Tuesday, October 13, 2020

ഖബർ - കെ.ആർ മീര


  കെ.ആർ മീരയുടെ പുതിയ നോവലായ ഖബർ വായിച്ചു. ചരിത്രത്തേയും ശാസ്ത്രബോധത്തേയും കവച്ചുവെച്ചുകൊണ്ട് കടന്നുപോകുന്ന ''ഖബർ'' ഒരു കാലഘട്ടത്തെയാണ് ബാധിക്കുന്നത്; കുറച്ചധികം യുക്തിബോധത്തെയും. പല രീതിയിൽ വായനയുടെ അന്തരീക്ഷം അനുവാചകർക്കുചുറ്റും അനിർവ്വചനീയമായി വ്യാപിച്ചുനിൽക്കും. നമുക്ക് ചുറ്റും അവ അസ്ഥിപഞ്ചരം പോലെ എഴുന്ന് നിൽക്കുന്നു, അതിദീർഘമായ ജീവിതംകൊണ്ടുപോലും വ്യാഖ്യാനിക്കാനാവാതെ; ഒട്ടുമേ പൊട്ടിത്തെറിക്കാതെ അവ സന്നിവേശിപ്പിക്കാനുമാവില്ല. ഒരു കാലഘട്ടത്തിൻറെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് ഖബർ എന്ന നോവലിലൂടെ കെ.ആർ മീര വരച്ചുകാട്ടുന്നത്. എത്രതന്നെ മാറിമാറി ആഖ്യാനം ചെയ്‌താലും ബീജത്തിൽ നിന്ന് കഥാതന്തു വളർന്ന് പന്തലിക്കുന്നതല്ലാതെ ഖബറിൽ അടക്കം ചെയ്യപ്പെടുന്നില്ല. അനുഭുതികൾക്കും വികാരങ്ങൾക്കും നീതിക്കും മുകളിൽ  യുക്തിനിഷ്ടമായ നിയമവാഴ്ചയുടെ പാർപ്പുളവാക്കുന്ന സ്ഥലം,ഖബറിൻറെ ആഖ്യാന കേന്ദ്രം അതാണ്.

   അനുഭവ ശൂന്യമായ നിർമലതയോടുകൂടിയും കേവല യുക്തിയോടുകൂടിയുമുള്ള ഭാഷയിലാണ് ഖബർ നമ്മോടുസംസാരിക്കുന്നത്. നോവൽ ആത്മഗദംപോലെയാണ് തുടങ്ങുന്നത്. നോവലിലെ തർക്കവിഷയം ഖബറും അത് നിൽക്കുന്ന പുരയിടവുമാണ്. സലാഹുദ്ദിൻ തങ്ങളിൽ നിന്ന് സാകേതം ട്രസ്റ്റ് വിലകൊടുത്തുവാങ്ങിയ രണ്ടേക്കർ പതിനഞ്ചുസെന്ററിൽ പൊതുജനഹിതപ്രകാരം ഒരു കല്യാണമണ്ഡപവും ഓഡിറ്റോറിയവും പണിയാൻ തീരുമാനിക്കുന്നു. ഈ രണ്ടേക്കറിൻറെ തെക്കേയറ്റത്താണ് ഖയാലുദ്ദിൻ തങ്ങളുടെ പൂർവികരുടെ ഖബർ. അത് അദ്ദേഹം പവിത്രമായ് കരുതുകയും ചെയ്യുന്നു. ഐതീഹ്യങ്ങളും ചരിത്രവും മിത്തുകളും ദൈനംദിനാനുഭവങ്ങളുമായ് ഖബർ മുന്നോട്ടുപോകുന്നു. അയാളും അയാളിലെ ജീവിതത്തിൻറെ അടരുകളുമാണ് ഖബർ. തൻ്റെ വേരുകൾ ഉറങ്ങുന്ന മണ്ണ് സംരക്ഷിക്കാൻ അയാൾ കോടതിയുമായി വ്യവഹാരത്തിലേർപ്പെടുന്നു; ഇതുകൂടാതെ അയാളിൽ നിന്ന് തൊടുക്കപ്പെടുന്ന മഹേന്ദ്ര ജാലവും. വാസ്തവങ്ങൾക്കിടയിൽ തിരികികയറ്റുന്ന ജാലവിദ്യകളും നോവലിൽ ഇടക്ക് കാണാൻ സാധിക്കും, അതിൽ പലപ്പോഴായി ഉയർന്ന് എഴുന്നേൽക്കുന്ന ജില്ലാജഡ്‌ജി ഭാവന സച്ചിദാനന്ദനേയും. 

     സമകാലിക സാമൂഹിക സാഹചര്യങ്ങളുമായ് നോവൽ ഇടപെടുന്നത് എങ്ങനെയാണെന് ''നീതിടെ ഖബറിടങ്ങൾ'' ളിൽ സുനിൽ പി ഇളയിടം വിശകലനം ചെയ്യുന്നുമുണ്ട്. അത് നോവലിൻറെ കാഴ്ചപ്പാട് കൃത്യമായ് അടയാളപ്പെടുത്തുന്നു. ഖബർ ഒരു സ്ഥലത്തിൻ്റെ കഥ മാത്രമല്ല, നാം ജീവിച്ച കാലഘട്ടത്തിൻറെ തർക്കത്തിൻ്റെ അടരുകൾകൂടിയാണ്. ഖബർ വായനക്കാർ മാറി മാറി വീക്ഷിക്കണം. എങ്കിലേ ഖബർ കേവലം ഒരു ഇടം മാത്രമല്ല  അത് ആഖ്യാനത്തിൽ ചരിത്രത്തോളം വലുതായ ഒരു സ്ഥാനത്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ. ഇനിയും കെട്ടുപോകാത്ത കനൽ നിങ്ങൾക്കിതിൽ കാണാൻ സാധിക്കും. എല്ലാറ്റിനും ഉപരിയായി  ജില്ലാജഡ്ജി ഭാവന സച്ചിദാനന്ദൻ്റെ കയ്പ്പും കണ്ണുനീരും ചേർന്ന ജീവിതവും. 

  നീതി വിചാരത്തിൽ അങ്ങേയറ്റത്തെ ഏറ്റവും വലിയ അനീതിയുടെ കഥയായ ഖബർ,ആ മണ്ണിലേക്ക് നോക്കുമ്പോൾ നാം കാണുന്നത് കണ്ണുനീർ വാർന്ന് നിക്കുന്ന 'നീതി'യേയാണ്. ആ കണ്ണുനീർ വീണ് കുതിർന്ന മണ്ണാണ് ഖബറിനായ് കുഴിക്കുന്നത്. മറ്റാരൊക്കെയോ (ഞാനും ) അത് ഖബറുകളിൽ കിടന്ന് കാണുകയും ചെയ്യുന്നു... 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...