Sunday, August 31, 2025

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റെ; സോളമൻ ഹലേഹ്വായുടെ കഥയാണിത്. മനുഷ്യനെ ഒരു കലൈഡോസ് കോപ്പിലൂടെ നോക്കിയാൽ എന്നപോലെ സുരേഷ് കുമാർ വി. ഇതിലെ ഓരോ കഥാപാത്രത്തെയും നോക്കി കാണുന്നുണ്ട്. 
        വായിച്ച് തുടങ്ങുമ്പോൾ മുതൽ ആ ജൂതത്തെരുവ് നമുക്ക് പരിചിതമായ ഒരു ഇടമായി മാറും. തെളിഞ്ഞു വരുന്ന മട്ടാഞ്ചേരി തെരുവും മനുഷ്യരും വയനയിലുടനീളം നമുക്കൊപ്പം സഞ്ചരിക്കും. നിലവിളിച്ചും കരഞ്ഞും പോകുന്ന ഉറ്റവരുടെ ഉപ്പ്പറ്റിയ കണ്ണീരു നമ്മുടെ നാവിലും ഉപ്പ് പടർത്തും. മുകൾത്തട്ടിൽ നേർത്ത ഒരു ഇരമ്പലിൽ മൂന്ന് തലമുറയുടെ ഉറക്കത്തിലും ചൂടിലും തളർച്ചയിലും പരിഭവങ്ങൾ ഇല്ലാതെ ഒരു പഴയ ഫാൻ ഹാമിൽട്ടൺ ഇപ്പോഴും കറങ്ങിക്കൊണ്ട് ഇരിക്കുന്നു. അതിൻ്റെ ചിലംബിച്ച ഒച്ചയും നമുക്ക് വായനയിൽ കേൾക്കാം. തെരുവിൻ്റെ മേടയെ തൊട്ട് ഒരു കാറ്റ് വടക്കോട്ട് വേഗതയിൽ നീങ്ങി. മുറികളുടെ ഇരുട്ട് കാട്ട് പൊന്തകൾ പോലെ പടർന്നിരുന്നു. 
        ഒരേസമയം മൂന്ന് കാലങ്ങളെയാണ് ഇതിൽ അടയാളപ്പെടുന്നത്. സോളമൻ ഹലേഹ്വാ എന്ന സ്ലോമോ മുത്തയുടെ ബാല്യവും കൗമരവും വാർദ്ധഖ്യവുമാണ്. അയാളുടെ ഭാര്യ തിമോരയും മക്കളായ സമില, ഉർസുല,ഇസഹയും താളുകൾ നഷ്ടപ്പെട്ട ചരിത്ര പുസ്തകം പോലെയാണ്. അത് കൂടാതെ സോളമൻ ഹലേഹ്വയെയും അയാളുടെ പന്ത്രണ്ട് പൂച്ചകളെയും നോക്കി ലാസർ അച്ചായിയും മാത്തയും കൂടെ ചേർന്നാണ് ആ ജൂതപ്പുര.
          ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത കുറച്ച് നിമിഷങ്ങളും തീരുമാനങ്ങളുമാണ് സോളമൻ ഹലേഹ്വായെയും അയാളുടെ പന്ത്രണ്ട് പൂച്ചകളേയും ജൂതപ്പുരയേയും സോളമൻ ഹലേഹ്വായ്ക്ക് ഉപേക്ഷിക്കണ്ടതായി വരുന്നത്. പതുക്കെപ്പതുക്കെയാണ് സോളമൻ ഹലേഹ്വായ്ക്ക് കയ്യിൽ നിന്ന് വഴുതിപോകുന്നത് തൻ്റെ ജീവിതം കൂടിയാണെന്ന് മനസ്സിലാകുന്നത്. നീറിയും നിലവിളിച്ചു കടന്ന് പോകുന്ന ഉറ്റവരുടേയും ഉടയവരുടേയും മണ്ണ്, ചക്കാമാടങ്ങൾ പോലെ അനാധവും അദൃശ്യവും ആയിരുന്നു. കാലം തെറ്റിയ പിഴച്ച മഴയിലും മുത്ത വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഇതിൽ വന്നു പോകുന്ന ഓരോ കഥാപാത്രവും അത്രമേൽ വായനക്കാരുടെ ഹൃദയത്തിൽ അടയാളപ്പെടുത്തുന്നതായിരുന്നു. ജൂതപ്പുരയുടെ എഴുപത്തിരണ്ടു വർഷത്തെ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. 
         സ്ലോമോ മുത്ത സോളമൻ ഹലേഹ്വാ ആയിരുന്ന കാലം തൊട്ട് ജൂതപ്പുരയിലെ സൂക്ഷിപ്പ് കാരിയും നോട്ടക്കാരനുമാണ് മാർത്തയും ലാസറും. അഗ്നിപോലെ പൊന്നിൻ്റെ നിറമാണ് മാർത്ത. അവൾ ഇരുട്ടിൽ തക്കം കിട്ടിയപ്പോഴൊക്കെ സോളമൻ ഹലേഹ്വായുമായി പാപം ചെയ്തു. ഇത്രയും അതിശയിപ്പിക്കുന്ന മറ്റൊരു കഥാപാത്രം ഇതിൽ വേറെ ഇല്ല. ജൂതപ്പുരയും അതിലെ സർവ്വ ചരാചരങ്ങളും മാർത്തയ്ക്ക് ചുറ്റുമാണ് വലം വയ്ക്കുന്നത്. അതിന് ഈ ജൂതപ്പുരയിലെ പന്ത്രണ്ട് പടയാളികളും കാവൽ നിന്നു; ബെന്യാമിൻ, ലൂത്ത്, ജൂദാ, അഷർ, നഫ്ത്താലി, ജോസഫ്, സിമിയോൺ,ലെവി, ഗാദി, ബെഞ്ചമിൻ, ഡാൻ, ഇസക്കർ എന്നിവർ അതിൽ ചിലത് മാത്രം. 
           പതുക്കെപ്പതുക്കെ മനോനില നഷ്ടപ്പെട്ട സോളമൻ ഹലേഹ്വാ എന്ന സ്ലോമോ മുത്തയെ നമുക്ക് ഇതിൽ കാണാൻ കഴിയും. ഇടക്കെപ്പോഴോ കടലിൽ വീണ് മരണപ്പെട്ട തൻ്റെ മകനെ - ഇസഹയെ മുത്ത വിളിക്കുന്നത് കേൾക്കാം. സ്ലോമോ മുത്തയുണ്ട് ജീവിതം അരൂപിയായ ഇരുട്ട് കായിക്കുന്ന ഒരു മരമായി മാറാൻ കാരണം സ്ലോമോ മുത്തയുടെ ഒരു പ്രവർത്തിയാണ്. എൽദോർ എന്ന അറവ് ശാലയുടെ പരി കർമ്മി; അവന് ഒരു സഹോദരി ഉണ്ടായിരുന്നു, ജോസഫ്ഫൈൻ. അവളുടെ വളർച്ചയിലൊക്കെ സോളമൻ ഹലേഹ്വാ ഒരു പ്രത്യേകം സൗന്ദര്യം കണ്ടു. സോമോയെ അനുസരിക്കൽ അവൾക്ക് ഒരു പ്രത്യേക ഭ്രാന്ത് ആയിരുന്നു. എന്നൽ സോളമൻ ഹലേഹ്വായ്ക്ക് അങ്ങനെ ആയിരുന്നില്ല. അവൾ; ജോസഫ്ഫൈന് വെറും ഒരു അടിമ ആയിരുന്നു. എന്നാൽ ജോസഫ്ഫൈൻ അങ്ങനെ ആയിരുന്നില്ല; സോളമൻ തിമോരയെ വിവാഹം കഴിക്കുന്നത് വരെ. അവൾ വിവാഹത്തിൻ്റെ തലേന്ന് ജൂതപ്പുരയിൽ വന്ന് കരഞ്ഞു പറഞ്ഞു. അവളുടെ കണ്ണിൽ നിന്ന് അപ്പോൾ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു. അപ്പോൾ ജൂതപ്പുര ഒരു ഒരു വലിയ കപ്പൽ പോലെ ആടി ഉലഞ്ഞു...
           സ്ലോമോ മുത്ത സോളമൻ ഹലേഹ്വാ ആയിരുന്ന കാലം മുതൽ ഉറ്റ സുഹൃത്താണ് ഇളം പരിതി. സോളമനേക്കാൾ മൂന്ന് വയസ് മൂത്തവൻ. പകുതി മാത്രം നന്നായ ഒരു ജീവിതം ആയിരുന്നു ഇളം പരിതിയുടേത്. മറ്റേ പകുതി എന്നും മോശമായിരുന്നു. ആളിന് വൃഷണ വീക്കം എന്ന അസുഖം ഉണ്ടായിരുന്നു. മക്കൾക്ക് അത് എന്നും ഒരു ആക്ഷേപം ആണ്. ഒരു പരിധി വരെ ലാസറിൻ്റെ ജീവിതവും ഇതുപോലെ തന്നെയാണ്. എന്നാൽ അയാൽ അത് തിരിച്ചറിയാതെ പോകുന്നു എന്നു മാത്രം. അയാളുടെ ഭാര്യ മാർത്തയിൽ ഉണ്ടായ മകൻ ഇമ്മാനുവൽ തൻ്റെ വംശാവലിയിൽ ഒന്നും ഉണ്ടാകാൻ ഇടയില്ലാതിരുന്ന നിറവും വലിപ്പവും അയാളിൽ ചേരാത്ത കണക്കുകൾ പോലെ എപ്പോഴും കൂട്ടം തെറ്റി നിന്നു. അതിന് ലാസറിന് ഉത്തരം കിട്ടാതെ വന്നപ്പോളൊക്കെ അയാൽ പാന ചൊല്ലാൻ തുടങ്ങി. എപ്പോഴും മാർത്തായിലെ സ്ത്രീ - ഭാര്യ - സൂക്ഷിപ്പ് കാരി എന്നിവയിൽ ഒന്നും കൃത്യത തരാത്തെ വായനക്കാർക്ക് മുന്നിൽ നിലയുറപ്പിച്ചു. 
         പ്രാചീനമായ ഏതോ പൊരുളിൻ്റെ തോറച്ചുരുൾ പോലെ സിനഗോഗിൻ്റെ എടുപ്പുകൾ തുറന്നിരുന്നു. അപ്പോഴേക്കും അഷറിനേയും നഫ്ത്താലിനെയും ലെവിയേയും കാണാതെയാകുന്നു. ആ വലിയ ജൂതപ്പുര ഒന്നൊന്നായി ഒഴിഞ്ഞു കൊണ്ടിരുന്നു. മനസ്സ് കലങ്ങി മറിയുമ്പോഴെല്ലാം സ്ലോമോ മുത്ത ബാപ്പുച്ചയുടെ മുറിയിൽ പുതകങ്ങൾക്കിടയിൽ സുരക്ഷിതത്വം തേടി. 
       ഒരു ദശകത്തിന് ശേഷമുള്ള മട്ടാഞ്ചേരി തെരുവ്. സ്ലോമോ മുത്തയുടെ വീട് നിന്നിടം ഗൈഡ് സഞ്ചാരികൾക്ക് ചൂണ്ടി കാണിച്ച് കൊണ്ട് കാറ്റിനും തിരമാലകൾക്കും മാത്രം മനസ്സിലാകുന്ന ഭാഷയിൽ എന്തോ പറഞ്ഞു. ഇതെല്ലാം കെട്ടുണ്ട് മുത്തയുടെ സുഹൃത്ത് ഇളം പരിതി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. 
         സ്ലോമോ മുത്തയേക്കാൾ പ്രായമുള്ള ഒരു ബോട്ട് അത് വഴി കടന്ന് പോയി. കൊച്ചി കണ്ട് പഴകിയപോലെ ഇരുണ്ട് കനത്ത പുക; ശബ്ദവും അതുപോലെ തന്നെ. എൻ്റെ ചുറ്റും കാണുന്നതല്ല കൊച്ചി. എൻ്റെയുള്ളിൽ ഉള്ളതാണ്. ഞാൻ ഇവിടം വിട്ട് എങ്ങോട്ടും ഇല്ല. ഇത് കേട്ട് ഒരുപാട് തിരകൾ തീരത്തേക്ക് ഓടിക്കയറി വന്നു...

Tuesday, August 26, 2025

വിലാപ യാത്ര. എം ടി

യാത്രയിൽ, ജീവിതം തന്നെ ഒരു വിലാപയാത്രയായി സന്ദേഹിക്കുന്ന ഒരു വായനയാണ് എം ടി യുടെ ഈ നോവൽ. മനുഷ്യ ബന്ധങ്ങളെ ഇത്രയേറെ സ്വാഭാവികമായും ആഴത്തിലും അപഗ്രഥിക്കുന്ന മറ്റൊരു നോവൽ ഇല്ലെന്ന് തന്നെ പറയാനാകും. ജീവിതത്തിന്റെ ബാലൻഷീറ്റിൽ ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ നാട്ടുകാർ കണക്കെടുപ്പ് നടത്തുമ്പോൾ അവസാനത്തെ സേവനം വെച്ചാണ് വില നിശ്ചയിക്കാറ്. 
      പത്ത് മണിക്ക് വന്ന അവസാനത്തെ തപാൽ പൊട്ടിച്ച് സേട്ടുവിന് വായിച്ച് കൊടുക്കുമ്പോളാണ് ട്രങ്ക് കോൾ വന്നത് - കുട്ടേട്ടനാണ്, അച്ഛന് അധികമാണ്, അത്രമാത്രം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസമായി ഈ വിളിയും കാത്ത് ഇരിക്കുകയായിരുന്നു. 
         പത്തായപ്പുരയുടെ തെക്കെ മൂലയിലാണ് മൃത ദേഹം കിടത്തിയത്. പുരികവും മാറത്തെ രോമവും നരച്ച ചത്തുക്കുട്ടി അമ്മാവൻ - അയാൾക്ക് മരണവും, ഇരുപത്തെട്ടും, പിറന്നാലും, കല്യാണവും ഒക്കെ മേൽനോട്ടം നടത്തേണ്ട സന്ദർഭങ്ങളാണ്. 
       മരണ വീട്  വായനക്കാരന് തെളിഞ്ഞുകാണാൻ കഴിയും. അവിടെ നടക്കാൻ ഇടയുള്ള എല്ലാ സന്ദർഭനങ്ങളും കൃത്യമായി ഇതിൽ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചാത്തുക്കുട്ടി അമ്മാവൻ അത്തരത്തിൽ ഒരു കഥാപാത്രമാണ്. അയാൾ ഇതിൽ ആവശ്യത്തിനും അനാവശ്യത്തിനും ശ്രദ്ധയും ശബ്ദവും ഉണ്ടാക്കുന്നുണ്ട്. 
         പുതുക്കി പണിതിട്ടും പഴയ കട്ടിള എല്ലാവർക്കും കടക്കാൻ ആവാത്ത വിധം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ആ സന്ദർഭം അതി സൂഷ്മതയോടെയാണ് എം ടി വിവരിക്കുന്നത്. 
        മരണം അറിയിക്കാൻ ആളെ പറഞ്ഞുവിടുന്നത് ഈ കാലത്ത് ഇല്ലാതായിരിക്കുന്നു. വന്നവരൊക്ക തിരികെ പോയി, കസേര ഒഴിഞ്ഞു കിടന്നു. തിണ്ണയിൽ ഒരു റാന്തൽ കൊണ്ടുവെച്ചു ഏത് മാവാണ് മുറിക്കുന്നത് എന്ന് ഹേമയുടെ അമ്മ; അച്ഛൻ പെങ്ങൾ ഉച്ചത്തിൽ ചോദിക്കുന്നു. അവർക്ക് അതിരുകളും കണക്കുകളും അറിയാം. ഏത് മാവ് മുറിച്ചാലും ഒരു താവഴിക്ക് നഷ്ടമുണ്ടാകും. 
       ബന്ധങ്ങൾ അതിരുകൾ നിർണയിക്കാൻ തുടങ്ങുന്നത് പതുക്കെ നമ്മൾ മനസ്സിലാക്കാൻ തുടങ്ങും.

Sunday, June 29, 2025

കഞ്ചാവ് - ലിജീഷ് കുമാർ

ലിജീഷ് കുമാർ എഴുതിയ കഞ്ചാവ് വായിച്ചു. ഒരു വായനക്ക് ശേഷം വായനക്കാരിൽ എന്തെങ്കിലും ഒന്ന് അവശേഷിപ്പിക്കാൻ എഴുത്ത്കാരൻ ആയില്ലെങ്കിൽ അയാൽ ആ എഴുത്ത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. വെറുതെ സമയം കളയാൻ എന്നോണം ബുക്ക് വായിക്കുന്നവർക്ക് പോലും ഇത് ഒന്നും നൽകുന്നില്ല. 
ദിവസവും ഒരു നിശ്ചിത സമയം മാത്രം വായനക്ക് കിട്ടുന്നവർ കഞ്ചാവ് വായിച്ച് നിരാശരായിരുന്നിക്കും. എന്നെ പോലെ സമാന രീതിയിൽ ഈ വായന നടന്നിട്ടുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ പറയണം. 
എന്നാൽ നല്ലരീതിയിൽ ഓൺലൈൻ പ്രചരണം നടന്ന ഒരു ബുക്ക് കൂടിയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നു. ഇന്ന് മാധ്യമങ്ങൾ ചമയ്ക്കുന്ന നല്ല ബുക്ക് ആണ് എന്ന സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ വീണുപോകത്തവർ നല്ല വായനക്കാരാണ്. നല്ല വായന സമ്മാനിച്ച പുസ്തകങ്ങൾ കൂടി പ്രിയപ്പെട്ടവരേ നിങ്ങൽ കമൻ്റ് ചെയ്യുമല്ലോ?

Saturday, June 7, 2025

കമ്യൂണിസത്തെ പിടികൂടിയ പുസ്തകങ്ങൾ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജെ പ്രഭാഷ് എഴുതിയ കമ്യൂണിസത്തെ_പിടികൂടിയ_പുസ്തകങ്ങൾ എന്ന ആർട്ടിക്കിൽ വായിച്ചു. കമ്യൂണിസ്റ്റ് ലോകത്തെ അട്ടിമറിക്കാൻ ആശയങ്ങളാണ് കൂടുതൽ ശക്തം എന്ന് തിരിച്ചറിഞ്ഞു സാമ്രാജിത്വവും അവരുടെ ഉപകരണമായ സി ഐ എ യും കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പുസ്തകങ്ങളിലൂടെ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ എത്തിച്ചു; പ്രത്യേകിച്ച് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിയൻ രാജ്യങ്ങളിലും. ഇത് തിരിച്ചറിയാത്ത വിപ്ലവകാരികളുടെ നാട്ടിൽ അധികാരത്തിനു കനം കൂടി വന്നു. 
            അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധത ലോക പ്രശസ്തമാണല്ലോ? സോഷ്യലിസ്റ്റ് ആശയങ്ങൾ തുടച്ചുനീക്കാൻ സാഹിത്യങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ അമേരിക്ക അതിനുള്ള ശ്രമങ്ങൾ ഉടനെ ആരംഭിക്കുകയും ചെയ്തു. സാഹിത്യത്തിന്റെ മൗലിക സ്വഭാവം കമ്യൂണിസ്റ്റ് വിരുദ്ധത നിറഞ്ഞതാകാൻ അമേരിക്ക പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഒരു പ്രതിയോഗിയെ പരാജയപ്പെടുത്താൻ തോക്കേന്തിയ പടയാളി മാത്രം പോരാ പുസ്തമേന്തിയ പോരാളിയും ആവശ്യമാണെന്ന മാവോ സൂക്തം കമ്യൂണിസ്റ്റ്കാരേക്കാൾ പ്രയോഗത്തിൽ കൊണ്ടുവന്നത് അമേരിക്കക്കാരാണ്. അത് ശീത യുദ്ധത്തിന് (1950ന് ) മുൻപും പിൻപും എന്ന നിലയ്ക്ക് കാണാനാകും. ഒരു കമ്യൂണിസ്റ്റ് അട്ടിമറി ഒരിക്കലും ആഭ്യന്തര കലാപത്തിലൂടെ സാധിക്കില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് അമേരിക്കയാണ്. അതുകൊണ്ട് ഏറെക്കുറെ ഉറപ്പുള്ളത്, ഒരു സാവധാനമുള്ള പരിവർത്തനമാണ്. ആ നിലയ്ക്ക് അത്തരം പ്രചരണം റേഡിയോയിലൂടെയാണ് ആദ്യം നടപ്പിലാക്കിയത്. പശ്ചിമ ജർമനിയിൽ നിന്ന് മുപ്പതിനായിരം അടി ഉയരത്തിൽ ചെന്ന് സ്വയം പൊട്ടിത്തെറിക്കുന്ന റബ്ബർ ബലൂണിലൂടെ ഭാരം കുറഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്തു എന്ന് എഴുതിയത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇങ്ങനെ 1951-56 കാലഘട്ടത്തിൽ മാത്രം ജോർജ് ഊർവെല്ലിന്റെ " ആനിമൽ ഫാമിന്റെ " ലക്ഷകണക്കിന് കോപ്പികൾ വിതരണം ചെയ്തു. തുടർന്ന് അടുത്തഘട്ടം പുസ്തകം തപാൽ വഴി വിതരണം ചെയ്യൽ ആയിരുന്നു. അതിനുവേണ്ടി അതാത് രാജ്യത്തെ ഭാഷയിൽ പുസ്തകം തയ്യാറാക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്തു. കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ആശയങ്ങൾ ദുർബലപ്പെടുത്തി മാർക്സിസ്റ്റ് ആശയങ്ങൾക്ക് ഒരു ബദൽ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ അവർ ശ്രമിച്ചത്. അതിന്റെ മഹത്തായ നേട്ടങ്ങളെ കാണിച്ച ഒരു പുസ്തകമാണ് അൽഫർട്ട് എ റെയ്സ്ച എഴുതിയ " ഹോട്ട് ബുക്ക്‌ ഇൻ ദ കോൾഡ് വാർ ". 
           ഇതിനോടകം പുസ്തക വിതരണം ഏറ്റെടുത്ത് മുന്നോട്ട് വന്നത് അഞ്ഞൂറിൽപ്പരം സ്ഥാപനങ്ങളാണ്. അമേരിക്കയിലേയും യൂറോപ്പിലേയും നൂറിൽപ്പരം നഗരമങ്ങളാണ് ഇതിൽ പങ്കെടുത്തത്. പ്രത്യേകിച്ച് ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ബർലിൻ, ആദൻസ്, വിയന്ന, മ്യുണിച്ച്, ജനീവ, ബ്രസൽ, മിലാൻ, ഇസ്താംബൂൾ എന്നിവ. വിതരണം ചെയ്ത പുസ്തകങ്ങളും എഴുത്തുകാരേയും ഒന്ന് നിരീക്ഷിച്ചാൽ ആ പട്ടിക ബൽസാക്, ഫോക്നർ, ആരന്റ്, പാസ്റ്റർനാക്ക്, അഡൊണോ, കാഫ്‌ക, കാമു, സാർതൃ, സന്തയാന, ലക്‌സം ബർഗ്, റസ്സൽ, ഓർവൽ, കുന്ദേര, വെയ്ൽ, ഹക്സിലി, ആർതർ ക്രൂസർ തുടങ്ങിയവർ ആ എഴുത്തുകാരിൽ ചിലരാണ്. വിതരണം ചെയ്ത പുസ്തകങ്ങൾ നോക്കിയാൽ ഹോളി ബൈബിൾ, കമ്യൂണിസം ഇൻ ക്രൈസിസ്, കോൺവെർ സേഷൻ വിത്ത്‌ സ്റ്റാലിൻ, ദ ന്യൂസ്‌ ക്ലാസ്, ഡാർക്ക്‌നെസ് അറ്റ് നൂൺ, അഫ്ലുൻറ്റ് സൊസൈറ്റി, ദ പ്രോബ്ലം ഓഫ് ഡിക്റ്റേറ്റർഷിപ്പ്, ഒപ്പിയം ഓഫ് ദ ഇന്റലക്ച്വൽ, 1984- എന്നിവയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനു ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികളെയും പുസ്തക പ്രസാധകരെയും അവർ ഉപയോഗിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു ചൈനയിൽ ഇത്തരം ഒരു അട്ടിമറി നടത്താൻ അവർക്ക് കഴിഞ്ഞില്ല. അതിന്റെ പ്രധാന കാരണം ചൈനയിലെ പുസ്തക സെൻസർഷിപ്പ് വളരെ ശക്തമായിരുന്നു. എന്നാൽ ഇതിൽ ഭയാനകമായ ഒന്ന് ഇതിന്റെ എത്രയോ ഇരട്ടി കമ്യൂണിസ്റ്റ് വിരുദ്ധ പുസ്തകങ്ങൾ സോവിയറ്റ് യൂണിയനിൽ അവർ വിതരണം ചെയ്തു. പിന്നീട് ഈ നിശബ്ദ അട്ടിമറി സർക്കാർ കണ്ടെത്തുകയും കമ്യൂണിസ്റ്റ് വിരുദ്ധ പുസ്തകങ്ങളുടെ പട്ടിക പുറത്തിറക്കി അവയുടെ വിതരണം കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഇതിനോടകം നിരോധിക്കുകയും ചെയ്തു. 
            വാളിന് പകരം വാക്കുകൾ കൊണ്ട് നടത്തിയ ഈ പോര് സോവിയറ്റ് യൂണിയനെ തകർത്ത് കളഞ്ഞു. മറ്റ് പല കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ജീർണതയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇത് കമ്യൂണിസ്റ്റ് ഇതര രാജയങ്ങളെയും പരിക്കേൽപ്പിച്ചു. അവയിൽ പല ജനാധിപത്യ രാജ്യങ്ങൾക്കും ജനാധിപത്യ ലക്ഷണങ്ങൾ ചോർന്നുപോകുകയും അവിടം മുതലാളിത്തിന്റെ നേരിയ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയും ചെയ്തു...!
        അതുകൊണ്ട് വായനയ്ക്ക് പുസ്തക തിരഞ്ഞെടുപ്പ് ഒരു ലളിതമായ പരുപാടിയല്ല. അത് ആസൂത്രിതമായ ഒരു ഉത്തരവാദിത്തമാണ്.

Monday, May 26, 2025

സദ്ദാം നൂറ്റാണ്ടിന്റെ ബലി - അനിൽ കുമാർ എ വി

വൈകാരികമായ ഒരു ഐഖ്യദാർഢ്യം എന്നതിലുപരി ഇതൊരു രാഷ്ട്രീയ സഹോദര്യമാണ്. കാരണം, സദ്ദാമിന്റെ രക്ത സാക്ഷിത്വം ലോകമാകെയുള്ള സാമ്രാജിത്വ വിരുദ്ധ പോരാട്ടത്തിന് നിശ്ചയമായും ഗതിവേഗം നൽകുമെന്നത് തന്നെ. സദ്ദാമിന്റെ വധം അധികരിച്ച് പലരും എഴുതിയ പഠനകളുടെ അപഗ്രഥാനമാണ് ഈ പുസ്തകം. സാമ്രാജിത്വം മനുഷ്യന് നേരെ തുറന്നുവിടുന്ന എല്ലാവിധ പ്രചാരണ യുദ്ധങ്ങളും സദ്ദാം ഒറ്റക്ക് അനുഭവിക്കേണ്ടി വന്നു ; ആയുധ പ്രയോഗം, നുണ പ്രചരണം, മാധ്യമ മർദ്ദനം, ഉപരോധം, ഭിന്നിപ്പിച്ചു ഭരിക്കൽ നയം തുടങ്ങിയവയെല്ലാം ആ മനുഷ്യൻ ഒറ്റക്ക് നേരിട്ടു.
         2006 ഡിസംബർ 30ന് യാങ്കി സൈനിക ക്യാമ്പിൽ ആരാച്ചാരന്മാരെ പോലും സ്ഥബ്ധമാക്കിയ ആ വധക്ഷിച്ചയിലെ മുഹൂർത്തങ്ങളിൽ " സ്വന്തം ജനതയെ സ്നേഹിക്കുന്നത് - മാതൃഭൂമിയുടെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നത് കുറ്റകൃത്യ മല്ല " എന്ന് വിളിച്ചു പറഞ്ഞ ജന നേതാവിന്റെ ധീര-സൗമ്യതയായിരുന്നു സദ്ദാംമിന്റെ മുഖത്തപ്പോൾ തെളിഞ്ഞു കണ്ടത്. ഇറാഖികളുടെ പ്രീയ നേതാവിന് മുന്നിൽ മരണം പോലും പതറുന്നതാണ് ലോകം കണ്ടത്. 
          സദ്ദാമിന്റെ തൂക്കിലേറ്റൽ നടത്താൻ വിശുദ്ധ ബലി പെരുന്നാൾ ദിനം തന്നെ ബുഷ് ഭരണകൂടം തിരഞ്ഞെടുത്തത് യാദൃച്ഛികമായല്ല. വ്യക്തമായ ഒരു സന്ദേശം അത് ലോകത്തിന് നൽകുന്നുണ്ട്. ഹിറ്റ്ലർ നാസ്സിസം വളർത്തിയത് ജൂത വിരോധത്തിന്റെ മറവിലായിരുന്നു. അമേരിക്കൻ ഐക്യ നാടുകൾ ചരിത്രത്തിലുടനീളം വംശ ഹത്യ ഒരു മതമായി പ്രയോഗിച്ചുകൊണ്ട് ഭരണകൂടം നടത്തി മുന്നേറി.അതിനാൽ തന്നെ അധികാരത്തിന് കണ്ണില്ല - യുക്തിയില്ല - അതിന് വിനാശത്തിന്റ രാഷ്ട്രീയ വശം മാത്രമാണ് അറിയാവുന്നത്. റെഡ് ഇന്ത്യന്മാരെ കൊന്നുകൊണ്ടാണ് U S A രൂപം കൊണ്ടത്. നവ നാസ്സികളുടെ പരീക്ഷണ ശാല എപ്പോഴും മധ്യപൂർവേഷ്യയായിരുന്നു. ഇറാഖി ജനതക്കുമേലുള്ള നിരന്തരമായ ബോംബ് വർഷിക്കലിൽ രണ്ടുലക്ഷം ഇറാഖികളാണ് മരിച്ചത്. അവശിഷ്ട യൂറേനിയം ബോംബുകൾ പ്രയോഗിച്ച് തലമുറകളിലേക്ക് അവർ ദുരന്തം കൈമാറി. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ അന്നത്തെ U S സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത് " അവർ അത് അർഹിക്കുന്നു " എന്നാണ്. 
             എല്ലാനിലക്കും സദ്ദാം അവഗണിക്കപ്പെടുകയായിരുന്നു. പാവക്കോടതിയുടെ തീരുമാനം അനുസരിച്ച് എല്ലാം മുറപോലെ അരങ്ങേറിക്കൊണ്ടിരുന്നു.വിചാരണക്കിടയിൽ സദ്ദാമിന് അനുകൂലമായി പരാമർശം നടത്തിയതിന് ആദ്യ ജെഡ്ജിക്ക് രാജിവയ്‌ക്കേണ്ടതായി വന്നു. പകരം നിർദേശിക്കപ്പെട്ടത് ജെഡ്ജ് മുൻബാത്ത് പാർട്ടിക്കാരൻ ആണെന്നതുകൊണ്ട് ഒഴിവാക്കപ്പെട്ടു. പകരം അവിടേക്ക് അവന്നത് ആരാച്ചാരന്മരുടെ കുപ്പായം പോലും അണിയാൻ മടിയില്ലാത്ത റൗഷ് റഷീദ് അബ്ദുൽ റഷ്മാൻ ആയിരുന്നു. ജെനീവ കൺവെൻഷൻ പ്രകാരംപോലുമുള്ള പരിഗണന സദ്ദാമിന് കിട്ടിയില്ല. എല്ലാ നിൽക്കും പരാഗണകൾ നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നു. നിരപരാദിത്വം തെളിയിക്കാൻ സാക്ഷികളെ പോലും ഹാജരാക്കാൻ അനുവദിക്കപ്പെടാത്തത്ര അളവിൽ നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നു. ഇതിനോടകം സദ്ദാമിന്റെ മൂന്ന് അഭിഭാഷകരെ തട്ടികൊണ്ടുപോകുകയും കൊലചെയ്യപ്പെടുകയും ചെയ്തു. അമേരിക്കയുടെ മുൻ അറ്റോർണി ജനറൽ റംസെ ക്ലർക്ക് അവരിൽ ഒരാളായിരുന്നു. സത്യത്തിൽ പാവക്കോടതി വിധിച്ച വധശിക്ഷ നീതിപീഠത്തെ കൊണ്ട് നടത്തിയ കൊലപാതകമായിരുന്നു. എന്തിന് ഇറാഖിലേതു ഒരു അധിനിവേശ സേനയാണെന്നോ അവർക്ക് ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണ തലവനെ തൂക്കിലേട്ടൻ ഉള്ള അധികാരം പോലുമില്ലെന്നുള്ള ചോദ്യം ഉന്നയിക്കാൻ സാമ്രാജിത്വ വിരുദ്ധ സമരങ്ങൾക്ക് മജ്ജയും മാസവും നൽകിയ ഇന്ത്യയ്ക്ക് കഴിയാതെ പോയി. ഇന്ത്യയ്ക്ക് അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒരു മുഖം ആയിരുന്നില്ല സദ്ദാമിന്റേത്. അയാൾ ഇന്ത്യ പ്രതിസന്ധിയിലായപ്പോഴൊക്കെ സഹായ ഹസ്തവുമായി എത്തുന്ന പശ്ചിമേഷ്യൻ സുഹൃത്തായിരുന്നു. ആഭ്യന്തര രംഗത്ത് എന്തൊക്കെ ചെയ്തു പോയിട്ടുണ്ടെങ്കിലും ഒരു വിയോജിപ്പും സദ്ദാം ഇന്ത്യയോട് കാണിച്ചിട്ടില്ല. കാശ്മീർ പ്രശ്നത്തിൽ സദ്ദാം ഇന്ത്യക്ക് നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. സൗദി അറേബ്യയും കുവൈത്തും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഇന്ത്യയെ പിന്തുണക്കാൻ തയ്യാറാവാതിരുന്ന സമയത്ത് ഐഖ്യരാഷ്ട്ര സഭയ്ക്ക് അകത്തും പുറത്തും ഇന്ത്യയെ പിന്തുണക്കാൻ സദ്ദാം അസാമാന്യ ധൈര്യം കാട്ടി. പാകിസ്ഥാൻ പക്ഷം ഇന്ത്യയോട് കലഹിക്കുകയും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മുതിര്ന്നപ്പോഴെല്ലാം സദ്ദാം ഇന്ത്യക്ക് ഉറച്ച പിന്തുണ നൽകി. ഇന്ദിരാഗാന്ധിയോട് ഒരു ജേഷ്ഠസഹോദരിയോട് എന്ന പോലെ എല്ലായിരുപ്പോഴും പെരുമാറി. ബുഷും അൽമലിക്കിയും ചേർന്ന് സദ്ദാമിന്റെ കഴുത്തിൽ കുരുക്കുമുറുക്കിയപ്പോൾ ഇറാഖികൾക്ക് നഷ്ടമായത് ചെറുത്ത് നിൽപ്പിന്റെ പോരാളിയെ ആയിരുന്നു- മതനിരപേക്ഷതാവാദിയെയായിരുന്നു.

Tuesday, May 6, 2025

തപോയിയുടെ അച്ഛൻ - ഇ സന്തോഷ്കുമാർ

മായാതെ നിലനിൽക്കുന്ന ഒരു രാത്രിയുടെ ഓർമ്മയിൽ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ "തപോമയിയുടെ അച്ഛൻ". മനുഷ്യർക്കിടയിൽ വേരുകൾ ഉറപ്പിക്കാനാവാത്ത സ്നേഹത്തിൻ്റെ അഭയർത്തിയാണയാൾ. 

         പോയവർഷത്തിൻ്റെ അവസാനം ഒരു ക്രിസ്മസിന് - ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പുതുവത്സരം നേർന്നുകൊണ്ട് ഒരു ആശംസ കാർഡ് ലഭിക്കുന്നത്.  അതായത് ഒരു മൂന്ന് വാക്കുകൾ മാത്രമുള്ള ഒരു സന്ദേശം. അതും V എന്ന അക്ഷരത്തോട് ഒരു സാംഗത്യം ഉള്ളത്; ഒരു രഹസ്യ ലിപി. ഇനിയും വായിക്കപ്പെടാനാവാത്ത  ഒരാദിമലിപിസഞ്ചയം പോലെ അത് വായനക്കാരെ അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ ജൻമദീർഘമായ സ്നേഹത്തിൻ്റെ വേരുകൾ പോലെ, മനുഷ്യ ജീവിതം വായിക്കപ്പെടനാവാത്ത തരത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്നു.

      ഈ നോവൽ ആരംഭിക്കുന്നത് (21 ം മത്തെ പേജ് മുതൽ ആണ് ) തപോമയി മറന്നുവച്ച അയാളുടെ അച്ഛൻ്റെ ഒരു മരുന്ന് കുറിപ്പടിയിൽ നിന്നാണ്. ആ കുറിപ്പടിയിൽ എഴുതിയ രഹസ്യവാക്യം ഇഴപിരിക്കാനുള്ള ശ്രമവും തപോമായിയുടെ അച്ഛൻ പറയാൻ മടിച്ച അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ നിഗൂഢതകളും ആണ് ഈ നോവലിൻ്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനെതിരെ രഹസ്യങ്ങൾ കൈമാറി യുദ്ധം ചെയ്യാൻ  ആദിവാസികളുടെ നോവാഹോ ഭാഷയാണ് ഉപയോഗിച്ചത്. പദപ്രശ്നങ്ങൾ എന്ന ഹ്രസ്വ സൂചനകളുടെ ഭാഷയും അവയുടെ സവിശേഷതയും അവ പൂരിപ്പിക്കാനുള്ള കഴിവുമാണ് സന്താനം സാറിന് ഗോപാൽ ബറുവയെ ഇഷ്ടപ്പെടാൻ ഇടയാക്കിയത്. 

          തപോമയിയും അയാൾക്ക് ചുറ്റും അഭയാർത്ഥികൾ ആക്കപ്പെട്ട മനുഷ്യരും അവർക്ക് വേണ്ടി പണികഴിപ്പിച്ച; നിരനിരയായി നിൽക്കുന്ന ഒറ്റമുറി വീടുകൾ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുടെ നിസ്സഹായതയുടെ ചിത്രമാണ് കാണിക്കുന്നത്. ഓരോ മുറികൾക്കുള്ളിലും പ്രേതങ്ങളെപോലെ കുറേ മനുഷ്യർ. അവർക്കിടയിൽ  മത വിശ്വാസങ്ങളോ ഭാഷയോ ഒന്നുംതന്നെ ഒരു വേർതിരിവും സൃഷ്ടിക്കുന്നില്ല. ഇടക്കിടക്ക് മേൽവിലാസം ഇല്ലാത്തവർ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഏതുനിമിഷവും നമ്മൾ ആക്രമിക്കപ്പെടാമെന്ന അരക്ഷിതാവസ്ഥ അവർക്കിടയിൽ നിലനിന്നിരുന്നു. രേഖകൾ ഇല്ലാത്തവർ പലരും രാത്രിയിൽ ഒരു തോണിയിൽ നദി കടന്ന് ബാഗ്ലാദേശിലേക്ക് പോയി. അവരിൽ പലരും വഴിയിൽ പിടിക്കപ്പെട്ട് ക്യാമ്പുകളിൽ ആയി. എല്ലാ അതിർത്തികളിലും സുരക്ഷാകണ്ണുകൾ തുറന്നിരുന്നു. പടിഞ്ഞാറൻ ബാഗ്ലാദേശിൻ്റെ അതിർത്തി പട്ടണമായ ബേനാപ്പോൾ വഴി ദെല്ലാളൂകൾ ലക്ഷകണക്കിന് പേരെ കടത്തിക്കൊണ്ടു പോകുന്നുണ്ടായിരുന്നു. വെളിച്ചം വീഴുമ്പോൾ മാത്രം അത് നിർത്തിവയ്ക്കും. പലർക്കും നിരാശ ബാധിച്ചതായി കാണാൻ സാധിക്കും - ഗോപാൽ ബറുവ വിഷമമുള്ള സമസ്യകൾ പൂരിപ്പിക്കാൻ ശ്രമിക്കുമ്പോളെന്നപോലെ.

       ശൂന്യതയിലേക്ക് കൂപ്പ് കുത്തിയ ജീവിതത്തിന് അർഥമില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു വരാനിരുന്നത്. ഒഖ്ലയിലെ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തം എല്ലാം നശിപ്പിച്ചുകളഞ്ഞു. ആരോ കത്തിച്ചവാനാണ് സാധ്യതയെന്ന് ജഹാൻ ഊഹിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ പെട്രോളിൻ്റെ ഗന്ധം ഉണ്ടായിരുന്നു. കുറേ പേരുടെ കൈകളിൽ പേരിനുമാത്രം ഉണ്ടായിരുന്ന പല രേഖകളും കത്തി നശിച്ചുപോയി. തപോമയി പർവീണയുടെ കാര്യം പറയുന്നുണ്ട്. തുകൽ പണിയെടുത്ത് അവൾ ഉണ്ടാക്കിയ നാലായിരം രൂപ കത്തി നശിച്ചുപോയി. എല്ലരേഖകളും നഷ്ടപ്പെട്ട് ശൂന്യ മനുഷ്യരായി അവർ മാറി. ചിലപ്പോൾ അതും ഒരു ഭാഗ്യമാണ്... ഒന്നും സൂക്ഷിക്കേണ്ട എന്നതു തന്നെ വലിയ സ്വാതന്ത്ര്യമാണ്..!

         പലപ്പോഴും വായനയിൽ അനുഭവിക്കുന്ന  ഏകാന്തത ചിലപ്പോഴൊക്കെ വലിയ ഉത്തരങ്ങളായിരുന്നു. ജീവിതം എന്നത് ഒരു നീണ്ട രോഗാവസ്ഥയാണ്. ആ അസുഖത്തിന് ഒരു പരിഹാര മാർഗ്ഗം മാത്രമേ ഉള്ളു, മരണം. മരണം കൊണ്ട് സർവ്വ രോഗങ്ങളും ശമിക്കുന്നു. അതുകൊണ്ട് ശരിയായ വൈദ്യം മരണമാണ്. 

മികച്ച വായന......

Friday, April 18, 2025

എഴുത്തിൽ രാഷ്ട്രീയം തീർത്ത യോസ

 തീഷ്ണതയുള്ള ലാറ്റിനമേരിക്കൻ എഴുത്തുകാരുടെ ഒരു നീണ്ട നിരയിൽ നിന്നും ഒരാൾകൂടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്;  അതെ, യോസ തന്നെ. യോസ നമുക്ക് കാണാനാകുന്ന ദൂരത്ത് നിന്ന് യാത്ര പറഞ്ഞുപോയി. അൻപത് വർഷത്തിലേറെ നീണ്ട ആ എഴുത്ത് ജീവിതം താരതമ്യേനെ പ്രക്ഷുബ്ധമായിരുന്നു. യോസ ഒരേ സമയം മൂർച്ചയുള്ള വാക്കുക്കൊണ്ട് എതിർക്കുകയും  അതേസമയം ഐക്യപെടുകയും ചെയ്തിരുന്നു. അത് അത്രതന്നെ അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണെന്ന് നമുക്ക് കാണാൻ സാധിക്കും. 

      എഴുത്തിൽ അടിമുടി ഒരു രാഷ്ട്രീയം

തീർത്ത് മുന്നേറിയെങ്കിലും രാഷ്ട്രീയമല്ലാത്ത എഴുത്തുകളും അതേ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്. എഴുത്തിൽ അടിമുടി പെറുവിയൻ രാഷ്ട്രീയവും സംസ്ക്കാരവും സ്ത്രീപക്ഷ സമീപനവും കൊണ്ടുവന്നത് നമുക്ക് കാണാനാകുമായിരുന്നു. അത്തരത്തിൽ പെറുവിയൻ ഗോത്ര സംസ്ക്കാരവും അത്രതന്നെ ഉൾപ്പരപ്പോടെ യോസ ' ദ സ്റ്റോറി ടെല്ലർ ' എന്ന നോവലിൽ ആഖ്യാനം ചെയ്യുന്നു. സമകാലിക സാഹിത്യ വായനകളില്‍ നിന്നു മാറി നടന്ന് ചരിത്രത്തെയും ചരിത്രാഖ്യായികളായ പഴയ സാഹിത്യത്തെയും തന്‍റെ വായനയില്‍ ഒപ്പം കൂട്ടുന്ന യോസയെ ഒരു അഭിമുഖത്തില്‍ കാണുന്നുണ്ട്. അവിടുന്നിങ്ങോട്ടുള്ള തുടർച്ച നാം സങ്കൽപ്പിക്കുന്നതിനും അപ്പുറമായിരുന്നു. തൻ്റെ പതിനാലാം വയസിൽ തുടങ്ങി രണ്ടുവർഷം കൊണ്ടവസാനിച്ച പട്ടാള ജീവിതത്തിൻ്റെ തുടർച്ചയായിരുന്നു " ദ ടൈം ഓഫ് ദ ഹീറോ". പട്ടാള ജീവിതം നിറഞ്ഞ ആ നോവലിൽ പലതും അന്നത്തെ സർക്കാർ കത്തിച്ചു കളഞ്ഞു. അദ്ദേഹം കോറിയിട്ട  തെക്കേ അമേരിക്കയുടെ ജീവിത യാഥാർഥ്യങ്ങൾ വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിച്ച്  2010-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി. 

      മറ്റെഴുത്തുകാരിൽ നിന്ന് യോസ വ്യത്യസ്തമായി തിരഞ്ഞെടുത്ത ഒരു പ്രവർത്തി മണ്ഡലം സാംസ്ക്കാരിക വിമർശനമാണ്. രാഷ്ട്രീയ അഴിമതികളെപ്പറ്റി യോസ നിരന്തരം എഴുതി. ലോക ക്ലാസിക് സാഹിത്യകൃതികളെ വിശദീകരിക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത മറ്റൊരു കർമമണ്ഡലം. പ്രൂസ്‌ത്‌, മെൽവിൽ, സെർവാന്റസ് തുടങ്ങിയവ ഉദാഹരണം. അദ്ദേഹത്തിൻ്റെ പ്രബന്ധം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ'എന്ന നോവലിനെക്കുറിച്ചായിരുന്നു. നോവലിസ്റ്റ് പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച യോസ മൂന്ന് നാടകങ്ങൾ കൂടി രചിച്ച് തനിക്ക് അതും വഴങ്ങുമെന്ന് തെളിയിച്ചു. യോസയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വായനയിൽ നിന്ന് മാത്രം കണ്ട അനേകായിരം വായനക്കാരെ ഒരു തുരുത്തിൽ ഉപേക്ഷിച്ച് യോസ കടന്നുപോയി...

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...