Monday, April 27, 2026

രഘു റായ് വിട പറഞ്ഞു

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി ഒരാൾ കടന്നുപോയി. അതെ രഘു റായ് വിട പറഞ്ഞു.
    1942 ഡിസംബർ 18ന് ഇപ്പോഴത്തെ പാകിസ്താനിലെ ത്സാങ് പ്രവിശ്യയിലാണ് രഘു റായ് ജനിച്ചത്. സിവിൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ അദ്ദേഹം തൻ്റെ 23 മത്തെ വയസ്സിൽ യാദൃശ്ചികമായി ഫോട്ടോഗ്രാഫിയിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ നിമിഷങ്ങളും വ്യക്തികളും അദ്ദേഹത്തിൻ്റെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറക്കണ്ണിൽ പകർത്തി. 1984 ൽ അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം എന്ന അടിക്കുറിപ്പിൽ ഭോപ്പാൽ  ദുരന്തതിൻ്റെ നേർ സാക്ഷ്യമായി  ആ ചിത്രം രാജ്യാന്തര തലത്തിൽ ചർച്ചചെയ്യപ്പെട്ടു. അതിനോടകം ഇന്ദിരാഗാന്ധി , മദർ തെരേസ, സത്യജിത് റേ, ദലൈലാമ എന്നിവരും ആ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയിൽ പകർത്തപ്പെട്ടു. 1977ൽ ലോകപ്രശസ്ത ഫൊട്ടോഗ്രഫിക് ഏജൻസിയായ 'മാഗ്നം ഫോട്ടോസി'ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ൽ 'ദ് സ്റ്റേറ്റ്സ്മാനി'ലൂടെ കരിയർ ആരംഭിച്ച അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു.
        കാന്‍സറിനോട് പോരാടി 83-ാം വയസ്സിൽ ഇതിഹാസ ഫോട്ടോജേർണലിസ്‌റ്റ് രഘു റായി മടങ്ങുമ്പോൾ ആ ചേതനയറ്റ ശരീരത്തിൽ, നെഞ്ചോട് ചേർത്ത് ഒരു ഡിജിറ്റൽ ക്യാമറയും,  'കൊഡാക്ക് കളർപ്ലസ് 200' ഫിലിമിന്റെ ഒരു മഞ്ഞ പെട്ടിയും ഉണ്ടായിരുന്നു. അത് വെറും അന്ത്യോപചാരമോ വിടപറയലോ ആയിരുന്നില്ല. മറിച്ച്, ഒരു അര നൂറ്റാണ്ടിൻ്റെ ഫോട്ടോജേർണലിസത്തെ  അടയാളപ്പെടുത്തിയ തൻ്റെ  അസ്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു... ഓർമ്മപ്പെടുത്തൽ ആയിരുന്നു... 

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...