കഥ ഇന്നും എന്നും എപ്പോഴും വായനക്കാർ ഇഷ്ട്ടപെടാറുള്ള ഒരു സാഹിത്യ രൂപമാണ്. കഥ വായനക്കാരിൽ പരിണമിക്കുന്നത് പലേ തരത്തിലാണ്. ചില കഥകൾ കാലങ്ങൾ കടന്നും നമ്മുക്കൊപ്പം സഞ്ചരിക്കാറുണ്ട്; നമ്മുടെ മരണം വരേക്കും. നമ്മുടെ മനസ്സിൻ്റെ ചുമരിൽ ചാരി നിൽക്കുന്ന കഥകൾ അപൂർവം ചിലരെ പറയാറുള്ളൂ.മറ്റു ചിലർ നടന്ന സംഭവങ്ങൾ കഥയായി പിന്നീട് പറയുകയും ചെയ്യാറുണ്ട്. ഇനി എന്തുതന്നെയായാലും മറ്റുചിലർക്ക് കഥകളോട് എന്നും ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരിക്കുകയും ചെയ്യും;ചിലരിൽ പ്രകടമായ് തന്നെ.
സാഹിത്യ സൃഷ്ടികളിൽ പ്രശസ്തമായ കഥകൾ നന്നേ കുറവാണ്. ടി പത്മനാഭൻ എന്ന കഥാകാരാനാൽ പിറന്ന കഥകളും, കഥകൾക്ക് കാലങ്ങളെ പിടിച്ചുനിർത്താമെന്ന് കാണിച്ച് ഓ വി വിജയനും, നാടൻ പെണ്ണും പ്രണയവും വിരഹവും സമ്മാനിച്ച പൊറ്റെക്കാട്, ആനന്ദ് തുടങ്ങി ഏതാനം ചിലർ; അങ്ങനെ പോകുന്നു ആ നിര.ബഷീറിൻ്റെ കഥകൾ വായിച്ച് കഥകളുടെ കോലായിലേക്ക് കയറിയവരാണ് നമ്മളിൽ ഭൂരിഭാഗവും. ജീവിതത്തിലെ നവരസങ്ങൾ അങ്ങനെ നമുക്കുമുന്നിൽ ബഷീർ തൻ്റെതായ ശൈലിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാം എന്നോ കേട്ട കഥകൾ കാലങ്ങൾക്കടന്നും ദൃശ്യാക്ഷരങ്ങളാൽ നമ്മുടെ മനസ്സുകളിൽ ഇന്നും കെടാതെ കിടക്കുന്നുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് വായന കൂടുതൽ അന്വർത്ഥം ആക്കിയതും ചെറുകഥകൾ കൂടി ഉൾപ്പെടുത്തിയുള്ള വായനയിലായിരുന്നു. ടി പത്മനാഭൻ എഴുതിയ കാല ഭൈരവനും മാറ്റുകഥകളും വായിക്കുന്നതിനിടയിലാണ് മറ്റ് ഒരു കഥയും കഥാകാരനും എന്നെ തേടിയെത്തിയത്. അത് ടി വി സജിത് എഴുതിയ ഭൂമി പിളരും പോലെ എന്ന കഥാസമാഹാരം ആയിരുന്നു. ഏതൊരു കഥയും ഒരു കാലത്തെ അടയാളപ്പെടുത്തും. അങ്ങനെ അടയാളപ്പെടുത്താതെ ഒരു കഥയ്ക്കും കടന്നുപോകാനുമാവില്ല. കഥയുടെ ബീജം കാലത്തിൻറെ ഉള്ളറയിൽ കിടന്നാണ് പിറവികൊള്ളുന്നത്.
ടി വി സജിത് എഴുതിയ ഭൂമി പിളരും പോലെ എന്ന കഥാസമാഹാരം ഒരു വലിയ വിശദീകരണമോ ആഖ്യാനമോ ഇല്ലാതെ പൊടുന്നനെ പെറ്റുവീണതാണ്. അതുകൊണ്ട് കൂടി പൊടുന്നനെ കഥയിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതും. നഗ്നമാതൃത്വം വായിച്ചാൽ മാത്രം മതി ടി വി സജിത് എന്ന കഥാകാരനെ മനസ്സിലാക്കാൻ. ഓരോ കഥകൾക്കും അതിൻ്റെതായ ഭൂമിശാസ്ത്രം ഉണ്ട്. അതിൽ നിന്നുകൊണ്ട് വളരെ തന്മയത്വത്തോട് കൂടിയാണ് ഓരോ രചനയും നടത്തിയിട്ടുള്ളതെന്നും നമുക്ക് മനസ്സിലാകും ഇത് വായിക്കുമ്പോൾ ഓരോ കഥകളും നമുക്ക് അനുഭവവേദ്യമാകും. അതുതന്നെയാണ് ഈ കഥകളേയും കഥാകാരനേയും വ്യത്യസ്തനാക്കുന്നത്.

No comments:
Post a Comment