Tuesday, October 27, 2020

സിറാജുന്നിസ - ടി.ഡി.രാമകൃഷ്‌ണൻ

അവൾ മാസ്ക്ക് അൽപ്പം താഴ്ത്തി 

        '' മാഷേ... രാമചന്ദ്രൻ മാഷേ, മാഷ്ക്ക് എന്നെ മനസ്സിലായോ? '' 

'' ഉവ്വ്!...എനിക്ക് നിന്നെ ദൂരെനിന്നേ മനസ്സിലായി. അല്ലെങ്കിൽ തന്നെ നീയല്ലാതെ എന്നെത്തിരക്കി വേറെയാരുവരാനാണ്. പോരെങ്കിൽ ഈ അവസ്ഥയിൽ ഇത്രയും ദൂരം ബുദ്ധിമുട്ടി.''


  ''അപ്പോൾ ഓർക്കാറുണ്ട് എന്നെ, അല്ലെ മാഷേ?"

''കറുത്ത പർദയിട്ട് ഇരുപതാമത്തെ വയസ്സിലാണ് നിന്നെ ഞാൻ ആദ്യം കാണുന്നത്. പിന്നെ നീ ക്ഷണിച്ചതനുസരിച്ച് ഷണ്മുഖാനന്ദ ഹാളിൽ. ഒടുവിൽ കണ്ടത് എന്നെ വിവാഹം ക്ഷണിക്കാൻ ഇവിടേക്ക് വന്നപ്പോൾ.''

          '' അതെ മാഷേ!... മാഷ്ക്ക് നല്ല ഓർമ്മയാണ്, അല്ലെങ്കിൽ മാഷ് മാത്രേ എൻ്റെ കാര്യങ്ങൾ ഓർത്തുവയ്ക്കാറുള്ളു. ''

            നേരീയ നെടുവീർപ്പോടെ മാഷ് പറഞ്ഞു തുടങ്ങി.......

'' ആദ്യമൊക്ക നമ്മുടെ കൂടിക്കാഴ്ചകൾക്ക് മാസങ്ങളുടെയും വർഷങ്ങളുടെയും ഇടവേളകൾ ഉണ്ടായിരുന്നു.ഇപ്പൊൾ നമ്മൾ ദിവസത്തിൽ രണ്ടുതവണയെങ്കിലും കുറഞ്ഞത് കാണുന്നുണ്ട്.''

                  '' അതെ മാഷേ... ''

    '' സിറാജുന്നിസ നിന്നെ ആദ്യം കണ്ടത് എനിക്ക് മറക്കാൻ കഴിയില്ല. നിൻ്റെ ഇരുപതാമത്തെ വയസ്സിൽ; ഗുജറാത്ത് കൂട്ടക്കൊലയുമായ് ബന്ധപ്പെട്ട് നിൻ്റെ ഖബറിൽ റീത്ത് വച്ച് നിൻ്റെ കഥ കേൾക്കാൻ ഇരുന്നപ്പോഴാണ്. നിറകണ്ണുകളോടെയാണ് നിന്നെ ഞാൻ കേട്ടത്. പിന്നെ ലതാമങ്കേഷ്ക്കരുടെ ഗാനം ആലപിച്ചതിൻ്റെ പേരിൽ ജീവൻ പൊലിഞ്ഞപ്പോൾ, പിന്നെ കണ്ടത് കനയ്യ കുമാറിനെ മോചിപ്പിക്കാനുള്ള പ്രക്ഷോപം നടത്തിയപ്പോൾ ആ വിദ്യാർത്ഥികൾക്കിടയിൽ, പിന്നെ നീയേതോ തീവ്രവാദി ആയി എന്ന നിലയിൽ പത്ര തലക്കെട്ടുകളിൽ''

                  അത്  കേട്ട് അവൾ കുലുങ്ങി ചിരിച്ചു. ഒപ്പം ഞാനും 

          '' സിറാ... നീ അറിഞ്ഞിരുന്നോ? ഒരിക്കൽ അവർ എന്നേയും തേടി വന്നിരുന്നു.''

                               അവളുടെ കണ്ണുകളിൽ തീ പാറി..,ചിരി കെട്ടടങ്ങി.

      '' നീ ഓർക്കുന്നുണ്ടാകും കെ.എസ്.ഭഗവാനോടൊപ്പം ഒരു പരുപാടിയിൽ ഞാൻ പങ്കുകൊണ്ടിരുന്നു.അതിൽ ഞാൻ ബീഫ് വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്  കേട്ടറിഞ്ഞു വന്നതാണ്.'' ആകാംശയോടെ അവൾ ചോദിച്ചു.

         ''എന്നിട്ട്.......എന്നിട്ട് എന്തായ് മാഷേ ''

    ''പ്രതീക്ഷിച്ചത് തന്നെ!...,കഴുത്തറത്ത് കണ്ണാടിപ്പുഴയിലേക്കെറിഞ്ഞു അവരെന്നെ തിരുത്താൻ ശ്രമിച്ചു,...''

    ----------------------------------------------------------------------------------------------------------------

                  സിറാജുന്നിസ- സമകാലിക ഇന്ത്യൻ സമൂഹത്തിൻറെ ചിത്രമാണ്. ദിവസവും ഒരു മോശം വാർത്ത കേൾക്കാൻ തയ്യാറായ് ഇരിക്കേണ്ട തരത്തിലേക്ക് നമ്മുടെ സമൂഹം നീങ്ങിയിരിക്കുകയാണ്.1991-ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽവച്ച് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട 11 വയസുകാരിയാണ് സിറാജുന്നിസ. അതിനുശേഷം 25 വർഷം പിന്നിട്ട് ഇപ്പോൾ അവളെ നോക്കികാണുമ്പോഴും നമ്മുടെ സാമൂഹിക അന്തരീക്ഷഗന്ധം ജീർണിച്ച് ദുർഗന്ധം വമിക്കുകയാണ്;ഇപ്പോഴും. 

    Thursday, October 22, 2020

    നായകനും നായികയും - സുസ്മേഷ് ചന്ത്രോത്ത്

      അപരിചിത ദേശങ്ങളിൽ എത്തിപ്പെടുബോൾ മനുഷ്യർക്കെല്ലാം പൊതുവിൽ ബാധിക്കാറുള്ള ഒരു അമ്പരപ്പില്ലേ!...അതുപോലെ ഒന്നായിരുന്നു സുസ്മേഷ് ചന്ത്രോത്തിൻ്റെ ‘’നായകനും നായികയും’’ വായിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം. കടലോരത്തുനിന്ന് ഹൈറേഞ്ചിലെ മലകളിലേക്ക് അപ്പനും അമ്മയ്ക്കുമൊപ്പം കുടിയേറിയ  മനുഷ്യനാണ് തോമ. അതേവിധം കുന്നുകയറിയ മറ്റൊരു കുടുംബത്തിലെ യുവതിയായ ഒറോതയെ മിന്നുകെട്ടി ഭാര്യയാക്കി. അതിപ്പോൾ മുപ്പത്തിനാല് വർഷങ്ങൾക്ക് പിറകിലായ്. മൂടൽ മഞ്ഞിൻ്റെ പുതപ്പിൻകീഴിൽ മലകളുടെ അടിവാരത്തിൽ, ചെമ്പേരിയിൽ ഒറോത സ്നേഹവും ത്യാഗവുമായിരുന്നു. അവൾ ദുഃഖമായിരുന്നു,കരുതായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറിലൂടെ ഒഴുകിവന്ന '' കാക്കനാടിൻ്റെ '' ഒറോതയെ ഞാൻ അറിയാതെ ഓർത്തുപോയി. ചിലപ്പോൾ തോമയുടെ ഭാര്യ ഒറോതയും ഇവൾതന്നെയായിരിക്കാം.

      പത്തുകമ്പി ഗ്രമാക്കവലയിൽ നിന്നാരംഭിക്കുന്ന നോവൽ ചെറുതല്ലാത്ത വിധത്തിൽ ഭയപ്പെടുത്തുകയും വായനക്കാരെ ഒരു കൈയ്യടക്കം പോലെ നോവലിലേക്ക് ഇഴചേർക്കുകയും ചെയ്യുന്നു. ഉയരങ്ങളുടെ അഹങ്കാരിയായ നത്തുപാറയിൽ തോമയ്ക്ക് വയസ്സ് അൻപത്തിയഞ്ച്. വലത്തേ നെഞ്ചിലേക്ക് തോക്കിൻ്റെ പാത്തിയമർത്തി നീണ്ട ഇരട്ട കുഴലിൻ്റെ അറ്റത്ത് തിമിരത്തിൻ്റെ വലയം വീണ കണ്ണടച്ച് കാഞ്ചിവലിച്ചാൽ!...ഉന്നം കിറുകൃത്യം. നത്തുപാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന തോമയ്ക്ക് കൂട്ട് മരിച്ചുപോയ പെണ്മക്കളുടെ  പ്രേതങ്ങളാണ്.അതിൽ നാടുവിലത്തെ മകളായ സൂസിയുമായ് അരുതാത്ത ബന്ധം ഇപ്പോഴും വെച്ചുപോകുന്നുണ്ടെന്ന കരക്കമ്പിയും നോവലിൽ കാണാം. ഒരിക്കൽ ഒരു ഹൃദയ സ്‌തംഭനത്തോടെ ഒറോത മരിച്ചു. ഒറോതയുടെ തണുത്ത ശരീരത്തിൽ കൈവെച്ച് തോമ നത്തുപാറ കുലുങ്ങുന്ന ഒച്ചയിൽ നിലവിളിച്ചു. പിന്നീട് ദുരന്തങ്ങൾ ഒന്നൊന്നായി തോമയെ തേടിയെത്തി. മൂത്തമകൾ ലില്ലി ഭർതൃ ഗൃഹത്തിൽ വെച്ച് കിണറ്റിൽ ചാടി മരിച്ചു. വിഷാദരോഗമായിരുന്നു എന്ന് വിദഗ്‌ദ്ധർ വിധിയെഴുതി. അത് പിന്നീട് നാലുമക്കളിലേക്കും പടർന്നു. ഓരോ കൊല്ലത്തെ ഇടവേളയിൽ തോമ തീർത്തും ഒറ്റപ്പെട്ടു...

      ആ ഏകാന്തതയുടെ അലച്ചിലിൽ ഏതോ പള്ളിമുറ്റത്തുവെച്ച് രാമകൃഷ്ണനെ പരിചയപ്പെരുന്നു.തുടർന്ന് ഗാർഗിയും കണ്ണിചേരുന്നു. എവിടെയെങ്കിലും ഇരുന്ന് സ്വസ്ഥമായ് വരയ്ക്കുക. വരച്ച ചിത്രങ്ങളൊക്കെയും എക്സിബിഷനിൽ വെച്ച്  വിൽക്കുക. ഈ ഉദ്ദേശത്തോടെയാണ് ഇവർ തോമയുടെ നത്ത്പാറയിലെ വീട്ടിലേക്ക് എത്തുന്നത്. ഉയരം ഒരു തണുപ്പുപോലെയാണ് അവരെ സ്വീകരിച്ചത്. അവിടുന്ന് നോവൽ ഗാർഗിയുടെ സഹോദരി ഗാഥയിലേക്കും നീണ്ടുപോകുന്നു. പിന്നീട് നാം ഇതിൽ വായിച്ചറിഞ്ഞ സത്യങ്ങളൊക്കെയും മറച്ചുവെക്കാനുള്ള വ്യഗ്രത നമ്മിൽ ഉയരും. അരിപ്പൂക്കൾ വിരിഞ്ഞുകിടക്കുന്ന താഴ്വരകൾക്ക് നിലവിളികൾ സർഗാത്മകത നൽകും. അതേ വിഷാദം നമ്മിൽ അരിച്ചിറങ്ങും. മദ്യത്തിനും കഞ്ചാവിനും മരണത്തിൻറെ ചോദ്യത്തിന് ഉത്തരമെഴുതാനാവില്ലെന്ന തോമയുടെ കണ്ടെത്തൽ നമുക്കും ശരിയായ് തോന്നും. പാറകൾ അടിത്തട്ട് ഒരുക്കിയിരിക്കുന്നതിനാൽ നത്തുപറയിൽ കിണറുകൾ ഇല്ലായിരുന്നു. തോമയെപ്പോലെ അപൂർവം ചിലർക്കേ അവിടെ ജീവിക്കാനൊക്കൂ...

        ഒരു നൂഴിലപോലും വിട്ടുപോകാത്ത ഓർമ്മകളിൽ പതർച്ചയില്ലാതെ ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ തോമ ആർക്കോ വേണ്ടി സ്തുതി ചൊല്ലി...'' മരിച്ച് അങ്ങയിലേക്ക് വന്നുചേരുന്ന ആത്മാവിന് നിത്യശാന്തി കൊടുക്കേണമേ!...''

    Tuesday, October 20, 2020

    ഒറ്റക്കല്ല് - കെ. രേഖ

     മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒക്‌ടോബർ 11-ൽ  വന്ന '' യിജുവിൻ്റെ സ്വന്തം ആഷു '' എന്ന ഒരു ലേഖനം വായിച്ചു. അന്നുമുതൽ മനസ്സ് കാറ്റുകൊണ്ടുപോകുന്ന പായക്കപ്പൽ പോലെ ആയിരുന്നു. കപ്പലിൻറെ അടിത്തട്ടുനിറയെ സ്വർണക്കട്ടികളും ആരെയും മയക്കുന്ന അത്തറുനിറച്ച ഭരണിയുമായിരുന്നെങ്കിൽ മനസ്സുനിറയെ യിജുവിൻറെയും ആഷുവിൻറെയും പ്രണയമായിരുന്നു. ജൂതവ്യാപാരിയും ട്യുണീഷ്യയിൽ  ആൽമഹ്‌ദിയായിൽ പായക്കപ്പലുകൾ സ്വന്തമായുണ്ടായിരുന്ന, അതിധനികനും, വ്യാപാരിയും മനോഹരമായ കൈപ്പടയാൽ കവിതകൾ എഴുതിയിരുന്ന യിജുവും കണ്ണൂരുകാരിയായ അടിമ സുന്ദരിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. 888 -വർഷം ആരും അറിയാതെ കിടന്ന ഈ പ്രണയ കഥ വായനക്കാരിലേക്ക് എത്തിക്കുന്നത് സി.കെ.റിംജു ആണ്. അടിമയിൽ നിന്ന് കാമുകിയിലേക്കും കാമുകിയിൽനിന്ന് ഭാര്യയിലേക്കുമുള്ള പ്രണയ വ്യാപാരം ചരിത്രത്താളുകളിൽ നിന്ന് സാഹിത്യത്തിലേക്ക് പകർന്നത് കെ.രേഖ ആണ്.

    പ്രണയത്തിൻറെ മറുപുറം ഇതിൽ വിരഹമാണ്. 17 -വർഷത്തെ സുന്ദരജീവിതത്തിനു ശേഷം യിജു ട്യൂണീഷ്യയിലേക്ക് മടങ്ങുകയും ആഷുവിൻറെ കാത്തിരിപ്പിൻ്റെ കാലം തുടങ്ങുകയും ചെയ്യുന്നു.അതിനുശേഷമുള്ള ആഷുവിൻറെ ജീവിതമാണ് കെ.രേഖ '' ഒറ്റക്കല്ല് '' ലൂടെ പറഞ്ഞുവെയ്ക്കുന്നത് ( ഒക്ടോബർ 18 ). അവൾ,ആഷു മഞ്ഞൾ നെടുകെ മുറിച്ചുവെച്ചപോലെ , എന്തൊരുകാന്തിയാണ്... അവളെ സ്പർശിക്കുന്ന പുരുഷൻ ഏറ്റവും യോഗ്യതയുള്ളവനായിക്കണമെന്ന സ്വർഗത്തിൻ്റെ തീരുമാനം ഒന്നുകൊണ്ടുമാത്രമാണ് കടൽ കടന്ന് കാറ്റ് അവളുടെ പുരുഷൻ യിജുവിനെ പായക്കപ്പലിൽ കടൽകൊള്ളക്കാർക്ക് പിടികൊടുക്കാതെ മംഗളാദേവിപുരത്ത് കൊണ്ടുചെന്നെത്തിച്ചത്. ലോകം അറിയണം ഇങ്ങനെ രണ്ടുപേർ ലോകത്തിൻ്റെ കടുംപിടുത്തങ്ങൾക്ക് പിടികൊടുക്കാതെ ജീവിച്ചിരുന്നെന്ന്,പ്രണയിച്ചിരുന്നെന്ന്..ഹൃദയത്തിൽ നിന്നെടുത്ത നൂൽകൊണ്ടാണ് അവർ അവരുടെ പ്രണയം നെയ്തെടുത്തത്. ആ പ്രണയ നഷ്ടത്തിനുശേഷം ആഷു മുന്നേറിയില്ല. അവളുടെ പ്രതിമകൾക്കെല്ലാം ഒരേ മുഖം മാത്രമായ്. അടിമയെ സ്വന്തമാക്കുന്ന,പ്രണയിനിയാക്കുന്ന ഉള്ളടക്കമുള്ള ഈ കഥ വരാനിരിക്കുന്ന പ്രണയ കഥകളുമായ് മാറ്റുരക്കട്ടെ. ആ തീപ്പൊരിയിൽ പ്രണയത്തിൻറെ പനിനീർപ്പൂവ് വിരിയട്ടെ...മനോഹരമായ പ്രണയ കഥ 

    Tuesday, October 13, 2020

    ഖബർ - കെ.ആർ മീര


      കെ.ആർ മീരയുടെ പുതിയ നോവലായ ഖബർ വായിച്ചു. ചരിത്രത്തേയും ശാസ്ത്രബോധത്തേയും കവച്ചുവെച്ചുകൊണ്ട് കടന്നുപോകുന്ന ''ഖബർ'' ഒരു കാലഘട്ടത്തെയാണ് ബാധിക്കുന്നത്; കുറച്ചധികം യുക്തിബോധത്തെയും. പല രീതിയിൽ വായനയുടെ അന്തരീക്ഷം അനുവാചകർക്കുചുറ്റും അനിർവ്വചനീയമായി വ്യാപിച്ചുനിൽക്കും. നമുക്ക് ചുറ്റും അവ അസ്ഥിപഞ്ചരം പോലെ എഴുന്ന് നിൽക്കുന്നു, അതിദീർഘമായ ജീവിതംകൊണ്ടുപോലും വ്യാഖ്യാനിക്കാനാവാതെ; ഒട്ടുമേ പൊട്ടിത്തെറിക്കാതെ അവ സന്നിവേശിപ്പിക്കാനുമാവില്ല. ഒരു കാലഘട്ടത്തിൻറെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് ഖബർ എന്ന നോവലിലൂടെ കെ.ആർ മീര വരച്ചുകാട്ടുന്നത്. എത്രതന്നെ മാറിമാറി ആഖ്യാനം ചെയ്‌താലും ബീജത്തിൽ നിന്ന് കഥാതന്തു വളർന്ന് പന്തലിക്കുന്നതല്ലാതെ ഖബറിൽ അടക്കം ചെയ്യപ്പെടുന്നില്ല. അനുഭുതികൾക്കും വികാരങ്ങൾക്കും നീതിക്കും മുകളിൽ  യുക്തിനിഷ്ടമായ നിയമവാഴ്ചയുടെ പാർപ്പുളവാക്കുന്ന സ്ഥലം,ഖബറിൻറെ ആഖ്യാന കേന്ദ്രം അതാണ്.

       അനുഭവ ശൂന്യമായ നിർമലതയോടുകൂടിയും കേവല യുക്തിയോടുകൂടിയുമുള്ള ഭാഷയിലാണ് ഖബർ നമ്മോടുസംസാരിക്കുന്നത്. നോവൽ ആത്മഗദംപോലെയാണ് തുടങ്ങുന്നത്. നോവലിലെ തർക്കവിഷയം ഖബറും അത് നിൽക്കുന്ന പുരയിടവുമാണ്. സലാഹുദ്ദിൻ തങ്ങളിൽ നിന്ന് സാകേതം ട്രസ്റ്റ് വിലകൊടുത്തുവാങ്ങിയ രണ്ടേക്കർ പതിനഞ്ചുസെന്ററിൽ പൊതുജനഹിതപ്രകാരം ഒരു കല്യാണമണ്ഡപവും ഓഡിറ്റോറിയവും പണിയാൻ തീരുമാനിക്കുന്നു. ഈ രണ്ടേക്കറിൻറെ തെക്കേയറ്റത്താണ് ഖയാലുദ്ദിൻ തങ്ങളുടെ പൂർവികരുടെ ഖബർ. അത് അദ്ദേഹം പവിത്രമായ് കരുതുകയും ചെയ്യുന്നു. ഐതീഹ്യങ്ങളും ചരിത്രവും മിത്തുകളും ദൈനംദിനാനുഭവങ്ങളുമായ് ഖബർ മുന്നോട്ടുപോകുന്നു. അയാളും അയാളിലെ ജീവിതത്തിൻറെ അടരുകളുമാണ് ഖബർ. തൻ്റെ വേരുകൾ ഉറങ്ങുന്ന മണ്ണ് സംരക്ഷിക്കാൻ അയാൾ കോടതിയുമായി വ്യവഹാരത്തിലേർപ്പെടുന്നു; ഇതുകൂടാതെ അയാളിൽ നിന്ന് തൊടുക്കപ്പെടുന്ന മഹേന്ദ്ര ജാലവും. വാസ്തവങ്ങൾക്കിടയിൽ തിരികികയറ്റുന്ന ജാലവിദ്യകളും നോവലിൽ ഇടക്ക് കാണാൻ സാധിക്കും, അതിൽ പലപ്പോഴായി ഉയർന്ന് എഴുന്നേൽക്കുന്ന ജില്ലാജഡ്‌ജി ഭാവന സച്ചിദാനന്ദനേയും. 

         സമകാലിക സാമൂഹിക സാഹചര്യങ്ങളുമായ് നോവൽ ഇടപെടുന്നത് എങ്ങനെയാണെന് ''നീതിടെ ഖബറിടങ്ങൾ'' ളിൽ സുനിൽ പി ഇളയിടം വിശകലനം ചെയ്യുന്നുമുണ്ട്. അത് നോവലിൻറെ കാഴ്ചപ്പാട് കൃത്യമായ് അടയാളപ്പെടുത്തുന്നു. ഖബർ ഒരു സ്ഥലത്തിൻ്റെ കഥ മാത്രമല്ല, നാം ജീവിച്ച കാലഘട്ടത്തിൻറെ തർക്കത്തിൻ്റെ അടരുകൾകൂടിയാണ്. ഖബർ വായനക്കാർ മാറി മാറി വീക്ഷിക്കണം. എങ്കിലേ ഖബർ കേവലം ഒരു ഇടം മാത്രമല്ല  അത് ആഖ്യാനത്തിൽ ചരിത്രത്തോളം വലുതായ ഒരു സ്ഥാനത്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ. ഇനിയും കെട്ടുപോകാത്ത കനൽ നിങ്ങൾക്കിതിൽ കാണാൻ സാധിക്കും. എല്ലാറ്റിനും ഉപരിയായി  ജില്ലാജഡ്ജി ഭാവന സച്ചിദാനന്ദൻ്റെ കയ്പ്പും കണ്ണുനീരും ചേർന്ന ജീവിതവും. 

      നീതി വിചാരത്തിൽ അങ്ങേയറ്റത്തെ ഏറ്റവും വലിയ അനീതിയുടെ കഥയായ ഖബർ,ആ മണ്ണിലേക്ക് നോക്കുമ്പോൾ നാം കാണുന്നത് കണ്ണുനീർ വാർന്ന് നിക്കുന്ന 'നീതി'യേയാണ്. ആ കണ്ണുനീർ വീണ് കുതിർന്ന മണ്ണാണ് ഖബറിനായ് കുഴിക്കുന്നത്. മറ്റാരൊക്കെയോ (ഞാനും ) അത് ഖബറുകളിൽ കിടന്ന് കാണുകയും ചെയ്യുന്നു... 

    ഡയാസ് പൊറ - സുരേഷ് കുമാർ വി.

    വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...