Monday, November 25, 2019

വീഞ്ഞ് -ആന്റൺ ചെക്കോവ്

ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തി കഥപറയുന്ന ചെക്കോവിന്റെ ശ്രദ്ധേയമായ ആറ് നോവലുകൾ ഉൾപ്പെട്ടതാണ് വീഞ്ഞ്.വിശ്വസാഹിത്യത്തിലെ കുലീനതയാർന്ന വ്യക്തിത്വമാണ് ചെക്കോവിന്റെത്.ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കഥപറയുന്ന ചെക്കോവ് അനിർവചനീയമായ ജീവിതാനന്ദത്തിൻറെയും വിരക്തിയുടെയും അകംപൊരുൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് കാണാൻ സാധിക്കും.മനുഷ്യാന്തത്തിൽ ഉറച്ചുവിശ്വസിക്കുന്ന ചെക്കോവിന്റെ വീഞ്ഞ് ഉൾപ്പെടെയുള്ള മറ്റ് കഥകളെല്ലാം റഷ്യൻ സാഹിത്യത്തിൽ വഹിച്ച പങ്ക് എത്രയായിരിക്കുമെന്ന് മനസിലാക്കാൻ അന്നേവരെ നിലനിന്ന എല്ലാ സാഹിത്യധാരകളിൽ ഏതെങ്കിലുമോന്നെടുത്തു വായിച്ചുനോക്കിയാൽ തീരാകുന്നതേ ഉള്ളു.അന്നുവരെ നിലനിന്ന മുഴുവൻ സാഹിത്യധാരക്കളയും തകർത്തെറിയാൻ അദ്ദേഹത്തിന്റെ ചെറിയ - വലിയ രചനകൾക്ക് സാധിച്ചു.
         ചുരുങ്ങിയ ഇരുപത് വർഷക്കാലം കൊണ്ട് ഇരുപതാം നുറ്റാണ്ടിനുപോലും നല്കാൻ കഴിയുന്നതരത്തിലുള്ള -പുതുമണം മായാത്തതരത്തിലുള്ള കഥകളാണ് അദ്ദേഹം സാഹിത്യത്തിന് നൽകിയത്.അതിൽ ചവിട്ടിനിന്നാണ് ചെക്കോവ് തന്റെ വിശാലമായ സാമ്രാജ്യം പണിതുയർത്തിയത്.സ്വയം നവീകരിക്കപ്പെടുകയും മറ്റുള്ളവരെ നവീകരിക്കുകയും ചെയ്യുന്നതരത്തിലുള്ള എഴുത്ത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.ഓരോവായനയും വായനക്കാരിൽ ഓരോ അനുഭൂതി നിലനിർത്തി കടന്നുപോയി.
         എത്രയെത്ര എഴുത്തുകാരും എഴുത്തുകാരികളും ഈ കാലയളവിൽ കടന്നുവന്നു.അവരിൽ എത്രപേരെ നാം വായിച്ചു!.എഴുത്തുകാരൻ എന്നനിലയിൽ താരതമ്യങ്ങൾക്ക് വിദേയനാക്കാൻ പറ്റാത്തതരത്തിലുള്ള പ്രതിഭയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടി മനസിലാക്കിയവരുടെ കൂട്ടത്തിൽ ടോൾസ്റ്റോയിയും ഉണ്ടായിരുന്നു.എവിടെയും ലേപനങ്ങളില്ലാത്ത,ആടയാഭരണങ്ങളുടെ അകമ്പടിയില്ലാതെ സാധാരണക്കാരനായ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹാം.അതുകൊണ്ടൊക്കെത്തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടി ജീവിതത്തിന്റെ പകർപ്പുകൾക്കപ്പുറം മനസിന്റെ വ്യാഖ്യാനമായി വായനക്കാരനിൽ തങ്ങിനിൽക്കുന്നത്.
        വിശേഷിച്ചൊന്നുമില്ലല്ലോ എന്ന് വായിക്കുമ്പോൾ തോന്നുന്നതും വായിച്ചു കഴിഞ്ഞാൽ അർത്ഥങ്ങളുടെ കൂമ്പാരമുള്ളതുമായ രചനകളാണ് അദ്ദേഹത്തിന്റേത്.ഒരു അക്ഷരം പോലും അനാവശ്യമായി കൂട്ടിച്ചേർക്കാത്തതരത്തിലാണ് രചന നടത്തുന്നത്.ഇതിലെ "ബെറ്റ്" എന്ന കഥ വായിക്കുമ്പോൾ മനുഷ്യൻ ആത്മാവുകൊണ്ട് സമ്പന്നമാകുന്നത് കാണാൻ സാധിക്കും.പ്രതിയോഗിയാണ് ആദ്യകഥ.കിർലോവിന്റെ മകന്റെ മരണ ദിവസം ഡോക്ടർ ആയ കിർലോവിനെ അബോജിൻ തന്റെ ഭാര്യയുടെ ചികിത്സക്ക് വിളിച്ചുകൊണ്ടുപോകുന്നതാണ് കഥ.ഇതിൽ ബന്ധങ്ങൾക്കപ്പുറം വിശ്വാസത്തിന്റെതായ ഒരു വലിയ ബന്ധം ഉണ്ടെന്ന് കാണിച്ചുതരുന്നു."കുറ്റാന്വേഷകൻ" എന്ന കഥയിൽ ഒരാളെ പറ്റി പരക്കെ എങ്ങനെയാണ് ആളുകൾ പറഞ്ഞുനടക്കുന്നു എന്നതാണ് കഥാ വിഷയം.
         ഇത്തരത്തിൽ ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തി കഥപറയാൻ ചെക്കോവിന് പ്രത്യേകമായ കഴിവുണ്ട്.അതുതന്നെയാണ് അദ്ദേഹത്തെ വീണ്ടും വായിക്കാൻ ഇടയാക്കുകയും ചെയ്യുന്നത്.
   

Friday, November 22, 2019

കാള രാത്രി - അംബികാസുതൻ മാങ്ങാട്

അംബികാസുതൻ മാങ്ങാടിൻറെ കാള രാത്രി വായിച്ചു(.മാതൃഭൂമി ആഴ്ചപ്പതിപ്പ് നവംബർ- 24 ) ചത്തിട്ടും ചാകാതെ കിടക്കുന്ന ഉമ്മിണിയൻറെ മുൻപിൽ പെണ്ണിന്റെ സ്നേഹം എന്താന്നെന്ന് കാണിച്ചുകൊടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം.ഉമ്മിണിയൻ ഒരുകാലത്തെ ആൺ കോയിമയുടെയും മാംസം പങ്കുകച്ചവടം നടത്തിയ മനുഷ്യ മൃഗത്തിന്ടെയും പ്രതിരൂപം കൂടിയാണ്.
        തളന്നുകിടക്കുന്ന ഉമ്മിണിയന്റേയും കനകത്തിന്റെയും മുറിയിലേക്കാണ് അമൽ ദേവൻ എന്ന ഫേസ്ബുക്ക് സുഹൃത്ത് കയറിവരുന്നത്.വെളിച്ചം കുറഞ്ഞതും കുഴമ്പിൻറെ മണം പറക്കുന്നതുമായ ആ കുടുസുമുറിയാന്ന് കനകത്തിന്റെത്.അവർ ഒന്നിച്ചിരുന്ന് കുടിക്കുന്നു.ഉമ്മിണിയന് കനകം തൊള്ള നിറയെ ഒഴിച്ചുകൊടുക്കുന്നു.അപ്പോഴാണ് അവൾ ആദ്യമായി കുടിച്ചതിനെപ്പറ്റി പറഞ്ഞുതുടങ്ങുന്നത്.അതും അവളുടെ പതിനാലാമത്തെ വയസിൽ.                           ഉമ്മിണിയൻറെ കയ്യാൽ മാനം നഷ്ടപ്പെടുകയും പിന്നെ അതേ കൈകളിലായിരിക്കും അവൾ സുരക്ഷിതയെന്നും ഒ ട യോ ൻ കൽപ്പിക്കുകയും കനക ത്തിന്റെ 'അമ്മ നീരസത്തോടെ അത് അംഗീകരിക്കുകയും ചെയ്യുന്നു.ആ പങ്കുകച്ചവടത്തിൻറെ പ്രതിഫലം ഒടയോൻ അവൾക്ക് കിടക്ക പൊറുതി കൊടുക്കുന്നില്ല.
നിസ്സഹായതയുടെയും ഒറ്റപെടലിന്റെയും സ്ത്രീ രൂപത്തെ മനോഹരമായി മാങ്ങാട് ഈ കഥയിൽ വരച്ചിടുന്നുണ്ട്.
        പിന്നീട് എത്രയോ തവണ കനകം ഉമ്മിണിയനിൽ നിന്നും ഒളിച്ചോടി.അപ്പോഴൊക്കെ അവൾ പിടിക്ക പെടുകയും സദാ തല്ലുവാങ്ങിക്കുകയും ചെയ്തു.ഉമ്മിണിയാൻ കിടപ്പിലായപ്പോൾ അവൾ അയാളെ ശ്രിശ്രുഷിക്കുകയും ചെയ്ത് അവൾ നല്ല ഉത്തമയായ് സ്ത്രീ ആകുകയും ചെയ്യുന്നു.അതെ അവൾ കനകം തന്നെയാണ് എത്ര ഉറച്ചുനോക്കിയാലും മാറ്റ് കൂടുന്ന പെണ്ണ് 

Monday, November 11, 2019

ഒറോത - കാക്കനാടൻ

ഒറോത...മലബാറിൻറെ മണ്ണ് കീഴ്‌പ്പെടുത്തിയ ധീര വനിതയായിരുന്നു.ഒറോത അത് മാത്രമല്ല.അവൾ ദുഃഖമായിരുന്ന,എല്ലാത്തരം ത്യാഗത്തിൻറെയും കരുത്തിൻറെയും പ്രതീകമായിരുന്നു.സ്നേഹവതിയായ മകളായും ഭാര്യയായും ജീവിച്ചു മരിച്ചവളാണ് ഒറോത.തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിൽ ഒഴുകിവന്നവൾ.
              ആ ഓറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയർച്ചയുടെ കഥ തുടങ്ങുന്നത്.ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ ഒരിക്കലും മറക്കാത്ത മുഖമായി ഒറോത വായനക്കാരൻറെ മനസ്സിൽ അവശേഷിക്കും.തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തെപ്പറ്റി കാക്കനാടന് പറഞ്ഞുകൊടുത്ത അമ്മക്കാണ് ഈ പുസ്തകം അദ്ദേഹം സമർപ്പിക്കുന്നത്.ചിലപ്പോൾ ഒറോതയെപോലെ ജീവിച്ചുമരിച്ച ഒരു സ്ത്രീയേയെങ്കിലും നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ഇടയായിട്ടുണ്ടാകും.അതുകൊണ്ടുകൂടിയാണ് ഒറോത നമ്മുടെ മനസ്സിലേക്ക് കൂടുതലാഴത്തിൽ പതിയുന്നതും.
         ചെമ്പേരിപ്പുഴയും അതിൻറെ തീരപ്രദേശവും എത്രകണ്ടു മനോഹരമായിരുന്നെന്ന് ഒറോത വായിക്കുമ്പോൾ മനസ്സിലാകും.അത്രത്തോളം മനോഹമായി ചെമ്പേരിപ്പുഴയും ചുറ്റുപാടും വിവരിക്കുന്നുണ്ട് കാക്കനാടൻ.ഒരുകാലത്ത് ചെമ്പേരിയിലേക്കുവരാൻ  ദൈവവും മനുഷ്യനും വികസനവും മടിച്ചുനിന്നു...അവിടേക്കാണ് ഒറോത ഒരു മടിയും കൂടാതെ ജീവിതത്തിന്റെ എല്ലാപ്രതീക്ഷയും വെച്ചുപുലർത്തികൊണ്ട് കാളവണ്ടിയിൽ കുടിയേറുന്നത്.ചെമ്പേരിയിലെ പോയകാലത്തെ ദശകങ്ങളിലെ വളർച്ചയുടെയും മാറ്റത്തിന്റെയും കാരണങ്ങൾ വിശകലനം ചെയ്യുന്നുണ്ട്.ചെമ്പേരിയുടെ മുഴുവൻ മാറ്റത്തിന്റെയും സാക്ഷ്യം വഹിച്ചത് ചെമ്പേരി പുഴയായിരുന്നു.ഒറോത മൂല്യമായിരുന്നു,തോരാത്ത കരുത്തായിരുന്നു.ഒറോതയെ ഓർത്താൽ കരയാതിരിക്കാൻ കഴിയില്ല;ഒറോതയെ ഓർക്കാതിരിക്കാൻ അത്രത്തോളം ഉണ്ട്.ചേർപ്പുങ്കൽ ഗ്രാമത്തിൽ വെട്ടുകാട്ട് പപ്പൻ എന്നൊരാളുണ്ടായിരുന്നു.ഒരു നാല്പതുകാരൻ,ഒറ്റാന്തടി,അയാൾക്കാണ് ഒറോതയെ കിട്ടുന്നത്.അയാൾ അയാളുടെ അമ്മയുടെ പേര് അവളെ വിളിച്ചു "ഒറോത ".
        അയാൾ ദിനോം ചെയ്തത് വള്ളം ഊന്നുന്ന പണിയാണ്.അയാളോടൊപ്പം അവൾ അതും പഠിച്ചു.എല്ലാവരിലും വെള്ളപ്പൊക്കത്തിൻറെ കെടുതികളാണ് അവശേഷിച്ചതെങ്കിൽ പപ്പന് മലവെള്ളം സമ്മാനിച്ചത് അപ്പൻ എന്ന സ്ഥാനമാണ്.സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും കരുതലിന്റെയും ഒരുപിടി നല്ല നിമിഷം ഈ നോവൽ എല്ലാവരിലും അവശേഷിപ്പിക്കുന്നു.ഒറോത വളർന്നു..അവൾക്കൊപ്പം അയാളും ഒരപ്പനായി അവളർന്നു വരുകയായിരുന്നു.
         മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നത് ഒറോത ആണ്.കാക്കനാടൻ അത്രത്തോളം ഓറോതയെ വരച്ചിടുന്നുണ്ട്.ഒറോതയെ വായിക്കുമല്ലോ 

Friday, November 8, 2019

ഹൈഡ്രേഞ്ചിയ - ലാജോ ജോസ്

          ലാജോയുടെ ഹൈഡ്രേഞ്ചിയവായിച്ചു.മലയാള നോവൽ നിരയിലേക്ക് ഇതാ പുതിയ ഒരു കുറ്റാന്വേഷണ നോവൽ കൂടി നമുക്ക് കിട്ടിയിരിക്കുന്നു.ഏതൊരു വായനക്കാരന്റെയും വായനയിലെവിടെയെങ്കിലും നല്ലൊരു കുറ്റാന്വേക്ഷണ നോവൽ കടന്നുപോകാതെയിരുന്നിട്ടില്ല. ഒരു പക്ഷെ മിക്കവരും വായന തുടങ്ങിവെക്കുന്നതും ഇത്തരം കുറ്റാന്വേക്ഷണ നോവേലിൽകൂടിയായിരിക്കുകയും ചെയ്യും. 
           മലയാളത്തിലേക്ക് അവസാനം ലഭിച്ച കുറ്റാന്വേഷണ നോവലിൽ മികച്ചത് ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളാണ്(എന്ടെ മാത്രം അഭിപ്രായം ).കുറ്റാന്വേക്ഷണ നോവലുകൾ മിക്കതും പരാജയപെട്ടുപോകുന്നത് വായനക്കാരനിൽ ഉദ്വേഗം ജനിപ്പിക്കാൻ കഴിയാതെ പോകുന്നു എന്ന ഒറ്റകാരണത്താലാണ്.ആ പോരായിമ ഈ നോവലിൽ ലവലേശമില്ല,കൂടാതെ നല്ല ഉള്ളടക്കവും എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്.എസ്തര്‍ എന്ന അന്വേഷകയ്ക്ക് അനിതരസാധാരണമോ അമാനുഷികമോ ആയ കഴിവുകളൊന്നും പുസ്തകത്തില്‍ എഴുത്തുകാരന്‍ നല്‍കിയിട്ടില്ല,അതുതന്നെയാണ് ഹൈഡ്രേഞ്ചിയയുടെ പ്രത്യേകതയും.മലയാള സാഹിത്യത്തിൽ വിരലിലെണ്ണാവുന്ന കുറ്റാന്വേക്ഷണ നോവലുകൾ മാത്രമേ ഉള്ളു.അന്നിലക്ക് കുറ്റാന്വേക്ഷണ നോവൽ വായന പ്രേമികൾക്ക് ഒരു നല്ല പ്രതീക്ഷ വെച്ചുപുലർത്താൻ പോകുന്ന തരത്തിലുള്ള എഴുത്തുകാരനെത്തന്നെയാണ് ഹൈഡ്രേഞ്ചിയയിലൂടെ കിട്ടിയിരിക്കുന്നത്....
             എടുത്ത് പറയേണ്ട ഒന്ന് രചനാശൈലിയാണ്.അതുതന്നെ ഒരു ആലങ്കാരികത നോവലിന് സമ്മാനിക്കുന്നുമുണ്ട്.മുൻകൂട്ടി പോലീസ് മേധാവിയുടെ ഔദ്യോഗിക ഈമെയിലിലേക്ക് കൊലപാതകത്തിന്റെ വീഡിയോസ് അയക്കുകയും യാതൊരു തെളിവുപോലും അവശേഷിപ്പിക്കാതെ കൊലപാതകം നടത്തി പോകുകയും ചെയ്യുന്ന സൈക്കോപാത്തിനെ എസ്തറിനൊപ്പം നോവൽ മുഴുക്കെ ഞാനും അന്വേഷിച്ചു.കൊലചെയ്യപ്പെടുന്ന എല്ലാ സാഹചര്യങ്ങളിലും ഹൈഡ്രേഞ്ചിയ പൂക്കളുടെ സാനിധ്യം വായനക്കാരനിൽ അമ്പരപ്പുണ്ടാക്കും.ഒരുതവണയെങ്കിലും വീണ്ടും പിന്നിലേക്ക് വായിച്ചു നോക്കാൻ നമ്മൾ ബാധ്യസ്ഥനാകും,എന്തെങ്കിലും തെളിവുകൾ നമ്മൾ വിട്ടുപോയിട്ടുണ്ടോ എന്നതുതന്നെയാണ് പിന്നിലേക്കുപോകാൻ നമ്മളെ പ്രേരിപ്പിക്കുന്നതും.
                   ഒരു സങ്കൽപ്പത്തിനപ്പുറത്തേക്ക് വായനക്കാരനിൽ യാഥാർഥ്യബോധത്തിന്റെ വിത്തുപാകാൻപോന്ന തരത്തിലുള്ള രചനാതന്നെയാണ് എഴുത്തുകാരൻ ഹൈഡ്രേഞ്ചിയയിലൂടെ നടത്തിയതിയത്.അതിൽ ലാജോ ജോസ് വിജയിക്കുകയും ചെയിതു.നല്ല എഴുത്തിനു പ്രത്യേക നന്ദി.....

Sunday, November 3, 2019

എം.മുകുന്ദന്റെ തിരഞ്ഞെടുത്ത നോവലുകൾ - എം മുകുന്ദൻ

യാഥാസ്ഥിതികത്വത്തെ  നടുക്കാൻ പോകുന്ന ഒരു തരം നൈർമല്യം കഥകളിൽ ആവാഹിക്കാൻ കഴിവുള്ള എഴുത്തുകാരനാണ് എം.മുകുന്ദൻ. മുകുന്ദൻ നോക്കുമ്പോൾ എല്ലാ അസ്തിത്വവും പ്രശ്നങ്ങളും ലളിതവും സുതാര്യവുമായി തീരുന്നു.ബാല്യത്തിലേക്ക് തിരിച്ചുപോകാനുള്ള കാല്പനിക വാസനയ്ക്ക് തീർത്തും വിരുദ്ധമായുള്ള ഒരു ജീവിത ബോധമാണിത്.ജീവിതത്തെ സ്പുടം ചെയ്യാനുള്ള പ്രവണത മുകുന്ദനിൽ കാണാം.
          ജീരകമിഠായിയിൽ- തറഞ്ഞു കിടക്കുന്ന സ്ത്രീ,വെള്ളം കൊടുക്കുന്നതിൽ ശിക്ഷിക്കപ്പെടുന്ന ചെറുപ്പക്കാരൻ,താനാരാണെന്നറിയാതെ അമ്പരക്കുന്ന രാധ; ഇവരൊക്കെ ഇതിനുള്ള ഉദാഹരണങ്ങൾ തന്നെയാണ്.മാധുര്യങ്ങളെ തച്ചുടക്കുന്ന മരണവും,ജീവിതത്തിലെ അനുഷ്ട്ടാനങ്ങളെ വകവെക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ രൂപരഹിതമായ അസ്തിത്വവും മുകുന്ദന്റെ അവബോധത്തെ വേട്ടയാടുന്ന രണ്ട് തത്വങ്ങളാണ്.കഥാപാത്രങ്ങൾ അവരുടെ മരണത്തിലൂടെ സ്വയം ആവിഷ്കരിക്കുന്നു.നഗരവാസികളുടെ ജീവിത വൈര്യസ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപെട്ട ഛാതോപാത്യയുടെ രക്ഷ-പോലുള്ള കഥകളിൽ സ്വതന്ത്ര രതി ധ്വനിപ്പിക്കുന്ന ഒരുതരം നഗ്നതയുടെ പരിഷ്കാരവും തമ്മിലുള്ള കലർപ്പ് മുകുന്ദന്റെ ശൈലി വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.ഒരു ഗ്രാമീണ ബാലൻറെ അന്വേഷിക്കുന്ന കണ്ണുകൾ ഈ കഥയിൽ തുറന്നിരുന്നു.അവ സ്വസ്ഥതയ്ക്കു വേണ്ടി കൊതിക്കുന്നു.മരണത്തിന്റെ ചോദ്യങ്ങൾക്ക് ഈ കുട്ടികൾ കീഴടങ്ങുന്നു.പക്ഷെ മരണത്തിനെതിരായി ശൈശവത്തിൻറെയും നിഷ്കളങ്കതയുടെയും സ്വരമായി കഥയെ തന്നെ കലാകാരൻ മാറ്റുന്നു.
          ദുഃഖത്തിന്റെ മേഖലകളിൽ വ്യാപരിക്കുന്ന കുട്ടിയുടെ ദുരൂഹമായ ആത്മനിഷ്ടക്ക് അപദാനങ്ങൾ പാടുന്ന ഈ കഥാകൃത്ത് കരളുടക്കുന്ന ജീവിത യാഥാർഥ്യങ്ങളിൽ കരിഞ്ഞു പോയ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാക്ഷിയാകുന്നു. അന്യതാബോധത്തിന് ഇരയാകുന്ന ഓരോ കഥാപാത്രവും ആഘാതമേറ്റ ഒരു ബാലനാണ്.'കാതിൽ പൊന്നിന്റെ തക്കയിട്ട വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മുറ്റത്ത് ഓടിയിറങ്ങി' അവർ അയാളെ കെട്ടിപിടിച്ച് അമ്പരന്ന് നിന്നു.അത് കണ്ട് നാണുനായർ ഒരു ചിരിയോടെ പറഞ്ഞു - നിൻറെ അമ്മായാമോനെ" അയാൾ അമ്മയെ ആശ്ലേഷിച്ചു.അമ്മയുടെ വായിൽ കാളിയടക്കയുടെ സുഗന്ധം ഉണ്ടായിരുന്നു.അവർ പൂമുഖത്തേക്ക് കയറി നാണുനായർ ഓരോരുത്തരെയും പരിചയ പെടുത്തി; 'ഇത് നിൻറെ അച്ഛനാ' അച്ഛൻ ശീല കസാരയിൽ കിടക്കുകയായിരുന്നു."നല്ല തടിയും വണ്ണവുമുള്ള കാതിൽ കടുക്കനിട്ട വെളുത്ത മനുഷ്യൻ" വാതിന്റെ പിന്നിൽ മറഞ്ഞുനിന്ന വോയൽ സാരിയുടുത്ത പെൺകുട്ടിയെ ചൂണ്ടികാട്ടികൊണ്ടു നാണ് നായർ ചോദിച്ചു അത് ആരാന്നെന്നായിയ്യോ?' 'ഇല്ല '
നിൻറെ "ഭാര്യയാ  മോനെ"- ചന്ദ്രിക. ഈ സാക്ഷിയാണ് കുട്ടിയായി മുകുന്ദന്റെ കഥയിൽ ഉയർത്തെഴുനേൽക്കുന്നത്.പ്രേമനും ജയനുമൊക്കെ അവരുടെ ഓരോ ഭാവങ്ങളാണ്.മുകുന്ദന്റെ മറ്റൊരുതരം കഥകളിൽ ഒളിച്ചുവെക്കപ്പെടുന്ന ലൈംഗിക കാപട്യങ്ങളാണ് ഇവിടെ മറ്റൊരു കഥയായി വികസിക്കുന്നത്.
          സദാചാരം എല്ലാ അപഭ്രംശങ്ങളെയും രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുന്ന വിഡ്ഢിയായ മുത്തശ്ശിയെപോലെ മുകുന്ദന്റെ കഥകളിൽ പ്രത്യക്ഷ പെടുന്നു.പക്ഷെ അത് മരണത്തിന്റെ മുൻപിൽ മാത്രം പകച്ചുപോകുന്നു....തന്റെ സ്വതസിദ്ധമായ ശൈലിയിൽ വാക്കുകൊണ്ട് മുകുന്ദൻ സൃഷ്ട്ടിക്കുന്ന ഈ അമൂർത്ത ശില്പങ്ങൾ നമ്മുടെ സങ്കൽപ്പാവസ്ഥയിലെ കത്തുന്ന രൂപങ്ങളായി ഇന്നും നിലനിൽക്കുന്നു.

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...