Tuesday, July 28, 2020

കുറ്റവും ശിക്ഷയും - ഡോസ്റ്റയോവ്സ്‌കി

വായന മലയാള സാഹിത്യം വിട്ട് പുറത്തേക്ക് വിഹരിക്കാൻ തുടങ്ങിയനാൾ തൊട്ട് എപ്പോഴും വായിക്കാനും അറിയാനും ശ്രമിച്ചിട്ടുള്ള ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് ഡോസ്റ്റയോവ്സ്‌കിയും അദ്ദേഹത്തിൻ്റെ കുറ്റവും ശിക്ഷയും. ഇന്ത്യൻ സാഹിത്യ ലോകത്തേക്ക് വിവരണത്തിലൂടെ കടന്നുവന്ന ഈ നോവൽ അതിശയോക്തി പ്രധാനനങ്ങളായ ധാരാളം ഭാഷ സമ്പത്തുകൊണ്ടും വ്യത്യസ്ഥമാക്കപ്പെട്ടു.
    ഡോസ്റ്റയോവ്സ്‌കി, മഹാത്മാവായ അദ്ദേഹത്തിൻ്റെ എതിരില്ലാത്ത ഭാവനാപ്രവാഹത്തിന് ഉദാത്തമായ ഉദാഹരണം കൂടിയാണ് ഈ നോവൽ. മനുഷ്യ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നടക്കുന്ന അനാദിയായ സംഘർഷങ്ങളെ ഇത്രമേൽ തീവ്രമായ് എഴുതി ഫലിപ്പിച്ച മറ്റൊരാളില്ല. വ്യവസ്ഥാപിതമായ ഒരു സാമുദായിക ജീവിതത്തോടുള്ള പ്രതിഷേധം കൂടിയാണ് ഈ നോവൽ. ആ നിലക്ക് മനുഷ്യന് ഒരു പാതക കർമ്മം ചെയ്യുവാനുള്ള വാസന - സ്വാഭാവികമായി ഇല്ലാതാക്കുകയാണ് ഈ വായനകൊണ്ട്...
     ഈ നോവലിൻ്റെ അളവുകോൽ - ദാരിദ്ര്യമാണ്, വർദ്ധിത ഭാരം - വ്യഭിചാരമാണ്. ഈ വിക്രിയകളെ കാര്യമായി ഗണിച്ചുകൊണ്ട് തന്നെയാണ് ഡോസ്റ്റയോവ്സ്‌കി തൻ്റെ രചന പൂർവ്വാധികം ഭംഗിയാക്കിയത്. 'മനുഷ്യൻ ആവശ്യം ഒരു ഭീരുവല്ലെങ്കിൽ അവൻ്റെ വഴിയിൽ നിൽക്കുന്ന എല്ലാ ഭയപ്പാടിനെയും പ്രതികൂല സാഹചര്യത്തെയും ചവിട്ടി മെതിച്ചുപോരാൻ  ആകുമെന്ന് ' ഈ നോവൽ വഴി ഡോസ്റ്റയോവ്സ്‌കി നമുക്ക്കാണിച്ചുതരുന്നു. സ്വപ്നം കാണുബോൾ നാം ആരോഗ്യകരമായ ഒരു നിലയിൽ അല്ലാതിരിക്കുബോഴാണ് സ്വപനങ്ങൾക്ക് സ്‌ഫുടത വരുന്നതും അതിന് പ്രാധാന്യം ഉണ്ടാകുന്നതും. അപ്പോൾ അവയ്ക്ക് വാസ്തവത്തോട് അത്ഭുതകരമായ സാദൃശ്യം വന്നുചേരുന്നു. എന്നാൽ മാനുഷികമായ അനുകരണത്തെ അദ്ദേഹം അമിതമായ്  അപഹസിക്കുകയോ, അമിതമായ് അനുകരിക്കുകയോ - ചമൽക്കാര പൂർണമായി യോജിപ്പിക്കുകയോ ചെയ്തില്ല. ജീവിതത്തെ അതിൻ്റെ യാഥാർത്യബോധത്തോടെ - ജീവിതത്തിൻ്റെ എല്ലാ കലങ്ങിമറിയലുകളെയും കൃത്യതയോടെ അടയാളപ്പെടുത്തുകയാണ് ഡോസ്റ്റയോവ്സ്‌കി ഈ നോവലിൽ. അനുസ്യുതം ഒരു വായന എനിക്കിതിൽ സാധ്യമായില്ല. വിഹ്വലതകൾ പലപ്പോഴും വിട്ടൊഴിയാതെ എനിക്കുചുറ്റും നിലകൊണ്ടു. അതുകൊണ്ടുകൂടിത്തന്നെ ഇടമുറിഞ്ഞുള്ള വായനയാണ് ഉണ്ടായത്. ദാരിദ്ര്യത്തിൻ്റെ പടുകുഴിയോളം വായനക്കാരെ കൊണ്ടെത്തിക്കുകയും ഒപ്പം ഒരു കുറ്റകൃത്യത്തിന് സാക്ഷിയാക്കുകയും ചെയ്യുന്നു. റസ്ക്കാൾനിക്കാഫ് - അയാളുടെ ജീവിതം ഒരു ഡയറിയിൽ എഴുതിയാലെന്നവണ്ണം നാം വായിക്കുന്നു. 
    സോണിയയോടൊപ്പം ഒരു രാത്രിയിലേക്ക് ശയിക്കാൻ പണം എണ്ണിനോക്കിയ അപരിചിതനോട് ഉള്ളിൽ അടക്കിപ്പിടിച്ച വിദ്വേഷത്തോടെ നിശബ്ദത പ്രകടിപ്പിക്കേണ്ടിവരും. അങ്ങനെയെന്തെല്ലാം കണ്ടിട്ടും കാണാതെ നടിച്ചെങ്കിൽ മാത്രമേ ഇതൊന്ന് പൂർത്തീകരിക്കാൻ ഒക്കൂ.
    ഇത് പകുതിയിൽ വായിച്ച് അവസാനിപ്പിച്ചവരെ, നിങ്ങളോടായ് - ദുഃഖവും കണ്ണീരും മാത്രമേ നിങ്ങൾക്കിതിൽ കണ്ടെത്താനൊക്കൂ;എല്ലാ ഹൃദയങ്ങൾക്കും അത് ഒക്കുകില്ലതാനും.... അവസാനം വരെ വായിച്ചവർക്ക് ഒരു മാണിക്യം കിട്ടും. വായിച്ചവർക്ക് മാത്രം കണ്ടുകിട്ടുന്ന;അവർക്ക് മാത്രം കാണാനൊക്കുന്ന ഒരു മാണിക്യം ........

Tuesday, July 21, 2020

എഴുത്ത് വായനക്കാരൻ്റെ സ്വാതന്ത്ര്യം ആണ് - Vipin Viswanath Gareeyassee

വിഷയത്തിനാസ്പദമായ ബ്ലോഗ് :- https://viswanathvipin1993.blogspot.com/2020/07/blog-post_17.html
{ഈ കുറിപ്പുകൾ ഒരാൾ എനിക്ക് അയച്ചു തരുകയാണ് ഉണ്ടായത് }
എന്റെ പുസ്തകങ്ങളുടെ negative reviews മാത്രം approve ചെയ്യുന്ന ഒരു വായനഗ്രൂപ്പിൽ കഴിഞ്ഞ ദിവസം എന്റെ പുസ്തകങ്ങളെ കുറിച്ച് "ശാസ്ത്രീയമായി" വിശകലനം ചെയ്ത് കൊണ്ടുള്ള ഒരു പോസ്റ്റിന്റെ screenshots, texts ഒക്കെ കുറെ സുഹൃത്തുക്കൾ എനിക്കയച്ചു തന്നു. (കോഫി ഹൗസ് പുസ്തകത്തിന്റെ reviews എല്ലാ ദിവസവും വരുന്നത് കൊണ്ട് എന്നെ അവിടെ നിന്നും 2019 Feb ൽ പുറത്താക്കിയിരുന്നു.)
ഇപ്പോൾ ഇതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് പതിവ്. അതിനൊന്നും മറുപടി അർഹിക്കുന്നുമില്ല.
പക്ഷെ, എഴുതാൻ ആഗ്രഹിക്കുന്ന ആൾക്കാർക്ക് ഞാൻ പറയാൻ പോകുന്ന കാര്യം ഉപയോഗപ്രദമാകാൻ സാധ്യതയുണ്ട്.
ആദ്യം അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പ്രസക്തമായ ഭാഗങ്ങൾ നമ്മൾക്ക് നോക്കാം :
1. ഒരു എഴുത്തുകാരനെയും അയാളുടെ എഴുത്തും പൂർണമായി വായിക്കുമ്പോഴാണ് അയാളിലെ എഴുത്തു രീതി ശാസ്ത്രീയപരമായി മനസ്സിലാകുന്നത്. ആ മനസ്സിലാക്കലിൽ നിന്നാണ് ഈ എഴുത്തിൻ്റെ തുടക്കം.
2. കഥയുടെ തുടക്കത്തിലെപ്പോഴും സാഹചര്യങ്ങളാൽ സ്ത്രീയെ ഒറ്റപ്പെടുത്തുകയും അവളെ സ്വാഭാവിക ജീവിതത്തിൽനിന്നു പുറത്താക്കി അന്വേഷകയിലേക്ക് തീർത്തും പരുവപ്പെടുത്തുന്ന രീതിയാണ് അദ്ദേഹം എപ്പോഴും സ്വീകരിക്കുന്നത്.
ബാക്കിയുള്ളത് എന്റെ പുസ്തകത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആണ്. അത് മാനിക്കുന്നു.
ഇതിൽ രണ്ടാമത്തെ കാര്യത്തെ കുറിച്ചാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്.
ബ്ലോഗിലും കൊട്ടിഘോഷിക്കുന്ന ശാസ്ത്രജ്ഞൻ ചേട്ടാ,
ഇതാണ് എല്ലാ കഥകളുടെയും inciting incident and premise start. ഞാനിവിടെ സ്ത്രീ കഥാപാത്രങ്ങളെ അന്വേഷണത്തിനായി തിരഞ്ഞെടുക്കുമ്പോൾ, മറ്റുള്ളവർ പല രീതിയിൽ ചെയ്യും. അറിവില്ലായ്മയിൽ ഊഞ്ഞാല് കെട്ടി ആടരുത്.
ഉദാ:
1. സാധാരണ ജീവിതം നയിക്കുന്ന കുറെ പേരെ കൂട്ടി ഒരു കളവ് നടത്താൻ പദ്ധതിയുണ്ടാക്കുന്നു - Ocean's 11, 12, 13, 8
2. സാധാരണ ജീവിതം നയിക്കുന്ന ഒരു ഗ്രഹത്തിലേക്കു മനുഷ്യർ കടന്നു വരുന്നു - Avatar
3. സാധാരണ ജീവിതം നയിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് ഭാവിയിൽ നിന്നൊരു റോബോട്ട് വരുന്നു. - Terminator
4. സാധാരണ ജീവിതം നയിക്കുന്ന മുത്തച്ഛന്റെ അടുത്തേക്ക് കൊച്ചുമകനും കൂട്ടുകാരും അവധിക്കാലം ആഘോഷിക്കാൻ വരുന്നു - മൂന്നാം പക്കം.
5. സാധാരണ ജീവിതം നയിക്കുന്ന സോളമന്റെ വീടിന്റെ അയൽവക്കത്തു പുതിയ താമസക്കാർ വരുന്നു - നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ.
6. സാധാരണ ജീവിതം നയിക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെയും ഗൈഡിന്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വരുന്നു - കിലുക്കം.
ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണം?
2012 തൊട്ട് കഥ പറച്ചിൽ പഠിക്കുന്നതാണ്.
അതുകൊണ്ട് ശാസ്ത്രീയപരമായി എന്ന വാക്ക് വെറുതെ ഉപയോഗിക്കാതെ, ലോകത്ത് ഏറ്റവും മോശം കഥകൾ എഴുതുന്ന ലാജോ ജോസിന്റെ കഥകൾ മാത്രം പഠിക്കാതെ മറ്റു കഥകളും പഠിക്ക്. എന്നിട്ട് ബ്ലോഗ് എഴുത്. എഴുത്തിലേക്ക് വരുന്നവർക്ക് ഉപയോഗപ്പെടട്ടെ
P.S. ഈ പോസ്റ്റിനും 'അസഹിഷ്ണുത' എന്ന പട്ടം ചാർത്തും എന്നറിയാം. അതിനുള്ള മറുപടിയും നമ്മുടെ ജാക്കി പറഞ്ഞിട്ടുണ്ട് -
"ജാക്കിക്ക് അത് ______!"
എൻ്റെ മറുപടി :-
താങ്ക്സ് അയച്ചു തന്നതിന്. അദ്ദേഹം അദ്ദേഹത്തിൻ്റെതായ കാഴ്ചപ്പാടുകൾ ആണ് പറഞ്ഞത്. സ്‌നേഹാത്മനഃ ഞാൻ അത് സ്വീകരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് മോശം മാത്രം എഴുതുന്നവരുടെ കൂട്ടത്തിൽ ഒരാൾ അല്ല ഞാൻ. എൻ്റെ വായനയിലെ കാച്ചപ്പാടുകൾ മാത്രമാണ് അത്;തീർത്തും എൻ്റെ മാത്രം കാഴ്ചപ്പാട്. പലരും അദ്ദേഹത്തിൻ്റെ എഴുത്തിനെ ഡീഗ്രേഡ് ചെയ്യുന്നതായ് ( എന്റെ പുസ്തകങ്ങളുടെ negative reviews മാത്രം approve ചെയ്യുന്ന ഒരു വായനഗ്രൂപ്പിൽ കഴിഞ്ഞ ദിവസം എന്റെ പുസ്തകങ്ങളെ കുറിച്ച് ) അദ്ദേഹം പറഞ്ഞല്ലോ. നെഗറ്റീവ് റിവ്യൂസ് വരുന്നതിൽ എന്താണ് മോശം. എല്ലാം എല്ലാവർക്കും ഇഷ്ട്ടപെടണമെന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. ഞാൻ പറഞ്ഞ വാചകങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ ക്ഷമ ചോദിക്കുന്നു. തീർത്തും ആ എഴുത്തിനെ വിലയിരുത്തുക മാത്രമാണ് ഞാൻ ചെയ്തത്. തുടർന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. അത് ഞാൻ അദ്ദേഹത്തിൻ്റെ മറ്റ് പുസ്തകങ്ങളെപ്പറ്റി എഴുതിയത് വായിക്കാഞ്ഞിട്ടാണ്( വായിക്കണമെന്ന് നിർബന്ധമില്ല ). (കോഫി ഹൗസ് പുസ്തകത്തിന്റെ reviews എല്ലാ ദിവസവും വരുന്നത് കൊണ്ട് എന്നെ അവിടെ നിന്നും 2019 Feb ൽ പുറത്താക്കിയിരുന്നു.)- ഇതേപ്പറ്റി ഞാൻ ഇപ്പോഴാണ് അറിയുന്നത് തന്നെ. ഞാൻ ഈ അടുത്തതാണ് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്. ഒരു പുസ്തകവും മനപ്പൂർവം ഒരു നല്ലവായനക്കാരനും ( ഞാൻ എന്നെ അതിൽ ഉൾപ്പെടുത്തുന്നില്ല ) ഡീഗ്രേഡ് ചെയ്യുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എഴുതിയ ലാജോയുടെ മറ്റൊരു പുസ്തകത്തെപറ്റിയുള്ള റിവ്യൂ.
https://viswanathvipin1993.blogspot.com/2020/04/blog-post_45.html

പുസ്തകവും-വിലയും Vipin Viswanath Greeyassee

നമ്മളിൽ ചിലരെങ്കിലും പുസ്തകം വായിക്കുന്നവരാണ്,ഒരു വായനക്കാരൻ എന്ന ലേബലിൽ ഉൾപ്പെടുത്താൻ കഴിയുന്നവരുമാണെങ്കിൽ വർധിച്ചുവരുന്ന പുസ്തകങ്ങളുടെ വിലയെപ്പറ്റി നമുക്കൊന്ന് സംസാരിച്ചൂടെ;അതും ഈ കോറോണയൊക്കെ നമ്മുടെ ചുറ്റും നിക്കുന്ന ഈ സമയത്ത്.
ധാരാളം വായനക്കാരെ ഒരു പുസ്തകത്തിന് കിട്ടുന്നുണ്ടെന്ന് മനസ്സിലായാൽ അടുത്ത പതിപ്പിൽ തീർച്ചയായും പുസ്തകത്തിന് വിലകൂടുതലായിരിക്കും. ആരാച്ചാർ ഒന്നിൽകൂടുതൽ വാങ്ങിയിട്ടുള്ളവർക്കറിയാം. എൻ്റെ കയ്യിലുള്ള രണ്ടുകോപ്പികളിൽ ഒന്നിന് 275 രൂപയും മാറ്റത്തിന് 325 രൂപയുമാണ്. രണ്ടിനും 552 പേജ്. ഇതുപോലെ എത്രയോ പുസ്തകങ്ങൾ കണ്ടിരിക്കുന്നു. പുസ്തകം വാങ്ങി വായിക്കുന്നവർ വിലയുടെ കാര്യത്തിൽ രണ്ടുതട്ടിലാകുന്നു. അതും കുറച്ച് ഇടവേളകൾക്കുള്ളിൽ തന്നെ. പേപ്പറിൻ്റെ വിലകൂടുന്നതാണ് പ്രശ്‌നമെന്ന് പലരും പറഞ്ഞു കണ്ടിട്ടുണ്ട്. അപ്പോൾ എന്തുകൊണ്ട് പേപ്പറിൻ്റെ വിലകുറയുമ്പോൾ പുസ്തകത്തിൻ്റെ വിലകുറച്ചു വിൽപ്പന നടത്തുന്നില്ല. ഒരിക്കൽ കൂടിയാൽ പിന്നെ കുറഞ്ഞുകണ്ടിട്ടെ ഇല്ല. ഒരുതരത്തിൽ പറഞ്ഞാൽ ഏറ്റവും കൂടുതൽ പകൽകൊള്ള നടത്തുന്നത് പുസ്തകവിപണയിലൂടെയാണ്...
സ്ഥിര വായനക്കാരെ സംബന്ധിച്ച് വില എപ്പോഴും ഒരു വിലങ്ങുതടിയാണ്.ചിലപ്പോഴൊക്കെ അന്ധാളിച്ച് നോക്കിയിട്ടുമുണ്ടാകും. ഒരു പുസ്തകം തന്നെ പലർക്കായും രണ്ടിൽക്കൂടുതൽ തവണ വാങ്ങേണ്ടിയും വന്നുകാണും.
വില കൂടുന്നത് പെട്രോളിനാണെങ്കിൽ റോട്ടിലിറങ്ങിൽ മുദ്രാവാക്യം വിളിക്കാം,വണ്ടി ഉരുട്ടി പ്രതിഷേധിക്കാം.അതിന് ധാരാളം പാർട്ടിക്കാരൊണ്ടുതാനും. പുസ്തകത്തിൻ്റെ വിലകൂടിയാൽ നമ്മൾ യാതൊരു പ്രതിഷേധവും റോട്ടിലിറങ്ങി നടത്താറില്ലെന്ന് മാത്രമല്ല; ചിലപ്പോൾ അത് വിട്ടുകളഞ്ഞടുത്ത ഒന്ന് വാങ്ങുകയും ചെയ്യും. ചിലപ്പോൾ പുസ്തകം ഇറങ്ങുന്ന സമയത്തെ അതിൻ്റെ മെറ്റിരിയേൽ കോസ്റ്റ് കൊണ്ടുമാകാം വിലകൂട്ടി പ്രിൻറ്റ് ചെയ്യുന്നത്. ഇല്ലെങ്കിൽ തലക്കനം പോലെ കിട്ടുന്ന അവാർഡുകളും വിലയേ സ്വാധീനിച്ചേക്കാം. ഇനി എന്ത് തന്നെയായാലും പുസ്തകത്തിൻ്റെ വില നിയന്ത്രണത്തിൽ പബ്ലിഷേഴ്സ് എന്തെങ്കിലും ഒരു അടിസ്ഥാന വില നിലനിർത്തിപോരണമെന്ന് ഈ അവസരത്തിൽ പറയുകയും ചെയ്യുന്നു.
ഒരു ഡിജിറ്റൽ വായനയുഗത്തിലേക്ക് പതുക്കെനമ്മുടെ വായനയും ചേക്കേറുന്നുണ്ട്.അപ്പോൾ ഈ വിലവർദ്ധനവ് അവിടേക്കും വന്നുകൂടായികയില്ല. അവിടെയും വെർച്വൽ ക്വാളിട്ടീടെ പേരിൽ വിലകൂട്ടിയേക്കാം. നിങ്ങളുടെ അഭിപ്രയങ്ങളും പറയണം..ചർച്ച പെരുക്കട്ടെ...

Monday, July 20, 2020

ഒപ്പീസ്- ഫർസാന അലി


ഫർസാന അലിയുടെ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കഥ - ഒപ്പീസ് വായിച്ചു. കഥയുടെ തുടക്കം മുതൽ തന്നെ വായനക്കാരൻ കാണുന്നത് മനോനിലതെറ്റിയ ജോസഫിനെയാണ്. " മരണക്കിടക്കയിലും അവൾക്കത്രനേരം 
നിവർന്ന് കിടക്കാൻ ഒക്കുകേലച്ചോ! ചരിച്ച് കെടത്തണം " എന്ന് വാവിട്ട് നിലവിളിക്കുന്ന അയാളെ പണിപ്പെട്ടാണ് പിടിച്ചുനിർത്തുന്നത്. അവൾ തളർന്ന് കിടക്കുമ്പോൾ അയാൾ ജീവിക്കുന്നത് അവരുടെ പഴയ ഓർമ്മകളിലൂടെയാണ്. സ്നേഹവാത്സല്യങ്ങൾ നിറഞ്ഞൊഴുകുന്ന മുഖമാണ് അയാളുടേത്. അയാൾക്ക് അവളോടുള്ള സ്നേഹം എത്രകണ്ട് ഉണ്ടായിരുന്നെന്ന് ഹോം നേഴ്‌സായ എൽസക്ക് മാത്രമേ അറിയൂ. എന്നാൽ എൽസ സ്നേഹത്താൽ വഞ്ചിക്കപ്പെട്ടവളും, ആസിഡാൽ പൊള്ളലേറ്റവളും,കേസിനുപിറകേ ജീവിതം നയിക്കുന്നവളുമാണ്. അവളറിഞ്ഞ പുരുഷനേക്കാൾ എത്രയോ വ്യത്യസ്തനായിരുന്നു ജോസഫ്;സ്നേഹം കൊണ്ടുകൂടി. ജെസ്റ്റിനും സിസ്റ്റർ ആന്മരിയക്കും ഇപ്പോളും അയാൾ ( ജോസഫ് ) അർഥം കണ്ടെത്തിയിട്ടില്ലാത്ത സമസ്യാകുന്നു. 
   എന്തുകൊണ്ടോ എൻ്റെ ഹൃദയത്തെ അത്രകണ്ട് ഇത് വേദനിപ്പിച്ചു.കുറച്ച് ദിവസം മുൻപ് വായിച്ച ചാവുനിലവും  ഈ വേദനക്ക് പകുതിയോളം പങ്കാളിയായ്. ജോസഫ് എന്തൊരു മനുഷ്യനാണ്;അയാൾക്ക് ആത്മത്യ ചെയ്യരുതോ? അത്രമേൽ അയാൾക്ക് പ്രിയപ്പെട്ട ജീവനാണ് മാഞ്ഞുപോയത്. 
   ഇൻറ്റർ സോൺ കലോത്സവത്തിൽ ഏതോ ഒരു കുട്ടി ചൊല്ലിയ കവിതയും ആ കവിതയോടുള്ള അടങ്ങാത്ത ആരാധനയുമാണ് ആ കവിതയുടെ രചയിതാവായ ജോസഫിലേക്ക് മീനമ്മയെ കൊണ്ടെത്തിക്കുന്നത്. ജോസഫ് അയാളിൽ കണ്ട കുറവുകളൊന്നും അവൾക്ക് ഒരു കുറവേ ആയിരുന്നില്ല. പി.ജി വിദ്യാർത്ഥിയായ അവൾ ഒരു കൊല്ലത്തോളം അയാൾക്ക് കത്തുകളെഴുതി; ഫോണുകൾക്ക് കാത്കൊടുക്കാതെ ഒരു തമാശയെന്നോണം അയാളിലെ വാർദ്ധഖ്യം അവളെ ഒഴുവാക്കാൻ ശ്രമിച്ചു.
      അയാളുടെ കയ്യിൽനിന്ന് ഊർന്നുപോയ അവളെ ഇക്കാലമത്രയും അയാൾ പരിചരിക്കുകയായിരുന്നു. എൽസയെ ഹോം നഴ്‌സ് ആയ് വെച്ച് അയാളിലെ കർത്യവ്യത്തിൽ നിന്ന് ഊർന്നുപോകുകയല്ല ചെയ്തത്, കൂടുതൽ ഉത്തരവാദിത്വം കാട്ടുകയാണ് ചെയ്തത്. പലപ്പോഴും അവരുടെ സ്നേഹ സംഭാഷണങ്ങൾ എൽസ കണ്ടിരുന്നു.  ഉള്ള് പൊള്ളുന്ന സന്ദർഭങ്ങൾ.. ഇതിലെ വാക്കുകൾ സ്നേഹം കൊണ്ട് വായനക്കാരൻ്റെ ഹൃദയത്തെ പുണരുകയാണ് ചെയ്യുന്നത്. 

Friday, July 17, 2020

റെസ്ററ് ഇൻ പീസ് - ലാജോ ജോസ്

  ഒരു എഴുത്തുകാരനെയും അയാളുടെ എഴുത്തും പൂർണമായി വായിക്കുമ്പോഴാണ് അയാളിലെ എഴുത്തു രീതി ശാസ്ത്രീയപരമായി മനസ്സിലാകുന്നത്. ആ മനസ്സിലാക്കലിൽ നിന്നാണ് ഈ എഴുത്തിൻ്റെ തുടക്കം. 
       ഗോൾഡൻ റിട്ടയർ മെൻറ് എന്ന ലക്ഷ്വറി ഹോം. അവിടെ പലപ്പോഴായി നടക്കുന്ന മരണങ്ങൾ, ആ മരണ കാരണങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് നോവൽ ഇതിവൃത്തം.
       ജെസ്സിക്ക ഫെഡറിക്ക് ജോ എന്നുവിളിക്കുന്ന തൻ്റെ ഭർത്താവ് ജോയൽ- ന് മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് തീവ്രമായി സംശയിക്കുന്നു.അതിൻ്റെ പേരിൽ ഡിവോഴ്സ് എന്ന സ്ഥിരം പ്ലേറ്റിലേക്ക് സംസാരം എത്തുകയും ചെയ്യുന്നു. അവരുടെ താളപ്പിഴയിലേക്ക് വലിച്ചെറിയപ്പെടുന്ന തരത്തിലാണ് ഒരു പോസ്റ്റൽ അവളുടെ കൈകളിൽ എത്തുന്നത്. ഭർത്താവിനെ സംശയിക്കുന്ന ഒരു സ്ത്രീയയെ ഒരു അന്വേഷകയെന്ന നിലയിലേക്ക് കൊണ്ടെത്തിക്കുക വളരെ എളുപ്പമുള്ള ഒരു പണിയാണ്. കാരണം, ഭർത്താവിൻ്റെ പരസ്ത്രീ ബന്ധം സ്വാഭാവികമായും പരമ രഹസ്യമായിട്ടുള്ളതായിരിക്കും. അത് കണ്ടത്തുക തീർച്ചയായും പണിപ്പെട്ട പണിയുമാണ്. ആ നിലക്ക് ജെസ്സിക്ക തീർത്തും അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.
     ജെസ്സിക്ക ചാച്ചൻ എന്നുവിളിക്കുന്ന ഫെഡറിക് ആണ് ആ പോസ്റ്റൽ അയച്ചതും അത് എഴുതിയതും. ഒരു ഘട്ടം കഴിയുമ്പോൾ ജെസ്സിക്കയിൽ നിന്നും അന്വേഷണ ചുമതല ഫെഡറിക്കിലേക്കും പിന്നീട് ജെസ്സിക്കയിലേക്കും എത്തുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ കണ്ടെത്തലുകൾക്കുപിന്നിൽ രണ്ടുകൂട്ടരുടെയും തുല്യമായ അധ്വാനം ഉണ്ട്. ഉദ്വേഗ ഭരിതമായ കഥാമുഹൂർത്തങ്ങൾ എഴുതി ഫലിപ്പിക്കുന്നതിൽ  ലാജോ പകുതിയോളമേ വിജയിച്ചുള്ളൂ. ഒരു സാധാരണ നോവൽപോലെ എഴുതി ഫലിപ്പിക്കാൻ പറ്റുന്നതല്ല കുറ്റാന്വേഷണ നോവലുകളെന്ന് എനിക്കറിയാം. എന്നാൽ വളരെ ഡാർക്ക് മൂഡിൽ എഴുതുക; വായനക്കാരിൽ ഒരു ഭീതി ജനിപ്പിക്കുക തുടങ്ങിയ ദുരുദ്ദേശം അദ്ദേഹം ബോധപൂർവം എഴുത്തിൽ നിലനിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നെനിക്ക് വായനയിലുടനീളം ബോദ്ധ്യപ്പെട്ടു.
     കുറ്റവാളി ആരാണെന്നുള്ള ക്യുരിയോസിറ്റി അവസ്സാനം വരെ നിലനിത്തുന്നതിൽ അദ്ദേഹം വിജയിച്ചു. അതിന് ഞാൻ കണ്ടത്തിയ കാരണം കുറ്റവാളിയെപ്പറ്റി അധികമൊന്നും വായിക്കാനും, മനസ്സിലാക്കാനുമുള്ള ബോധപൂർവമായ അവസ്സരം ഇതിൽ ലാജോ ഒരുക്കിയില്ല. കൂടാതെ ഇടക്കൊരല്പം വലിച്ചുനീട്ടാനുള്ള ശ്രമം നടത്തിയതായും എനിക്ക് തോന്നി. പക്ഷേ അതൊന്നും വായനയുടെ ഒഴുക്കിന് തടസ്സമായതേയില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. കഴിഞ്ഞ നോവലുകൾ പോലെ ഇത്തവണയും അന്വേഷണം സ്ത്രീയിലേക്കുതന്നെ തിരിച്ചു വച്ചിരിക്കുകയാണ്. കഥയുടെ തുടക്കത്തിലെപ്പോഴും സാഹചര്യങ്ങളാൽ സ്ത്രീയെ ഒറ്റപ്പെടുത്തുകയും അവളെ സ്വാഭാവിക ജീവിതത്തിൽനിന്നു പുറത്താക്കി അന്വേഷകയിലേക്ക് തീർത്തും പരുവപ്പെടുത്തുന്ന രീതിയാണ് അദ്ദേഹം എപ്പോഴും സ്വീകരിക്കുന്നത്. ഞാൻ മുൻപ് എഴുതിയപോലെ കുടുബബന്ധമുള്ള ഒരു സ്ത്രീയിൽ ഇത്തരത്തിലുള്ള ഇറങ്ങിപ്പുറപ്പെടലുകൾക്ക് സമയം ഇല്ലായിരിക്കും എന്ന പഴഞ്ചൻ മനോഭാവം അല്ലെങ്കിൽ വായനക്കാർക്ക് എന്ത് തോന്നിയേക്കാം എന്ന മനോഭാവവും ആയിരിക്കാം. കോഫീ ഹൗസിലെ എസ്തർ അവിവാഹിതായി വായനക്കാരനുമുന്നിൽ എത്തിയതും ചിലപ്പോൾ ഇതേ മനോഭാവം നിലനിൽക്കുന്നത് കൊണ്ടാണ്. ഒരു കൊലപാതകം അന്വേഷിക്കുന്ന ആൾ ഇത്തരം സ്വഭാവ വിശേഷണമുള്ളയാളാകണമെന്ന് വായനക്കാർക്ക് തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കികൊടുക്കുന്ന തരത്തിലാണ് ഇത്തവണയും കഥാപാത്ര പൂർത്തീകരണം നടത്തിയത്. 
   ജെസ്സിക്ക മനോബലമുള്ള സ്ത്രീയായ്  മാറിയത് അധ്യായം ഒൻപതുമുതൽക്കാണ്. അല്ലെങ്കിൽ ഒൻപതുമുതൽക്കുള്ള ഭാഗമാണ് ഈ  ഫിക്ക്ഷൻ്റെ നട്ടെല്ല്. ഒരു മികച്ച കഥാപാത്ര പരിവേഷം ചാച്ചൻ ആണ്. അദ്ദേഹത്തിൻ്റെ ഭാഗങ്ങളൊക്കെ മികവുറ്റതായിരുന്നു. 
   വായനക്കാർ ഈ പുസ്തകം വളരെ അടുത്തുനിന്ന് വായിച്ച് തുടങ്ങുബോൾ അദ്ദേഹത്തിൻ്റെ റൂത്തിൻ്റെ ലോകത്തോളം ഈ നോവൽ എത്തിയിട്ടില്ലെന്ന് നിശബ്ദമെങ്കിലും നാം സമ്മതിക്കാതെ തരമില്ല. 

Monday, July 13, 2020

ചാവുനിലം - പി എഫ്.മാത്യുസ്

ഈ നോവൽ ഇരുട്ടിലാണ്...ദൈവം ഗതകാല സ്മരണമാത്രമായി അവശേഷിക്കുന്ന കാലത്തിലാണ്... ഇതിൽ പ്രാണൻ ജീവിതത്തിനും മരണത്തിനുമിടയിലുള്ള മൽപ്പിടുത്തത്തിലാണ്. പ്രാണൻ മരണംകൊണ്ടുമാത്രം ആശ്വാസം കണ്ടെത്തുന്ന നോവൽ. മരണം ചൗരോ ആശാനെയും എടുത്തുകൊണ്ടുപോകുന്ന നിമിഷങ്ങളിൽ എന്നന്നേത്തേക്കുമായി നഷ്ടമായ യൗവനത്തിൽ അരങ്ങുണരുന്നു...ഒപ്പം നോവലും.
    മനുഷ്യൻ തന്നിൽനിന്നുതന്നെ പുറത്താക്കപ്പെടുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന അനേകം ജീവിതങ്ങളെ നമുക്ക് ഈ നോവലിൽ കാണാൻ സാധിക്കും. ഈ നോവലിൻ്റെ ഭാഷയാണ് ജീവിതവും-മരണവും. നോവലിൻ്റെ തുടക്ക പശ്ചാത്തലം മഴയാണ്. തോർന്നിട്ടില്ലാത്ത ഛിന്നഭിന്നമായി പെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പ്ലമേന നിലവിളിക്കുന്നത്.ആ നിലവിളി വായനക്കാരനെ കൂട്ടികൊണ്ടുപോകുന്നത് ഈശിയുടെ മരണത്തിലേക്കാണ്;ഒരു മുന്നൊരുക്കവും കൂടാതെ. 
    ഈശിയുടെ മരണത്തിൻ്റെ ആവർത്തനം പോലെ ഒന്നാം ആണ്ടിലും ഇടയൊഴിയാതെ മഴയാണ്. മരണത്തിൻ്റെ നിശബ്ദതയും-ശൂന്യതയും-ഏകാന്തതയും മഴകൊണ്ട് തീവ്രമാക്കപ്പെടുന്നു. ഇടക്ക് മഴ നമ്മെ അസ്വസ്ത്ഥതപ്പെടുത്തുന്നു. അത് കുഴിമാടം പിളർന്നുകൊണ്ട് പെയ്തു തീരുന്നു. രണ്ടാമാണ്ടിൽ കുഴി തുരന്ന് കുന്താലി ഈശിയെ തട്ടിവിളിക്കുമ്പോൾ ആ കുഴിയിൽ വാറ്റുചാരായതിൻ്റെ മണം പൂന്തലിച്ചു കിടക്കുന്നുണ്ടായിരുന്നു. ഈശിയെ കണ്ടവരൊക്കെ വഴുക്ക വഴുക്കെ ഛർദിച്ചു. പാഴ്‌നിലത്തിൻ്റെ അതിരിൽ എക്കാലവും ഇലപൊഴിഞ്ഞു വരണ്ടുണങ്ങിനിന്ന വാകമരവും പാഴ്‌നിലത്തിന് നടുവിൽ മാലാഖയുടെ കാവലാളിൽ കിടന്ന ഈശിയും ആ ഏകാന്തതയ്ക്ക് അറുതിവരുത്തി. 
     ദുർവിധിക്ക് ഇളവുകിട്ടാതെ ഒരു തലമുറയിൽ നിന്ന് അടുത്തതലമുറയിലേക്ക് തുടരുന്നതാണ് ചാവുനിലം. എന്നാൽ അടങ്ങാത്ത കാമത്തിനും വിലക്കുകൾക്കുമിടയിൽ ഈ നോവൽ ഞെരിക്കപ്പെടുന്നു. പ്രസന്നമായ അനുഭൂതികൾ ഒന്നുംതന്നെ  നമുക്കിതിൽ കണ്ടെത്താൻ സാധിക്കില്ല. ശവക്കുഴിയും നിറഞ്ഞുകവിയുന്ന മഴവെള്ളവും നിലവിളികളും മാത്രമാണ് ഇതിൽ ഉദിച്ചുനിൽക്കുന്നത്. 
    അതിനപ്പുറത്തേക്ക് പിതാക്കന്മാർക്ക് ഏൽക്കുന്ന ശാപം മക്കളിലേക്കും പതിക്കുന്നു എന്നത് സത്യവാക്കാകുന്നത്  ചാവുനിലത്തിൽ നിന്നാണ്. നോവലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ പാപചാപം വായനക്കാരനെയും വേട്ടയാടുന്നു. 
     ഒടുവിൽ ഞാൻ ഈ നോവൽ വായിച്ചുതീരുമ്പോൾ കഠിനമായ വേദനയും കടിച്ചുപിടിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ പെയ്ത ആ മഴനനയാതിരിക്കാൻ ആത്മാവ് ശരീരം വിട്ട് ഇറങ്ങിനടന്നു...എക്കാലവും ഇലപൊഴിഞ്ഞു വരണ്ടുണങ്ങിനിന്ന ആ വാകമരത്തിൻ്റെ ചുവട്ടിലേക്ക് 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...