
ആനന്ദിൻ്റെ ആൾക്കൂട്ടം വന്നിറങ്ങിയത് തീവണ്ടിയിലാണ്. കരിയും പൊടിയും നിറഞ്ഞ കറുത്ത മനുഷ്യർ; ഭാഷയുടെയും ആശയങ്ങളുടേയും ഇരമ്പൽ ഒട്ടുമേ ഇല്ലാതെ. അസാധ്യമായ ഭാഷ ശൈലി ആണ് ഈ നോവേലിൻ്റെ പരുക്കൻ സ്വഭാവത്തിന് കാരണം. ഡോസ്റ്റയോവ്സ്‌കിയെ വായിച്ചു പരിചിതമായവർക്ക് ഈ വായന അത്ര കുഴപ്പം സൃഷ്ടിക്കില്ല. അല്ലാത്തവർക്ക് ഈ വായന ഇടുങ്ങിയ ഇഴപ്പഴുതിലൂടെ ഊർന്നിറങ്ങി മാത്രമേ സാധിക്കൂ. അല്ലെങ്കിൽ അത്രമേൽ നാം ആനന്ദിൻ്റെ ആൾക്കൂട്ടത്തിലേക്ക് ബലാത്ക്കാരമായ കടന്നുചെല്ലേണ്ടി വരും.
ജോസഫിലൂടെയാണ് വായനക്കാർ ആദ്യം ആൾക്കൂട്ടം കണ്ടുതുടങ്ങുന്നത്. അവിടെ ആരിലേക്കൊക്കെയോ നമ്മുടെ മനസ്സ് കടന്നുചെല്ലുന്നു. അവരുടെ ജീവിതത്തിലേക്ക് കയറിച്ചെന്ന് മറ്റൊരു പഴുതിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അങ്ങനെ അനുസ്യുതം കടന്നുപോകുന്നു;മുന്നത്തെപോലെ അനുവാദം ഒട്ടുമേ ചോദിക്കാതെ. ഇതിനിടയിൽ ജീവിതത്തിൻ്റെ പല വേഷങ്ങൾ കെട്ടിയഴിക്കുന്നതും നാം കാണുന്നു. ഇതിലെ മനുഷ്യരെല്ലാം വ്യത്യസ്തരാണ്, ജീവിതംകൊണ്ട് - വേഷമകൊണ്ട് - ആവശ്യകതകൾ കൊണ്ട്. അവരൊക്കെ കൂട്ടത്തോടെ ഏതേതു വഴികളിലൂടെക്കെയോ കടന്നുപോകുന്നു. ശാന്തമായി....
അദൃശ്യമായ ചങ്ങലകൾകൊണ്ടാണ് ആനന്ദ് വായനക്കാരെ ഇതിൽ ബന്ധിച്ചിരിക്കുന്നത്. അവയിലെ കലർപ്പുറ്റ ദുഃഖങ്ങളിലൂടെ - പ്രതീക്ഷയുടെ നീളൻ ചാലുകളിലൂടെ അവർ രാപ്പകലില്ലാതെ ഒഴുകിനീങ്ങുന്നു. ആ കൂട്ടത്തിൽ നമ്മളോരോരുത്തരും ഉണ്ട്. ലളിത അക്കൂട്ടത്തിലൊരാളാണ്. ഒരു ലേഡി ഡോക്ടർ ആകാനോ ഒരു കോളേജ് ലെക്ചർ ആകാനോ അവൾ മോഹിച്ചില്ല. അതുകൊണ്ടുതന്നെ അവളെപോലെ നമുക്കും ആ ഒഴുക്കിനെതിരെ നീന്തേണ്ടി വരുന്നില്ല. ഓഫീസിനും വീടിനുമിടയിലുള്ള ആ ചെറിയ ദൂരത്തിൽ അവളുടെ ആഗ്രഹങ്ങൾക്ക് ശമനമുണ്ടാകുന്നു;ഒപ്പം വായനക്കാർക്കും.
ശരീരം കൊണ്ട് കൂട്ടം കൂടുകയും മനസ്സുകൊണ്ട് ഒറ്റപ്പെടുകയും ചെയ്യുന്നവരുടെ കൂട്ടം;അഴകും അലങ്കോലവും തമ്മിൽ വ്യത്യാസമില്ലാത്തവർ. നിങ്ങൾക്കതിൽ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം. ഒരു ആൾക്കൂട്ടം ഉണ്ടാക്കാം