മനുഷ്യനും
പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥ പറയുന്ന നോവലാണ് എസ്.കെ പൊറ്റെക്കാട്ട് എഴുതിയ വിഷകന്യക. 1948 - ൽ ആണ് വിഷകന്യക ആദ്യമായ് പ്രസിദ്ധീകരിക്കുന്നത്. യാത്രകൾ കൊണ്ട് മലയാള സാഹിത്യലോകത്ത് ഒരു മോഹനവലയം സൃഷ്ടിച്ച എസ്.കെ വെറുമൊരു നോവൽ എന്നതിനുപരിയായ് ഒരു സമൂഹത്തിൻ്റെ ചരിത്രം കൂടിയാണ് ഇതിൽ പറയുന്നത്. അങ്ങനെ എസ്.കെ വിഷകന്യകയിലൂടെ ഒരു സമൂഹ ചരിത്രത്തിൻ്റെ സമ്പൂർണ വിജയപ്രഖ്യാപനമാണ് നടത്തിയത്. പ്രകൃതിയും മനുഷ്യനും തമ്മിൽ തലമുറകളോളം നീണ്ടുനിൽക്കുന്ന ബന്ധവും അതേ പ്രകൃതിതന്നെ എല്ലാം ഊറ്റിയെടുക്കുന്ന വിഷകന്യകയും ആണെന്ന് എസ്.കെ ഇതിൽ പറയുന്നുണ്ട്.മലബാറിലെ പ്രതികൂലമായ സാഹചര്യത്തില്‍ മണ്ണിനോടും അവിടുത്തെ മനുഷ്യനോടും പടവെട്ടി ഒടുവില്‍ കഠിനരോഗ ബാധിതരായ കര്‍ഷക സംഘമാണ് മലബാറിൻ്റെ മലമ്പ്രദേശങ്ങളിലേക്ക് കുടിയേറിയെത്തുന്നത്. കുടിയേറിയവരായതുകൊണ്ട് മണ്ണിനോടെന്നപോലെ അവിടുത്തെ മനുഷ്യരോടും അവർക്ക് പൊരുതേണ്ടതായ് വന്നു. ജന്മി കൈവശം ഉള്ള ഭൂമിയിൽ അവർ കൃഷിചെയ്തു. അവർ മലബാറിൻ്റെ മണ്ണിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ ആദ്യ വിത്തെറിഞ്ഞു. എന്നാൽ അവരെ കാത്തിരുന്നത് കാട്ടുപന്നികളുടെ ആക്രമണം ആയിരുന്നു. ദൈവം സൃഷ്ട്ടിച്ചുകൂട്ടുന്ന പ്രതിബന്ധങ്ങളോട് അവർ ക്ഷമാപൂർവം പോരാടി. അവർ ആ മണ്ണ് കീഴടക്കി.അതിനെ അതിജീവിച്ച് മുന്നേറിയവർ മലമ്പനിയോട് പോരാടി പരാജയപ്പെട്ടു .
തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടിയേറിപ്പാർത്ത ഒരു കാലഘട്ടത്തിലെ കുടിയേറ്റ കർഷകരുടെ ജീവിതം ഇത്രമേൽ ആഴത്തിൽ മറ്റെവിടെയും നമുക്ക് വായിക്കാൻ കഴിയില്ല. ജീവിതത്തിലെ ശിഷ്ടകാലം സമ്പന്നമായി ജീവിച്ചുമരിക്കാനാണ് മാത്തൻ അവൻ്റെ ഭാര്യ മറിയത്തേയും മക്കളായ മേരികുട്ടിയേയും ജോണിനേയും കൂട്ടി മലബാറിലേക്ക് കുടിയേറിയത്. എന്നാൽ കൃഷി ആരംഭിച്ച് ആദ്യം ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ എല്ലാം ഊറ്റികുടിക്കുന്ന ഉഗ്ര രക്ഷസ്സായി മലമ്പനി അവർക്കുചുറ്റും നിന്ന് നൃത്തം ചവിട്ടിയതോടുകൂടി അവരിലെ എല്ലാ പ്രതീക്ഷയും അസ്തമിക്കുകയാണ് ചെയ്തത്.. മാത്തൻ്റെ ഭാര്യ മറിയം ഇതിലെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമാണ്. ഒരുപക്ഷെ ഒറോതയെപ്പോലെ..!
No comments:
Post a Comment