തൻ്റെ ജീവിത നിരീക്ഷങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുള്ള എഴുത്താണ് അദ്ധേഹത്തിനുള്ളത്. ആയതിനാൽ നാം വായിച്ചറിയപ്പെടുന്ന പലേ കഥാപാത്രങ്ങളെയും നമ്മുടെ ജീവിതപരിസരത്ത് നാം ഒരിക്കലെങ്കിലും കണ്ടുമുട്ടിയിട്ടുള്ളതായിരിക്കും. അതുകൊണ്ട് കഥാപാത്രങ്ങളെ നമുക്ക് കൂടുതൽ അടുത്തുനിന്ന് വായിക്കാനാകും. കഥകളുടെ കാല്പനികമായ സന്നിവേശത്തിനുള്ളിൽ നിന്നുകൊണ്ട് കഥകൾ പറഞ്ഞിരുന്ന ടി. പത്മനാഭനെ പോലുള്ള എഴുത്തുകാരിൽനിന്ന് പത്മരാജൻ; ബഹുസ്വരമായ കഥാപാത്ര വ്യാഖ്യാനം കേവല ആസ്വാദനത്തിനുപരി ബൗദ്ധികമായ അഭിരമിക്കൽ ഒന്ന്കൂടിയാണെന്ന് നമുക്ക് ഓരോ കഥാപാത്രത്തിൽ നിന്നും കാണിച്ചുതരുന്നു. അതുകൊണ്ടാണ് ''ലോല '' എന്ന കഥയിലെ ലിറ്ററേച്ചർ പഠിക്കുന്ന ലോല മിൽഫ്രോഡുമായി വായനക്കാർ പ്രണയത്തിലാകുന്നത്. അതുപോലെ അവരുടെ സംഭാഷങ്ങൾക്കിടയിലെ നിശബ്ദത നമ്മെ അലോസരപ്പെടുത്തുന്നതും..''ചൂണ്ടൽ'' കാട്ടുപുല്ലുകളും ചേമ്പിൻ തണ്ടുകൾപോലെ വളർന്നുനിൽക്കുന്ന മടന്തകളും പോലെയാണ്. ആകെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്നു,കുരുക്കഴിക്കാനാവാതെ. അതിലെ വൃദ്ധൻറെ ഭയവിഹ്വലതകൾ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. ''അമൃതേത്ത് ''സങ്കീർണതകളുടെ വെളിച്ചപ്പെടലാണ് .
അതിനെ അതിൻ്റെ നഗ്‌ന ലാവന്യത്തോടെതന്നെ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. '' ഒരു സ്ത്രീ ഒരു പുരുഷൻ '' അസാധാരണമായ ഒരു കഥ തന്നെയാണ്. ഒരുപക്ഷെ പത്മരാജൻ മാജിക്കൽ റിയലിസത്തിൽ പിറക്കേണ്ടിയിരുന്ന ഒരു സിനിമ. ഒരു സ്ത്രീക്ക് തന്നെ വേദനിപ്പിച്ചവനെയും സ്നേഹിക്കാനാകും എന്ന് കെ ആർ മീര എഴുതി കണ്ടിട്ടുണ്ട്. ചെക്കോവിൻ്റെ കഥകളിൽ നിന്ന് യൂക്കിയോ മിഷിമയുടെ കഥകളിലേതെന്നപോലെ ഒരു വ്യതിയാന സമാനം നമുക്ക് ഇതിൽ കാണാൻ സാധിക്കും. അതുപോലെയാണ് ''മഴയും'' ''മൃതിയും'' ഓരോ ചെറു കാഴ്ചകൾക്കും വിശാലമായ വിവരണങ്ങൾ.'' കൈവരിയുടെ തെക്കേയറ്റം '' വായിക്കുന്നവർ ഒരിക്കലും പാപ്പച്ചിയെ മറക്കില്ല. എത്ര നല്ല നിലാവുപോലെയാണ് പാപ്പച്ചിയെ പത്മരാജൻ അവതരിപ്പിച്ചത്. പത്മരാജൻറെ സമ്പന്ന സാഹിത്യലോകത്തെ മികച്ച കഥകളാണ് ഇവയൊക്കെയും.....
No comments:
Post a Comment