അരങ്ങൊഴിഞ്ഞിട്ടും ആടിത്തീർക്കാൻ നിരവധി വേഷങ്ങൾ ബാക്കിവെച്ചുപോയ കലാകാരനെപ്പോലെയാണ് കവി ആറ്റൂർ രവിവർമ്മ. അദ്ദേഹം എഴുതിവെച്ച കവിതകൾ പലകുറി ആവർത്തിച്ച് വായിക്കുകയും വെട്ടിത്തിരുത്തി പിന്നെയും ചെറുതാക്കുകയും ചെയ്യുന്നതിൽ ആറ്റൂരിന് യാതൊരു മടിയും ഇല്ലായിരുന്നു. മലയാളത്തിൽ ആധുനിക ശൈലിയിലൂടെ ആദി രൂപം കവിതയിൽ സൃഷ്ടിച്ച് വായനക്കാരിൽ കവിതയുടെ കാതൽ പകർന്ന് നൽകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ആറ്റൂർ രവിവർമ്മ. സംഭവങ്ങളെ വൈകാരികമായി സമീപിക്കുന്നത് അദ്ദേഹത്തിൻ്റെ ഒരു പ്രത്യേകതയായിരുന്നു. ഒരു പക്ഷേ ഉള്ളിൽ കൊണ്ട് നടക്കുന്ന വാക്കുകളുടെ ഒരു തനിയാവർത്തനം ആയിരുന്നിരിക്കാം.
തന്നെത്തന്നെ മാറ്റി നിർത്തി ഒരു അന്യനായി കണ്ട് കവിത എഴുതാൻ പോന്ന മനസ്സ് ആറ്റൂരിനുണ്ടായിരുന്നു എന്ന് കെ കെ രവിനാഥ് കണ്ടെത്തുന്നു.
മയങ്ങാറുണ്ടാവില്ലവളോളം
വൈകി ഒരു നക്ഷത്രവും
ഒരൊറ്റ സൂര്യനുമവളേക്കാൾ
നേരത്തെ പിടഞ്ഞെണീറ്റില്ല
പുറപ്പെട്ടേടത്താന്നൊരായിരം
കാതമവൾ നിന്നിടും
കുനിഞ്ഞു വീഴുന്നുണ്ടാരായിരം
വട്ടം നിവർന്നുനിന്നിടും
ഉണർന്നിട്ടവളൊരായിരം
നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും
ഒരു കുറ്റിച്ചൂല്, ഒരു നാറത്തേപ്പ്
ഞണുങ്ങി വക്കാർന്നൊരു കുഞ്ഞി പാത്രം
ഒരടി മണ്ണവൾ!..
ഇത്രയും വൈകാരികതയോടെ ഒരുകവിയും ഒരു സ്ത്രീയുടെ ജീവിതം വരച്ചിട്ടുണ്ടാവില്ല..! ഇനി ഉണ്ടായാൽ തന്നെ ആറ്റൂരിനെ വായിച്ചവർ അത് സമ്മതിച്ചെന്ന് വരികയുമില്ല. പച്ചയായ ജീവിതങ്ങൾ കവിതയിൽ ചാലിച്ച് ആറ്റൂർ കവികളിൽ ഒറ്റയാനായി നിന്നു. കാവ്യ ലോകത്ത് തിടമ്പേറ്റാത്തെ എഴുന്നള്ളി നിൽക്കുന്ന മേഘരരൂപനാണ് ആറ്റൂർ രവിവർമ്മ.