Thursday, May 7, 2020

ഖസാക്കിൻ്റെ ഇതിഹാസം - ഓ വി വിജയൻ


കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് എഴുതപ്പെട്ടിട്ടുള്ള സർഗ്ഗസാഹിത്യ കൃതികളിൽ ഏറ്റവും ഉജ്ജ്വലം എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഖസാക്കിൻ്റെ ഇതിഹാസം. നോവലിൻ്റെ ചരിത്രത്തിലാവട്ടെ കഴിഞ്ഞ ദശവർഷങ്ങളിലൊക്കെയും എടുത്ത് പരിശോധിച്ചാൽ മറ്റൊരു സമാനദ കണ്ടെത്താനും കഴിയില്ല.
     ഈ നോവൽ എത്രപേർ വായിച്ചു,എത്രയോപേർ ചർച്ച ചെയ്തു.ഇനിയും എത്രയോപേർ ഇവയൊക്കെ ചെയ്യാനും ഇരിക്കുന്നു. മലയാള ഭാഷക്ക് പുതിയ മനം നൽകിയ ഓ.വി.വിജയൻ്റെ എക്കാലത്തെയും മാസ്റ്റർ പീസാണ് ഖസാക്കിൻ്റെ ഇതിഹാസം. ഖസാക്കിൻ്റെ ഇതിഹാസം 1968 -ജനുവരി 28 മുതൽ 1968 -ആഗസ്റ്റ് 4 വരെ 28 - ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് വായനക്കാരൻ്റെ കൈകളിലേക്ക് എത്തുന്നത്. ഈ നോവൽ എഴുതി പന്ത്രണ്ട് വർഷത്തോളം കൈയെഴുത്ത് പ്രതിയായിത്തന്നെ അദ്ദേഹത്തിൻ്റെ കൈകളിൽ ഇരുന്നു. അക്കാലമൊക്കെയും അവ നിരന്തരം വെട്ടുകയും തിരുത്തുകയും മാറ്റിയെഴുതുകയും ഒക്കെ ചെയ്തിരിക്കണം. ഓ.വി.വിജയൻ്റെ സഹോദരി ഓ.വി.ഉഷയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ അദ്ദേഹം താമസിക്കുകയും ആ സ്ഥലം അവിചാരിതമായി നോവലിൽ കടന്നുവരുകയുമായിരുന്നിരിക്കണം.
      ചെതലിമലയിലേക്ക് കണ്ണുംനട്ട് കിടക്കുന്ന പരിഷ്‌ക്കാരങ്ങൾ എത്തിനോക്കുകപോലും ചെയ്യാത്ത കറുത്ത കരിമ്പടം പുതച്ചുകിടക്കുന്ന സ്ഥലമാണ് ഖസാക്ക്. റാവുത്തന്മാരുടെയും തീയ്യന്മാരുടെയും ഗ്രാമമാണ് ഖസാക്ക്. പ്രാചീനമായ ആ ഗ്രാമത്തിലേക്കാണ് രവി ബസ്സിറങ്ങി എത്തുന്നത്.സർക്കാരിൻ്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കുവാനാണ് കൂമൻ കാവ് ബസ്‌സ്റ്റോപ്പിൽ അയാൾ ബസ്സ് ഇറങ്ങിയത്. രവി വന്നിറങ്ങുന്നതോടെയാണ് നോവലും തുടങ്ങുന്നത്. കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല. ഓർമ്മയിൽ ജരയും ദീനതയും കണ്ടുകണ്ട് ഹൃദ്യസ്ഥമായിതീർന്നതാണ് അയാൾക്ക് ആ സ്ഥലം.നിലത്തറ തേക്കിൻ കുറ്റികളിൽ കേറ്റി നിർത്തിയിട്ടുള്ള നാലഞ്ച് ഏറുമാടങ്ങളായിരുന്നു കൂമൻകാവ് അങ്ങാടി. പാത അവസാനിക്കുന്നിടം മൈതാനം - അവക്കുപുറകിൽ തുവരക്കാടുകൾ,വാഴകൾ, നഷ്ട്ടപ്പെട്ട കുടിലുകൾ അവക്കുമുകളിൽ ബലിഷ്ടമായി പടർന്നുപന്തലിച്ച മാവുകൾ പരത്തുന്ന തണലുകൾ. കഥന സ്വഭാവം ഇല്ലാത്ത ഓർമ്മകളുടെ ഒരു വലിയ ചരിത്രം വായനക്കാരൻ്റെ മനസ്സിൽ തെളിയും വായനയിലുടനീളം.കൂമൻ കാവിലേക്ക് വരുന്ന ബസ്സ്,തേവാരത്ത് ശിവരാമൻ നായരുടെ ഞാറ്റുപുര, ചെതലിമല,ഖസാക്കിലെ ഓത്തുപള്ളി,ഇറച്ചിപ്പത്തിരി വിളമ്പിയ തിത്തിബിയുമ്മ,മൈമൂന,അപ്പുക്കിളി, രാജാവിൻ്റെ പള്ളി,കഥക്കിടയിലെ ചരിത്രവും മിത്തുമായി ഇവയൊക്കെ നമുക്കുള്ളിൽ മിന്നി മറയും.
      അതുവരെ ഖസാക്കിൽ മതപുരോഹിതരുടെ അധ്യാപനമായിരുന്നു നടന്നിരുന്നത്.രവിയുടെ സ്കൂൾ തുടങ്ങുന്നതോടെ മതപുരോഹിതനും അധ്യാപകനുമായ അള്ളാപ്പിച്ച മൊല്ലാക്കയുടെ ഓത്ത് പള്ളിക്കൂടം ഉപേക്ഷിക്കപ്പെടുന്നു. നോവലിൽ രവിയുടെ പാപബോധത്തിൻ്റെ ഉള്ളഴിക്കലും ഖസാക്കിലെ ജീവിതം അയാളിൽ വരുത്തിയ മാറ്റവും വായനക്കാർക്ക് മനസ്സിലാക്കി തരുന്നതിൽ നിന്നും വർധിതമായ ഒരു പാപചിന്തയോട് കൂടിയാണ് അയാൾ ജീവിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. മനുഷൻ്റെയുള്ളിലെ അസ്തിത്വവും അവനിലെ പാപബോധത്തിൻ്റെ നീറ്റലുമാണ് ഈ നോവലിലെ അന്തർധാര. ജീവിതത്തിൻ്റെ അർത്ഥങ്ങൾ അന്വേഷിക്കുന്ന പുണ്യ പാപചിന്തകളാൽ മനസ്സിനെ മഥിക്കുന്ന രവിയെ ജീവിതത്തിൻ്റെ ജൈവരാശിക്കപ്പുറത്ത് നിന്ന് നോക്കിക്കാണാൻ ഒ.വി. വിജയൻ വായനക്കാരെ പ്രാപ്തരാക്കുന്നു.എന്നാൽ രവിയിലേക്ക് നീളുന്ന അനേകായിരം ചോദ്യങ്ങളിലൊന്നിനുപോലും ഒ.വി. വിജയൻ സ്‌പഷ്ടമായ ഉത്തരം നൽകുന്നുല്ല എന്നതും രവിയുടെ ജീവിതയാഥാർഥ്യത്തിലേക് വായനക്കാർക്ക് സഞ്ചരിക്കാനുള്ള പാതയും ഒ.വി.വിജയൻ വെട്ടിത്തീർത്തിരുന്നുമ്മില്ല എന്നതും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.എത്ര വായിച്ചാലും ഇതിലെ കഥാപാത്രങ്ങൾ നമുക്ക് അപരിചിതമാണ്.എത്രവായിച്ചാലും  ഇതിലെ പുതുമയും പൂർണ്ണതയും നഷ്ട്ടമാകുന്നുമില്ല. ഖസാക്കിൻ്റെ ഇതിഹാസം മാറ്റ് സാഹിത്യ സങ്കൽപ്പങ്ങളെ കരിമ്പനകളിൽ കാറ്റ് പിടിക്കുന്നപോലെ ഉലച്ചുകളഞ്ഞു. ഓരോ തവണയും ഈ നോവലുമായി ബന്ധപെട്ട ചർച്ചയും വായനാനുഭവവും നമുക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ നമ്മളിൽ അമ്പരപ്പുളവാകും.ഇനിയും നാം ഈ നോവലിൽ കാണാത്ത ഉൾപ്പൊരുളുകൾ  അവശേഷിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കും. 
         ഖസാക്കിൻ്റെ ഇതിഹാസത്തിലെ ഭാഷ അനുകരണീയമല്ലാത്ത ഒന്നായി മലയാള സാഹിത്യലോകത്ത് നിലനിന്ന് പോരുകയും ചെയ്യുന്നു. ഖസാക്കിൻ്റെ ഇതിഹാസം നോവൽ സാഹിത്യ ശൃംഖലയിൽ ഉണ്ടാക്കിയ ഭാഷാപരമായ വിപ്ലവവും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. അതുപോലെതന്ന പരസ്ത്രീഗമനം നടത്തുന്ന ഇരുണ്ട ചിന്താഗതി ഉള്ളിൽ ഒളിപ്പിച്ച നായക പരിവേഷം അന്നേവരെ മലയാള നോവൽ ശൃംഖലയിൽ ഉണ്ടായിട്ടില്ല.എന്നാൽ പുതിയ നായക സങ്കൽപ്പം എന്ന ഈ രീതി ഉൾക്കൊള്ളാനും അത് വാളെടുക്കാതെ വിഷയാത്മനാ ഉൾക്കൊള്ളാനും മലയാള സാഹിത്യ ലോകം തയ്യാറായ് കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ഖസാക്കിൻ്റെ ഇതിഹാസം വീണ്ടും വീണ്ടും വായിക്കപ്പെട്ടു.
     പുതുതലമുറയിലെ വായനക്കാർ ഖസാക്കിനെ കൈയ്യിലെടുക്കുമ്പോൾ രവിയുടെ മാത്രമല്ല വായിച്ചുപോകുന്നത്.അതുകൊണ്ടൊക്കെത്തന്നെയാണ് ഖസാക്ക് ഗവേഷണ വിഷയമായതും.വായനക്കാർക്ക് എക്കാലവും വായിക്കാൻ കഴിയുന്ന സാഹിത്യ സൃഷ്ട്ടി.ഖസാക്കിൻ്റെ തണലിൽ പുതിയ എഴുത്തുകാർ മിക്കവരും ആവിഷ്‌ക്കാര സ്വാതന്ത്രം കണ്ടെത്തി.
      മഴപെയ്യുന്നു.....മഴ മാത്രമേയുള്ളൂ.ആരോഹണമില്ലാത്ത അവരോഹണമില്ലാത്ത മഴ.അനാദിയായ ആ മഴവെള്ളം രവിയേയും ചുമന്നുകൊണ്ട്,വായനക്കാരൻ്റെ മനസും ചുമന്നുകൊണ്ട് തുവരക്കാടുകളും വാഴയും ചെതലിമലയും കടന്ന് പോകുന്നു. മഴയും രവിയും ഇഴപിരിയുന്നേയില്ല....  

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...