Thursday, May 14, 2020

ചെന്നായ്ക്കൾക്ക് വയസ്സാകുമ്പോൾ - ജമാൽ നാജി

അറബ് നാടായ ജോർദാനിലെ സാമൂഹിക സാംസ്ക്കാരിക സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിട്ടുള്ള നോവൽ ആണ്  ചെന്നായ്ക്കൾക്ക് വയസ്സാകുമ്പോൾ.ആസ്മി അൽ-വജീഹ് എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവൽ പുരോഗമിക്കുന്നത്.സമകാലിക അറബ് നോവലിലെ ശ്രദ്ധേയമായ ശബ്ദമാണ് ജമാൽ നാജി. ജോർദാനിലെ ഏറ്റവും
 പ്രശസ്തമായ നോവലിസ്റ്റുകളിൽ ഒരാൾ.വൈവിധ്യമാർന്ന ആഖ്യാന രീതിയാണ് മറ്റ് അറബ് നോവലിസ്റ്റുകളിനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.ആഗോളീകരണത്തിൻ്റെ സാമൂഹിക പരിസരങ്ങളെ പശ്ചാത്തലമിയുള്ള 1993-ൽ പുറത്തിറങ്ങിയ അൽ ഹയാത്ത് അലാ ദിമ്മത്ത് അൽ-മൗത് ഉം പ്രശസ്തമായ രചനയാണ്.
    ജോർദാൻ തലസ്ഥാമാനമായ അമ്മാനിലെ ചില കോളനികളിൽ നടക്കുന്ന: സമൂഹത്തിലെ വിവിധ തരക്കാരായ മനുഷ്യരുടെ ജീവിതകഥയാണ്. ഇത്തരമൊരു കഥാരചനാരീതി ഇതിനുമുൻപ് ഉണ്ടായിരുന്നിരിക്കാൻ സാധ്യതയില്ല.അതിനു കാരണം നോവലിലെ കഥാപാത്രങ്ങൾ ഒരേ സംഭവം തങ്ങളുടേതായ വീക്ഷണ കോണിൽ നോക്കികാണുന്നു എന്ന പ്രത്യേകത കൊണ്ടാണ്. ഇത്തരത്തിൽ ഒരു കഥാ വിവരണം അറബ് നോവൽ സാഹിത്യ ശാഖയിൽ ഇതിനുമുൻപ് ഉണ്ടായതായി എനിക്കറിവില്ല.ഇത്തരത്തിലുള്ള കഥ പറച്ചിൽ രീതി അഞ്ച് കാഴ്ചപ്പാടുകളിൽ കഥാസന്ദർഭം വായനക്കാരന് നോക്കിക്കാണാൻ സാധിക്കുന്നു.രചനാ സങ്കേതങ്ങളൊക്കെ സാന്ദർഭ്യത്തിന് ചേരുന്ന തരത്തിൽ മാത്രമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. യാതൊരു തരത്തിലുള്ള ഏച്ചുകെട്ടലും ഇതിൽ നോവലിസ്റ്റ് നടത്തിയിട്ടില്ല.
    അൻപതോളം ചെറുതും വലുതുമായ അദ്ധ്യായങ്ങളിലായി ഈ നോവൽ വിഭചിക്കപ്പെട്ടിരിക്കുന്നു.ഓരോ അദ്ധ്യായത്തിൻ്റെയും തലക്കെട്ട് ഓരോ കഥാപാത്രത്തിൻ്റെയും പേരുതന്നയാണ്.സുൻദുസ്,ശൈഖ് അബ്‌ദുൾ ഹമീദ് അൽ-ജൻസീർ,ജുഖ്റാൻ,റബാഹ് അൽ-വജീഹ്,ബകർ - അൽ-ത്വയിൻ എന്നീ അഞ്ച് കഥാപാത്രങ്ങളിലൂടെയാണ്  നോവൽ കടന്നുപോകുന്നത്.ഇവർ അഞ്ച് കഥാപാത്രങ്ങളും നോക്കികാണുന്നത് ആസ്മി അൽ-വജീഹ് എന്ന കഥാപാത്രത്തെയാണ്.
    വായിച്ച് വായിച്ച് വായനകാരൻ്റെ മനസ്സും അഞ്ച് പേരുടേതുപോലെയായി തീരുന്നു.തികച്ചും വ്യത്യസ്തമായ ഈ രചനാശൈലി  വായനക്കാർക്ക് ഒരു പുതിയ വായനാനുഭവമായിരിക്കും സമ്മാനിക്കുന്നത്.ഇരകളെ വീഴ്ത്തുന്നതിനായി എന്ത് തന്ത്രവും പയറ്റുന്ന ചെന്നായ്ക്കളുടേതുപോലെയുള്ള ഒരു ജനതയുടെ ദുസ്സഹമായ ജീവിതമാണ് തുടക്കം മുതൽ ഒടുക്കം വരെ നാം കാണുന്നത്:അനുഭവിച്ചറിയുന്നത്. എൺപതുകളിലെ ഒരു അറബ് ഗ്രാമത്തെ വിശാലമായി ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നതും വായനക്കാർക്ക് മുന്നിൽ അവിടുത്തെ ജനത പോരടിച്ചുമരിക്കുന്നതുമെല്ലാം അവിടുത്തെ തന്നെ ഒരു അഭയാർഥിയെപോലെ നോക്കിക്കാണുംവിധമാണ് ജമാൽ നാജി നോവൽ രചന നടത്തിയത്. ഇതിനിടയിൽ കുടുംബഛിദ്രത,ആത്മീയചൂഷണം,അറബ് രാഷ്ട്രീയം,പലായനം,അവസരവാദം,പ്രണയ സംഘർഷങ്ങൾ ഇവയും കടന്നുപോകുന്നു.
    ഇതിൽ വായനക്കാർക്ക് കാണാൻ സാധിക്കുന്ന മൂന്ന് വശം മതം-രാഷ്ട്രീയം-ലൈംഗികത എന്നിയവയാണ്.തുടക്കം മുതൽ ഒടുക്കം വരെ നോവൽ ഒരു കഥാപാത്രത്തെ വലയം ചെയ്യുന്നു.എന്നിട്ടും നിഗൂഢതയവസാനിക്കാതെ ആസ്മി അൽ-വജീഹ് വായനക്കാർക്കുമുന്നിൽ അവശേഷിക്കുന്നു.കഥപറയുന്നതിനിടയിൽ ഈ കഥാപാത്രങ്ങൾ തമ്മിൽ യാതൊരു തരത്തിലുള്ള സമാനതയും ഇല്ലായെന്നതും ഈ നോവലിൻ്റെ മറ്റൊരു പ്രത്യേകതകൂടിയാണ്. ചിലവസരത്തിൽ വായന ദുർഘടം പിടിച്ചതും വിരസതയാർന്നതുമായി തീരും.ലളിതവും സുഗ്രഹവുമായ ഒരു ഭാഷാശൈലി ഈ നോവലിൽ ഒട്ടും തന്നെയില്ല .
    നോവൽ വായിച്ചവസാനിപ്പിക്കുമ്പോൾ വായനക്കാർ വാർദ്ധക്യം ബാധിച്ച ശരീരവും ദുസ്സഹമായ മനസ്സിലേക്കും മാറിയിരിക്കും. മാലാഖയുടെ തേജോവലയത്തിലും സ്വർഗത്തിൽ നിന്നുള്ള കാറ്റിലും ആത്മാവ് ചിറകടിച്ചുയരും - ഹൃദയം പ്രകമ്പനം കൊള്ളും - ആത്മാവ് പുഞ്ചിരിക്കും - ഹൃദയം മരണത്തെ പുണരും...തൂവെള്ള വസ്ത്രം ധരിച്ച മാലാഖ നമുക്ക് ചുറ്റും പറ്റിച്ചേർന്ന് പറക്കും......    

Thursday, May 7, 2020

ഖസാക്കിൻ്റെ ഇതിഹാസം - ഓ വി വിജയൻ


കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് എഴുതപ്പെട്ടിട്ടുള്ള സർഗ്ഗസാഹിത്യ കൃതികളിൽ ഏറ്റവും ഉജ്ജ്വലം എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഖസാക്കിൻ്റെ ഇതിഹാസം. നോവലിൻ്റെ ചരിത്രത്തിലാവട്ടെ കഴിഞ്ഞ ദശവർഷങ്ങളിലൊക്കെയും എടുത്ത് പരിശോധിച്ചാൽ മറ്റൊരു സമാനദ കണ്ടെത്താനും കഴിയില്ല.
     ഈ നോവൽ എത്രപേർ വായിച്ചു,എത്രയോപേർ ചർച്ച ചെയ്തു.ഇനിയും എത്രയോപേർ ഇവയൊക്കെ ചെയ്യാനും ഇരിക്കുന്നു. മലയാള ഭാഷക്ക് പുതിയ മനം നൽകിയ ഓ.വി.വിജയൻ്റെ എക്കാലത്തെയും മാസ്റ്റർ പീസാണ് ഖസാക്കിൻ്റെ ഇതിഹാസം. ഖസാക്കിൻ്റെ ഇതിഹാസം 1968 -ജനുവരി 28 മുതൽ 1968 -ആഗസ്റ്റ് 4 വരെ 28 - ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് വായനക്കാരൻ്റെ കൈകളിലേക്ക് എത്തുന്നത്. ഈ നോവൽ എഴുതി പന്ത്രണ്ട് വർഷത്തോളം കൈയെഴുത്ത് പ്രതിയായിത്തന്നെ അദ്ദേഹത്തിൻ്റെ കൈകളിൽ ഇരുന്നു. അക്കാലമൊക്കെയും അവ നിരന്തരം വെട്ടുകയും തിരുത്തുകയും മാറ്റിയെഴുതുകയും ഒക്കെ ചെയ്തിരിക്കണം. ഓ.വി.വിജയൻ്റെ സഹോദരി ഓ.വി.ഉഷയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ അദ്ദേഹം താമസിക്കുകയും ആ സ്ഥലം അവിചാരിതമായി നോവലിൽ കടന്നുവരുകയുമായിരുന്നിരിക്കണം.
      ചെതലിമലയിലേക്ക് കണ്ണുംനട്ട് കിടക്കുന്ന പരിഷ്‌ക്കാരങ്ങൾ എത്തിനോക്കുകപോലും ചെയ്യാത്ത കറുത്ത കരിമ്പടം പുതച്ചുകിടക്കുന്ന സ്ഥലമാണ് ഖസാക്ക്. റാവുത്തന്മാരുടെയും തീയ്യന്മാരുടെയും ഗ്രാമമാണ് ഖസാക്ക്. പ്രാചീനമായ ആ ഗ്രാമത്തിലേക്കാണ് രവി ബസ്സിറങ്ങി എത്തുന്നത്.സർക്കാരിൻ്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കുവാനാണ് കൂമൻ കാവ് ബസ്‌സ്റ്റോപ്പിൽ അയാൾ ബസ്സ് ഇറങ്ങിയത്. രവി വന്നിറങ്ങുന്നതോടെയാണ് നോവലും തുടങ്ങുന്നത്. കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല. ഓർമ്മയിൽ ജരയും ദീനതയും കണ്ടുകണ്ട് ഹൃദ്യസ്ഥമായിതീർന്നതാണ് അയാൾക്ക് ആ സ്ഥലം.നിലത്തറ തേക്കിൻ കുറ്റികളിൽ കേറ്റി നിർത്തിയിട്ടുള്ള നാലഞ്ച് ഏറുമാടങ്ങളായിരുന്നു കൂമൻകാവ് അങ്ങാടി. പാത അവസാനിക്കുന്നിടം മൈതാനം - അവക്കുപുറകിൽ തുവരക്കാടുകൾ,വാഴകൾ, നഷ്ട്ടപ്പെട്ട കുടിലുകൾ അവക്കുമുകളിൽ ബലിഷ്ടമായി പടർന്നുപന്തലിച്ച മാവുകൾ പരത്തുന്ന തണലുകൾ. കഥന സ്വഭാവം ഇല്ലാത്ത ഓർമ്മകളുടെ ഒരു വലിയ ചരിത്രം വായനക്കാരൻ്റെ മനസ്സിൽ തെളിയും വായനയിലുടനീളം.കൂമൻ കാവിലേക്ക് വരുന്ന ബസ്സ്,തേവാരത്ത് ശിവരാമൻ നായരുടെ ഞാറ്റുപുര, ചെതലിമല,ഖസാക്കിലെ ഓത്തുപള്ളി,ഇറച്ചിപ്പത്തിരി വിളമ്പിയ തിത്തിബിയുമ്മ,മൈമൂന,അപ്പുക്കിളി, രാജാവിൻ്റെ പള്ളി,കഥക്കിടയിലെ ചരിത്രവും മിത്തുമായി ഇവയൊക്കെ നമുക്കുള്ളിൽ മിന്നി മറയും.
      അതുവരെ ഖസാക്കിൽ മതപുരോഹിതരുടെ അധ്യാപനമായിരുന്നു നടന്നിരുന്നത്.രവിയുടെ സ്കൂൾ തുടങ്ങുന്നതോടെ മതപുരോഹിതനും അധ്യാപകനുമായ അള്ളാപ്പിച്ച മൊല്ലാക്കയുടെ ഓത്ത് പള്ളിക്കൂടം ഉപേക്ഷിക്കപ്പെടുന്നു. നോവലിൽ രവിയുടെ പാപബോധത്തിൻ്റെ ഉള്ളഴിക്കലും ഖസാക്കിലെ ജീവിതം അയാളിൽ വരുത്തിയ മാറ്റവും വായനക്കാർക്ക് മനസ്സിലാക്കി തരുന്നതിൽ നിന്നും വർധിതമായ ഒരു പാപചിന്തയോട് കൂടിയാണ് അയാൾ ജീവിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. മനുഷൻ്റെയുള്ളിലെ അസ്തിത്വവും അവനിലെ പാപബോധത്തിൻ്റെ നീറ്റലുമാണ് ഈ നോവലിലെ അന്തർധാര. ജീവിതത്തിൻ്റെ അർത്ഥങ്ങൾ അന്വേഷിക്കുന്ന പുണ്യ പാപചിന്തകളാൽ മനസ്സിനെ മഥിക്കുന്ന രവിയെ ജീവിതത്തിൻ്റെ ജൈവരാശിക്കപ്പുറത്ത് നിന്ന് നോക്കിക്കാണാൻ ഒ.വി. വിജയൻ വായനക്കാരെ പ്രാപ്തരാക്കുന്നു.എന്നാൽ രവിയിലേക്ക് നീളുന്ന അനേകായിരം ചോദ്യങ്ങളിലൊന്നിനുപോലും ഒ.വി. വിജയൻ സ്‌പഷ്ടമായ ഉത്തരം നൽകുന്നുല്ല എന്നതും രവിയുടെ ജീവിതയാഥാർഥ്യത്തിലേക് വായനക്കാർക്ക് സഞ്ചരിക്കാനുള്ള പാതയും ഒ.വി.വിജയൻ വെട്ടിത്തീർത്തിരുന്നുമ്മില്ല എന്നതും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.എത്ര വായിച്ചാലും ഇതിലെ കഥാപാത്രങ്ങൾ നമുക്ക് അപരിചിതമാണ്.എത്രവായിച്ചാലും  ഇതിലെ പുതുമയും പൂർണ്ണതയും നഷ്ട്ടമാകുന്നുമില്ല. ഖസാക്കിൻ്റെ ഇതിഹാസം മാറ്റ് സാഹിത്യ സങ്കൽപ്പങ്ങളെ കരിമ്പനകളിൽ കാറ്റ് പിടിക്കുന്നപോലെ ഉലച്ചുകളഞ്ഞു. ഓരോ തവണയും ഈ നോവലുമായി ബന്ധപെട്ട ചർച്ചയും വായനാനുഭവവും നമുക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ നമ്മളിൽ അമ്പരപ്പുളവാകും.ഇനിയും നാം ഈ നോവലിൽ കാണാത്ത ഉൾപ്പൊരുളുകൾ  അവശേഷിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കും. 
         ഖസാക്കിൻ്റെ ഇതിഹാസത്തിലെ ഭാഷ അനുകരണീയമല്ലാത്ത ഒന്നായി മലയാള സാഹിത്യലോകത്ത് നിലനിന്ന് പോരുകയും ചെയ്യുന്നു. ഖസാക്കിൻ്റെ ഇതിഹാസം നോവൽ സാഹിത്യ ശൃംഖലയിൽ ഉണ്ടാക്കിയ ഭാഷാപരമായ വിപ്ലവവും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. അതുപോലെതന്ന പരസ്ത്രീഗമനം നടത്തുന്ന ഇരുണ്ട ചിന്താഗതി ഉള്ളിൽ ഒളിപ്പിച്ച നായക പരിവേഷം അന്നേവരെ മലയാള നോവൽ ശൃംഖലയിൽ ഉണ്ടായിട്ടില്ല.എന്നാൽ പുതിയ നായക സങ്കൽപ്പം എന്ന ഈ രീതി ഉൾക്കൊള്ളാനും അത് വാളെടുക്കാതെ വിഷയാത്മനാ ഉൾക്കൊള്ളാനും മലയാള സാഹിത്യ ലോകം തയ്യാറായ് കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ഖസാക്കിൻ്റെ ഇതിഹാസം വീണ്ടും വീണ്ടും വായിക്കപ്പെട്ടു.
     പുതുതലമുറയിലെ വായനക്കാർ ഖസാക്കിനെ കൈയ്യിലെടുക്കുമ്പോൾ രവിയുടെ മാത്രമല്ല വായിച്ചുപോകുന്നത്.അതുകൊണ്ടൊക്കെത്തന്നെയാണ് ഖസാക്ക് ഗവേഷണ വിഷയമായതും.വായനക്കാർക്ക് എക്കാലവും വായിക്കാൻ കഴിയുന്ന സാഹിത്യ സൃഷ്ട്ടി.ഖസാക്കിൻ്റെ തണലിൽ പുതിയ എഴുത്തുകാർ മിക്കവരും ആവിഷ്‌ക്കാര സ്വാതന്ത്രം കണ്ടെത്തി.
      മഴപെയ്യുന്നു.....മഴ മാത്രമേയുള്ളൂ.ആരോഹണമില്ലാത്ത അവരോഹണമില്ലാത്ത മഴ.അനാദിയായ ആ മഴവെള്ളം രവിയേയും ചുമന്നുകൊണ്ട്,വായനക്കാരൻ്റെ മനസും ചുമന്നുകൊണ്ട് തുവരക്കാടുകളും വാഴയും ചെതലിമലയും കടന്ന് പോകുന്നു. മഴയും രവിയും ഇഴപിരിയുന്നേയില്ല....  

Tuesday, May 5, 2020

കോഫി ഹൗസ് - ലാജോ ജോസ്

ലാജോ ജോസിൻ്റെ കോഫി ഹൗസ് വായിച്ചു.ആദ്യമേ പറയട്ടെ,വലിഞ്ഞു മുറുകുന്ന മനസ്സോ അടക്കിപ്പിടിച്ച് വിക്ഷുബ്ധതയോടുകൂടിയുള്ള ഒരു വായനയോ ഈ നോവലിന് വേണ്ടിവരുന്നില്ല...
ഈ നോവൽ തുടങ്ങുന്നത് ഡിസംബർ മാസം ഒരു ക്രിസ്മസ് ദിവസമാണ്.ദുരൂഹമായ ഒരു കോഫി ഹൗസ് കൊലപാതകം. ബെഞ്ചമിൻ എന്ന ആളെ കുറ്റവാളിയായി അറസ്റ്റ് ചെയ്യുന്നു.അഞ്ച് കൊലപാതകം ഒരു ബലാത്സംഗം അതും മരിച്ചതിനുശേഷം. ദയാഹർജി തള്ളിയതിനാൽ വധശിക്ഷ കാത്ത് കിടക്കുകയാണ് ബെഞ്ചമിൻ.നോവലിലെ കുറ്റാന്വേഷക എസ്തർ ഇമ്മാനുവൽ,കുലീന എന്ന ദ്വൈവാരികയിലെ ജീവനക്കാരിയാണ്.എസ്തറിൻ്റെ കൂട്ടുകാരി അപർണ്ണയും (അപ്പു)ഈ നോവലിലെ പ്രധാന കഥാപാത്രമാണ്.
    ബെഞ്ചമിൻ എന്ന പ്രതിയിലേക്ക് പോലീസ് എത്തുന്നത് കൊല്ലപ്പെട്ട ജിനു എന്ന ഒരു പെൺകുട്ടിയോട് അയാൾക്കുള്ള അടുപ്പംകൊണ്ടായിരുന്നു.മുൻപ് നടന്ന അന്വേഷണം തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതടക്കമുള്ള പ്രതിഷേധ പ്രവർത്തനം നടത്തിയത് എസ്തർ ഉൾപ്പെടെയുള്ള സ്ത്രീശക്തി കൂട്ടായിമയിലൂടെയാണ്.ആ എസ്തറിലെക്ക് തന്നെയാണ് ബെഞ്ചമിൻ്റെ അവസാന ദിനവും മറ്റും ഇൻ്റർവ്യൂ ചെയ്യാൻ ദ്വൈവാരികയുടെ ചീഫ് ഏൽപ്പിക്കുന്നത്.അവിടം മുതൽക്കാണ് ഈ നോവലിൻ്റെ സുപ്രധാന കഥാഭാഗം തുടങ്ങുകയും ചെയ്യുന്നത്.
          എസ്തർ ഇമ്മാനുവലിന്  ലാജോ ജോസ് കൊടുത്ത ക്യാരക്ടർ സ്കെച്ച് അവളെ ഒരു വ്യത്യസ്തതയുള്ളവളാക്കണം എന്ന മുൻധാരണയോടു കൂടിയാണ്.മുപ്പത് വയസ്സുണ്ടായിട്ടും വിവാഹംകഴിക്കാത്ത - അച്ഛനും അമ്മയും ഉണ്ടായിട്ടും തനിച്ചു താമസിക്കുന്ന എസ്തർ,ഫ്രണ്ട്സ്സ് സർക്കിളിൽ പരിമിതമായ ആളുകൾ മാത്രമുള്ളവൾ എന്നിങ്ങനെയുള്ള രീതിയിലാണ് .ഒരു പക്ഷേ ഒരു കുറ്റാന്വേഷകയിലേക്കുള്ള പാകപ്പെടുത്തലുകളായിരിക്കാം മുൻപ് പറഞ്ഞതൊക്കെയും. വിവാഹം കഴിച്ച്കുട്ടികൾ ഉള്ള ഒരു സ്ത്രീക്ക് ഇത്തരത്തിലുള്ള കേസുകൾക്ക് പിന്നാലെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടുന്നതിലെ വൈരുധ്യാത്മകത ലാജോയെ അസ്വസ്ഥതപ്പെടുത്തിയിരിക്കാം.എന്നാൽ ഇത്തരത്തിലുള്ള ചിന്താഗതി ഇക്കാലത്തെ തലമുറയിലെ വായനക്കാരിൽ നിന്നും തീർത്തും ഇല്ലാതായിരിക്കുന്നു.വായനക്കാർ കൂടുതൽ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരായി രൂപാന്തിരപ്പെട്ടിട്ടുണ്ടെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചുകൊള്ളട്ടെ.
     വായനയുടെ ആദ്യപകുതിയിൽ തന്നെ കൊലയാളി ആരാണെന്നുള്ളത് വായനക്കാർക്ക് മനസ്സിലാകും.പിന്നേയും നാം എന്തുകൊണ്ട് മുന്നോട്ട് വായിച്ചു എന്ന് ചോദിച്ചാൽ അതിനുത്തരം നോവലിലെ  ചില സന്ദർഭങ്ങൾ മാത്രം ആണ്.
    എസ്തർ ഈ കുറ്റാന്വേക്ഷണം ഒരു പുസ്തകമാക്കുകയും ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയറിൽ ' മീറ്റ് ദി ഓദർ ' എന്ന പരുപാടിയിൽ ഈ നോവൽ വായിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഇതിലെ കുറ്റാന്വേക്ഷണത്തിൻ്റെ ചുരുൾ അഴിക്കുകയും നോവൽ അവസാനിക്കുകയും ചെയ്യുന്നു.തുടർന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിൽ എസ്തറിൻ്റെ ഫോണിലേക്ക് ഒരു കാൾ വരുന്നു - അലി ഇമ്രാൻ. അടുത്ത നോവലിലേക്ക് അവിടുന്ന് വായനക്കാരനെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ലാജോ ജോസ്  

Friday, May 1, 2020

വൺ ഡേ ഇൻ ദ് ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച് - അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ

അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ രണ്ടാം ലോക മഹായുദ്ധത്തിൽ ചെമ്പടയിൽ ചേർന്ന് സേവനമനുഷ്ടിച്ചു.സ്റ്റാലിൻ ഭരണകൂടത്തെ വിമർശിച്ചതിന് എട്ട് വർഷത്തെ കാരാഗൃഹ വാസത്തിനുശേഷം കസാക്കിസ്ഥാൻ്റെ വടക്കുകിഴക്കൻ പ്രദേശമായ കോക് ടെറക്കിലേക് നാടുകടത്തപെട്ടു.അവിടെവെച്ച് ക്യാൻസർ ബാധിതനായതിനെ തുടർന്ന് താഷ്‌ക്കണ്ടിലെ ഒരു ആശുപത്രിയിൽ ചികിത്സ ലഭിച്ചു.ഈ കൃതി അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.
     സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ്റെ വിശ്വവിഖ്യാദമായ നോവൽ ആണ് - വൺ ഡേ ഇൻ ദ് ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച്. ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഭീഷണി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ സാഹിത്യലോകം ഇന്ന് കടന്ന് പൊക്കൊണ്ടിരിക്കുന്നത്.ഇന്ന് അതിന് അൽപ്പമെങ്കിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു.
     ഭരണകൂടത്തിൻ്റെ നിരന്തരമുള്ള വേട്ടയാടലുകൾക്ക് വിധേയനാകേണ്ടിവന്ന സോൾഷെനിസ്റ്റിൻ്റെ ഈ നോവലിന് പ്രത്യകഥകൾ ഏറെയാണ്.അതുകൊണ്ടുതന്നെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തികൊടുക്കേണ്ടതിൻ്റെ ആവശ്യകതയും ഏറെയാണ്. "അലക്‌സാണ്ടർ സോൾഷെനിസ്റ്റിൻ്റെ ജീവിതത്തിൽനിന്നും ഒരു ദിവസം" എന്ന നോവൽ ' നോവെമിർ' എന്ന സോവിയറ്റ് പ്രസിദ്ധീകരണത്തിലൂടെ 1962 -ൽ നാടകീയമായി പ്രത്യക്ഷപെട്ടു.അതേക്കുറിച്ച് ധാരാളം കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും പ്രചോദനപരമായ വെളിപ്പെടുത്തലുകൾ സോൾഷെനിസ്റ്റിൻ്റെതുതന്നെയാണ്.അതിലേക്ക് നയിച്ച രാഷ്ട്രീയവും മാനസികവുമായ സാഹചര്യങ്ങളെ " ദ് ഓക്ക് ആൻഡ് ദ് കാഫ് "എന്ന കൃതിയിലൂടെ നമുക്ക് കാണിച്ചുതരുന്നു.
    പക്ഷേ,സോവിയറ്റ് സാഹിത്യത്തിൽ പ്രസിദ്ധീകരിക്കുന്ന നോവെമിർ-ലൂടെ വെളിച്ചം കണ്ട പ്രസ്തുത കൃത്യ മൂല കൃതിയുടെ തനിപ്പകർപ്പായിരുന്നു എന്ന് മനസ്സിലാക്കാൻ കുറേ സമയം പിടിക്കും.ചിലർക്കെങ്കിലും ഒരാവർത്തികൂടിയുള്ള വായനയും വേണ്ടിവരും.തനിപ്പകർപ്പായതിനാൽ വായനക്കാർക്ക് മനസ്സിലാക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും എന്നത് ഈ പുസ്തകത്തെ സംബന്ധിച്ച് ഒരു കുറവല്ല. മറിച്ച് പത്രാധിപ സമിതിയുടെ നിർബന്ധത്തിന് വഴങ്ങി ഉപേക്ഷിക്കേണ്ടിവന്ന പലകാര്യങ്ങളും എന്തൊക്കെയായിരുന്നു എന്ന്  കൃത്യമായി വായനക്കാരന് അടയാളപ്പെടുത്താൻ ആ പുനർവായന കൊണ്ട് സാധിക്കും.
     1960-കളുടെ ആദ്യഘട്ടത്തിൽ സോവിയറ്റ് യൂണിയൻ എന്തായിരുന്നു എന്നതിൻ്റെ നേർസാക്ഷ്യം നമുക്ക് ഈ വായന പകർന്നുതരുന്നു. ഏതാനം വർഷങ്ങൾക്കുമുൻപ് നികിതാ ക്രൂഷ്‌ ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും സ്റ്റാലിൻ കാലഘട്ടത്തിലെ കാർക്കശ്യവും പുരുഷ മേധാവിത്വവുമുള്ള സാമൂഹിക ജീവിത മേഖലയും വിമർശനങ്ങളും ഇതിലെ വിഷയങ്ങളാകുന്നു.ആയതിനാൽ സർക്കാർ ഈ പുസ്തകത്തെ കർശനമായി നിരീക്ഷിക്കുകയും പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. 
   ഈ വിലക്കപ്പെട്ട സാഹചര്യത്തിലാണ് ഒരു സ്ഫോടനം സൃഷ്ടിച്ചുകൊണ്ട് 1926-ൽ വൺ ഡേ ഇൻ ദ് ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച് എന്ന പുസ്തകം പ്രത്യക്ഷപ്പെടുന്നത്.അതിൻ്റെ നിർബന്ധിത നിശബ്ദതയാൽ പലതും മറച്ചുവെച്ചുകൊണ്ടാണ് വായനക്കാരൻ്റെ കൈകളിലേക്ക് എത്തിയത്.പുറത്തിറങ്ങിയ പതിപ്പിൽ അന്ന് ഒഴിവാക്കപ്പെട്ട മുഴുവൻ രേഖകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇന്ന് ഈ പുസ്തകം പുറത്തിറങ്ങുന്നത്.
ഷുഹോവ് ജയിലിലാകുന്നത് ഒരു കുറ്റ സമ്മതത്തിൻ്റെ പേരിലാണ്.യുദ്ധകാലത്ത് അയാൾ ജർമ്മൻ സൈന്യത്തിൻ്റെ പിടിയിലാവുകയും അവിടെനിന്ന് സ്വന്തം ക്യാമ്പിൽ തിരിച്ചെത്തിയ അയാൾ ഒരു ചാരനായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. അവക്കുവേണ്ടത് അയാൾ ചാരനാണെന്നുള്ള ഒരു കുറ്റസമ്മതം മാത്രം മതിയായിരുന്നു.പോലീസുകാർ അയാളെ ക്രൂരമായി തല്ലിച്ചതച്ചു.പാപ്പിയോണിലേതുപോലെയുള്ള ക്രൂര ഉപദ്രവങ്ങൾ നമുക്ക് ഇതിൽ കാണാൻ സാധിക്കും.
    ഇതേ പൂർണ്ണതയിൽ ഇതിനുമുൻപ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. റഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് "ഹാരി വില്ലറ്റ്സ്" ആണെന്നത് മറ്റൊരു പ്രത്യേകതകൂടിയാണ്. ഈ കൃതിയിലെ ആത്മസംഭാഷണമാണ് ഏതൊരുവായനക്കാരനെയും പോലെ എന്നെയും ആകർഷിച്ചത്.എഴുത്തിലെ ആവിഷ്‌ക്കാര രീതിയും വായനക്കാരുടെ മനസ്സിൽ സൃഷ്ട്ടിക്കുന്ന പ്രത്യേക അന്തരീക്ഷവും പറഞ്ഞറിയിക്കാൻ കഴിയില്ല. ഇരുപത്തഞ്ച് വർഷക്കാലത്തെ ജയിൽവാസം ഉണ്ടാക്കുന്ന ശൂന്യത വായനക്കാരനിലും അവശേഷിപ്പിക്കാൻ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്...
  


ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...