Thursday, January 27, 2022

നീലച്ചടയൻ - അഖിൽ.കെ



    ടക്കൻ  പെരുമയുടെ തെയ്യങ്ങളും ആഘോഷരാവുകളും ഉറഞ്ഞാടുന്ന ജീവിതത്തിൻറെ കഠിന വ്യഥകളും അനാവണം ചെയ്ത് നമ്മെ മറ്റാരും കാണാത്ത കാണാവഴികളിലേക്ക് കൂട്ടികൊണ്ടുപോകുകയാണ് അഖിൽ കെ എഴുതിയ നീലച്ചടയൻ എന്ന കഥയിലൂടെ. ചെക്കിപ്പൂത്തണ്ട എന്ന ആദ്യ കഥയിൽ തെയ്യവും കെട്ടിയാടുന്ന ആളുകളുടെ ജീവിതവുമാണ് പറയുന്നത്. ദൈവം എന്ന വാക്കിൽ നിന്നാണ് തെയ്യം എന്ന വാക്കിൻ്റെ ഉൽപ്പത്തി എന്നാണ് ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തമിഴിലെ തെയ്‌വം എന്ന രൂപമാണ് തെയ്യമായ് മാറിയത്. 

        പ്രാചീന കാലത്തെ സാമൂഹിക ജീവിതത്തിൻ്റെ പ്രതിഫലങ്ങളായിരുന്ന നാടൻ കലകളൊക്കെയും ആചാരാനുഷ്ടാനവുമായോ ആരാധനയുടെ ഭാഗമായോ ആണ് മനുഷ്യർക്കിടയിൽ പ്രതിഷ്ഠിക്കപ്പെട്ടത്. അങ്ങനെ നാടൻ കലകളൊക്കെയും അടിച്ചമർത്തപ്പെടുന്ന മനുഷ്യൻ്റെയും അധഃസ്ഥിതൻ്റെയും  ആത്മപ്രകാശനത്തിനുമുള്ള ഉപാധിയായി മാറ്റപ്പെട്ടു. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണവും മനോഹരവുമായ മുഖത്തെഴുത്തും രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്നതോടെ തെയ്യം ഉറഞ്ഞുനിൽക്കും. അതുകൊണ്ട് കൂടി ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. പക്ഷേ ഇവിടെ നിയമത്തിൻ്റെ കുരുക്കിൽ പെട്ടുപോകുന്നു. അല്ലെങ്കിൽ ആളെ അടിയ്ക്കുന്നതിന് പകരം വല്ല കരിക്കല്ലിനെയോ മരത്തിനേയോ തല്ലുന്ന രീതിയിൽ രൂപമാറ്റം വരുത്തിയാൽ മതിയെന്ന് പറയുന്നിടത് ഒരു ജനതയുടെ ഉള്ള് ചിലമ്പുന്നത് കേൾക്കാം;കാലൊന്ന് ഉറച്ച് ചവിട്ടിയാൽ കാൽച്ചിലമ്പ് ചിലംമ്പണപോലെ...

         നരനായാട്ടും നീലച്ചടയനും വായനക്കാരന് പുതിയൊരു വായനാനുഭവമായിരിക്കും നൽകുന്നത്. നരനായാട്ട് ഒരു ത്രില്ലറാണ്. തീർത്തും ഇരുട്ടിനെ പിൻപറ്റി മാത്രം കാണാൻ പറ്റുന്ന അല്ലെങ്കിൽ വായിക്കാൻ പറ്റുന്ന ഒന്ന്. അതിന് മുഖത്തെഴുത്ത് നടത്തിയത്  പകയുടെയും പ്രതികാരത്തിൻ്റെയും ചായം കൊണ്ടാണ്. അതുകൊണ്ടുതന്നെ വല്ലാത്തൊരു പ്രതികാരത്തിൻ്റെ ഉന്മാദം നിറഞ്ഞാടുന്നത് മൂങ്ങയുടെ കണ്ണുളിലൂടെന്നപോലെ നമുക്ക് കാണാൻ സാധിക്കും. ലഹരിക്ക് അടിമപ്പെട്ട് തലച്ചോറിൽ അടയാളപ്പെടുത്തിയ രക്സ്തബന്ധങ്ങളെപോലും തിരിച്ചറിയാതെ സഹോദരിയെ ഭോഗിക്കാൻ നടക്കുന്ന ഒരു മനുഷ്യമൃഗത്തെ നീലച്ചടയനിൽ നമുക്ക് കാണാം. അവൻ എന്ത് കോലമായിരിക്കും മുഖത്ത് വരച്ചിരിക്കുക...

         ഓരോ കഥകളും അതിമനോഹരമാണ്. വായിച്ചുകഴിഞ്ഞും കഥയും കഥാപാത്രങ്ങളും വായനക്കാരിൽ അവശേഷിക്കുമ്പോഴാണല്ലോ ഒരു എഴുത്തുകാരൻ പൂർണമായും വിജയിക്കുന്നത്. അങ്ങനെ മനസ്സിൽ ചിലന്തി കെട്ടിയ കഥാപാത്രങ്ങളാണ് പെരുമലയൻ,ഗഗൻ,അനിത,കുപ്പി,ഋതു....അങ്ങനെ ഓരോ കഥാപാത്രങ്ങളേയും ഉള്ളിൽ അങ്ങനേ അവശേഷിപ്പിക്കാൻ എഴുത്തുകാരൻ  കഴിഞ്ഞു.മനോഹരമായ ഒരുപിടി കഥകൾ...!

നിശബ്ദ സഞ്ചാരങ്ങൾ - ബെന്യാമിൻ


  രുകാലത്ത് അതിർത്തികൾ കടന്നും അതിർത്തികൾക്ക് കുറുകെ സഞ്ചരിച്ചും ലോകത്തിൻറെ അതിരുകളോളം ഒറ്റക്ക് യാത്രചെയ്ത് മദ്ധ്യതിരുവിതാംകൂറിനെ പട്ടിണിയിൽ നിന്നും പലായനത്തിൽ നിന്നും കരകയറ്റിയ നേഴ്‌സ് സഹോദരിമാരുടെ പോരാട്ടത്തിൻ്റെ കഥപറയുന്ന നോവൽ ആണ് നിശബ്ദ സഞ്ചാരങ്ങൾ.

അങ്ങനെ കടല് കടന്ന മറിയാമ്മയുടെ ജീവിതമാണ് ഇതിൻ്റെ പ്രമേയം. ഇതിലെ ഭാഷ കാര്യമായ വിനിമയ സാധ്യതയൊരുക്കിയില്ല.പതിഞ്ഞ ഒരു വായനയാണ് സാധ്യമാക്കിയത്.

    2017-ൽ പ്രസിദ്ധീകരിച്ച മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഇരുപത് വർഷത്തെ മാന്തളിരിലെ തന്നെ ചരിത്രമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഇതൊരു യാത്രാവിവരണം അല്ല, മറിച്ച് മാന്തളിരിൽ നാലാം തലമുറയുടെ അന്വേഷ ചരിത്രമാണ്. ഒരിക്കൽ മാത്രം കടന്നുപോകുന്ന കഥാപാത്രങ്ങൾക്കുപോലും ഒരുപാട് കഥകൾ നമ്മോട് പങ്കുവയ്ക്കാനുണ്ട്. അതിൽ ഭൂരിഭാഗവും പുരുഷനുമുൻപേ യാത്രകൾ നടത്തിയ കരുത്തുറ്റ സ്ത്രീകളുടെ കഥകളായിരുന്നു; പ്രത്യേകിച്ച് തിരുവിതാംകൂറുമായ് ബന്ധപ്പെട്ട്. സാധാരണ യാത്രകളുടെ പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി നിശബ്ദസഞ്ചാരങ്ങൾ മഞ്ഞിൽ പതിയെ കാൽവെച്ചു നടന്നു നീങ്ങി.പനിയുടെയും കുളിരിൻ്റെയും ഛർദ്ദിയുടെയും തളർച്ചകൾ ഉൾക്കൊണ്ട അഞ്ച് ഉറുമ്പുവർഷങ്ങൾ നമുക്കുമുന്നിൽ കാലുവലിച്ച് നടക്കുന്നത് കാണാം. അനുസ്യൂതം ആ നടത്ത ഇന്നും തുടരുന്നുണ്ട് എന്നർത്ഥം.

Tuesday, January 25, 2022

ജീവിതം ഒരു മോണാലിസച്ചിരിയാണ് - ദീപാനിഷാന്ത്

 ർമ്മക്കുറിപ്പുകൾ വായിച്ച് തികവൊത്ത ഒരു വായനക്കാരനായി ഇരിക്കുന്ന ഒരുവനിലേയ്ക്ക് വച്ച് നീട്ടാൻ പറ്റിയ ഒരു ഓർമ്മക്കുറിപ്പല്ല ഇത്. മറിച്ച് അതിനുമപ്പുറം നാമൊന്നും അത്രയധികം ശ്രദ്ധിക്കാതെ പോകുന്ന ജീവിതങ്ങളില്ലേ,അറിഞ്ഞാൽ ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന ജീവിതങ്ങൾ അത്തരം ചില ജീവിതങ്ങളിലേക്കുള്ള തിരിഞ്ഞുനടത്തമാണ് ദീപയുടെ '' ജീവിതം ഒരു മോണാലിസച്ചിരിയാണ് '' എന്ന ഓർമ്മക്കുറിപ്പ്.

     എന്തുകൊണ്ടങ്ങിനെ ദീപയെപ്പോഴും ഭൂതകാലത്തിൽ ജീവിക്കുന്നു എന്ന് നമുക്ക് തോന്നിയേക്കാം. ചിലപ്പോൾ ഭാവിയിലേക്ക് കടന്നുചെന്ന് ജീവിത സങ്കല്പ്പങ്ങളെ ഇങ്ങനെ കാട്ടിത്തരുവാനും ഫലിപ്പിക്കുവാനും തനിക്ക് ഭാവിയെ പാരായണം ചെയ്തു കടന്നുപോയെങ്കിലേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവിൽ നിന്നുമാകാം. ലളിതമായ ഒരു വായന...

      ഇതിൽ സ്‌നേഹിതനായ ഒരു അദ്ധ്യാപകനെക്കുറിച്ച് എഴുതിയതൊഴിച്ചാൽ തീർത്തും വായനാശൂന്യമാണ്. ഇതിലെ വരകളെല്ലാം മനോഹരമാണ്. ബെന്യാമിൻ ഈ പുസ്തകത്തെകുറിച്ചെഴുതിയ ഒരു മുഖവുരയുണ്ട്. അതുകൂടി വായിക്കണം. അത് വായിച്ച് കഴിയുമ്പോൾ യാഥാർഥ്യം ഇത്രത്തോളം മറച്ചുപിടിക്കാൻ ബെന്യാമിൻ എന്ത് പണിപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാകും. അവിടെയാണ് നാം ആ മോണാലിസ ചിരി കാണുന്നത്.

Friday, January 7, 2022

വിഷകന്യക - എസ്.കെ പൊറ്റെക്കാട്ട്

 നുഷ്യനും

പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥ പറയുന്ന നോവലാണ് എസ്.കെ പൊറ്റെക്കാട്ട് എഴുതിയ വിഷകന്യക. 1948 - ൽ ആണ് വിഷകന്യക ആദ്യമായ് പ്രസിദ്ധീകരിക്കുന്നത്. യാത്രകൾ കൊണ്ട് മലയാള സാഹിത്യലോകത്ത് ഒരു മോഹനവലയം സൃഷ്ടിച്ച എസ്.കെ വെറുമൊരു നോവൽ എന്നതിനുപരിയായ് ഒരു സമൂഹത്തിൻ്റെ ചരിത്രം കൂടിയാണ് ഇതിൽ പറയുന്നത്. അങ്ങനെ എസ്.കെ വിഷകന്യകയിലൂടെ ഒരു സമൂഹ ചരിത്രത്തിൻ്റെ സമ്പൂർണ വിജയപ്രഖ്യാപനമാണ് നടത്തിയത്. പ്രകൃതിയും മനുഷ്യനും തമ്മിൽ തലമുറകളോളം നീണ്ടുനിൽക്കുന്ന ബന്ധവും അതേ പ്രകൃതിതന്നെ എല്ലാം ഊറ്റിയെടുക്കുന്ന വിഷകന്യകയും ആണെന്ന് എസ്.കെ ഇതിൽ പറയുന്നുണ്ട്.

    മലബാറിലെ പ്രതികൂലമായ സാഹചര്യത്തില്‍ മണ്ണിനോടും അവിടുത്തെ മനുഷ്യനോടും പടവെട്ടി ഒടുവില്‍ കഠിനരോഗ ബാധിതരായ കര്‍ഷക സംഘമാണ് മലബാറിൻ്റെ മലമ്പ്രദേശങ്ങളിലേക്ക് കുടിയേറിയെത്തുന്നത്. കുടിയേറിയവരായതുകൊണ്ട് മണ്ണിനോടെന്നപോലെ അവിടുത്തെ മനുഷ്യരോടും അവർക്ക് പൊരുതേണ്ടതായ് വന്നു. ജന്മി കൈവശം ഉള്ള ഭൂമിയിൽ അവർ കൃഷിചെയ്തു. അവർ മലബാറിൻ്റെ മണ്ണിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ ആദ്യ വിത്തെറിഞ്ഞു. എന്നാൽ അവരെ കാത്തിരുന്നത് കാട്ടുപന്നികളുടെ ആക്രമണം ആയിരുന്നു. ദൈവം സൃഷ്ട്ടിച്ചുകൂട്ടുന്ന പ്രതിബന്ധങ്ങളോട് അവർ ക്ഷമാപൂർവം പോരാടി. അവർ ആ മണ്ണ് കീഴടക്കി.അതിനെ അതിജീവിച്ച് മുന്നേറിയവർ മലമ്പനിയോട് പോരാടി പരാജയപ്പെട്ടു . 

     


തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടിയേറിപ്പാർത്ത ഒരു കാലഘട്ടത്തിലെ കുടിയേറ്റ കർഷകരുടെ ജീവിതം ഇത്രമേൽ ആഴത്തിൽ മറ്റെവിടെയും നമുക്ക് വായിക്കാൻ കഴിയില്ല. ജീവിതത്തിലെ ശിഷ്ടകാലം സമ്പന്നമായി ജീവിച്ചുമരിക്കാനാണ് മാത്തൻ അവൻ്റെ ഭാര്യ മറിയത്തേയും മക്കളായ മേരികുട്ടിയേയും ജോണിനേയും കൂട്ടി മലബാറിലേക്ക് കുടിയേറിയത്. എന്നാൽ കൃഷി ആരംഭിച്ച് ആദ്യം ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ എല്ലാം ഊറ്റികുടിക്കുന്ന ഉഗ്ര രക്ഷസ്സായി മലമ്പനി അവർക്കുചുറ്റും നിന്ന് നൃത്തം ചവിട്ടിയതോടുകൂടി അവരിലെ എല്ലാ പ്രതീക്ഷയും അസ്തമിക്കുകയാണ് ചെയ്തത്.. മാത്തൻ്റെ ഭാര്യ മറിയം ഇതിലെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമാണ്. ഒരുപക്ഷെ ഒറോതയെപ്പോലെ..! 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...