്റ് - മായി ക്നോസ് ഗഡിനെ താരതമ്യം ചെയ്യുന്നു.കണ്ണീരിനപ്പുറത്തേക്കുള്ള പുസ്തകങ്ങളുടെ നിലവിളിയാണ് എനിക്ക് ഇതിലൂടെ കേൾക്കാൻ സാധിച്ചത്.അക്രമണോത്സുകമല്ലാത്ത ഒരു രാഷ്ട്രീയ ഏകാന്തത അവശേഷിപ്പിച്ചുകൊണ്ടുള്ള ഫിദൽ കാസ്ട്രോയേയും വായിച്ചു. അടിസ്ഥാന ജീവിത സൗകര്യത്തിലും വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും ആരോഗ്യരംഗത്തിൻ്റെ കാര്യത്തിലും ക്യുബ ഏറെ മുന്നിലാണെന്ന് ഫിദലിലൂടെ മനസ്സിലാക്കാൻ സാധിച്ചു;പ്രത്യേകിച്ച് സ്ത്രീ സ്വാതന്ത്ര്യം. ഉൾക്കടമായ ചരിത്ര ബോധം ഉള്ള ഏതൊരാളും ചരിത്ര സ്മരണയിൽ നിന്ന് ഫിദലിനെ മാറ്റിനിർത്തി ക്യുബയുടെ ചരിത്രം രചിക്കില്ല;അതൊട്ട് സാധ്യമാകുകയുമില്ല.അഥവാ അങ്ങനെയൊന്ന് സാധ്യമായാൽ അതിൽ ക്യുബയുടെ ദേശീയ സ്വത്വം കാണുകയുമില്ല.ഉമ്പർട്ടോ എക്കോയുടെ " ദി മിസ്റ്റിരിയസ് ഫെയ്മസ് ഓഫ് ക്യുൻ ലോണ " എന്ന നോവലിലെ നായകൻ ഒരു പുസ്തക കച്ചവടക്കാരൻ ആണ്.അയാൾക്ക് പൊടുന്നനെ ഒരു വിചിത്രമായ മൃതി നാശം സംഭവിക്കുന്നു.താൻ വായിച്ച എല്ലാ പുസ്തകങ്ങളുടേയും ഇതിവൃത്തം അയാൾക്ക് ഓർക്കാനും അയാൾ വായിച്ച എല്ലാ കവിതകളുടെയും വരികൾ ഓർമ്മയിൽ വരികയും ചെയ്യുന്നു.എന്നാൽ അയാളുടെ പേരോ,ഭാര്യയോ,അയാളുടെ പെൺമക്കളെയോ,പേരക്കുട്ടികളെയോ ഓർമ്മവരുന്നില്ല.അയാളുടെ നഷ്ട്ടമായ ആ ഓർമ്മ കൂടിച്ചേരുമ്പോഴേ അയാൾ പൂർത്തിയാകുന്നുള്ളൂ;ഫിദൽ കൂടിച്ചേരുമ്പോൾ ക്യുബ പൂർത്തിയാകുന്ന പോലെ!...
എഴുത്തുകാരനേക്കാൾ വായനക്കാരൻ എന്ന പദവിയാണ് ഏറ്റവും വലുതെന്ന് - എനിക്ക് തോന്നിയിട്ടുള്ളത്.ചിലപ്പോൾ അത് എൻ്റെ മാത്രം തോന്നലുമാകാം.എഴുത്തുകാരൻ മെനഞ്ഞെടുക്കുന്ന ആശയവും അതിനപ്പുറത്തേക്ക് ആ പുസ്തകത്തെ നോക്കിക്കൊണ്ട് വിലയിരുത്തുന്നതിൻ്റെ ഊർജ നഷ്ട്ടവും സംഭവിക്കുന്നത് വായനക്കാരനാണ്.അതുകൊണ്ടാണ് ഞാൻ മുൻപേ അങ്ങനെ സൂചിപ്പിച്ചത്.ഒരു എഴുത്തുകാരൻ തന്നെ അയാളുടെ പുസ്തകത്തിൻ്റെ വായനക്കാരൻ ആകുമ്പോഴോ?എനിക്കറിയില്ല.ഞാൻ ഇതിവിടെ നിർത്തുന്നു.ഒരു വസ്തു എന്നനിലക്ക് പുസ്തകങ്ങൾക്ക് സവിശേഷമായ സ്ഥാനമാണ്,തർക്കമില്ല.അത് മാറ്റ് വസ്തുക്കളെകൊണ്ട് ആർജിക്കുവാനും സാധിക്കില്ല,തീർച്ച... അങ്ങനെയെങ്കിൽ വായിക്കാത്ത പുസ്തകങ്ങൾക്ക് വായനക്കാരോട് എന്തായിരിക്കും സംവദിക്കാൻ ഉള്ളത്.ആ ചോദ്യങ്ങൾ കേൾക്കാൻ വായനക്കാർ പ്രതിജ്ഞാബന്ധരുമാണ്.ഒരു വലിയ ലൈബ്രറിയുടെ അകത്തേക്ക് കടക്കാനും തിരിച്ചുവരാതിരിക്കാനുമുള്ള ആത്മബലം വായനക്കാരായ നമുക്ക് അവ പകർന്നുതരുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു പുസ്തകമാണ് ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ " ഏകാന്തതയുടെ നൂറ് വർഷങ്ങൾ ". ചില നോവലുകൾ എഴുത്തുകാരനേക്കാൾ കീർത്തിപ്പെടും;പുസ്തകത്താൽ അയാൾ അറിയപ്പെടുകയും ചെയ്യും.ഇത്തരത്തിൽ ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ രചനയും പുസ്തകങ്ങളും അജയ് പി മങ്ങാട്ട് വിശകണം ചെയ്യുന്നു.അവിടെ എഴുത്തുകാരനെ ജീവിതവുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുന്നു.അന്നുവരെ നാം വായിച്ച പല നോവലുകളും ലേഖനങ്ങളും ഈ പുസ്തകം വായിച്ച് കഴിയുന്നതോടുകൂടി ജീർണ്ണിക്കപ്പെടുന്നു.നാം ചിലപ്പോൾ പറയാറുണ്ട്,ഒരു സാഹിത്യ സൃഷ്ട്ടി അത് എഴുതിയ ആളിൽനിന്ന് എഴുതി കഴിയുന്നതോടെ സ്വതന്ത്രമാകുമെന്ന്.എന്നാൽ ഏകാന്തതയുടെ നൂറ് വർഷങ്ങൾ അത് എഴുതിയ വ്യക്തിയെ ബലമായി ചേർത്ത് വയ്ക്കുകയാണ് ചെയ്യുന്നത്.
പറവയുടെ സ്വാതന്ത്ര്യം വായിച്ചു കഴിഞ്ഞപ്പോൾ എന്നിൽ ഒരു ചോദ്യം അവസാനിച്ചു; ഞാൻ വായിച്ച പുസ്തകങ്ങളത്രയും എൻ്റെ ജീവിതത്തിൽ എന്ത് ചെയ്തുവെന്ന്?... ഞാൻ ഓർത്തെടുക്കാൻ നോക്കി.എന്നിലിരുന്ന് ആരോ പറയാൻ ശ്രമിച്ചു " നിന്നെ അവയൊക്കെ പങ്കുവയ്ക്കുകയായിരുന്നെന്ന് "
No comments:
Post a Comment